സ്തനാര്‍ബുദമാണെന്നറിഞ്ഞിട്ടും അവള്‍ ചികിത്സിക്കാന്‍ തയ്യാറായില്ല; അതിന്റെ കാരണം എന്നെ തളര്‍ത്തി


ഡോ. കെ.വി. ഗംഗാധരന്‍

'എന്നിട്ടെന്തേ ചികിത്സ തേടാതിരുന്നത്' ഒറ്റവാക്കില്‍ അല്‍പ്പം ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു

Representative Image| Photo: GettyImages

ന്നത്തെ ദിവസം അവളെക്കുറിച്ചല്ലാതെ ഞാന്‍ ആരെക്കുറിച്ച് പറയും? ഇന്നലെ ഒ.പിയില്‍ വന്നത് മുതല്‍ മനസ്സിലൊരു വിങ്ങലാണവള്‍.

'ഡോക്ടറിങ്ങോട്ടൊന്നും പറയേണ്ട, എന്നെ രക്ഷപ്പെടുത്തേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്, ഡോക്ടറുടെ മാത്രം ഉത്തരവാദിത്തം. ഡോക്ടര്‍ ശ്രമിക്കൂന്നേ, ഞാന്‍ സഹകരിച്ചോളാം'

പുഞ്ചിരിച്ചുകൊണ്ട്, അതും പറഞ്ഞാണ് ഒ.പിയില്‍ നിന്നവള്‍ ഇറങ്ങിപ്പോയത്. രക്ഷപ്പെടുത്താനുള്ള സാധ്യത വിദൂരമാണെന്ന് എനിക്കറിയാം, എന്നേക്കാള്‍ നന്നായിട്ട് അവള്‍ക്കുമറിയാം. എന്നിട്ടും, ഇറങ്ങിപ്പോകുമ്പോള്‍ പറഞ്ഞ ആ വാക്ക്, തൊണ്ടയിലൊരു കുരുക്കായി ഇങ്ങനെ കുടുങ്ങിക്കിടക്കുന്നു. നിശ്വാസവും ഉച്ഛ്വാസവും തൊണ്ടയില്‍ തന്നെ കുടങ്ങിക്കിടക്കുന്നു.

'ഞാനൊരു ഡോക്ടറല്ലെ, വെറും ഡോക്ടറല്ലല്ലോ കാന്‍സറിന് ചികിത്സിക്കുന്ന ഡോക്ടറല്ലേ, ഇത്തരം അവസ്ഥയിലുള്ള എത്രപേരെ ദിവസവും കാണുന്നു. എന്നിട്ടും ഇങ്ങനെ ആകുലത തോന്നുന്നതെന്തെ?' പലവട്ടം ഞാന്‍ എന്നോട് തന്നെ ചോദിച്ചു.

ഇന്ന് രാവിലെയാണ് ആ പെണ്‍കുട്ടി ഒ.പിയില്‍ കാണാന്‍ വന്നത്. കൂടെ വന്നത് അടുത്ത ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയാണ്. 25 വയസ്സ് മാത്രം പ്രായമേയുള്ളൂ, ക്ഷീണിതയാണെങ്കിലും സുന്ദരിയാണ്, പുഞ്ചിരിക്കുമ്പോള്‍ വല്ലാത്തൊരു ആകര്‍ഷണീയത മുഖത്തുണ്ട്, വിവാഹിതയല്ല, ഒരു സ്വകാര്യ കോളേജില്‍ അധ്യാപികയാണ്. വളരെ നന്നായി സംസാരിക്കുന്ന പ്രകൃതം, സംസാരത്തിനിടയിലാണ് പരിശോധനാഫലങ്ങളിലൂടെ കണ്ണോടിച്ചത്.

