വാര്‍ഡുകളില്‍ ഫേസ് ഷീല്‍ഡും മാസ്‌കും ഗ്ലൗസും ഒക്കെ ധരിച്ച് അന്യഗ്രഹജീവികളെപ്പോലെ ഞങ്ങള്‍ മാത്രമായി


ഇന്ത്യയിലെ രണ്ടാമത്തെ രോഗി മുതല്‍ നിരവധി കോവിഡ് ബാധിതരെ ചികിത്സിച്ച ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാറിന്റെ അനുഭവക്കുറിപ്പ്

ഡോ. ബി. പദ്മകുമാർ| മാതൃഭൂമി

2020 ജനുവരി 30-ന് ഉച്ചയ്ക്ക് രണ്ടുമണി. ആലപ്പുഴയില്‍ ഒരു സ്‌കൂളിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് കാഷ്വാല്‍റ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസില്‍നിന്ന് ഫോണിലേക്ക് അടിയന്തര സന്ദേശം വന്നത്. ചൈനയില്‍നിന്നെത്തിയ, കോവിഡ് ബാധിതനെന്ന് സംശയിക്കുന്ന മെഡിക്കല്‍വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുവരുന്നു. ഉടന്‍ ആശുപത്രിയിലെത്തണമെന്നായിരുന്നു സന്ദേശം.

ഒന്നുരണ്ട് ദിവസമായി ഇങ്ങനെയൊരു ഫോണ്‍സന്ദേശം പ്രതീക്ഷിച്ചിരുന്നു. ചൈനയില്‍നിന്നെത്തിയ, കോവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയെ തൃശ്ശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞതുമുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മുന്‍കരുതലുകള്‍ തുടങ്ങിയിരുന്നു. ആശുപത്രിയുടെ ഒഴിഞ്ഞ കോണിലുള്ള കെട്ടിടം കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു. രോഗികള്‍ക്കായി രണ്ട് മുറികള്‍, സ്റ്റാഫ് ഡ്യൂട്ടി റൂം, ഡോക്ടേഴ്‌സ് റൂം എന്നിവയും ക്രമീകരിച്ചിരുന്നു.

ആശുപത്രിയിലേക്ക് വണ്ടിയോടിക്കുമ്പോള്‍ ഇനി എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചായിരുന്നു ചിന്ത. അന്നൊരിക്കലും വിചാരിച്ചില്ല 17 മാസങ്ങള്‍ക്കിപ്പുറവും അവസാനിക്കാത്ത സുദീര്‍ഘമായ ചികിത്സാപരമ്പരയിലേക്കാണ് ഞങ്ങള്‍ കടക്കുന്നതെന്ന്.

തികച്ചും വ്യത്യസ്തമായ ചികിത്സാനുഭവങ്ങളാണ് കോവിഡ്കാലത്തുണ്ടായത്. എലിപ്പനി, ടൈഫോയ്ഡ് പോലെയുള്ള മറ്റെല്ലാ പകര്‍ച്ചവ്യാധികളുടെയും ചികിത്സ എല്ലാ രോഗികളിലും ഒരുപോലെയാണ്. എന്നാല്‍ കോവിഡ് രോഗികള്‍ പല കാറ്റഗറിയില്‍പെട്ടവരും രോഗതീവ്രതയുടെ പല സ്റ്റേജുകളില്‍ എത്തിയവരുമാണ്. ഓരോ രോഗിയും തികച്ചും വ്യത്യസ്ത രാണെന്ന് ചുരുക്കം. അതനുസരിച്ച് ചികിത്സയുടെ സ്വഭാവവും മാറും.

ഒന്നാംവ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിന്റെ രണ്ടാംവരവിന് ഏറെ പ്രത്യേകതകളുണ്ട്. ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഒരുമിച്ച് രോഗം ബാധിക്കുന്നു. ചെറുപ്പക്കാരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തവരെയും പിടികൂടുന്നു. അമിതവണ്ണമുള്ളവരിലും ഗര്‍ഭിണികളിലും വൈറസ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നു. അങ്ങനെ ഒട്ടേറെ സങ്കീര്‍ണതകള്‍ രണ്ടാംവ്യാപനത്തിലുണ്ടായി.

