കോവിഡ് 19 സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ബാധിച്ചുകഴിഞ്ഞു. ചിലരെ മാനസികമായും ചിലരെ സാമ്പത്തികമായും ശാരീരികമായുമൊക്കെ ബാധിച്ചു. ഇപ്പോഴിതാ കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം സ്ത്രീകളില്‍ ആര്‍ത്തവചക്രം ക്രമം തെറ്റിക്കുമെന്ന് വ്യക്തമാക്കുകയാണ് പഠനം. ജേണല്‍ ഓഫ് വിമെന്‍സ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
ആര്‍ത്തവത്തെ മാനസികസമ്മര്‍ദം സ്വാധീനിക്കുമോ എന്നത് സംബന്ധിച്ച് അമേരിക്കയില്‍ ആദ്യമായാണ് ഇത്തരമൊരു പഠനം നടക്കുന്നത്. 2020 ജൂലായ്ക്കും ആഗസ്റ്റിനുമിടയില്‍ 200 പേരിലാണ് പഠനം നടത്തിയത്. 

പഠനത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും(54 ശതമാനം) 2020 മാര്‍ച്ചിനുശേഷം തങ്ങളുടെ ആര്‍ത്തവചക്രത്തില്‍ മാറ്റം ഉണ്ടായതായി സമ്മതിച്ചു. കൂടുതല്‍ മാനസികസമ്മര്‍ദം നേരിട്ടവര്‍ക്ക് സാധാരണയുള്ളതിനേക്കാള്‍ അധികമായി രക്തസ്രാവം ഉണ്ടാകുകയും അധികദിവസത്തേക്ക് മാസമുറ നീണ്ടുപോകുകയും ചെയ്തു.  

കോവിഡ് 19-ന്റെ വ്യാപനം എല്ലാവരിലും മോശമായി സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളില്‍ ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങളുണ്ടാക്കുകയും അവരുടെ മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു-പഠനത്തിനു നേതൃത്വം നല്‍കിയ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിക്കോളെ വോയിറ്റോവിച്ച് പറഞ്ഞു. 
ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന സ്ത്രീകളിലും ആര്‍ത്തവചക്രത്തില്‍ വ്യതിയാനമുണ്ടാകുന്നതായി മുമ്പ് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 

കോവിഡ് വ്യാപനത്തിനുശേഷം നിരവധി സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവചക്രത്തിലുള്ള വ്യതിയാനത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ആശങ്കകള്‍ പങ്കുവയ്ക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു.
കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ പ്രത്യോത്പാദന ആരോഗ്യം അവഗണിക്കാന്‍ കഴിയില്ലെന്ന് വോയിറ്റോവിച്ച് പറഞ്ഞു.

Content highlights: does covid 19 pandemic stress cause irregular menstrual cycles here is what study say