ഐ.സി. യൂണിറ്റിലെ മരണമാണ് ശരാശരി മരണം എന്നൊരു അവബോധം നാം ഉള്‍ക്കൊണ്ടുകഴിഞ്ഞിരിക്കുന്നു


ഡോ. എം.ആര്‍. രാജഗോപാല്‍

മഹാമാരി പിടിമുറുക്കിയ ഈ കാലത്ത് മരണത്തെപ്പറ്റിയുള്ള സങ്കല്പം തന്നെമാറി. വെന്റിലേറ്ററിലെ മരണം സ്വാഭാവികതയായി നാം ഉള്‍ക്കൊണ്ടുകഴിഞ്ഞു. എന്നാല്‍, ഇങ്ങനെ ചെയ്യലാണോ വൈദ്യശാസ്ത്രത്തിലെ നൈതികത

-

രു ചെറുപ്പക്കാരന്‍ കാന്‍സര്‍ രോഗനിര്‍ണയം കഴിഞ്ഞ് പത്തു ദിവസത്തിനുള്ളില്‍ മരിച്ചു. മരണവീട്ടിലെ സന്ദര്‍ശകമുറിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കേട്ടതിങ്ങനെ: 'രണ്ടുദിവസം ഐ.സി.യു.വില്‍ കിടക്കുകപോലുമുണ്ടായില്ല.'

വാര്‍ധക്യത്തില്‍ അവനവന്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റി സാമൂഹികമാധ്യമത്തില്‍ക്കണ്ട ലേഖനത്തിലെ വരി: 'വയസ്സുകാലത്ത് ബന്ധുക്കള്‍ നോക്കുമെന്നൊന്നും പ്രതീക്ഷിക്കണ്ട. ഏതെങ്കിലും ഐ.സി.യുവിലെ നഴ്സായിരിക്കും നിങ്ങളെ പരിചരിക്കുന്നത്.'

ഒരു തലമുറയ്ക്കുള്ളില്‍ മരണത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പം എത്ര മാറിപ്പോയി! ഐ.സി.യൂണിറ്റിലെ മരണമാണ് ശരാശരി മരണം എന്നൊരു അവബോധം നാം ഉള്‍ക്കൊണ്ടുകഴിഞ്ഞു. ഇതെങ്ങനെയുണ്ടായി, ഇതാണോ വേണ്ടത്, ഇങ്ങനെ ചെയ്യുന്നതാണോ വൈദ്യശാസ്ത്രത്തിലെ നൈതികത എന്നൊക്കെ ആലോചിക്കണം.

1980-കള്‍വരെ കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള വെന്റിലേറ്ററുകള്‍ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ കഴിഞ്ഞോ പല രോഗാവസ്ഥകളിലും ഹ്രസ്വകാലത്തേക്ക് രോഗിയെ ചികിത്സിച്ച് സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കാനോ ഉള്ള ഒരുപാധിയായിരുന്നു അന്ന് വെന്റിലേറ്റര്‍. തൊണ്ണൂറുകളിലും പുതിയ നൂറ്റാണ്ടിലുമായി മരണം കൂടുതല്‍ വെന്റിലേറ്ററിലായി; പ്രത്യേകിച്ചും ഭാരതത്തില്‍. പാശ്ചാത്യരാജ്യങ്ങളില്‍ വൈദ്യശാസ്ത്രം ഇങ്ങനെ ചെയ്യുന്നത് കുറവാണെന്ന് പ്രത്യേകം ഓര്‍ക്കണം. പശ്ചിമ യൂറോപ്പിലെയും യു.എസിലെയും പഠനങ്ങള്‍ കാണിക്കുന്നത്, മരണം അനിവാര്യമെന്നുതോന്നുന്ന അവസരത്തില്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് പകരം പാലിയേറ്റീവ് കെയര്‍ നല്‍കുന്നത് അറുപതു മുതല്‍ എഴുപത്തഞ്ചു ശതമാനംവരെ ആളുകളിലും സംഭവിക്കുന്നു എന്നതാണ്. ഇവിടെ ഭാരതത്തിലോ? ഏതാണ്ട് ഇരുപത്തിരണ്ട് ശതമാനം ആളുകള്‍ക്കു മാത്രമാണ് രോഗം മാറുകയില്ലെന്ന് ഉറപ്പായാല്‍ കൃത്രിമോപാധികള്‍ ഉപേക്ഷിക്കുന്നുള്ളൂ. എന്തൊരു വൈരുധ്യം!

