തു പ്രതികൂലസാഹചര്യങ്ങളെയും സംഗീതംകൊണ്ട് മറികടക്കാം. രോഗാവസ്ഥയില്‍ പോലും ശാന്തി കണ്ടെത്താം. മുപ്പതുവര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡോക്ടര്‍ മെഹറൂഫ് രാജ് ഇതു പറയുന്നത്. കലുഷിതവും സംഘര്‍ഷഭരിതവുമായ മനസ്സുകളെ സംഗീതംകൊണ്ട് തൊട്ടുതലോടിയ കോഴിക്കോട്ടുകാരനായ ഡോക്ടര്‍.

മരുന്നുകൊണ്ടാകാത്തത് നല്ലൊരു പാട്ടുകൊണ്ട് മാറ്റാനാകുമെന്ന് പറയാന്‍ ഈ ഡോക്ടര്‍ക്ക് മടിയില്ല. സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം മെഹ്‌റൂഫ് രാജുണ്ട്. സംഗീതവുമായി...ജയിലുകളില്‍, അനാഥമന്ദിരങ്ങളില്‍, വ്യദ്ധസദനങ്ങളില്‍, സാന്ത്വനചികിത്സാ കേന്ദ്രങ്ങളില്‍ എന്നുവേണ്ട ടെന്‍ഷനടിച്ച് എരിപോരികൊള്ളുന്ന ഹൈടെക് ഉദ്യാഗസ്ഥര്‍ക്കിടയില്‍വരെ പാട്ടുപാടി മെഹറൂഫ് രാജ് എത്തുന്നു. നീറുന്ന മനസ്സുകളില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്യിക്കാന്‍.

സംഗീതത്തിലൂടെ സാന്ത്വനചികിത്സ ആവശ്യമുള്ള ആര്‍ക്കുവേണ്ടിയും പാടാന്‍ ഡോക്ടര്‍ ഒരുക്കമാണ്. ഇതിന് ഡോക്ടര്‍ക്ക് ട്രൂപ്പുണ്ട്. പാട്ടുപാടുന്നതിന് പണമോ പാരിതോഷികമോ ഒന്നുംവേണ്ട. കേള്‍ക്കാന്‍ കൊതിക്കുന്ന ജനപ്രിയപാട്ടുകളേ പാടൂ. ഹിന്ദിയും മലയാളവുമൊക്കയുണ്ട്. ഹിന്ദിയില്‍ കൂടുതലും മുഹമ്മദ് റഫിയുടെ മറക്കാനാകാത്ത ഗാനങ്ങള്‍. മലയാളത്തില്‍ ബാബുരാജിന്റെയും യേശുദാസിന്റെയും ജയചന്ദ്രന്റെയും ഹിറ്റ് പാട്ടുകളാണധികവും. ഇതിനകം 1250ഓളം വേദികള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മെഹറൂഫ് രാജ് തന്റെ സംഗീതയാത്ര നടത്തിയിട്ടുണ്ട്.

പാട്ടുകളോടുള്ള അതിയായ ഇഷ്ടമാണ് മ്യൂസിക് തെറാപ്പിയിലേക്ക് ഡോക്ടറെ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ഡിക്ക് പഠിക്കുമ്പോഴാണ് സംഗീതചികിത്സയെന്ന ആശയം വരുന്നത്. ഗ്യാസ്‌ട്രോ വിഭാഗത്തിലായിരുന്നു ഇതിന് തുടക്കം. ബീച്ച് ആശുപത്രിയില്‍ മ്യൂസിക് തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നതും മെഹറൂഫാണ്. അത് സര്‍ക്കാര്‍ ആരോഗ്യമേഖലയിലെ ആദ്യ സംഗീത സംരംഭമായിരുന്നു.

1972ല്‍ ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മെഹറൂഫ് രാജിന്റെ ആദ്യ സംഗീതപരിപാടി. പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിനൊപ്പം സംഗീതം അഭ്യസിക്കലും. പ്രശസ്ത സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയായിരുന്നു ഗുരു. പ്രശസ്ത സംവിധായകന്‍ ജി. അരവിന്ദന്‍, എ.ടി. ഉമ്മര്‍ എന്നിവര്‍ മറാഠെയുടെ ശിഷ്യന്മാരായിരുന്നു.

വയനാട്ടിലെ ചീരാല്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടറായി ആദ്യ നിയമനം. കല്പറ്റ, ബാലുശ്ശേരി, നന്മണ്ട എന്നിവിടങ്ങളിലൊക്കെ ഡോക്ടറായിരിക്കുമ്പോള്‍ മെഹ്‌റൂഫ് രാജിന്റെ സംഗീതചികിത്സ അനുഭവിച്ചറിഞ്ഞവര്‍ ഒട്ടേറെയുണ്ട്.

അടുത്തിടെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ക്ഷണപ്രകാരം നിയമസഭാ ഹാളിലും മെഹ്‌റൂഫ് രാജ് തന്റെ സംഗീത പരിപാടി നടത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് 'കമ്യൂണിറ്റി മ്യൂസിക്കി'ന് പ്രാധാന്യം നല്‍കിയുള്ള പരിപാടികളാണ് ഡോക്ടര്‍ ഇപ്പോള്‍ നടത്തുന്നത്.