രണ്ടാമത്തെ രോഗി ആദ്യത്തെ രോഗമുക്തനും

2020 ജനുവരി 30-നാണ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്ചെയ്തത്. ഞാന്‍ നേതൃത്വം നല്‍കുന്ന മെഡിസിന്‍ യൂണിറ്റിനായിരുന്നു 23-കാരന്റെ ചികിത്സാ ഉത്തരവാദിത്വം. ഇന്ത്യയിലെത്തന്നെ രണ്ടാമത്തെ പോസിറ്റീവ് കേസായിരുന്നു അത്. രോഗം ഭേദമായി ഡിസ്ചാര്‍ജ്ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയും ആ യുവാവാണ്.
പനിയും വയറിളക്കവുമായിട്ടാണ് മെഡിക്കല്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ അഡ്മിറ്റായത്. 2020 ജനുവരി 22-നാണ് ചൈനയിലെ വുഹാനില്‍നിന്ന് യാത്രതിരിച്ചത്. കൊല്‍ക്കത്ത വഴിയായിരുന്നു കേരളത്തിലേക്കുള്ള യാത്ര. പനിയുണ്ടായതിനെത്തുടര്‍ന്ന് നാട്ടിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.

ചൈനയില്‍നിന്ന് വന്ന വിദ്യാര്‍ഥിയായതുകൊണ്ട് ആദ്യദിവസംതന്നെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ചു. ഫെബ്രുവരി രണ്ടിന് കോവിഡ് പോസിറ്റീവാണെന്നറിഞ്ഞു. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സ മാത്രമാണ് നല്‍കിയത്. ഒമ്പതുദിവസമായിട്ടും പനിയും വയറിളക്കവും മാറാത്തതുകൊണ്ട് ടൈഫോയ്ഡ്, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയുടെ പരിശോധനകളും നടത്തി. പനി കുറയാത്തതുകൊണ്ട് ആന്റിബയോട്ടിക്കുകളും നല്‍കി. ഏതായാലും ഫെബ്രുവരി അഞ്ചോടെ പനി വിട്ടുമാറി. വയറിളക്കം കുറഞ്ഞു. എല്ലാവര്‍ക്കും ആശ്വാസമായി. 2020 ഫെബ്രുവരി 13-ന് രോഗിയെ ഡിസ്ചാര്‍ജ്ചെയ്തു.

alappuzha medical college
ആലപ്പുഴ മെഡിക്കല്‍ കോളേജ്| ഫോട്ടോ: ഉല്ലാസ് വി.പി

ചികിത്സയുമായി ഈ മെഡിക്കല്‍വിദ്യാര്‍ഥി അങ്ങേയറ്റം സഹകരിച്ചു. എപ്പോഴും പോസിറ്റീവ് മനോഭാവമായിരുന്നു അയാള്‍ക്ക്. ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ പാട്ടുകേള്‍ക്കും. കുറച്ച് സമയം പഠനത്തില്‍ ഏര്‍പ്പെടും. വുഹാനിലെ നേരനുഭവങ്ങള്‍ പങ്കുവയ്ക്കും. പഠനത്തില്‍ മിടുക്കനായിരുന്ന ഈ വിദ്യാര്‍ഥി സന്തോഷത്തോടെതന്നെയാണ്, രാണ്ടാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞത്. ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട്. കോവിഡാനന്തരപ്രശ്നങ്ങളൊന്നും ബാധിക്കാതെ ഭാവിയിലെ ഡോക്ടര്‍ പഠനവുമായി ഉത്സാഹത്തോടെ മുന്നോട്ടുപോകുന്നു.

കോവിഡാശുപത്രിയായ മെഡിക്കല്‍ കോളേജ്

ആദ്യരോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് കോവിഡ് രോഗികളുടെ ഒരു പ്രവാഹമായിരുന്നു മെഡിക്കല്‍ കോളേജിലേക്ക്. ആശുപത്രിയിലെ രണ്ട് മുറിയില്‍ ആരംഭിച്ച കോവിഡ്ചികിത്സ പിന്നീട് കൂടുതല്‍ വാര്‍ഡുകളിലേക്ക് കടന്നു. അപ്പോഴേക്കും കോവിഡിതരരോഗികളുടെ ആശുപത്രിയിലേക്കുള്ള വരവ് കുറഞ്ഞു. ആശുപത്രിയിലെത്തിയാല്‍ രോഗം പിടിപെടുമോ എന്ന ഭയമായിരുന്നു പലര്‍ക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയെ സ്വയം കോവിഡാശുപത്രിയായി പ്രഖ്യാപിച്ച് ആളുകള്‍ മാറിനില്‍ക്കുകയായിരുന്നു.

കോവിഡിനുശേഷം ആശുപത്രിയിലെ രീതികളും മാറി. കോവിഡിതര വാര്‍ഡുകള്‍ ഏതാണ്ട് ശൂന്യമായി. രോഗികളും കൂട്ടിരിപ്പുകാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നഴ്‌സിങ് വിദ്യാര്‍ഥികളുമൊക്കെയായി തിങ്ങിനിറഞ്ഞിരുന്ന വാര്‍ഡുകളില്‍ ഫേസ് ഷീല്‍ഡും മാസ്‌കും ഗ്ലൗസും ഒക്കെ ധരിച്ച് അന്യഗ്രഹജീവികളെപ്പോലെ ഞങ്ങള്‍ മാത്രമായി. രാവിലെയും രാത്രിയും മെഡിക്കല്‍ബോര്‍ഡ് കൂടി കോവിഡ് രോഗികളുടെ ചികിത്സാപുരോഗതി വിലയിരുത്തും. 16 മാസമായ ആ പതിവ് ഇപ്പോഴും തുടരുന്നു. ഇതിനിടയില്‍ മെഡിക്കല്‍വിദ്യാര്‍ഥികളുടെ പരീക്ഷകളും സമയബന്ധിതമായി നടത്തി. പതിവ് പരീക്ഷാനടത്തിപ്പില്‍നിന്ന് വ്യത്യസ്തമായി, രോഗികളെ നേരിട്ട് പരിശോധിക്കാതെ കേസ് ചരിത്രം പഠിക്കാന്‍ നല്‍കിയായിരുന്നു പരീക്ഷ. എം.ബി.ബി.എസ്., എം.ഡി. പരീക്ഷകളൊക്കെ ഇങ്ങനെയാണ് നടത്തിയത്.

സ്‌പെഷ്യാലിറ്റിയോ സീനിയോറിറ്റി ലെവലോ നോക്കാതെ എല്ലാ ഡോക്ടര്‍മാരും കോവിഡ് ഡ്യൂട്ടി എടുത്തു. കഴിഞ്ഞ പതിനഞ്ചുമാസത്തിലേറെയായി പി.പി.ഇ. കിറ്റ് ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളൊക്കെ സഹിച്ച് രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിചെയ്യുന്ന ഡോക്ടര്‍മാരെയും മെഡിക്കല്‍വിദ്യാര്‍ഥികളെയും നഴ്‌സുമാരെയും മറ്റ് ആശുപത്രിജീവനക്കാരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ഥ്യം തോന്നുന്നു.

മാറുന്ന മാനദണ്ഡങ്ങള്‍

കോവിഡ് പുതിയ രോഗമാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ചികിത്സയിലും തുടര്‍പരിശോധനകളിലും ഡോക്ടര്‍മാര്‍ക്ക് അനുഭവപരിചയം ഉണ്ടായിരുന്നില്ല. ലോകാരോഗ്യസംഘടന 2020 ജനുവരി 12-ന് പുറത്തിറക്കിയ ഇടക്കാല മാനദണ്ഡങ്ങളനുസരിച്ചായിരുന്നു പ്രാരംഭഘട്ടത്തില്‍ ചികിത്സയും പരിശോധനകളും. തുടര്‍ന്ന് ലോകാരോഗ്യസംഘടനയും ഐ.സി.എം.ആറും സംസ്ഥാന ആരോഗ്യവകുപ്പും പുതിയ ഗവേഷണപഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാമാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. 2021 ഏപ്രില്‍ 22-ന് ഐ.സി.എം.ആറും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി പുറത്തിറക്കിയതാണ് ഇപ്പോള്‍ പിന്തുടരുന്ന കോവിഡ് ചികിത്സാ മാനദണ്ഡം.

