ന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശ്ശൂരിലാണ്. ചികിത്സിച്ചത് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലും. സമൂഹം ആടിയുലഞ്ഞപ്പോള്‍ കപ്പിത്താന്റെ റോളായിരുന്നു ഡോ. ജിജിത്ത് കൃഷ്ണന്. ആദ്യ രോഗിയെ ചികിത്സിച്ച ഡോക്ടര്‍ ഇന്നും അവസാനിച്ചിട്ടില്ലാത്ത കോവിഡ് കാലത്തെക്കുറിച്ച് ആദ്യമായി ഒരു മാധ്യമത്തോട് സംസാരിക്കുന്നത് മാതൃഭൂമിയോടാണ്. 

''ഒരിക്കലും കരുതിയിരുന്നില്ല, ജീവിതത്തില്‍ ഒരു കോവിഡ് രോഗിയെ ചികിത്സിക്കേണ്ടി വരുമെന്ന്''- ഡോ. ജിജിത്തിന്റെ ഒരൊറ്റ വാചകം മതി, അന്നത്തെ അന്തരീക്ഷത്തെയത്രയും കാണിക്കാന്‍. ഈ മഹാമാരി ഇന്ത്യയിലേക്കോ കേരളത്തിലേക്കോ എത്തില്ലെന്നായിരുന്നു ഏവരുടെയും ധാരണ. എന്നാല്‍, അവസാനം അത് സംഭവിച്ചു. കൊച്ചുകേരളത്തിന്റെ രാജ്യാന്തര ബന്ധങ്ങള്‍ ബാധ്യതയായോയെന്ന് തോന്നിയ ദിവസങ്ങള്‍. സമൂഹം മുഴുവന്‍ വിറങ്ങലിച്ചു നിന്നപ്പോഴും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അഹോരാത്രം ജോലിചെയ്തു. പോരാട്ടത്തിന്റെ കാലങ്ങളായിരുന്നു പിന്നാലെ... ഇന്നും അവസാനിക്കാതെ...

ചൈനയില്‍ രോഗം വ്യാപിച്ചപ്പോഴാണ് കോവിഡിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നതെന്ന് ഡോ. ജിജിത്ത് കൃഷ്ണനും പറയുന്നത്. പിന്നീട് ശാസ്ത്രജേണലുകള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കി. അപ്പോഴും മുന്നിലൊരു രോഗി എത്തുമെന്ന് പ്രതിക്ഷിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ചത് ജനറല്‍ ആശുപത്രിയില്‍. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ യോഗം. ഇതിലാണ് ചികിത്സ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയെന്ന തീരുമാനം വന്നത്. രോഗി എത്തുന്നുവെന്ന് അറിഞ്ഞതുമുതല്‍ മുന്നൊരുക്കങ്ങള്‍ മാത്രമായിരുന്നു ലക്ഷ്യം. ടീം തയ്യാറാക്കലും ഒരുക്കങ്ങളുമെല്ലാം ഒറ്റ രാത്രികൊണ്ട് പൂര്‍ത്തിയായി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും രോഗിക്ക് ഉണ്ടായിരുന്നില്ലെന്നത് ഭാഗ്യം. അതിനാല്‍ കൂടുതലും നിരീക്ഷണമായിരുന്നു. തലവേദന പോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ മാത്രം. രോഗത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതിനാല്‍ മാനസിക പിന്തുണ നല്‍കേണ്ടി വന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനി ആയതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ എളുപ്പമായി. രോഗിയെ കൊണ്ടുവന്നതു മുതല്‍ രോഗം മാറി പോകുന്നതുവരെ മെഡിക്കല്‍ കോളേജിലെ സമസ്ത വിഭാഗവും പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഒറ്റ മനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. 

jijith krishnan
ഡോ. ജിജിത്ത് കൃഷ്ണന്‍

രോഗത്തെക്കുറിച്ച് എല്ലാവര്‍ക്കുമുള്ള ആശങ്ക പോലെ എന്റെ കുടുംബത്തിനും ഉണ്ടായിരുന്നു. എന്നിരുന്നാലും വലിയ പിന്തുണയാണവര്‍ നല്‍കിയത്. ഇപ്പോള്‍ എടുക്കുന്ന മുന്‍കരുതലൊക്കെ അന്നും- ഡോ. ജിജിത്ത് ചിരിച്ചുകൊണ്ട് വിവരിക്കുകയാണ്. 

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്തതിനാല്‍ ഡോക്ടര്‍ക്കും കുടുംബത്തിനും ഇതുവരെ രോഗം വന്നിട്ടില്ല. ആദ്യ കേസ് സ്ഥിരീകരിച്ച സമയത്ത് കോവിഡ് ഇത്രയും വ്യാപിക്കുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നീട് ഒരു മാസത്തിനു ശേഷം കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മനസ്സിലായി. 

അമ്പരപ്പുകള്‍ പതിയെ മാറി. ചികിത്സയില്‍ ഒരുപാട് പുരോഗതി വന്നു. കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. വരുംനാളുകളില്‍ മരുന്നുകള്‍ ഇനിയും വരും. ഇതിന് മുന്‍പുണ്ടായ സ്പാനിഷ് ഫ്‌ളൂവിനെക്കാളും ശക്തിയേറിയ വൈറസാണ് കൊറോണ. സ്പാനിഷ് ഫ്‌ളൂവിനെ ഇല്ലാതാക്കാന്‍ വര്‍ഷങ്ങളെടുത്തു. കോവിഡ് തുടച്ചുനീക്കാന്‍ ഇനിയും മൂന്നുവര്‍ഷമെങ്കിലും എടുത്തേക്കാം. പക്ഷേ, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. കോവിഡിനെ പ്രതിരോധിക്കാനുള്ള ബോധവത്ക്കരണവും വിപുലമാക്കണം- ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുകയാണ്, അനുഭവത്തിന്റെ വെളിച്ചത്തില്‍...

 

Content Highlights: Dr.Jijith Krishnan shares his treatment experience with first Covid19 patient in India, Health, Covid19