പ്രതീകാത്മക ചിത്രം | Photo: Canva.com
ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം നോമ്പെടുക്കല്‍ എത്രത്തോളം സുരക്ഷിതമാണെന്ന സംശയം സ്വാഭാവികമാണ്. ശാരീരികമായും വൈദ്യശാസ്ത്രപരമായും കഴിയുമെങ്കില്‍പ്പോലും ഗര്‍ഭിണികള്‍ക്ക് ഉപവാസം വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്.
ഗര്‍ഭാവസ്ഥ അമ്മയ്ക്കും വികസിക്കുന്ന കുഞ്ഞിനും ഒരുപോലെ പ്രാധാന്യമുള്ള സമയമാണ്. ആ സമയത്ത് പ്രത്യേകശ്രദ്ധയും പരിചരണവും വേണം. അതിനാല്‍, റംസാനില്‍ വ്രതാനുഷ്ഠാനം തിരഞ്ഞെടുക്കുന്ന ഗര്‍ഭിണികള്‍ അവരുടേയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യം ഉറപ്പാക്കാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം.
ഒന്നാമതായി, നോമ്പെടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിച്ച് ഉപദേശം തേടണം. അമ്മയുടെ ആരോഗ്യനില വിലയിരുത്താനും സാധ്യമായ അപകടസാധ്യതകള്‍ വിലയിരുത്താനും ഉപവാസം സുരക്ഷിതമാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കാനും കഴിയും. ഗര്‍ഭധാരണം ഉയര്‍ന്ന അപകടസാധ്യതയുള്ളതാണെങ്കില്‍ ഇത് വളരെ പ്രധാനമാണ്. കാരണം ഉപവാസം അമ്മയ്ക്കും കുഞ്ഞിനും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും.
ഗര്‍ഭിണി വ്രതമെടുക്കാന്‍ തീരുമാനിച്ചാല്‍, ഭക്ഷണക്രമത്തിലും പ്രത്യേക ശ്രദ്ധ നല്‍കണം. കുഞ്ഞിന്റെ വികാസത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ഉള്‍ക്കൊള്ളുന്ന സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്‍പ്പെടെ ഭക്ഷണം സമീകൃതമായിരിക്കണം. സാവധാനം ഭക്ഷണം കഴിക്കാനും പ്രഭാതത്തിന് മുന്‍പും സന്ധ്യയ്ക്കുശേഷവും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.
നോമ്പ് തുടങ്ങുന്നതിന് മുന്‍പും അവസാനിപ്പിച്ചതിന് ശേഷവും ധാരാളം ദ്രാവകങ്ങള്‍ കുടിച്ച് നിര്‍ജ്ജലീകരണം ഒഴിവാക്കണം. വെള്ളം, ജ്യൂസുകള്‍ (മധുരം ചേര്‍ക്കാത്തതാണ് നല്ലത്), സൂപ്പ് എന്നിവ കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും. നിര്‍ജ്ജലീകരണം അംനിയോട്ടിക് ഫ്‌ലൂയിഡ് കുറയാനും കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും കാരണമായേക്കാം. മൂത്രത്തില്‍ പഴുപ്പിനുള്ള സാധ്യതയും അതുവഴി മാസം തികയുംമുന്‍പ് പ്രസവവേദന വരാനും കാരണമായേക്കാം. ചൂട് കാലങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. കൂടാതെ കഫീന്‍, പഞ്ചസാര പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. അവ നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഗര്‍ഭകാലത്ത് അടിക്കടിയുണ്ടാകുന്ന ഛര്‍ദ്ദി, ഗര്‍ഭസംബദ്ധമായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉള്ള സ്ത്രീകള്‍ നോമ്പെടുക്കുന്നത് ഉത്തമമല്ല.
ഗര്‍ഭിണികള്‍ നോമ്പുകാലത്ത് കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. നടത്തം, യോഗ തുടങ്ങിയ ലഘുവ്യായാമങ്ങള്‍ ഗുണം ചെയ്യുമെങ്കിലും ആയാസകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. അമ്മയ്ക്കും വളര്‍ന്നുവരുന്ന കുഞ്ഞിനും വിശ്രമം പ്രധാനമാണ്. വ്രതാനുഷ്ഠാനം സമ്മര്‍ദ്ദം നിറഞ്ഞതാക്കരുത്. ഇത് അമ്മയുടെ മാനസികാരോഗ്യത്തെ ബാധിക്കും. അതിനാല്‍, കുടുംബം, സുഹൃത്തുക്കള്‍, ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ എന്നിവരില്‍നിന്ന് പിന്തുണ തേടേണ്ടത് പ്രധാനമാണ്.
Content Highlights: doctor talks about the precautions to be taken by pregnant women while ramadan fasting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..