ആദ്യ ചികിത്സാമാനദണ്ഡങ്ങളില്‍ മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ആന്റിബയോട്ടിക്, അസിത്രോമൈസിന്‍, ആന്റിവൈറല്‍ മരുന്നായ ലോപിനാവിര്‍/റിട്ടോനാവിര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു. ഗുരുതര സ്ഥിതിയിലുള്ളവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡിയായ ടോസിലിസുമാബ് ഇന്‍ജെക്ഷനായി നല്‍കിയിരുന്നു. ഇന്ന്് കോവിഡ്രോഗികളില്‍ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ള സ്റ്റിറോയിഡുകള്‍ പ്രാരംഭകാലത്ത് ഉപയോഗിച്ചിരുന്നില്ല.

അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നതാണ് ഓക്‌സിജന്‍ തെറാപ്പി. രോഗിയുടെ ശാരീരികസ്ഥിതിയനുസരിച്ച് നേസല്‍ കാനുല/മാസ്‌ക് ഉപയോഗംമുതല്‍ ഹൈഫ്ളോ നേസല്‍ കത്തീറ്റര്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേഷന്‍ (എന്‍.ഐ.വി.) ഇന്റുബേഷന്‍ തുടങ്ങിയ പല മാര്‍ഗങ്ങളിലൂടെ ഓക്‌സിജന്‍ നല്‍കുന്നു.
2020 ഓഗസ്റ്റില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാനദണ്ഡം പുറത്തിറക്കിയ തോടെയാണ് കോവിഡ്ചികിത്സയ്ക്ക് ഇന്നുള്ള വ്യക്തത കൈവന്നത്.

പ്രധാനമായും നാല് വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്നത്: ആന്റിവെറല്‍ മരുന്നുകള്‍ (റെംഡസിവിര്‍, ഫാവിപിറാവിര്‍), ആന്റി കോയാഗുലന്റ് മരുന്നുകള്‍ (ഹെപ്പാരിന്‍), ആന്റി ഇന്‍ഫല്‍മേറ്ററി മരുന്നുകള്‍ (സ്റ്റിറോയ്ഡുകള്‍) കൂടാതെ ഓക്സിജന്‍ (ഓക്സിജന്‍ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായിട്ടുതന്നെയാണ് കണക്കാക്കുന്നത്).

കോവിഡ് ചികിത്സയില്‍ ഉണ്ടായ മറ്റൊരു വലിയ മാറ്റം പ്ലാസ്മ തെറാപ്പി ആദ്യം ഉള്‍പ്പെടുത്തിയതും പിന്നീട് അത് ഫലപ്രദമല്ലെന്ന് മനസ്സിലാക്കി പിന്‍വലിച്ചതുമാണ്. 2020 ജൂണ്‍ ഒന്നിനാണ് ഗുരുതര കോവിഡ് രോഗികളില്‍ പ്ലാസ്മാ ചികിത്സ നിര്‍ദേശിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. രോഗം ഭേദമായവരില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്മയിലെ ആന്റിബോഡികള്‍ കോവിഡ് വൈറസിനെതിരേ ആന്റിവൈറല്‍ മരുന്നുപോലെ പ്രവര്‍ത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വിവിധ ദേശീയ അന്തര്‍ദേശീയ ഗവേഷണപഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലാസ്മാ ചികിത്സ ഫലപ്രദമല്ലെന്നുകണ്ട് 2021 മേയില്‍ ഐ.സി.എം.ആര്‍. പ്ലാസ്മാ ചികിത്സ പിന്‍വലിച്ചു.

2020 ഓഗസ്റ്റ് മുതല്‍, ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെയും ലഘുവായ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരെയും വീടുകളില്‍ത്തന്നെ പരിചരിക്കാമെന്ന തീരുമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ ആശ്വാസമായി. കോവിഡിന്റെ ആദ്യ തരംഗത്തില്‍, ഈ തീരുമാനമുണ്ടായപ്പോള്‍ തന്നെ നല്ലൊരു ശതമാനം രോഗികളെയും മെഡിക്കല്‍ കോളേജാശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞു. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനും ഇതുമൂലം സാധിച്ചു.

