'ആ കാശൊക്കെ ഡോ. ഗംഗാധരൻ കൊടുക്കണം'


By ഡോ. കെ.സി. കൃഷ്ണകുമാർ/ഇന്നസെന്റ്

6 min read
Read later
Print
Share

മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുനപ്രസിദ്ധീകരണം

ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി

ചിരി, സന്തോഷം ഇവയെക്കുറിച്ചല്ലാതെ ഇന്നസെന്റിനോട് സംസാരിച്ചുതുടങ്ങാനാവില്ല. അതിനൊപ്പം ആരോഗ്യം എന്ന വാക്കുകൂടി ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു തുടക്കം.

"എങ്കില്‍ ചിരിക്ക് പകരം യുദ്ധത്തെക്കുറിച്ച് പറയാം. യുദ്ധം ചെയ്താല്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. പക്ഷേ, യുദ്ധം ചെയ്തില്ലെങ്കിലോ? ജയം മാത്രമേയുള്ളു. ഒരാള്‍ നമ്മളെ ആക്ഷേപിക്കുന്നു എന്നു കരുതുക. അറിവില്ലായ്മകൊണ്ടാണല്ലോ അയാള്‍ അങ്ങനെ ചെയ്തത് എന്ന് വിചാരിച്ചാല്‍ പിന്നെ അയാളോട് യുദ്ധം ചെയ്യേണ്ട കാര്യമില്ല. അപ്പോള്‍ നമുക്ക് ചിരിക്കാന്‍ കഴിയും. അങ്ങനെയാണ് ചിരി എപ്പോഴും ജയിക്കുന്നത്. ചിരിയെന്നത് വെറും തമാശയല്ല. ചിരികൊണ്ട് മനസ്സിനുമാത്രമല്ല, ശരീരത്തിനും ഗുണമുണ്ട്‌. ഈ സമീപനമുണ്ടല്ലോ, അത് മരുന്നിനെക്കാള്‍ മനസ്സിന് ഗുണം ചെയ്യും. അതാണ് എന്റെ അനുഭവം."

ആരാവണമെന്നായിരുന്നു ആഗ്രഹം?

അനിയന്‍ വക്കീലാണ്, ഏട്ടന്‍ ഡോക്ടറാണ്. വേറൊരു സഹോദരന്‍ അമേരിക്കയില്‍ ബിസിനസ്‌കാരനാണ്. അങ്ങനെയൊക്കെ ഞാനും ആവണമെന്ന് അപ്പന്‍ മോഹിച്ചിട്ടുണ്ടാവാം. പക്ഷേ, അപ്പന്‍ പറഞ്ഞത് അവനെ അവന്റെ വഴിക്ക് വിട് എന്നാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ തീരുമാനിച്ചു, സിനിമാനടനാവണം. രാഷ്ട്രീയക്കാരനാവണമെന്ന് ആഗ്രഹിച്ചിട്ടില്ല കേട്ടോ, ആയിപ്പോയതാണ്. എം.പിയാവുമ്പോള്‍ മന്ത്രിയാവണമെന്ന് തോന്നിയാലേ പ്രശ്‌നമുള്ളു.

പാര്‍ലമെന്റ് അംഗങ്ങള്‍ എഴുതിയ പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനമുണ്ടായിരുന്നു. ശശി തരൂരിനെപ്പോലെയുള്ളവരുടെ പുസ്തകത്തിന്റെ കൂടെ എന്റെ പുസ്തകവും. എന്റെ എജുക്കേഷന്‍, അതായത് എട്ടാംക്ലാസിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഞാന്‍ ചിരിച്ചു. ഇതിലൊക്കെ അഹങ്കാരമല്ല, സംതൃപ്തിയാണ് മനസ്സില്‍ നിറയുക. കിട്ടിയതിലൊക്കെ സന്തോഷിക്കണം. ആ സന്തോഷങ്ങളെല്ലാം നമ്മുടെ ആരോഗ്യത്തിലേക്കുള്ള സൗജന്യ നിക്ഷേപങ്ങളാണ്. നമ്മള്‍ ആരോഗ്യത്തിനായി രാവിലെ ഓടും വെയിറ്റെടുക്കും.. മറ്റുപലതും ചെയ്യും. മനസ്സില്‍ ദുഃഖം വച്ചുകൊണ്ട് ഇതൊന്നും ചെയ്താല്‍ ഫലമുണ്ടാവില്ല. മനസ്സില്‍ സന്തോഷവും മുഖത്ത് ചിരിയും വേണം. ടെന്‍ഷനും കൊണ്ട് ഓടിയാല്‍ ആരോഗ്യം താഴോട്ടായിരിക്കും പോകുക.

സിനിമാനടനായില്ലായിരുന്നെങ്കില്‍?

ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനാവുക എന്നത് വലിയ കാര്യമാണ്. എന്റെ ഇഷ്ടവും സന്തോഷവും എല്ലാം അഭിനയത്തിലാണ്. എന്നെ എഫ്.എ.സി.റ്റിയുടെ ജനറല്‍ മാനേജരാക്കിയാല്‍ എങ്ങനിരിക്കും? എന്റെ മനസ്സ് അവിടെ നില്‍ക്കില്ല. മറ്റെന്ത് ജോലി ചെയ്തിരുന്നെങ്കിലും എന്റെ സ്ഥിതി ഇതിലും എത്രയോ കുറവായിപ്പോയേനെ. ആശിച്ച ജോലിചെയ്യുന്നത് മനസ്സിനുമാത്രമല്ല ശരീരത്തിനും ആരോഗ്യം നല്‍കും. ബാങ്കിലൊക്കെ ഇരുന്ന് ജോലിചെയ്യുന്ന പല ആളുകളുടെയും മനസ്സില്‍ കലാകാരന്മാര്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവും. അവിടെ ഇരിക്കുമ്പോള്‍ അവര്‍ക്ക് കലയും ഇല്ല സന്തോഷവും ഇല്ല. ജീവിതം മാത്രം മുന്നോട്ട്പോകും. അതുകൊണ്ടല്ലേ റിട്ടയര്‍മെന്റ് കഴിഞ്ഞാല്‍ ചിലര്‍ അതുവരെ കണ്ട ആളേ ആയിരിക്കില്ല.

ടെന്‍ഷന്‍ ഉണ്ടായിട്ടുള്ള സന്ദര്‍ഭം?

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് റിസള്‍ട്ട് വരുന്ന ദിവസത്തെ ടെന്‍ഷനുല്ലോ, അതെനിക്ക് അഞ്ചാംക്ലാസുമുതലില്ല. അഞ്ചാംക്ലാസുവരെയുള്ള അനുഭവം കൊണ്ട് റിസള്‍ട്ട് എന്തായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂടെ പഠിച്ചവര്‍ ഡിഗ്രി വരെയെത്തിയിരുന്നു. രണ്ടാം തവണത്തെ പാര്‍ലമെന്റ് ഇലക്ഷന്റെ വോട്ട് എണ്ണുമ്പോള്‍ ഞാന്‍ വളരെ പിന്നിലായി. ഏത് രാഷ്ട്രീയക്കാരനും മനുഷ്യന്റെ മനസ്സാണല്ലോ. ഞാന്‍ ബിജുവിന്റെയും രാജേഷിന്റെയും സമ്പത്തിന്റെയും ഒപ്പമുള്ള മറ്റുള്ളവരുടെയും നില നോക്കി. അവരും എന്നെപ്പോലെ തന്നെ. ഞാനൊറ്റയ്ക്കായിരുന്നെങ്കില്‍ ടെന്‍ഷനായിപ്പോയേനെ. പക്ഷേ, അതുണ്ടാ യില്ല. ഇരുപതില്‍ പത്തൊന്‍പത് പേര് ഒരുമിച്ചു നില്‍ക്കുമ്പോള്‍ പിന്നെന്ത് ടെന്‍ഷന്‍? അതാണ് ഒരുമിച്ചുനിന്നാലുള്ള ഗുണം. പിന്നെ, ഒരാള്‍ ജയിച്ചില്ലേ? അതോര്‍ത്ത് ഞങ്ങള്‍ അഭിമാനിച്ചു.

തൊണ്ണൂറാം പിറന്നാളിന് എന്തു പ്രസംഗിക്കും എന്ന ചോദ്യം, ഉമ്മന്‍ചാണ്ടി ചിലപ്പോള്‍ ചെയ്യുന്നതുപോലെ, രണ്ടു മൂന്നു തവണ ആവര്‍ത്തിച്ച് പറയിച്ചു. പക്ഷേ, ഉത്തരം റെഡി.

