കോവിഡ് പോസിറ്റീവായ ഒന്‍പത് ഗര്‍ഭിണികളെ ചികിത്സിച്ച കേന്ദ്രമാണ് പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി. കോവിഡ് ബാധിച്ചവരുടെ പ്രസവം നടന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ചികിത്സാ കേന്ദ്രം കൂടിയാണിത്. കോവിഡ് ബാധിച്ച ഗര്‍ഭിണിയെ സിസേറിയന്‍ ചെയ്ത മെഡിക്കല്‍ ടീമിലെ അംഗവും ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. അജിത് എസ്. അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. 

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നായിരുന്നു ആ ഗര്‍ഭിണിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക വാര്‍ഡില്‍ അവര്‍ക്കാവശ്യമായ പരിചരണങ്ങളെല്ലാം ഒരുക്കി. പ്രസവത്തിന് മുമ്പുതന്നെ കോവിഡ് ഭേദമാക്കുകയായിരുന്നു ആദ്യലക്ഷ്യം. കോവിഡ് നെഗറ്റീവായിക്കഴിഞ്ഞാല്‍ പ്രസവത്തിന്റെ കാര്യത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് കണക്കുകൂട്ടി. അതിനാവശ്യമായ പരിചരണവും ചികിത്സയും നല്‍കി. അങ്ങനെ പന്ത്രണ്ട് ദിവസം കൊണ്ട് കോവിഡ് നെഗറ്റീവായി. അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കോവിഡ് പരിശോധനാഫലം നെഗറ്റീവായതിന്റെ രണ്ട് ദിവസത്തിന് ശേഷമായിരുന്നു സിസേറിയന്‍. കോവിഡ് ബാധിച്ച  ഗര്‍ഭിണികള്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയില്‍ തന്നെ പ്രത്യേകം സജ്ജമാക്കി. പ്രത്യേക പ്രസവമുറിയും ഒരുക്കി.

arogyamasika
പുതിയ ലക്കം മാതൃഭൂമി ആരോഗ്യമാസിക വാങ്ങാം

 ആദ്യമായാണ് സിസേറിയന്‍ പരിശോധനയിലും സിസേറിയന്‍ ചെയ്യുമ്പോഴും സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ( പി.പി.ഇ) ഉപയോഗിക്കുന്നത്. സ്വഭാവികമായും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എങ്കിലും അതെല്ലാം മറികടക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. പി.പി.ഇ ധരിച്ചുകഴിഞ്ഞാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് സാധാരണരീതിയില്‍ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. അത് സ്‌കാനിങിലൂടെയും സി.ടി.ജി വഴിയും മനസിലാക്കാന്‍ തീരുമാനിച്ചു. കുഞ്ഞിന്റെ ഹൃദയസ്പന്ദന നിരക്കുകൂടി വിലയിരുത്തിയായിരുന്നു സിസേറിയന്‍ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. 

സുരക്ഷാ വസ്ത്രം അണിഞ്ഞ ശേഷം ഓപ്പറേഷന്‍ തീയേറ്ററിനുള്ളിലും മറ്റുള്ളവരോട് സംസാരിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ സ്ഥിരം മെഡിക്കല്‍ ടീം ആയതിനാല്‍ ആശയവിനിമയത്തിന് തടസ്സമുണ്ടായില്ല. പ്രസവമുറിയില്‍ മെഡിക്കല്‍ ടീം അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ചു. സീനിയര്‍ റസിഡന്റ് ഡോ. അഖില, അനസ്‌തെസ്റ്റിസ്റ്റ് ഡോ. സുരി രാജന്‍, പീഡിയാട്രിക് റസിഡന്റ് ഡോ.റുകിയ, സ്റ്റാഫ് നഴ്‌സ് ലിജോ, അസിസ്റ്റന്റുമാരായ രതീഷ്, സരിന്‍ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍  

കോവിഡ് ബാധയുണ്ടായിരുന്ന മറ്റൊരു ഗര്‍ഭിണിയുടെ പ്രസവവും ഇതേ രീതിയില്‍ നടത്തുകയുണ്ടായി. സിസേറിയന് ഏതാനം ദിവസങ്ങള്‍ക്ക് മിന്‍പ് തന്നെ ആ സ്ത്രീയുടെയും കോവിഡ് നെഗറ്റീവായിരുന്നു. ഡോ.ബീന ജോര്‍ജ്, അനസ്‌തെസ്റ്റിസ്റ്റ് ഡോ. സുരി രാജന്‍, സ്റ്റാഫ് നഴ്‌സ് ഷേര്‍ളി, അസിസ്റ്റന്റുമാരായ ശരണ്‍, ലിസി എന്നിവരായിരുന്നു മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.

ഗര്‍ഭകാലത്തെ കോവിഡ് ബാധയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കുള്ള മറുപടികള്‍ വായിക്കാം പുതിയ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍

Content Highlights: Dr Ajith Sharing experiences, who performed cesarean for a  woman with Covid infection