മാതൃഭൂമിയില്‍ വന്ന ആദ്യലേഖനം

കോവിഡ് കാലത്ത് ഞങ്ങളെപ്പോലുള്ള ഡോക്ടര്‍മാര്‍ക്ക് വാര്‍ത്താമാധ്യമങ്ങളില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു. രാത്രിയിലെ ചൂടേറിയ ടി.വി. ചര്‍ച്ചകളിലും തത്സമയ വാര്‍ത്തകളിലുമൊക്കെ രാഷ്ട്രീയക്കാരെപ്പോലെത്തന്നെ ഞങ്ങള്‍ക്കും അവസരം കിട്ടി. മാധ്യമങ്ങളിലൂടെ ഡോക്ടമാര്‍ നടത്തുന്ന ശാസ്ത്രീയവിശകലനങ്ങളും രോഗികളുമായുള്ള ആശയവിനിമയങ്ങളുമൊക്കെ, പുറത്തിറങ്ങാന്‍ കഴിയാതെ വീടുകളില്‍ അടച്ചുകഴിയുന്നവര്‍ക്ക് ആശ്വാസമായി.

mathrubhumi article
2020 ജനുവരി 25-ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഡോ.ബി. പദ്മകുമാറിന്റെ ലേഖനം

കോവിഡുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയലേഖനങ്ങളും ഈ അവസരത്തില്‍ എഴുതാനായി. 'പുതിയ കൊറോണ വൈറസ് രോഗം: നമുക്കും വേണം ജാഗ്രത' എന്ന തലക്കെട്ടോടെ 2020 ജനുവരി 25-ന് മാതൃഭൂമി ദിനപത്രത്തില്‍ എന്റെ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് ഈ രോഗത്തിന് കോവിഡ് എന്ന പേരുപോലും വന്നിട്ടില്ല. പുതിയ കൊറോണ വൈറസ് രോഗം എന്നായിരുന്നു ആ ലേഖനത്തിലുടനീളം കോവിഡിനെപ്പറ്റി പരാമര്‍ശിച്ചത്.

കോവിഡ് കാലത്ത് നിരവധി ആരോഗ്യബോധവത്കരണ പരിപാടികളിലും പങ്കെടുക്കുകയുണ്ടായി. കൊറോണയെ സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ അധികരിച്ചപ്പോള്‍ 'കൊറോണ 100 ചോദ്യങ്ങള്‍, ഉത്തരങ്ങള്‍' എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിച്ചു. കൊറോണ സംബന്ധിയായി മലയാളത്തിലെ ആദ്യ പുസ്തകവുമായി അത്.

അപ്രതീക്ഷിത ഹൈറിസ്‌ക് കോണ്‍ടാക്ട്‌

ആശുപത്രിയിലെ സ്റ്റാഫിന്റെ അമ്മയെ ഒരിക്കല്‍ വീട്ടില്‍ പോയി പരിശോധിക്കേണ്ടി വന്നു. 90 കഴിഞ്ഞ കിടപ്പുരോഗിയായ ഒരമ്മയാണ്. ചുമയും വിമ്മിട്ടവുമായിരുന്നു പ്രശ്നം. 15 മിനിറ്റിലേറെ രോഗിയെ പരിശോധിക്കാനായി ആ മുറിയില്‍ ചെലവഴിക്കേണ്ടി വന്നു. മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കയ്യുറയും മറ്റുമില്ലായിരുന്നു. ന്യുമോണിയ ആണെന്ന് പരിശോധനയില്‍ മനസ്സിലായപ്പോള്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടത്തെ പരിശോധനയിലാണ് അമ്മയ്ക്ക് കോവിഡാണെന്ന് തിരിച്ചറിഞ്ഞത്. പരിഭ്രമിച്ചുപോയി. അന്നാണെങ്കില്‍ വാക്സിനുമെടുത്തിട്ടില്ല. ഏതായാലും 14 ദിവസം വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിഞ്ഞു. ഏതായാലും പ്രശ്നമൊന്നും ഉണ്ടായില്ല. അതിനുശേഷം എത് രോഗിയെ പരിശോധിക്കുമ്പോഴും കഴിയുന്നത്ര മുന്‍കരുതലുകള്‍ എടുക്കാറുണ്ട്.