"ആയുസ്സ് നീട്ടിക്കിട്ടിയാല്‍ സന്തോഷമാണ്. പക്ഷേ, ആരോഗ്യത്തോടുകൂടി ഇരുന്നില്ലെങ്കില്‍ നമുക്ക് ഇവിടുന്ന് പോയാല്‍ മതിയെന്ന് തോന്നിപ്പോകും. വര്‍ഷക്കണക്കൊന്നും നമുക്കറിയില്ലല്ലോ. പക്ഷേ ഒന്ന് ഞാന്‍ പറയാം, പല ആളുകളും, സ്വന്തക്കാരടക്കം, ഫോണെടുത്തുകഴിഞ്ഞാല്‍, എന്താ വിശേഷം എന്ന് ചോദിച്ചശേഷം സംസാരിച്ചെത്തുന്നത് ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളിലേക്കാവും. പലപ്പോഴും വേദനകളെക്കുറിച്ച് ഇങ്ങോട്ടു പറഞ്ഞ് ആശ്വസിപ്പിക്കാനും ശ്രമിക്കും. അത്തരക്കാരോട് സംസാരിക്കാന്‍ പ്രയാസമാണ്. അനുഭവം കൊണ്ട് അവരെ നേരിടാനും പഠിച്ചു. എന്നോട് അസുഖത്തെപ്പറ്റി ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നത് അമ്പഴങ്ങ പറിക്കുന്നതിന്റെ അന്താരാഷ്ട്ര പ്രസക്തിയെക്കുറിച്ചായിരിക്കും. അവരുടെ ചിരികേള്‍ക്കുമ്പോള്‍ ഞാന്‍ പലതും മറക്കുകയും ചെയ്യും. പിന്നെ അവര്‍ക്ക് പറയാന്‍ ഇതേ ബാക്കിയാവാവൂ, 'തന്നപ്പോലെ ഒരാളെ ഞങ്ങള്‍ കണ്ടിട്ടില്ലാട്ടോ...'.

പക്ഷേ, എല്ലാരും ഇതുപോലെ ആവണമെന്നില്ല. ആലീസിന് വേറൊരു സ്വഭാവമാണ്. എന്തെങ്കിലും അസുഖംവന്നാല്‍ എങ്ങനെയുണ്ട് എന്നൊക്കെ ആരെങ്കിലും ചോദിച്ച് ഇത്തിരി ദുഃഖമൊക്കെ പങ്കുവയ്ക്കുമ്പോള്‍ ആശ്വാസമാണ്. ആങ്ങളമാരോട് അസുഖത്തെക്കുറിച്ചൊക്കെ വിശദമായി പറയാറുണ്ട്. അപ്പോഴാണ് ആലീസിന് മനസ്സമാധാനം."

ഇന്നസെന്റ് ഭാര്യ ആലീസിനൊപ്പം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

മരുന്നുകൊണ്ട് മാത്രമല്ല മനസ്സുകൊണ്ടു കൂടി രോഗത്തെ ചെറുക്കണം എന്നാണോ?

രോഗം പടര്‍ന്നുകയറണമെങ്കില്‍ ശരീരവും മനസ്സും സമ്മതിക്കണം. എത്രത്തോളം നമ്മള്‍ വഴങ്ങുന്നോ അത്രത്തോളം വേഗത്തില്‍ രോഗം വര്‍ധിക്കും. ഒരു കൊല്ലം കൊണ്ട് മരിക്കേണ്ട ആള്‍ മനസ്സുവച്ചാല്‍ പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ ജീവിച്ചെന്നു വരും. മരുന്ന് നന്നായി ഫലിക്കണമെങ്കില്‍ മനസ്സുകൂടി സഹായിക്കണം. ഇതുകൊണ്ടൊന്നും നേരെയാവില്ല എന്ന് വിചാരിച്ച് മരുന്നു കഴിക്കരുത്. വിശ്വാസവും സംതൃപ്തിയും വേണം. ഇതുപോലെയുള്ള വലിയ രോഗം സന്തോഷംകൊണ്ടു പോകും എന്നൊന്നും വിചാരിക്കണ്ട. രോഗം ബാധിക്കുന്നവരോട് തമാശയുണ്ടാക്കി നിങ്ങളങ്ങ് ചിരിച്ചോളൂ എന്ന് പറഞ്ഞിട്ടുകാര്യമില്ല. അവരുടെ അവസ്ഥ ശരിയായി മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാനാണ് സഹായിക്കേണ്ടത്. ഇത് എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല. രോഗംകൊണ്ട് മരിക്കാം, രോഗത്തോടുള്ള പേടികൊണ്ട് മരിക്കരുത്. അസുഖം വന്നാലുടന്‍ അകത്തുകയറി കതകടച്ച് കിടക്കരുത്. വീട്ടില്‍ വരുന്നവരോട് ഞാനിവിടില്ല എന്ന് പറയാന്‍ പറഞ്ഞേല്പിക്കുകയും ചെയ്യരുത്. ഇടയ്ക്ക് കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കണം. എന്നിട്ട് ജീവിതത്തെ നോക്കി ചിരിക്കാന്‍ ശ്രമിക്കണം.

ഒരിക്കലും ആരും ചോദിക്കരുത് എന്നു വിചാരിക്കുന്ന ഏതെങ്കിലും ചോദ്യമുണ്ടോ?

അങ്ങനെയൊന്നിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. 10 കൊല്ലം മുന്‍പ് ദേശീയ അവാര്‍ഡ് പട്ടികയില്‍ അമിതാഭ്ബച്ചനും മമ്മൂട്ടിയും പിന്നെ ഞാനും ഒരുമിച്ച് വന്നു. പത്താംനിലയിലെ തീവണ്ടിയായിരുന്നു എന്റെ സിനിമ. ഇത് എന്റെ തലേലെങ്ങാനും വന്നുവീഴുമോന്ന് വെറുതേ പേടിച്ചപ്പോള്‍ ആലീസ് ആശ്വസിപ്പിച്ചു: ഓ, പേടിക്കേണ്ട, മൂന്നാം റൗണ്ടിലെത്തിയപ്പോള്‍ ഞാനില്ല. അപ്പോള്‍ എന്റെ ഉള്ളിലെ പച്ച മനുഷ്യന്‍ ആഗ്രഹിച്ചു. മമ്മൂട്ടിക്ക് കിട്ടല്ലേ, അമിതാഭ്ബച്ചനായാല്‍ കുഴപ്പമില്ല. അവസാനം അമിതാഭ്ബച്ചന് തന്നെ കിട്ടി. എന്നാലും നിങ്ങടെ കൂട്ടുകാരനല്ലേ മമ്മൂട്ടി എന്നായി ആലീസ്. ഇത്രയും അടുപ്പമുള്ള ആള്‍ക്ക് കിട്ടല്ലേ എന്ന് ആഗ്രഹിക്കുന്ന മനസ്സും എനിക്കുണ്ടെന്ന് മനസ്സിലായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ മനുഷ്യരാണല്ലോ ഉള്ളത്. ഇക്കാര്യം ഞാന്‍ മമ്മൂട്ടി ഇരുന്ന വേദിയില്‍ വച്ച് പ്രസംഗിച്ചു. മമ്മൂട്ടി എനിക്ക് കൈതന്നിട്ട് പറഞ്ഞു: അതുതന്നെയാണ് ശരി! ഏതാണ്ട് അതുപോലെയാണ് ആ ചോദ്യത്തിന്റെ കാര്യവും. ഒന്നും മാറ്റിനിര്‍ത്തിയിട്ട് കാര്യമില്ല. എല്ലാ ചോദ്യങ്ങളും നമ്മളിലേക്ക് തന്നെ വരട്ടെ, അതാണ് നല്ലത്.

ആരോഗ്യശീലം?

18 വയസ്സൊക്കെ ആയപ്പോള്‍ ഞാന്‍ അടുത്തുള്ള ജിംനേഷ്യത്തില്‍ പോകുമായിരുന്നു. പെണ്‍കുട്ടികളൊക്കെ സ്‌കൂളില്‍ പോകുമ്പോള്‍ മസിലൊക്കെ കാണിച്ച് അങ്ങനെ നില്‍ക്കും. പത്തിരുപത്താറ് വയസ്സായപ്പോഴേക്കും മനസ്സിലായി, മസിലൊന്നുമല്ല, ആരോഗ്യത്തിന് നല്ല വ്യായാമങ്ങളാണ് വേണ്ടത് എന്ന്. പിന്നെ എന്നും രാവിലെ നടക്കാന്‍ തുടങ്ങി. ഓട്ടവും ബഹളവും ഒന്നുമില്ല, വെറും നടത്തം മാത്രം. ഇപ്പൊ കുറച്ചുനാളായിട്ട് അതില്ല.

