ഉദയംപേരൂർ: മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്ന് ആര്യലക്ഷ്മി ഡോക്ടറായി നാട്ടിൽത്തന്നെ സേവനത്തിനെത്തുമ്പോൾ അത് വീട്ടുകാർക്കെന്നപോലെ മത്സ്യത്തൊഴിലാളി മേഖലകൂടിയായ ഉദയംപേരൂർ ഗ്രാമത്തിനും അഭിമാനം.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഏറെയുള്ള ഇവിടെ വീടിനടുത്തുതന്നെയുള്ള ഫിഷറീസ് ആശുപത്രി എന്നു പറയുന്ന ഉദയംപേരൂർ ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ചുമതലയേൽക്കുകയാണ് സമീപവാസിയായ പത്താംകുഴിയിൽ പി.കെ. മൻമഥന്റെയും (റിട്ട. ഇറിഗേഷൻ വകുപ്പ്) പുഷ്പലതയുടെയും മകളായ ആര്യലക്ഷ്മി. ‘ഇവിടത്തെ ആശുപത്രിയിൽ ഡോക്ടറാകുക എന്നത് വലിയ ആഗ്രഹമായിരുന്നു. അത് പറ്റുമോ? എം.ബി.ബി.എസിന് പഠിക്കുമ്പോൾ അച്ഛനോട് ഇക്കാര്യം പറയുമായിരുന്നു.

അത് ഇപ്പോൾ സഫലമായതിൽ വലിയ സന്തോഷം’ - ഡോ. ആര്യലക്ഷ്മി പറയുന്നു.

ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിൽ എസ്.എസ്.എൽ.സി.ക്കും പ്ലസ് ടു പരീക്ഷയ്ക്കും ഫുൾ എ പ്ലസ് നേടി വിജയിച്ച ആര്യലക്ഷ്മി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ്. പഠിച്ചത്.

ഹൗസ് സർജൻസിയും ഇവിടെത്തന്നെ. ഉദയംപേരൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറുടെ തസ്തികയിലേക്ക് ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചപ്പോൾ ആര്യലക്ഷ്മി മാത്രമായിരുന്നു അപേക്ഷിച്ചത്.

അങ്ങനെയാണ് ഇവിടെ ഡോക്ടറായി എത്തുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ലെങ്കിലും ഡോ. ആര്യലക്ഷ്മി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ സഹായിക്കാനായുണ്ട്.

Content Highlights: Health, Udayamperoor PHC