കോവിഡ് പഠിപ്പിച്ചത്

ആലപ്പുഴയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പുത്തരിയല്ല. 1996-ല്‍ കുട്ടനാട്ടില്‍ ജപ്പാന്‍ജ്വരം പടര്‍ന്നുപിടിച്ചപ്പോഴും 2007-ല്‍ ചിക്കുന്‍ഗുനിയ വ്യാപകമായപ്പോഴും പ്രളയത്തിന്റെ ദുരിതങ്ങളുമൊക്കെ കൈകാര്യം ചെയ്ത് പരിചയമുള്ളവരാണവര്‍. എലിപ്പനി ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങളും ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു കോവിഡിന്റെ അനുഭവങ്ങള്‍. രോഗിയുമായി അടുത്തിടപഴകാനോ വിശദമായി ദേഹപരിശോധന നടത്താനോ കഴിയാത്തതാണ് ബുദ്ധിമുട്ട്. രോഗം ഭേദമായാലും പിന്തുടരുന്ന അനുബന്ധ പ്രശ്നങ്ങളും (ലോങ് കോവിഡ്) സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

നമ്മുടെ സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങളുടെ മികവ് ഏറ്റവും കൂടുതല്‍ മനസ്സിലായതും ഈ കോവിഡ് കാലത്തുതന്നെ. ശക്തമായ അടിത്തറയുള്ള പ്രാഥമികാരോഗ്യ സംവിധാനങ്ങള്‍, അര്‍പ്പണ മനോഭാവത്തോടെയുള്ള ആരോഗ്യബോധവത്കരണം, പ്രതിരോധനടപടികളില്‍ ഇടപെടുന്ന അസംഖ്യം ആരോഗ്യപ്രവര്‍ത്തകര്‍, വികേന്ദ്രീകൃത ഭരണസംവിധാനങ്ങള്‍, സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇവയെല്ലാം ഒത്തുചേര്‍ന്നപ്പോഴാണ് കോവിഡ് വ്യാപനനിരക്കും മരണനിരക്കും ഗണ്യമായി കുറയ്ക്കാന്‍ നമുക്കായത്.

കോവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാനും ട്രയേജ് സൗകര്യങ്ങളൊരുക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. മറ്റ് വാര്‍ഡുകളാണ് കോവിഡ് വാര്‍ഡുകളാക്കി മാറ്റിയത്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലെങ്കിലും സ്ഥിരമായ ഐസൊലേഷന്‍ ബ്ലോക്കിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും സുസജ്ജമായ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാകണം. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് ചെറുകിട ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കണം. പാന്‍ഡെമിക്കും എപ്പിഡെമിക്കും പോലെയുള്ള അടിയന്തരസാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെകൂടി പൂര്‍ണപങ്കാളിത്തം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ നെറ്റ്വര്‍ക്ക് ഉണ്ടാകണം.

രാവിലെയുള്ള ക്ലിനിക്കല്‍ ക്ലബ്ബുകള്‍, വാര്‍ഡുകളിലെ വിശദമായ റൗണ്ട്‌സ്, ബെഡ് സൈഡ് ക്ലിനിക്കുകള്‍, രോഗികളുമായുള്ള കുശലം പറച്ചില്‍, ബൈസ്റ്റാന്‍ഡേഴ്‌സ് ബ്രീഫിങ്, തിയറിക്ലാസുകള്‍, കാന്റീനില്‍ പോയി കാപ്പികുടി-ഇങ്ങനെയൊക്കെയായിരുന്നു ആശുപത്രിയിലെ ഞങ്ങളുടെ ഒരു ദിവസം. ഇനി ആ ദിനങ്ങള്‍ മടങ്ങിവരുമോ? പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Content Highlights: Dr.B. Padmakumar shares his Covid19 treatment experiences at Alappuzha medical College, Health, Covid19

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

ആരോഗ്യമാസിക വാങ്ങാം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented