Representative Image | Photo: Gettyimages.in
ഒ.പി യില്‍ അത്യാവശ്യം തിരക്കിലിരിക്കുന്ന സമയത്താണ് ഫോണ്‍ കോള്‍ വന്നത്. രാജീവ് ആണ്. കോഴിക്കോട് ടൗണില്‍ തന്നെയാണ് താമസം. സ്ഥിരമായി എന്നെ കാണിക്കുന്ന രോഗിയായതിനാല്‍ നമ്പര്‍ സേവ് ചെയ്തിരുന്നു. അത്യാവശ്യം കാര്യഗൗരവമുള്ള വ്യക്തിയാണ്, അനാവശ്യമായി ഫോണ്‍ ചെയ്യാറില്ല. അതുകൊണ്ട് തന്നെ തിരക്കിനിടയിലും ഫോണ്‍ അറ്റന്റ് ചെയ്തു.
'ഡോക്ടര്‍ ക്ഷമിക്കണം, തിരക്കിലാണെന്നറിയാം. എമര്ജന്സിയായതിനാലാണ്. എന്റെ രക്തം ഒ നെഗറ്റീവാണ്. അടിയന്തരമായി ഒരു ഓപ്പറേഷന് രക്തം നല്‍കണം. സന്ധിവാതം രക്തത്തിലൂടെ പകരുമോ എന്ന് അവരുടെ ഒരു ബന്ധുവിന് ഭയം. എനിക്ക് രക്തം കൊടുക്കാമോ ഡോക്ടര്‍?'
ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം കാര്യം പറഞ്ഞവസാനിച്ചു. 'താങ്കള്‍ കൊടുത്തോളൂ, ഒരു കുഴപ്പവുമില്ല. ' ഞാനും പറഞ്ഞവസാനിപ്പിച്ചു. ഒറ്റവാക്കില്‍, പെട്ടെന്ന് തന്നെ കാര്യം കഴിഞ്ഞു. രക്തദാന ദിനത്തിന്റെ തലേദിവസം വന്ന കോള്‍ ആയതിനാലാണ് ഞാനിത് പ്രത്യേകം ഓര്‍മ്മിച്ചത്. ധാരാളം പേര് ഈ സംശയവുമായി വിളിക്കാറുണ്ട്. രാജീവിന്റെ രോഗത്തിന്റെ അവസ്ഥയും, കഴിക്കുന്ന മരുന്നുമെല്ലാം എനിക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് വളരെ എളുപ്പത്തില്‍ അദ്ദേഹത്തിന് സമ്മതം നല്കാന് സാധിച്ചത്. എന്നാല്‍ എല്ലാ സാഹചര്യത്തിലും ഇത് സാധ്യമായി എന്ന് വരില്ല. മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്.
സന്ധിവാതം പോലുള്ള ഓട്ടോ ഇമ്യൂണ്‍ രോഗമുള്ളവര്‍ രക്തം ദാനം ചെയ്യരുത് എന്നായിരുന്നു മുന്‍കാലങ്ങളില്‍ പൊതുവെ ഉണ്ടായിരുന്ന കാഴ്ചപ്പാട്. ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന ആന്റിബോഡികള്‍ രക്തത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നും അത് സ്വീകര്‍ത്താവിലേക്ക് രോഗബാധ എത്തിച്ചേരാന്‍ ഇടയായേക്കാമെന്നതുമാണ് ഇതിന് കാരണം. എന്നാല്‍ സമീപ കാലത്ത് നടന്ന പല പഠനങ്ങളും ഇത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്. 'അനല്‍സ് ഓഫ് റുമാറ്റിക് ഡിസീസ് ' ജേര്‍ണലില്‍ നടന്ന പഠനത്തില്‍ 942 പേരെ പഠനവിധേയമാക്കുകയും ഇത്തരത്തില്‍ രക്തദാനത്തിലൂടെ രോഗബാധ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന കണ്ടെത്തലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read
രക്തം ദാനം ചെയ്യുന്നത് മൂലം സന്ധിവാത രോഗിയായ വ്യക്തിക്കും അസാധാരണമായ പ്രത്യാഘാതങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നതായി രേഖപ്പെടുത്തിയിട്ടില്ല. പൊതുവെ രക്തം ചെയ്യുന്നവര്‍ക്കുള്ള ക്ഷീണം പോലുള്ള ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യത മാത്രമേ നിലനില്ക്കുന്നുള്ളൂ. രക്തദാനം മൂലം കുറവ് വരുന്ന രക്തം 24 മണിക്കൂറിനുള്ളില്‍ പുനസ്ഥാപിക്കപ്പെടുകയും ഇതിലെ രക്തകോശങ്ങള്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം പൂര്‍ത്തിയാവുകയും ചെയ്യും. ഇത് നിലവിലുള്ള സന്ധിവാത രോഗത്തിന്റെ ലക്ഷണത്തെയോ ചികിത്സയെയോ ദോഷകരമായി ബാധിക്കുന്നില്ല.
രക്തദാനം ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍
രക്തദാനം ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. സാധാരണഗതിയില്‍ സന്ധിവാതരോഗികള്‍ക്ക് രക്തം ദാനം ചെയ്യാമെങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഇവര്‍ മാറി നില്‍ക്കേണ്ടി വരും. ശാരീരികമായി അവശതയുള്ള സന്ദര്‍ഭങ്ങള്‍, ചില മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവര്‍ ഇതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.
ശാരീരികമായ അവശത
ശാരീരികമായ അവശത അനുഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ രക്തദാനം ചെയ്യുവാന്‍ പാടില്ല. പനി പോലുള്ള രോഗാവസ്ഥകള്‍ അനുഭവപ്പെടുമ്പോള്‍ പ്രത്യേകിച്ചും രക്തദാനം നിഷിദ്ധമാണ്. ശരീരതാപനില സാധാരണ നിലയിലെത്തിയതിന് ശേഷം മാത്രമേ രക്തദാനം ചെയ്യാന്‍ അനുവാദമുള്ളൂ. സന്ധിവേദന അനുഭവപ്പെടുക, വീക്കം കാണപ്പെടുക തുടങ്ങിയ പൊതുവായ സന്ധിവാത ലക്ഷണങ്ങള്‍ രക്തവാദം നിഷേധിക്കാനുള്ള കാരണമല്ല. കഴിക്കുന്ന മരുന്നുകളുടെ ഉപയോഗവും മറ്റും ഇതിനെ നിയന്ത്രണവിധേയമാക്കുവാന്‍ സഹായിക്കും. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ശാരീരികമായ അവശത തോന്നുകയും ചെയ്താല്‍ രക്തദാനം ചെയ്യരുത്.
ചില മരുന്നുകളുടെ ഉപയോഗം
സന്ധിവാതം, സോറിയാസിസ്, ആര്‍ത്രൈറ്റിസ് മുതലായവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ കഴിക്കുന്നവര്‍ രക്തദാനം ചെയ്യാന്‍ പാടുള്ളതല്ല. ഇത്തരത്തിലുള്ളവര്‍ രക്തദാനം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. ആസ്പിരിന്‍, leflunomide, upadacitinib തുടങ്ങിയ മരുന്നുകള്‍ ഇതിന് ഉദാഹരണമാണ്. ഇതില്‍ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ആ മരുന്ന് കഴിക്കുന്ന കാലയളവിലുടനീളം രക്തദാനം നിഷിദ്ധമാണ്. മറ്റ് ചിലര്‍ക്ക് രക്തദാനത്തിന് മുന്‍പ് മരുന്നിന്റെ ഉപയോഗം ക്രമീകരിച്ചാല്‍ മതിയാകും. എന്തുതന്നെയായാലും രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറുടെ സമ്മതം വാങ്ങിയിരിക്കണം.
അനീമിയ (വിളര്‍ച്ച)
വിളര്‍ച്ചയുള്ളവര്‍ ഒരു കാരണവശാലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല. രക്തത്തില്‍ ആവശ്യത്തിന് ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലാത്തതിനാലാണ് അനീമിയ ഉണ്ടാകുന്നത്. സന്ധിവാതരോഗമുള്ളവരില് വിളര്‍ച്ചയ്ക്കുള്ള സാധ്യത പൊതുവെ കൂടുതലാണ്. ഇത്തരത്തിലുള്ളവര്‍ രക്തദാനത്തിന് മുന്‍പ് ഹീമോഗ്ലോബിന്‍ പരിശോധന നടത്തി നില സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. ഹീമോഗ്ലോബിന്റെ അളവ് താഴ്ന്ന നിലയിലാണെങ്കില്‍ രക്തദാനത്തില്‍ നിന്ന് മാറിനില്‍ക്കണം.
മറ്റ് കാരണങ്ങള്‍
സന്ധിവാത രോഗികള്‍ക്ക് രക്തദാനം നിഷേധിക്കപ്പെടുന്ന മറ്റ് കാരണങ്ങള്‍ ഇനി പറയുന്നു. ഈ കാരണങ്ങളില്‍ പലതും മറ്റുള്ളവര്‍ക്കും ബാധകമാണ്. എച്ച് ഐ വി ബാധിതനായ വ്യക്തി, സന്ധിവാതത്തിന് പുറമെ ലഹരി ഉപയോഗം കൂടിയുള്ളവര്, ഹൃദയ-ശ്വാസകോശ സംബന്ധമായവ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങളുള്ളവര്‍, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവ ബാധിതരായവര്‍, അര്‍ബുദ ബാധിതരായവര്‍ തുടങ്ങിയവര്‍ രക്തദാനം ഒഴിവാക്കണം.
കോഴിക്കോട് ഡോ. അനൂഫ്സ് റുമാകെയറിലെ മെഡിക്കല്‍ ഡയറക്ടറും ചീഫ് റുമറ്റോളജിസ്റ്റുമാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..