ചികിത്സ കഴിഞ്ഞുള്ള ഒഴിവുസമയങ്ങളില്‍ റെസിഡന്റ്‌സ് അസോസിയേഷനുകളിലും മാതൃസംഗമങ്ങളിലും ഡോക്ടറെത്തുന്നത് പാട്ടുമായും ബോധവത്കരണ സന്ദേശങ്ങളുമായാണ്. കോഴിക്കോട് സര്‍വകലാശാല തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സംഗീത ചികിത്സയ്ക്കായി നടത്തിയ പരിശീലന കോഴ്‌സിന്റെ ഉപദേശകനും എക്‌സാമിനറുമായിരുന്നു മെഹ്‌റൂഫ്‌രാജ്. കേരള മാപ്പിള കലാ അക്കാദമിയുടെ 2017ലെ ബാബുരാജ് മെമ്മോറിയല്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.

ബേപ്പൂര്‍ നടുവട്ടത്തെ ഡോക്ടറുടെ വീടിന്റെ പേര് ബിലാവല്‍ എന്നാണ്. ബിലാവല്‍ എന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ശ്രുതിമധുരമായ ഒരു രാഗം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സംഗീതം നിറഞ്ഞുനില്‍ക്കുന്ന കുടുംബം. മാസത്തിലൊരിക്കല്‍ കുടുംബാംഗങ്ങള്‍ ബിലാവലില്‍ ഒത്തുകൂടും. പിന്നെ പാട്ടിന്റെ പാലാഴിയാണ്. സഹോദരങ്ങളായ ഷാനവാസും ഷഹീദും അഷറഫ് ബാബുവും ഷമീമുമെല്ലാം പാടും. ഡോക്ടറുടെ മക്കളായ ഷെബിനും മൗറിനും നിഗമും സംഗീതത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇവര്‍ക്കൊപ്പം സംഗീതം ആസ്വദിച്ചും പിന്തുണ നല്‍കിയും മെഹ്‌റൂഫ്‌രാജിന്റെ ഭാര്യ മൈമൂനയും ഉണ്ടാകും. പൊറ്റമ്മലിലെയും കല്ലായിയിലെയും മെഡിക്കല്‍ സെന്ററുകളില്‍ ചികിത്സ കഴിഞ്ഞാല്‍ രാത്രിയായാലും ബാക്കിസമയം സംഗീതത്തിനുള്ളതാണ്.

അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ എത്തിക്കുന്നതിന് രൂപവത്കരിച്ച ആക്ടീവ് നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി റിലീഫ് സേവേഴ്‌സിന്റെ (എയ്ഞ്ചല്‍സ്) സീനിയര്‍ വൈസ് ചെയര്‍മാനാണ് മെഹ്‌റൂഫ്‌രാജ്. ഡോക്ടര്‍ ജീവിതത്തിനിടയില്‍ മറക്കാനാവാത്ത 20 പേരെ ഉള്‍പ്പെടുത്തി 'വിടപറയാനാകാതെ' എന്ന പേരില്‍ 20 കഥകളുടെ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. 'സാന്ദ്രരാഗങ്ങളുടെ പൂക്കാലം' എന്ന ഡോക്ടറുടെ പുസ്തകത്തിന്റെ പ്രമേയം സര്‍ഗാത്മക പ്രണയമാണ്. ചികിത്സാ തിരക്കുകള്‍ക്കിടയില്‍ സംഗീതം കഴിഞ്ഞാല്‍ പിന്നെ എഴുത്തിന്റെ ലോകത്തിലാകും ഡോക്ടര്‍.

പാട്ടിനൊപ്പം വരയും

ഡോ. മെഹ്‌റൂഫ്‌രാജ് പാടുമ്പോള്‍ ആ മുഹൂര്‍ത്തങ്ങള്‍ കാന്‍വാസില്‍ തെളിയും. എല്ലാം മറന്ന് പാട്ടില്‍ ലയിച്ചിരിക്കുന്നവരുടെ ഭാവങ്ങള്‍ വരകളാകും, വര്‍ണങ്ങളാകും. 'ആര്‍ട്ട് ഇന്‍ മെഡിസിന്‍' എന്ന പുതിയൊരു ആശയത്തിനുകൂടി തുടക്കമിട്ടിരിക്കുകയാണ് ഡോക്ടര്‍. സംഗീത ചികിത്സയ്‌ക്കൊപ്പം ചിത്രകലയെന്ന ആശയത്തിന് ഡോക്ടര്‍ക്കൊപ്പമുള്ളത്  ചിത്രകാരി കെ.പി. രത്‌നവല്ലിയാണ്.

നിയമസഭയിലും ജയിലുകളിലുമടക്കം മുപ്പതോളം കേന്ദ്രങ്ങളിലാണ് സംഗീതവും വരയും സമന്വയിപ്പിച്ചുള്ള കലാപരിപാടികള്‍ ഇരുവരും ചേര്‍ന്ന് നടത്തിയത്. 'ആര്‍ട്ട് ഇന്‍ മെഡിസിന്‍' പരിപാടിയുടെ ഭാഗമായി വരച്ച ഈ ചിത്രങ്ങള്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വൈകാതെ പ്രദര്‍ശിപ്പിക്കും. ഒട്ടേറെ രാഷ്ട്രാന്തരീയ ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുത്ത കെ.പി. രത്‌നവല്ലി കോഴിക്കോട്  പുതിയറ കാര്‍ത്തികയില്‍ കേരള സ്റ്റേഷനറി ഉടമയായിരുന്ന പരേതരായ അപ്പുക്കുട്ടിയുടെയും  സത്യഭാമയുടെയും മകളാണ്. ഭര്‍ത്താവ് സി.കെ. പ്രേംകുമാര്‍.