രീരവളർച്ചയ്ക്ക് അവശ്യം വേണ്ട മൂലകങ്ങളിൽ ഒന്നാണ് അയഡിൻ. അയഡിന്റെ കുറവ് കുട്ടികളുടെ വളർച്ചയിൽ പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

ശരീരത്തിൽ തൈറോയ്‌ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനത്തിനും ഹോർമോൺ ഉത്‌പാദനത്തിനും അയഡിൻ വളരെ അത്യാവശ്യമാണ്. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും ഹൃദയം, മസ്തിഷ്കം, പേശികൾ എന്നിവയുടെയെല്ലാം മികച്ച പ്രവർത്തനത്തിനും അയഡിൻ വളരെ പ്രധാനപ്പെട്ടതാണ്.

അയഡിന്റെ കുറവ് ഇന്ത്യക്കാർക്കിടയിൽ വ്യാപകമാണ്. അയഡിന്റെ കുറവ് മൂലം തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്ന ഹൈപ്പോതൈറോയ്‌ഡിസം എന്ന അവസ്ഥയുണ്ടാകുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ദിവസവും 250 മൈക്രോഗ്രാം അയഡിൻ ആവശ്യമാണ്. അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കാകട്ടെ 90 മൈക്രോഗ്രാമാണ് ദിവസവും വേണ്ടത്. നാഷണൽ അയഡിൻ ആൻഡ് സാൾട്ട് ഇൻടേക്ക് സർവേയിൽ പറയുന്നത് 25 ശതമാനം ഇന്ത്യക്കാർക്ക് അയഡിന്റെ കുറവുണ്ടെന്നാണ്. 1997 മുതൽ ഇന്ത്യയിൽ അയഡിൻ അടങ്ങിയ ഉപ്പാണ് വിപണിയിലുള്ളത്.

മുലയൂട്ടുന്ന അമ്മയ്ക്ക് ലഭിക്കുന്ന അയഡിന്റെ അളവിന് അനുസരിച്ചാണ് നവജാതശിശുവിന് അയഡിൻ ലഭിക്കുക. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയൽ, മഞ്ഞപ്പിത്തം, അമിതമായ ഉറക്കം, മലബന്ധം എന്നിവ നവജാതശിശുക്കളിൽ ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കുട്ടിക്ക് ബൗദ്ധികമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് തടയാൻ ജനിച്ച് മൂന്നു മുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ നവജാതശിശുവിന്റെ രക്തപരിശോധന നടത്താറുണ്ട്. ഇതുവഴി കുഞ്ഞിന് ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടോയെന്ന് നേരത്തെ കണ്ടെത്താനും മസ്തിഷ്ക വളർച്ച സാധാരണ രീതിയിലാണെന്ന് ഉറപ്പുവരുത്താനും സാധിക്കും.

മുതിർന്ന കുട്ടികളിലും ഹൈപ്പോതൈറോയ്‌ഡിസം ബുദ്ധിമുട്ടുകളുണ്ടാക്കും. വളർച്ചക്കുറവ്, മലബന്ധം, ഗോയിറ്റർ തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. മാത്രമല്ല, പ്രത്യുത്‌പാദനവ്യവസ്ഥയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകും.

കടൽ മത്സ്യങ്ങൾ, പാൽ ഉത്‌പന്നങ്ങൾ, ഉള്ളി, മധുരക്കിഴങ്ങ് പോലുള്ള അയഡിൻ അടങ്ങിയ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അയഡിൻ അടങ്ങിയ ഉപ്പ് ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് അയഡിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

Content Highlights:Does iodine deficiency slow down a child's growth, Health, Kids Health