കാന്‍സര്‍ തന്നെയാണ്, അതിനേക്കാള്‍ സങ്കടം നാലാം സ്റ്റേജിലെത്തിയിരിക്കുന്നു. എന്നാല്‍ എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നുമല്ല, പ്രത്യക്ഷത്തില്‍ എല്ലാ ലക്ഷണങ്ങളുമുണ്ടായിട്ടും, വിദ്യാസമ്പന്നയായ, സ്വന്തമായി വരുമാനമുള്ള ഈ പെണ്‍കുട്ടി നാളിതുവരെ ഒരു ഡോക്ടറെ കാണുകയോ, പരിശോധിക്കുകയോ, ചികിത്സ നടത്തുകയോ ചെയ്തില്ല എന്നതാണ്. കണ്ടില്ലെന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാവില്ല, ആധുനിക വൈദ്യശാസ്ത്രമല്ലാത്ത മറ്റൊരു ചികിത്സാ മേഖലയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരു പരിശോധനയും നടത്താതെ രോഗത്തിന്റെ കാഠിന്യം പോലും മനസ്സിലാക്കാതെ ഒരു വര്‍ഷത്തോളമായി ചികിത്സ നടത്തിയിട്ടുണ്ട്.

കൈവിട്ട അവസ്ഥയാണ്. എനിക്കാകെ തല പെരുക്കുന്നത് പോലെ തോന്നി. സ്വാഭാവികമായും ദേഷ്യം തന്നെയാണ് ആദ്യം തോന്നിയ വികാരം. പരമാവധി കടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ആ കുട്ടി തിരികെ ഇങ്ങോട്ട് തന്നെ ചോദിച്ചു.

'ഏതാണ്ട് തീരുമാനമാകുന്ന അവസ്ഥയാണല്ലേ ഡോക്ടറേ?'
ഒന്നും പറയാനാകാതെ ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി.
'കാന്‍സറാണെന്നെനിക്കറിയാം സാറെ, കാലമെത്താതെയുള്ള മരണം കാത്തിരിക്കുന്നുവെന്നുമറിയാം. ജീവിക്കാനുള്ള കൊതിയില്ലാഞ്ഞിട്ടല്ല...പറയാന്‍ വന്നത് പൂര്‍ത്തിയാക്കാതെ ഒരു ദീര്‍ഘനിശ്വാസത്തിലവസാനിപ്പിച്ചെന്നെ നോക്കി.

അതുവരെ നിശബ്ദനായിരുന്ന ഞാന്‍ ഒന്നും പറയാതെ തന്നെ ശിരസ്സുയര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി.

'ഡോക്ടറെ, എന്റെ മൂത്ത ചേച്ചിക്ക് ഇതേ അസുഖമായിരുന്നു, എന്റെ അമ്മയ്ക്കും ഇതു തന്നെയായിരുന്നു അസുഖം. സ്തനാര്‍ബുദം! രണ്ട് പേരും നേരത്തെ തന്നെ പോയി. ചികിത്സ ബാക്കിവെച്ചത് വലിയ സാമ്പത്തിക ബാധ്യത മാത്രം.. അത് വീട്ടുവാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് തന്നെ രോഗലക്ഷണങ്ങള്‍ ഞാനും കണ്ടിരുന്നു'

'എന്നിട്ടെന്തേ ചികിത്സ തേടാതിരുന്നത്' ഒറ്റവാക്കില്‍ അല്‍പ്പം ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

''ചേച്ചിയുടേയും അമ്മയുടേയും ചികിത്സകൊണ്ട് തന്നെ സാമ്പത്തികനില ഏതാണ്ട് താറുമാറായി കഴിഞ്ഞിരിക്കുന്നു. കടം വീട്ടുവാന്‍ വേണ്ടി മാത്രമാണ് ഡോക്ടറേ ഞാനിപ്പോള്‍ ജോലിക്കോ പോകുന്നത്. എന്റെ കൂടി ചികിത്സയുടെ ഭാരം താങ്ങാന്‍ ഇനി ആരും ബാക്കിയില്ലല്ലോ!''.

ഒന്നും പറയാനാകാതെ അവളുടെ മുഖത്തേക്ക് വെറുതെ നോക്കിയിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.