ടെന്‍ഷനുണ്ടാക്കിയ സംഭവത്തെക്കുറിച്ച് മുന്‍പ് ചോദിച്ചില്ലേ? അതിന്റെ ശരിയായ ഉത്തരം ഇനി പറയാം- കാന്‍സര്‍ (സംഭാഷണത്തില്‍ ഒരേയൊരു തവണ മാത്രമേ ഈ വാക്ക് കടന്നുവരുന്നുള്ളു) എന്ന രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ വിഷമം വളരെ വലുതായിരുന്നു. ഞാന്‍ ഒരുനിമിഷം ആലോചിച്ചു, ഡോക്ടറടെ കൈയില്‍ പിടിച്ചിട്ട് ചോദിച്ചു: ഇതില്‍നിന്ന് രക്ഷകിട്ടില്ലേ? പിന്നെന്താ നമുക്ക് നോക്കാം, എന്നായിരുന്നു മറുപടി.

പിന്നെ ചികിത്സയും കാര്യങ്ങളുമൊക്കെ തുടങ്ങി. കീമോയൊക്ക ചെയ്തുകഴിയുമ്പോള്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ഭക്ഷണത്തിന് രുചികുറയും ശരീരമൊക്കെ ക്ഷീണിക്കും, മുടി പോകും. അങ്ങനെയൊരു കാലം. അക്കാലത്തൊക്കെ സ്വയം ധൈര്യം സംഭരിക്കാനാണ് ശ്രമിച്ചത്. നല്ല സുഹൃത്തുക്കളുമായി സംസാരിക്കും, പ്രത്യേകിച്ച് രോഗത്തെക്കുറിച്ച് സംസാരിക്കാത്തവരോട്. നല്ല തമാശകളൊക്കെയായിരിക്കും വിഷയം. ബാക്കി സമയങ്ങളിലും പണിയുണ്ട്. നാളെ ഇവരോടൊക്കെ എന്താണ് പറയേണ്ടത് എന്ന് ആലോചിച്ച് തീര്‍ക്കാന്‍തന്നെ സമയം തികയില്ല.ഒന്നാമത് വന്നു; അതു മാറി, രണ്ടാമത് വന്നു; അതും മാറി, ഇപ്പോള്‍ ദാ മൂന്നാമതും!

ഇന്നസെന്റ് കുടുംബത്തോടൊപ്പം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

പള്ളിയില്‍ ഓരോ കുടുംബത്തിനും സംസ്‌കാരത്തിനായി കുഴികളുണ്ട്. കുടുംബത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായി ആ കുഴികള്‍ ഉപയോഗിക്കാം. അത് നമ്മള്‍ പണം കൊടുത്ത് വാങ്ങുകയാണ് പതിവ്. എന്നിട്ടത് ഭംഗിയാക്കി സൂക്ഷിക്കുകയും ചെയ്യും. ജീവിച്ചിരിക്കുന്ന ആളുകളുടെ അന്തസ്സിനുവേണ്ടിയുള്ള ഏര്‍പ്പാടാണിത്. ആലീസിന്റെ അപ്പനും അമ്മയുമൊക്കെ മരിക്കുന്നതിന് പത്തുകൊല്ലം മുന്‍പ് തന്നെ രണ്ട് കുഴി വാങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോള്‍ എനിക്കാദ്യം ചിരിവന്നു. എന്തുകൊണ്ടാണെന്നോ, അവര്‍ എന്നോട് ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ മതിയായിരുന്നു അവരെ എന്നും ഓര്‍ക്കാന്‍. അസുഖംകൊണ്ട് തകര്‍ന്നുപോകേണ്ടിയിരുന്ന ആളാണ് ഞാന്‍. അതുണ്ടായില്ല. എന്നാലും ഒരു വിഷമം ഇപ്പോഴെനിക്കുണ്ട്. ഞാനത് മറച്ചുവച്ചിട്ട് കാര്യമില്ല. ആറേഴ് കൊല്ലം മുന്‍പാണ് എനിക്ക് ആദ്യം അസുഖം വന്നത്. അന്ന് ഗംഗാധരന്‍ ഡോക്ടര്‍ എന്തൊക്കെയോ മരുന്ന് ചെയ്ത് എന്നെ രക്ഷപ്പെടുത്തി. രണ്ടാമത് വന്നപ്പോഴും അദ്ദേഹം രക്ഷിച്ചു. മൂന്നാമതും അദ്ദേഹത്തിന്റെ ചികിത്സയാണ്. ഇടയ്ക്ക് ഞാന്‍ പള്ളിയിലൊന്ന് ചെന്നുനോക്കി. സെമിത്തേരിയിലും നോക്കി. ആദ്യം അസുഖം വന്ന കാലത്ത് മൂന്നു ലക്ഷമൊക്കെയായിരുന്നു ഒരു കുഴിക്ക്, രണ്ടാമത് വന്നപ്പോള്‍ നാലൊക്കെയായി. ഇപ്പോഴത് അഞ്ച് ലക്ഷത്തോളമായിരിക്കുകയാണ്. ആ പണമൊക്കെ അവര്‍ നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് മറന്നിട്ടല്ല ഞാനിത് പറയുന്നത്.

ഞാന്‍ ആലീസിനോടും എന്റെ മകനോടും മകന്റെ ഭാര്യ രശ്മിയോടും പേരക്കുട്ടികളോടും എന്റെ ആശങ്ക പറഞ്ഞു. അന്നയും ഇന്നസെന്റും മകന്റെ ഇരട്ടക്കുട്ടികളാ. അവര്‍ക്ക് എന്നോട് വല്ലാത്ത അടുപ്പമാണ്. ചിലപ്പോള്‍ എടാ അപ്പാപ്പാ എന്നു വിളിക്കുന്ന കൂട്ടുകാരെപ്പോലാ അവര്‍. സെമിത്തേരിയുടെ കാര്യം പറഞ്ഞപ്പോള്‍ അവര് ചോദിച്ചു, ഇതില്‍ അപ്പാപ്പന് എന്താ ഇത്ര വിഷമം? എനിക്ക് ആദ്യം അസുഖം വന്നപ്പോള്‍ മൂന്നുലക്ഷം രൂപയായിരുന്നു കുഴിക്ക്. ഇനി എനിക്ക് ആവശ്യം വരുമ്പോള്‍ തുക എത്രയാകുമെന്നാ വിചാരം? ഒന്നുകില്‍ പള്ളിക്കാര്‍ കാശ് കുറച്ചു തരണം, അല്ലെങ്കില്‍ കൂടുതല്‍ വരുന്ന തുക ഗംഗാധരന്‍ ഡോക്ടര്‍ കൊടുക്കണം. ഞാനില്ലാത്ത സമയത്ത് സംഭവിക്കുന്ന കാര്യമാണല്ലോ. അതുകൊണ്ട് ഇക്കാര്യത്തില്‍ എങ്ങനെയാണ് കേസുകൊടുക്കേണ്ടതെന്നൊക്കെ അവര്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

ഇന്നസെന്റിന്റെ കൊച്ചുമക്കള്‍ ഇന്നസെന്റും അന്നയും | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

കുറച്ചു സമയത്തേക്ക് ഇന്നസെന്റെന്ന മനുഷ്യന്‍ (നടനല്ല) ഒന്നും മിണ്ടി യില്ല. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ചിരിച്ചു. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ മനുഷ്യനെക്കൊണ്ട് ഇപ്പോള്‍ അധികം സംസാരിപ്പിക്കേണ്ട, കുറച്ചുനാള്‍ കാത്തിരുന്നാല്‍ ജീവിതത്തിന്റെ കണക്കുകൂട്ടലുകളെക്കുറിച്ച് ഇതിലും വലിയ വെളിപ്പെടുത്തല്‍ നടത്തും. അക്കാര്യം ഞാന്‍ വെളിപ്പെടുത്തിയില്ല, ഇനിയും വിളിക്കും എന്നു മാത്രം പറഞ്ഞു.

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: dr kc krishnakumar interview with actor innocent

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shawarma

3 min

നാടൻ ഭക്ഷണരീതി മാറ്റി പുറമേയുള്ളവ അന്ധമായി സ്വീകരിക്കുന്ന മലയാളി; ഭക്ഷ്യവിഷബാധ, അറിയേണ്ടവ

Jun 7, 2023


food safety

6 min

ചെറിയ അശ്രദ്ധ മതി, വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Jun 7, 2023


food

3 min

കുഞ്ഞുങ്ങളിലും പ്രായമേറിയവരിലും മാരകമായേക്കാം; ഭക്ഷണം സുരക്ഷിതമാക്കി വിഷബാധ തടയാം

Jun 7, 2023

Most Commented