''അവരെന്തു വിചാരിക്കും?''

സാധാരണ വീട്ടില്‍ കേള്‍ക്കാറുള്ള ചോദ്യമാണ്. അതിപ്പൊ ഈ അവര്‍ ആരാണെന്ന് ചോദിച്ചാല്‍ അത് പല ആളുകളാവാം. കല്യാണക്കാര്യമോ പഠനത്തിന്റെ കാര്യമോ ആണെങ്കില്‍ നാട്ടുകാര്‍ എന്ത് വിചാരിക്കുമെന്നാവും ചിലപ്പൊ. അത് ഒട്ടുമിക്ക വീടുകളിലും അങ്ങനാണ്.

ഇതുപക്ഷേ, അതല്ല. ഏതോ പരിചയക്കാരന്‍ ആശുപത്രിയില്‍ കിടപ്പുണ്ട്. കാണാന്‍ചെന്നില്ലെങ്കില്‍ 'അവര്‍' എന്ത് കരുതുമെന്നാണ് കാലത്ത് കേട്ട ചോദ്യത്തിന്റെ പൊരുള്‍..ചെന്നുകഴിഞ്ഞാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാവുമോ ഇല്ലയോ എന്ന് ഒരു ഉറപ്പുമില്ലെങ്കിലും നമ്മള്‍ തുടരുന്ന ആ മനോഹരമായ ആചാരം തുടര്‍ന്നുപോവാന്‍ മിക്കപ്പോഴും കാരണം ഈ ഒരൊറ്റച്ചോദ്യമാണ്... ''അവരെന്ത് കരുതും?''

ഇതൊരു ആചാരമാണ്. ആരെങ്കിലും ആശുപത്രിയില്‍ കിടക്കുന്നുണ്ടെന്ന് കേട്ടുകഴിഞ്ഞാല്‍ ചെന്നില്ലെങ്കില്‍ ഒരു കുറച്ചിലാണ്. കൈയില്‍ ഒരു കവറില്‍ ആപ്പിളോ ഓറഞ്ചോ നിര്‍ബന്ധമാണ്. വൈറ്റമിന്‍ എ തൊട്ട് ഇ വരെ ആയ്‌ക്കോട്ടെ. രോഗിക്ക് ഭക്ഷണം കഴിക്കാമോ എന്നോ പഴങ്ങള്‍ കഴിക്കാമോ എന്നുപോലും ആലോചിച്ചെന്ന് വരില്ല. ഈ സന്ദര്‍ശനങ്ങള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഉണ്ടാവാം. നിങ്ങളുടെ സാന്നിധ്യം രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രിജീവനക്കാര്‍ക്കുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കാം. ആദ്യം നമുക്ക് ആശുപത്രിയില്‍ കിടക്കുന്ന ആ രോഗിയെക്കുറിച്ചൊന്ന് ആലോചിക്കാം.

ആരോഗ്യമില്ലാത്ത അവസ്ഥയിലായതുകൊണ്ടാണല്ലോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നത്. അപ്പോള്‍ സ്വഭാവികമായും രോഗപ്രതിരോധശേഷി കുറവായിരിക്കും. സന്ദര്‍ശകരില്‍നിന്ന് ഇപ്പോഴുള്ള രോഗം കൂടാതെ മറ്റ് രോഗങ്ങള്‍ പകര്‍ന്നുകിട്ടാനുള്ള സാധ്യതകള്‍ ഏറെയാണ്. എത്രയെണ്ണം കൂടുന്നുവോ അത്ര അധികമാവും സാധ്യത. ഒരു രോഗലക്ഷണവുമില്ലെങ്കില്‍പ്പോലും ചിലപ്പോള്‍ നിങ്ങള്‍ ഇന്‍കുബേഷന്‍ പീരിയഡില്‍ -രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുള്ള സമയം- ആവാം. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍, ട്രാന്‍സ്പ്‌ളാന്റ് തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോവുന്നവര്‍ക്ക് പ്രത്യേകശ്രദ്ധ ആവശ്യമായിവരും.

ഇനി രോഗമില്ലാത്തവരെയാണു സന്ദര്‍ശിക്കാന്‍ പോവുന്നതെങ്കിലോ? നമ്മുടെ അമ്മയും കുഞ്ഞും. പ്രസവശേഷം കുഞ്ഞിനെ കാണാന്‍ പോവുന്നതും കൈയിലെടുത്ത് കൊഞ്ചിക്കുന്നതും മറ്റൊരാചാരമാണല്ലോ. അവിടെയും ഇതേ പ്രശ്‌നമുണ്ട്. കൂടാതെ അമ്മയുടെയും കുഞ്ഞിന്റെയും സ്വകാര്യതയാണ് ഇല്ലാതാക്കുന്നത്. പാലില്ലെന്നും മറ്റുമുള്ള കമന്റുകള്‍ മുലയൂട്ടലിനെയും പ്രതികൂലമായി ബാധിച്ചേക്കാം. വാതില്‍ തുറന്ന് കയറിച്ചെന്നത് ഏതോ പ്രമുഖ കുടുംബയോഗത്തിലേക്കാണോ എന്ന് സംശയിച്ചുപോകുന്ന തരത്തില്‍ സന്ദര്‍ശകബാഹുല്യമുള്ളിടത്ത് രോഗാണുബാധയുണ്ടായില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

' സിസ്റ്റര്‍, ഞാന്‍ ദേ, മറ്റേ ഹോസ്പിറ്റലിലെ ഡോക്ടറാണ് '

' അതിന്? '

' അല്ല, അതിനൊന്നൂല്യേ? '

അതിനൊന്നൂല്യ... ഏത് ഹോസ്പിറ്റലിലെ ഡോക്ടറാണെങ്കിലും നിയമങ്ങള്‍ അനുസരിച്ചേ സന്ദര്‍ശനം നടത്താവൂ. അധികാരമോ പ്രിവിലേജോ ഉപയോഗിച്ച് നിയമം തെറ്റിച്ച് സന്ദര്‍ശനം നടത്തുന്നത് ഒരു ഹരമാണ് ചിലര്‍ക്ക് ചിലപ്പോഴൊക്കെ. പ്രത്യേകിച്ച് ഐ.സി.യു പോലെയുള്ള ഇടങ്ങളില്‍ അവിടെ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സമയത്തല്ലാതെ കയറിച്ചെല്ലുന്നത്. നിങ്ങളുടെ രോഗിക്ക് കുഴപ്പമൊന്നുമില്ലെങ്കില്‍ക്കൂടി തൊട്ടടുത്ത ബെഡ്ഡില്‍ കിടക്കുന്നയാള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാം... ആ സങ്കീര്‍ണതകള്‍ അയാള്‍ക്ക് സാമ്പത്തികമായും ആരോഗ്യപരമായും ഇനി ചിലപ്പൊ ജീവനു തന്നെയും നഷ്ടങ്ങളുണ്ടാക്കാം..

സ്ഥലം എമ്മെല്ലെയോ എം.പി.യോ ഒക്കെ പറഞ്ഞെന്നു പറഞ്ഞ് ഐ.സി.യു. സന്ദര്‍ശനം നടത്തുന്നുവെന്ന് കരുതുക. അല്ലെങ്കില്‍ അധികാരസ്ഥാനത്തുള്ള ആളുകള്‍ തന്നെ ആവട്ടെ, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവാന്‍ ഇടയില്ലാത്ത, പരിവാരങ്ങളുമൊത്തുള്ള ആ സന്ദര്‍ശനം കൊണ്ട് ഒരു ബാക്ടീരിയ രോഗിയുടെ ശരീരത്ത് പ്രവേശിച്ച് അണുബാധയുണ്ടാക്കും.

ഇനി നമുക്ക് ആ മേശപ്പുറത്തിരിക്കുന്ന ഓറഞ്ചിലേക്ക് തിരിച്ചുവരാം...ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് എല്ലാത്തരം ഭക്ഷണപദാര്‍ഥങ്ങളും കഴിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. ഉദാഹരണമായി പൊട്ടാസ്യം അധികമായ അവസ്ഥയില്‍ പഴങ്ങളും പഴച്ചാറുകളും ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്തിനേറെപ്പറയുന്നു, ഹൃദയത്തിനോ വൃക്കകള്‍ക്കോ തകരാറുള്ളപ്പൊ വെള്ളം പോലും അളന്നുതൂക്കിയാവും നല്‍കുക. അപ്പോള്‍ അവിടേക്ക് ഭക്ഷണം കൊണ്ടുപോവുന്നതും അവിടെയിരുന്ന് കഴിക്കുന്നതും ഇനി അതൊന്നുമില്ലെങ്കിലും അലോസരമുണ്ടാക്കുന്ന കമന്റുകള്‍ പാസാക്കുന്നതുമെല്ലാം രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. പണ്ട് കുഞ്ഞുങ്ങളുടെ വാര്‍ഡില്‍ റൗണ്ട്‌സിനു പോയപ്പോള്‍ കുട്ടികളിലെ പ്രമേഹമുള്ള കുഞ്ഞിനു മിഠായിവെച്ച് നീട്ടിയതിലെ മണ്ടത്തരമോര്‍ത്ത് പുഞ്ചിരിയും അമ്മ അത് വേണ്ടെന്ന് പറഞ്ഞപ്പൊ ആ മുഖം കണ്ടതിന്റെ നീറ്റലും ഇന്നുമോര്‍മിക്കുന്നുണ്ട്.

കുട്ടികളുമായുള്ള സന്ദര്‍ശനം പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. അവരെ ആശുപത്രികളില്‍ നിയന്ത്രിക്കാന്‍ പ്രയാസമാണ് എന്നത് മാത്രമല്ല പ്രശ്‌നം. ആശുപത്രികള്‍ വിവിധതരത്തിലുള്ള രോഗബാധയുള്ള ആളുകള്‍ ഒന്നുചേരുന്നിടമാണ്. അവിടെനിന്ന് അണുബാധകളും രോഗങ്ങളും യഥാവിധിയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ലഭിക്കാനുള്ള സാഹചര്യങ്ങളുണ്ട്. അവ ഒഴിവാക്കാന്‍ കൂടിയാണത്.

അപ്പൊ പറഞ്ഞുവരുന്നതെന്താണ്? ആശുപത്രിയില്‍ ആരും അപകടം പറ്റിക്കിടന്നാല്‍ അന്വേഷിക്കുകയേ ചെയ്യരുതെന്നാണോ? അല്ല... ഫോണുണ്ടല്ലോ വിളിച്ച് വിവരങ്ങള്‍ തിരക്കാന്‍. അടിയന്തരാവശ്യങ്ങളില്‍ അത്യാവശ്യമുള്ളവര്‍ കൂട്ടിരിക്കുകയുമാവാം. അത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രി നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. മദ്യപിച്ചശേഷമോ ലഹരി ഉപയോഗിച്ചശേഷമോ ആശുപത്രിയില്‍ പോവുന്നത് ഒഴിവാക്കണം. ബഹളം വെയ്ക്കാതെ നിങ്ങളുടെ ബന്ധുവിന്റെയും മറ്റുള്ളവരുടെയും സ്വകാര്യതയെ മാനിച്ച് ഉത്തരവാദിത്വത്തോടെ നല്ല സന്ദര്‍ശകനാവണം..

Content Highlights: dr Nelson Joseph on People Visiting Patients