'സാമ്പത്തികമായി വളരെ മോശമായ സ്ഥിതിയാണ് ഡോക്ടറെ, ഇതിനിടയിലാണ് അമ്മ കാന്‍സര്‍ വന്ന് മരിച്ചത്. കുറേ നാള്‍ ചികിത്സിച്ചു. കാര്യമുണ്ടായില്ല. അതിനിടയില്‍ അച്ഛന്‍ ആക്‌സിഡന്റായി മരിച്ചു. പിന്നെ ചേച്ചിയും ഞാനും മാത്രമായിരുന്നു. അതിനിടയിലാണ്‌ ചേച്ചിക്ക് സ്തനാര്‍ബുദ ലക്ഷണം കണ്ടത്. ആദ്യമൊന്നും അവളാരോടും പറഞ്ഞില്ല. അവസാനമാകുമ്പോഴേക്കും കൈവിട്ട് പോയിരുന്നു. കുറേ ചികിത്സിച്ചു. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഒടുക്കം താമസിക്കുന്ന വീടുള്‍പ്പെടെ കുറേയേറെ കടങ്ങള്‍ മാത്രം ബാക്കിയായി അവളും പോയി'.

'ഇപ്പോള്‍ ഞാനും, ഇപ്പോള്‍ കൂടെ വന്ന കസിന്‍, ഇവളും...അങ്ങനെ പേരെടുത്ത് പറായന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ആശ്രയം പോലുമുള്ളൂ. ബാങ്കില്‍ നിന്ന് വീട് എന്ന് ജപ്തി ചെയ്യുമെന്നറിയില്ല. സഹായിക്കാനോ കാത്തിരിക്കാനോ ആരുമില്ല. വെറുതെ ഒരു ചടങ്ങിന് ചികിത്സയ്ക്കായി വന്നു എന്ന് മാത്രം'.

'ഡോക്ടറെ, എന്റെ ജീവിതം എന്റെ ആഗ്രഹം പോലുമല്ല, ഡോക്ടര്‍ ഒരു നല്ല ഡോക്ടറാണെങ്കില്‍ എന്നെ രക്ഷപ്പെടുത്തേണ്ടത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്. ഡോക്ടറുടെ മാത്രം ഉത്തരവാദിത്തം'.

ഇത്രയും പറഞ്ഞുകൊണ്ടവള്‍ എഴുന്നേറ്റ് പോകുമ്പോഴും ഞാന്‍ നിസ്സഹായനായിരുന്നു. എന്ത് പറയണമെന്നറിയില്ല. നേരത്തെ തന്നെ ചികിത്സ തേടിയിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷപ്പെടുത്തമായിരുന്നു. പക്ഷേ, ആ പെണ്‍കുട്ടിയുടെ സാഹചര്യം, അവളനുഭവിച്ച വെല്ലുവിളികള്‍, അവളുടെ അമ്മ, ചേച്ചി, അച്ഛന്‍...എങ്ങനെ അവളെ കുറ്റപ്പെടുത്താനാകും? അനുഭവങ്ങള്‍ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാകുമ്പോള്‍ മാത്രമേ നമുക്ക് യാഥാര്‍ത്ഥ്യം തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ....

അവള്‍ക്ക് നല്ലത് മാത്രം സംഭവിക്കട്ടേ...ജീവന്‍ രക്ഷപ്പെടുത്തിയെടുക്കാന്‍ പരമാവധി പരിശ്രമിക്കാം, ബാക്കിയെല്ലാം....

ഈ ലോക സ്തനാര്‍ബുദ ദിനത്തിലെ എന്റെ അനുഭവം കൃത്യമായ സൂചികകൂടിയാണ്. പലവിധങ്ങളാ കാരണങ്ങളാല്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടാതെ പോകുന്നതെന്ത് എന്ന് പൊതുസമൂഹത്തിന് പറയാനുള്ള ഉത്തരങ്ങളുടെ കൂടി സൂചിക. ഗൗരവതരമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. എത്ര വിദ്യാഭ്യാസമുണ്ടെന്ന് പറഞ്ഞാലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും ചികിത്സ തേടിയെത്താന്‍ മടിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന കാലത്ത് വിദ്യാഭ്യാസമില്ലാത്തവരുടെ കാര്യം പറയേണ്ടതുണ്ടോ?

(ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Dr.K.V.Gangadharan shares his Cancer Patients experiences, Health, Cancer Awareness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented