ഫോട്ടോ: കെ.കെ. സന്തോഷ്
പേവിഷബാധയെ പ്രതിരോധിക്കുന്നതിനുള്ള റാബീസ് വാക്സിന് എടുക്കുന്നതിനെക്കുറിച്ച് ആളുകളില്‍ പലതരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍.
പേവിഷബാധയ്ക്കെതിരായ വാക്സിന് എടുത്താല്‍ പ്രത്യേക ഭക്ഷണക്രമം ആവശ്യമുണ്ടോ?
പേവിഷബാധയ്ക്കെതിരായ വാക്സിന് എടുത്തതിനുശേഷം ഒരു വിധത്തിലുള്ള ഭക്ഷണക്രമീകരണവും ആവശ്യമില്ല. നാരങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കരുത് എന്ന പ്രചാരണങ്ങള്‍ അശാസ്ത്രീയമാണ്.
കടിയേറ്റ ഭാഗത്ത് നാരങ്ങ, എരിവുള്ള വസ്തുക്കള്‍, ഇലകളുടെയും മറ്റും ചാറ് തുടങ്ങിയവ പുരട്ടുകയാണെങ്കില്‍ വൈറസിനെ നശിപ്പിക്കാനാവുമോ?
ഇങ്ങനെയുള്ള ഏതെങ്കിലും വസ്തുക്കള്‍ മുറിവുള്ള ഭാഗത്ത് പുരട്ടുമെന്നതുകൊണ്ട് വൈറസ് നശിക്കുമെന്നതിന് തെളിവുകളില്ല. മുറിവേറ്റ ഭാഗം സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുകയാണ് വേണ്ടത്.
കടിച്ച പട്ടിക്ക് വാക്സിന് എടുത്തിട്ടുണ്ട്. അതുകൊണ്ട് കടിയേറ്റവര്‍ വാക്സിന് എടുക്കേണ്ടതുണ്ടോ?
പട്ടികള്‍ക്കും മറ്റും വാക്സിന് എടുത്താല്‍ ആവശ്യമായ ഇമ്മ്യൂണിറ്റി കിട്ടുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ അത് രോഗപകര്‍ച്ച തടയാന്‍ എത്രമാത്രം പര്യാപ്തമാണ് എന്നതിന് കൃത്യമായ തെളിവ് ലഭിക്കുന്നില്ല. പട്ടിയുടെ ശരീരത്തില്‍ എത്രമാത്രം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും സ്ഥിരീകരണമില്ല. അതുകൊണ്ട് കടിച്ച പട്ടിക്ക് വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ പോലും കടിയേറ്റ വ്യക്തി റാബീസിന് എതിരായ വാക്സിന് എടുക്കണം.
കടിച്ച മൃഗത്തെ പത്തുദിവസം നിരീക്ഷിച്ച ശേഷം മതി വാക്സിന് എടുക്കുന്നത് എന്നതില്‍ വാസ്തവമുണ്ടോ?
ഇതില്‍ ശാസ്ത്രീയതയില്ല. കടിച്ച മൃഗത്തെ പത്തുദിവസം നിരീക്ഷിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ വാക്സിന് എടുത്തു തുടങ്ങണം. റാബീസുള്ള മൃഗങ്ങള്‍ പത്തുദിവസത്തിനുള്ളില്‍ തന്നെ ചത്തുപോകാറുണ്ട്. ആ ഒരു വിലയിരുത്തലിലാണ് നീരീക്ഷിക്കാന്‍ പറയുന്നത്. പക്ഷേ, വാക്സിന് എടുക്കുന്നതില്‍ കാലതാമസം വരുത്തരുത്.
വാക്സിന് എടുത്തശേഷം ശരീരത്തില്‍ എത്രമാത്രം ആന്റിബോഡിയുണ്ട് എന്ന് മനസ്സിലാക്കാന്‍ എന്തെങ്കിലും ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ?
വാക്സിന് എടുത്ത ശേഷം അങ്ങനെയൊരു ടെസ്റ്റിന്റെ ആവശ്യമില്ല. കാരണം, കൃത്യമായ അളവിലും തവണകളിലും വാക്സിന് എടുക്കുകയാണെങ്കില്‍ ശരീരത്തിന് ആവശ്യമായ ഇമ്മ്യൂണിറ്റി ലഭിക്കും. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവരിലും ആന്റിബോഡി ടെസ്റ്റ് നടത്താറുണ്ട്.
വാക്സിന് എടുത്തശേഷവും റാബീസ് ബാധിക്കാനിടയുണ്ടോ?
വളരെ അപൂര്‍വമായി അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിന് പല കാരണങ്ഹളുണ്ട്. വാക്സിന് എടുക്കാനുണ്ടായ കാലതാമസം ഒരു കാരണമാണ്. കാറ്റഗറി മൂന്നില്‍പെട്ട മുറിവുള്ളവരില്‍ മുറിവേറ്റ ഭാഗത്ത് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെക്കാത്തതും വാക്സിനേഷന് ഷെഡ്യൂള്‍ കൃത്യമായി പാലിക്കാത്തതും വാക്സിന് പരാജയപ്പെടാന്‍ കാരണമാകും.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് എടുക്കാമോ?
തീര്‍ച്ചയായും. വാക്സിന് ഗര്‍ഭിണികളിലോ ഗര്‍ഭസ്ഥ ശിശുവിലോ ഏതെങ്കിലും തരത്തിലുള്ള പാര്ശ്വഫലങ്ങളുണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എലി കടിച്ചാല്‍ റാബീസ് വാക്സിന് എടുക്കേണ്ടതുണ്ടോ?
എലികളെപ്പോലെയുള്ള റോഡന്റ്സ് കടിച്ചാല്‍ റാബീസ് വാക്സിന് എടുക്കേണ്ടതില്ല. ആ ഭാഗം വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. ടെറ്റനസ് കുത്തിവെയ്പ്പ് എടുക്കുക. ഇവ ചെയ്താല്‍ മതി. പക്ഷേ, എലി തന്നെയാണ് കടിച്ചത് എന്ന് പൂര്‍ണമായ ഉറപ്പുണ്ടായിരിക്കണം. പലപ്പോഴും എന്താണ് കടിച്ചതെന്ന് അറിയാതെ ആശുപത്രിയിലെത്തുന്നവരുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വാക്സിന് നിര്‍ദേശിക്കാറുണ്ട്.
റാബീസ് വാക്സിന് പാര്‍ശ്വഫലമുണ്ടോ?
ഇപ്പോള്‍ ഉപയോഗിക്കുന്ന സെല്‍ കള്‍ച്ചര്‍ വാക്സിനുകള്‍ വളരെ സുരക്ഷിതമാണ്. അവ പൊതുവേ അലര്‍ജി പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറില്ല. വാക്സിനെടുത്ത ഭാഗത്ത് ചൊറിച്ചിലോ, ചെറിയ വേദനയോ ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നീര്‍ക്കെട്ടോ ഉണ്ടായെന്ന് വരാം. അല്ലാതെ ഗൗരവതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇപ്പോഴത്തെ വാക്സിനുകളില്‍ നിന്ന് ഉണ്ടാകുന്നില്ല.
വന്യജീവികളുടെ കടിയോ, മാന്തലോ ഏല്‍ക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടത്?
തീര്‍ച്ചയായും ഇത് ഗൗരവമായി എടുക്കണം. എല്ലാ വന്യമൃഗങ്ങളുടെയും കടി കാറ്റഗറി മൂന്ന് ആയി പരിഗണിക്കണം. കടിയേറ്റ ഭാഗം ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെക്കണം.
Content Highlights: Rabies vaccine- Dog bite and rabies vaccine- Is it possible to get rabies after getting the rabies vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..