ഇതിന്റെ ദൂഷ്യവശങ്ങള്‍ പലതാണ്. രോഗിക്ക് അവസാനനാളുകളില്‍ അല്പമെങ്കിലും ശാന്തിയും സമാധാനവും കിട്ടുക വേണ്ടപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും കിട്ടുമ്പോഴാണ്. ഒരു സ്‌നേഹസന്ദേശം, ഒരു ചുംബനം, തൊണ്ടയിലേക്ക് ഇറ്റിക്കുന്ന നാലുതുള്ളി വെള്ളം, ഇതിനൊക്കെ മാത്രം പ്രസക്തിയുള്ള അവസരത്തില്‍ പകരം നല്‍കുന്നത് കൊടിയ വേദനയും ഒറ്റപ്പെടലും. സര്‍വദ്വാരങ്ങളിലും കടത്തിയ കുഴലുകള്‍ വലിച്ചുകളയാതിരിക്കാന്‍ കൈയും കാലും ബന്ധനസ്ഥനാക്കപ്പെട്ട നിലയില്‍ തൊണ്ടയിലിറക്കിയ ട്യൂബിന്റെ വേദനയും ഇടയ്ക്ക് അതില്‍നിന്ന് കഫം പുറത്തെടുക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍ നല്‍കുന്ന, അന്നേവരെ അനുഭവിക്കാത്ത കൊടിയ വേദനയും. ജയിലധികൃതര്‍ക്കു പകരം മുഖംമൂടി ധരിച്ച അപരിചിതര്‍ മാത്രമുള്ള അന്തരീക്ഷത്തില്‍ യന്ത്രങ്ങള്‍കൊണ്ട് ദിവസങ്ങളോ ആഴ്ചകളോ എന്തിന് മാസങ്ങളോപോലും വലിച്ചുനീട്ടപ്പെടുന്ന ശിഷ്ടജീവിതത്തില്‍ ഓരോ നിമിഷവും ദുരിതമനുഭവിച്ച് ഇഞ്ചിഞ്ചായി മരിക്കേണ്ടിവരിക.

ഒരൊറ്റ വര്‍ഷം ഭാരതത്തില്‍ ചികിത്സച്ചെലവുകൊണ്ട് ദാരിദ്ര്യരേഖയ്ക്കുതാഴെ പോകുന്നവരുടെ എണ്ണം അഞ്ചരക്കോടിയിലേറെയാണ് എന്നതും ഇതോട് ചേര്‍ത്തുവായിക്കണം.

ആലോചിച്ചാല്‍ വിചിത്രമായൊരു വൈരുധ്യം! ഇത്തരം കൊടിയ വേദന അതിദരിദ്രര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. ഒരല്പം മനുഷ്യത്വത്തോടുകൂടിയ മരണം അവര്‍ക്കുകിട്ടും.

വൈദ്യശാസ്ത്രത്തിന്റെ കടമ എന്തെന്ന് വ്യക്തമാകാത്ത സാഹചര്യമാണ് ഇതിലേക്ക് വഴിതെളിച്ചത്. അല്പം വൈകിയിട്ടാണെങ്കിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 2018-ലെ മാര്‍ഗരേഖയില്‍ പറയുന്നത്, 'ഡോക്ടറുടെ ധര്‍മം ദുരിതനിവാരണമാണ്. പറ്റുമ്പോള്‍ രോഗം മാറ്റുകയും കഴിയുമ്പോഴൊക്കെ രോഗസംബന്ധമായ കഷ്ടപ്പാട് ചികിത്സിക്കുകയും എപ്പോഴും സമാശ്വസിപ്പിക്കുകയുമാണ്; ഈ തത്ത്വം ബാധകമല്ലാത്ത ഒരവസരവുമില്ല'. മെഡിക്കല്‍ കോളേജ് ലൈബ്രറികളുടെ ഒരു മൂലയില്‍ ഇത് കിടക്കുന്നുണ്ടാവും. എങ്ങനെയെങ്കിലും ജീവിതം ആകുന്നിടത്തോളം വലിച്ചുനീട്ടുകയാണ് തങ്ങളുടെ ധര്‍മമെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു.

രോഗം ബാധിച്ചുകഴിഞ്ഞ് മരണപ്പെടുന്നതുവരെയുള്ള സമയം, കുടുംബാംഗങ്ങള്‍ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നതുമായി പൊരുത്തപ്പെടാന്‍ വിലയേറിയ അവസരമാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ വിഷാദം രോഗാവസ്ഥയിലേക്ക് പോകുന്നത് സാധാരണമത്രേ. അടുത്ത തലമുറയ്ക്കുപോലും മനസ്സില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ അവശേഷിക്കാന്‍ ഇത് കാരണമാകുന്നു.

മരണം നമുക്ക് അപരിചിതമായ ഒന്നായിപ്പോയി എന്നതാണ് ഇങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണം. രണ്ടുതലമുറ മുമ്പ് അങ്ങനെയായിരുന്നില്ല. കുട്ടിക്കാലത്തുതന്നെ എല്ലാവരും മരണം കണ്ടുവളര്‍ന്നു; അത് ജീവിതത്തിന്റെ അനിവാര്യഅന്ത്യമാണെന്ന് ആരും പഠിപ്പിക്കാതെ പഠിച്ചുവളര്‍ന്നു. ഇന്നങ്ങനെയല്ല. അണുകുടുംബങ്ങളില്‍ കുട്ടികള്‍ മരണം കാണുന്നില്ല. മരണം പണ്ടത്തെക്കാള്‍ എത്രയോ കൂടുതല്‍ ഭീതിദമായ, അപരിചിതമായ ഒരു കാര്യമായി മാറി.

2004 ഓഗസ്റ്റ് 24-ന് അന്തരിച്ച അമേരിക്കന്‍ മാനസികരോഗവിദഗ്ധ ഡോ. എലിസബത്ത് കുബ്ലര്‍ റോസിന്റെ പഠനങ്ങള്‍ പ്രസിദ്ധമാണ്. അവരുടെ ഇരുപതോളം പുസ്തകങ്ങള്‍ മരണവേളയുമായി ബന്ധപ്പെട്ടതാണ്. അതില്‍ ഏറ്റവും അറിയപ്പെടുന്നതത്രേ 'മരണവും മരണവേളയും'.

പാശ്ചാത്യരാജ്യങ്ങളില്‍ നമ്മുടെ നാട്ടിലെയത്ര മരണത്തില്‍നിന്നുള്ള ഒളിച്ചോട്ടമില്ലാത്തത് എലിസബത്ത് കുബ്ലര്‍ റോസിന്റെ വിലയേറിയ ബൗദ്ധികസംഭാവനകൊണ്ടാണ്. കോവിഡ് കാലത്ത് മരണം നമ്മുടെ ചിന്താമണ്ഡലത്തിന്റെ ഉപരിതലത്തിലുണ്ട്.

നമ്മള്‍ എത്രയൊക്കെ ഒഴിവാക്കാന്‍ ശ്രമിച്ചാലും ഇടയ്ക്ക് അത് കടന്നുവരും. ഉള്ളിലുള്ള വിചാരങ്ങളും വികാരങ്ങളും കുടുംബാംഗങ്ങള്‍ തമ്മിലോ സമൂഹത്തില്‍ പൊതുവെയോ പങ്കുവെക്കപ്പെടുമ്പോഴേ മരിക്കുന്നവരോട് ഇന്നുനാം കാട്ടുന്ന ക്രൂരത അവസാനിക്കൂ.

(പാലിയം ഇന്ത്യയുടെ ചെയര്‍മാനും ലോകാരോഗ്യസംഘടനയുടെ കൊളാബറേറ്റിക് സെന്റര്‍ ഡയറക്ടറും യു.എസ് കേന്ദ്രമായ എലിസബത്ത് കുബ്ലര്‍ റോസ് ഫൗണ്ടേഷന്റെ ഭരണസമിതി അംഗവുമാണ് ലേഖകന്‍)

Content Highlights: Dr M. R. Rajagopal chairman of Pallium India palliative care writes about deaths in ICU, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented