ബി.പി. കൂടിയാല്‍ വൃക്കരോഗമുണ്ടാകുമോ? വൃക്കരോഗം വന്നാല്‍ ബി.പി. കൂടുമോ? വിശദമായി അറിയാം


ഡോ. ജയന്ത് തോമസ് മാത്യു

രക്തസമ്മര്‍ദം കൂടുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല

Representative Image| Photo: GettyImages

യര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ (Hypertension) ഉള്ള പകുതി ആളുകളില്‍പോലും കൃത്യസമയത്ത് രോഗനിര്‍ണയം നടക്കുന്നില്ല. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം പല അവയവങ്ങള്‍ക്കും കേടുപാട് ഉണ്ടാക്കും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, വൃക്കസ്തംഭനം, കണ്ണുകളുടെ കാഴ്ച കുറയല്‍ തുടങ്ങിയവ അത്തരം ചില പ്രശ്നങ്ങളാണ്.

ഒഴുകുന്ന രക്തം രക്തധമനികളുടെ ഭിത്തിയില്‍ ഉണ്ടാക്കുന്ന മര്‍ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഹൃദയത്തിന്റെ അറ സങ്കോചിച്ച് രക്തത്തെ ധമനിയിലേക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന മര്‍ദത്തെ സിസ്റ്റോളിക് (Systolic) എന്നും ഹൃദയം വികസിച്ച്, രക്തം നിറയുമ്പോഴുണ്ടാകുന്ന മര്‍ദത്തെ ഡയസ്റ്റോളിക് (diastolic) എന്നും പറയുന്നു. ആരോഗ്യമുള്ള ഒരാളില്‍ രക്തസമ്മര്‍ദം 120/80 മി.മീറ്റര്‍ മെര്‍ക്കുറിയാണ് (120 സിസ്റ്റോളിക് രക്തസമ്മര്‍ദം; 80 ഡയസ്റ്റോളിക് രക്തസമ്മര്‍ദം). രക്തസമ്മര്‍ദം 140/90ന് മുകളിലായാല്‍ അതിനെ ഉയര്‍ന്ന രക്തസമ്മര്‍ദമായി കണക്കാക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ പ്രാഥമിക ഉയര്‍ന്ന രക്തസമ്മര്‍ദം (Primary/ Essential Hypertension) ദ്വിതീയ ഉയര്‍ന്ന രക്തസമ്മര്‍ദം (Secondary Hypertension) എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രൈമറി ഹൈപ്പര്‍ടെന്‍ഷന് പ്രത്യേകം കാരണങ്ങള്‍ കാണാറില്ല. പ്രമേഹംപോലെ ഇതൊരു ജീവിതശൈലി രോഗമാണ്. പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രായം കൂടുംതോറും രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത വര്‍ധിക്കും. അമിതവണ്ണം, പുകവലി, മദ്യപാനം, ആഹാരത്തിലെ ഉപ്പിന്റെ അളവ്, വ്യായാമക്കുറവ് തുടങ്ങിയ കാരണങ്ങളും പ്രൈമറി ഹൈപ്പര്‍ടെന്‍ഷന് സാധ്യത കൂട്ടും.

സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണം വൃക്കരോഗമാണ്. കൂടാതെ ഹൃദ്രോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രീനല്‍ ഗ്രന്ഥിയുടെയും പ്രവര്‍ത്തന വ്യതിയാനം, രക്തധമനികളുടെ ചുരുങ്ങല്‍, ശ്വാസതടസ്സംമൂലം ഉറക്കമില്ലായ്മ (Obstructive Sleep Apnoea), ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളും സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാം.

വൃക്കകള്‍ക്ക് എന്ത് സംഭവിക്കും?

രക്തസമ്മര്‍ദം നിയന്ത്രണാതീതമായാല്‍ വൃക്കസ്തംഭനം ഉണ്ടാകും. പ്രമേഹമുള്ളവരില്‍ ഇതിന് സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദംകൊണ്ട് വൃക്കകളുടെ അകത്തും ചുറ്റും ഉള്ള രക്തധമനികള്‍ക്ക് കേടുപാട് വരും. രക്തധമനികളില്‍ ഹയലൈന്‍ (hyaline) എന്ന പദാര്‍ഥം അടിഞ്ഞുകൂടും. അതുകാരണം ധമനികളുടെ കട്ടി കൂടും. ഒരുപരിധി കഴിഞ്ഞാല്‍ രക്തയോട്ടം കുറയും. ഉയര്‍ന്ന രക്തസമ്മര്‍ദം രക്തധമനികളുടെ ഉള്‍പാളിക്കും (endothelium) കേടുവരുത്തും. രക്തധമനികളുടെ ഉള്ളില്‍ പ്ലാക്ക് (plaques) ഉണ്ടാകും. ഇതും രക്തയോട്ടം കുറയാന്‍ കാരണമാകും. ധമനികള്‍ കല്ലിക്കുകയോ ചുരുങ്ങുകയോ ബലക്ഷയം വരികയോ ചെയ്യും.

kidney
Representative Image| Photo: GettyImages

ഇങ്ങനെ സംഭവിക്കുമ്പോള്‍ വൃക്കകള്‍ക്ക് ആവശ്യത്തിന് പോഷണവും ഓക്‌സിജനും കിട്ടില്ല. വൃക്കകളിലെ കോശങ്ങള്‍ കാലക്രമേണ നശിക്കും. ഇതുകാരണം വൃക്കകള്‍ക്ക് രക്തം ശുദ്ധീകരിക്കാന്‍ സാധിക്കുകയില്ല. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞുവരികയും വൃക്കസ്തംഭനം സംഭവിക്കുകയും ചെയ്യും. തന്മൂലം ശരീരത്തിലെ ജലാംശത്തിന്റെയും ഉപ്പിന്റെയും അളവ് കൂടും. ഇത് രക്തസമ്മര്‍ദം വീണ്ടും കൂടാന്‍ ഇടയാക്കും. ഇതൊരു വിഷമവൃത്തമാണ് (Vicious cycle). ഉയര്‍ന്ന രക്തസമ്മര്‍ദംകൊണ്ട് വൃക്കരോഗം ഉണ്ടാവുകയും വൃക്കരോഗംകൊണ്ട് രക്തസമ്മര്‍ദം വീണ്ടും കൂടുകയും ചെയ്യും.

ലക്ഷണങ്ങള്‍ തിരിച്ചറിയാനാകുമോ?

ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളെ ബാധിച്ചാല്‍ ആദ്യഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല. മൂത്രത്തിലുണ്ടാകുന്ന പത, കാലിലും മുഖത്തുമുണ്ടാകുന്ന നീര് എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. വൃക്കരോഗം മൂര്‍ച്ഛിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുകയും ശരീരത്തില്‍ നീര് കൂടുകയും ചെയ്യാം. പിന്നീട് വിളര്‍ച്ച, കിതപ്പ്, ക്ഷീണം, ഓക്കാനം, ഛര്‍ദി, എല്ലുകളുടെ തേയ്മാനം എന്നിവ ഉണ്ടാകും.

മൂത്രവും രക്തവും പരിശോധിച്ചാല്‍ വൃക്കകള്‍ക്ക് തകരാറുണ്ടോ എന്ന് അറിയാം. മൂത്രപരിശോധന (urine routine test), രക്തത്തിലെ ക്രിയാറ്റിനിന്‍ പരിശോധന എന്നിവ ആവശ്യമാണ്. ക്രിയാറ്റിനിന്‍ കൂടിയാലോ മൂത്രത്തില്‍ പ്രോട്ടീന്‍ കണ്ടാലോ വൃക്കരോഗ വിദഗ്ധനെ കാണിച്ച് വിശദമായ പരിശോധനകള്‍ നടത്തണം. വൃക്കകളുടെ അസുഖമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമെങ്കില്‍ വൃക്കയില്‍ നിന്ന് കോശമെടുത്ത് പരിശോധിക്കണം (kidney biopsy).

സങ്കീര്‍ണമാകുന്നത് എങ്ങനെ?

ചിലപ്പോള്‍ വൃക്കകളിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങിപ്പോകും. ഇത് ഒരുവശത്തോ രണ്ടുവശത്തോ ആകാം. ഇതിന് റീനല്‍ ആര്‍ട്ടറി സ്റ്റെനോസിസ് (Renal Artery Stenosis) എന്നാണ് പറയുന്നത്. തന്മൂലം വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയും. രക്തയോട്ടം കുറഞ്ഞാല്‍ ശരീരത്തിലെ മാലിന്യങ്ങളെ വൃക്കകള്‍ക്ക് നീക്കംചെയ്യാന്‍ സാധിക്കാതെയാകും. കൂടാതെ വൃക്കകള്‍ക്ക് ആവശ്യത്തിനുള്ള പോഷണവും ഓക്‌സിജനും കിട്ടാതെ പോകും. ഇത് മറികടക്കാന്‍ ശരീരം ശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദം കൂടും. 30 വയസ്സിനുമുന്‍പോ 50 വയസ്സിനുശേഷമോ രക്തസമ്മര്‍ദം ആദ്യമായി കൂടുമ്പോള്‍ ഈ അവസ്ഥ ഉണ്ടോ എന്ന് നോക്കണം.

ഡോപ്ലര്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ അല്ലെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്താല്‍ ഇത് കണ്ടുപിടിക്കാം. മരുന്നുകഴിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കണം. മരുന്നുകൊണ്ട് കുറഞ്ഞില്ലെങ്കില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടിവരും. വൃക്കകളിലേക്കുള്ള രക്തയോട്ടം കൂടുകയും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയുകയും ചെയ്തില്ലെങ്കില്‍ കാലക്രമേണ വൃക്കസ്തംഭനം സംഭവിക്കാം.

ഇതുകൂടാതെ പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ്, മൂത്രാശയത്തിലോ മൂത്രനാളിയിലോ ഉണ്ടാകുന്ന തടസ്സം (Urinary Tract Obstruction), വൃക്കയിലെ ചിലതരം കാന്‍സര്‍, ലിഡ്ഡില്‍ സിന്‍ഡ്രോം (Liddle Syndrome), അക്യൂട്ട് ഗ്ലോമറുലോനെഫ്രൈറ്റിസ് (Acute Glomerulonephritis) തുടങ്ങിയ വൃക്കരോഗങ്ങള്‍കൊണ്ടും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാം.

പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ്

പാരമ്പര്യമായി ഉണ്ടാകുന്ന അസുഖമാണ് പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ്. വൃക്കകളില്‍ കുമിളകള്‍ ഉണ്ടാവുകയും കാലക്രമേണ അവ വലുപ്പം വയ്ക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളില്‍ ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കിലും കുമിളകള്‍ വളരെ വലുതായാല്‍ വൃക്കസ്തംഭനം സംഭവിക്കാം. ഈ അസുഖം കാരണം രക്തസമ്മര്‍ദം കൂടുകയും അത് നിയന്ത്രണാതീതമായാല്‍ വൃക്കസ്തംഭനം മൂര്‍ച്ഛിക്കുകയും ചെയ്യും. അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി. സ്‌കാന്‍ അല്ലെങ്കില്‍ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്താല്‍ രോഗം നിര്‍ണയിക്കാം. എം.ആര്‍.ഐ. സ്‌കാന്‍ ആണ് ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത്. ഈ അസുഖം ഉണ്ടെങ്കില്‍ വൃക്കരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം. ഉയര്‍ന്ന രക്തസമ്മര്‍ദം കൃത്യമായി നിയന്ത്രിക്കണം. പാരമ്പര്യമായി ഉണ്ടാകുന്ന രോഗമായതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് ഇതുണ്ടോ എന്നും നിര്‍ണയിക്കണം.

മൂത്രതടസ്സം അപകടം

മൂത്രാശയത്തിലോ മൂത്രനാളിയിലോ തടസ്സമുണ്ടെങ്കില്‍ ആ തടസ്സം എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. ഇല്ലെങ്കില്‍ മൂത്രം കെട്ടിക്കിടക്കുകയും വൃക്കസ്തംഭനം സംഭവിക്കുകയും ചെയ്യാം. ഈ അവസ്ഥയും രക്തസമ്മര്‍ദം കൂടാന്‍ ഇടവരുത്തും.

വൃക്കകളുടെ അരിപ്പകളില്‍ (ഗ്ലോമറുലസ് -glomerulus) ഉണ്ടാകുന്ന അസുഖമാണ് അക്യൂട്ട് ഗ്ലോമറുലോനെഫ്രൈറ്റിസ്. ശരീരത്തിന്റെ ഏതുഭാഗത്തും അണുബാധ ഉണ്ടായാല്‍ അത് വൃക്കകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. മൂത്രത്തില്‍ രക്തവും പ്രോട്ടീനും നഷ്ടപ്പെടും. മൂത്രത്തിന്റെ അളവ് കുറയുകയും ശരീരത്തില്‍ നീര് ഉണ്ടാവുകയും ചെയ്യും. രക്തസമ്മര്‍ദം കൂടും. ആദ്യഘട്ടത്തില്‍തന്നെ ചികിത്സിച്ചാല്‍ ഇത് പൂര്‍ണമായും മാറുന്ന ഒരു അസുഖമാണ്. വൈകിപ്പോയാലോ, സ്ഥായിയായ വൃക്കസ്തംഭനം സംഭവിക്കാം.

surgery
Representative Image| Photo: GettyImages

ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന അസുഖങ്ങള്‍, ഉദാ: സിസ്റ്റമിക് ലൂപസ് ഏറിതേമറ്റോസിസ് (Systemic Lupus Erythematosus SLE), സിസ്റ്റമിക് സ്‌ക്ലെറോസിസ് (Systemic sclerosis), വസ്‌ക്യൂലൈറ്റിസ് (Vasculitis) തുടങ്ങിയവ വൃക്കകളെയും ബാധിക്കാം. ഇതുകാരണം രക്തസമ്മര്‍ദം കൂടാന്‍ സാധ്യതയുണ്ട്. കാരണം ഏതായാലും അത് കണ്ടുപിടിച്ച് ചികിത്സിക്കണം. അല്ലെങ്കില്‍ രക്തസമ്മര്‍ദം കൂടി കാലക്രമേണ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടാകും.

എങ്ങനെ പ്രതിരോധിക്കാം?

18 വയസ്സിനുമുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ബി.പി. പരിശോധിക്കണം. ബി.പി. കൂടുതലാണെങ്കില്‍ ഡോക്ടറെ കണ്ടിട്ട് ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധനയും തുടര്‍ചികിത്സയും നടത്തണം. വൃക്കകള്‍ ഒരിക്കല്‍ പ്രവര്‍ത്തനരഹിതമായാല്‍ പിന്നീട് രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ വരാന്‍ സാധ്യത വളരെ കുറവാണ്. മാത്രവുമല്ല തുടര്‍ച്ചയായി രക്തസമ്മര്‍ദം ഉയര്‍ന്നുനിന്നാല്‍ വൃക്കരോഗം മൂര്‍ച്ഛിക്കാനും പൂര്‍ണ വൃക്കസ്തംഭനം സംഭവിക്കാനും സാധ്യതയുണ്ട്. ആ അവസ്ഥയില്‍ ഡയാലിസിസ് (Dialysis) അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ (Kidney Transplantation) മാത്രമേ പോംവഴിയുള്ളൂ. അതുകൊണ്ട് രക്തസമ്മര്‍ദം ഉണ്ടോ എന്ന് പരിശോധിച്ച്, ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അത് ചികിത്സിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കണം

രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് പതിവായുള്ള വ്യായാമം. നടത്തംപോലെ സാധാരണ വ്യായാമം ആഴ്ചയില്‍ 150 മിനിറ്റ് വളരെ നല്ലതാണ്. വ്യായാമത്തിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കും. പക്ഷേ, വ്യായാമം നിര്‍ത്തിയാല്‍ രക്തസമ്മര്‍ദം വീണ്ടും കൂടും. ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക. ഒരു ദിവസം ഒരാള്‍ക്ക് ശരാശരി ഒരു ടീസ്പൂണ്‍ (5 ഗ്രാം) ഉപ്പ് മതി. ആഹാരത്തില്‍ പച്ചക്കറികളും പഴങ്ങളും കൂട്ടുകയും കൊഴുപ്പുള്ള പദാര്‍ഥങ്ങള്‍ കുറയ്ക്കുകയും വേണം. മദ്യപാനവും പുകവലിയും ഒഴിവാക്കുക. ഇതിനാല്‍ ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറയ്ക്കാം.

അമിതഭാരമുണ്ടെങ്കില്‍ രക്തസമ്മര്‍ദം കൂടാന്‍ സാധ്യതയുണ്ട്. ഇവര്‍ ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. അതും രക്തസമ്മര്‍ദം കൂട്ടാന്‍ കാരണമാകും. അതുകൊണ്ട് അമിതഭാരമുള്ളവര്‍ അത് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക. പഞ്ചസാരയും സംസ്‌കരിച്ച അന്നജവും (refined carbohydrates) കുറയ്ക്കുക. മനസ്സംഘര്‍ഷം കുറയ്ക്കുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കുക. സ്ഥിരമായി ഒരു ഡോക്ടറെത്തന്നെ കാണാന്‍ ശ്രമിക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ തനിയെ ബി.പി.യുടെ മരുന്ന് കൂട്ടുകയോ കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.

പലപ്പോഴും അശ്രദ്ധയാണ് രക്തസമ്മര്‍ദം കൂടാന്‍ കാരണം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് മുന്‍പോട്ടുപോയാല്‍ മാത്രമേ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ സാധിക്കൂ.

(സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: Does high blood pressure cause kidney damage, Can a kidney disease lead to high blood pressure, Health, High Blood Pressure

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented