ഡോക്ടറെ, ഇതാണ് ഞാന്‍ പറഞ്ഞയാള്‍, വിവാഹം വേണ്ടെന്ന് വീട്ടില്‍ നിന്ന് പറഞ്ഞപ്പോള്‍ ഗള്‍ഫിലെ ജോലിയും രാജിവെച്ച് വന്നതാണ് 


ഡോ. കെ. വി ഗംഗാധരന്‍

അസുഖം മനുഷ്യന്റെ തെറ്റല്ലല്ലോ. വിധിയായിരിക്കാം. ആ വിധിയെ മാറ്റിത്തരാന്‍ ഡോക്ടര്‍ക്ക് സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.

Representative Image Photo: Gettyimage.in

എനിയ്ക്ക് ജീവിതത്തിൽ ഇത്രയേറെ ആദരവ് തോന്നിയ വ്യക്തിത്വങ്ങൾ വളരെ അപൂർവ്വമായിരിക്കും. അതുകൊണ്ട് തന്നെയായിരിക്കണം ആ ചെറുപ്പക്കാരായ ദമ്പതികൾ ഒ പി യിലേക്ക് വന്നപ്പോൾ സീറ്റിൽ നിന്നും അറിയാതെ എഴുന്നേറ്റ് സ്വാഗതം പറഞ്ഞത്. 32 വയസ്സ് പ്രായമേ ഉള്ളൂ ആ ചെറുപ്പക്കാരന്, പെൺകുട്ടിക്കാകട്ടെ 26 വയസ്സും. കോഴിക്കോട് ജില്ലയുടെ ഉൾനാടൻ മലയോര ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ചെറുപ്പക്കാരൻ മാർബിൾ പതിക്കുന്ന ജോലി ചെയ്യുന്നു. പെൺകുട്ടിക്ക് ജോലിയൊന്നുമില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. അവരോട് എനിക്കിത്ര ആദരവ് തോന്നിയതിന് ഒരു കാരണമുണ്ട്. ലോകം മുഴുവൻ സ്തനാർബുദ ബോധവത്‌കരണമാസമായ പിങ്ക് ഒക്ടോബർ ആചരിക്കുന്ന ഈ സന്ദർഭത്തിൽ എനിക്ക് പങ്കുവെക്കാനുള്ള ഏറ്റവും ഉദാത്തമായ കാരണം.

2017 ലാണ് ആ പെൺകുട്ടി ആദ്യമായി ഒ.പി യിൽ വന്നത്. ഇതുപോലൊരു ഒക്ടോബർ മാസത്തിൽ. സ്തനാർബുദത്തെക്കുറിച്ച് ഏതോ ടെലിവിഷൻ ചാനലിൽ നടന്ന ബോധവത്‌കരണ പരിപാടിയിൽ രോഗലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് കേട്ടപ്പോൾ ആ പെൺകുട്ടിക്കൊരു സംശയം. അവളുടെ സ്തനത്തിൽ ചെറിയ തടിപ്പുണ്ടോ എന്ന്. സംശയം തീർക്കാനാണ് ഒ..പിയിൽ വന്നത്. കൂടെ അമ്മയുമുണ്ട്. മറ്റാരോടും കാര്യം പറയാതെയാണ് വന്നിരിക്കുന്നത്. വിശദമായി പരിശോധിച്ചു. സംശയം ശരിയാണ്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം അസുഖം സ്ഥിരീകരിക്കുകയും ചെയ്തു.

ഏത് ആത്മവിശ്വാസമുള്ളവനെയും തളർത്തിക്കളയുന്ന വാർത്തയാണ് അർബുദരോഗബാധിതനാണെന്ന് സ്ഥിരീകരിക്കുന്നത്. അവരും വ്യത്യസ്തരായിരുന്നില്ല. രണ്ട് പേരും തളർന്ന് പോയി. രോഗത്തിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. കാര്യങ്ങൾ ഒരുവിധം അവരെ പറഞ്ഞ് മനസ്സിലാക്കി. അടുത്ത തവണ വരാനുള്ള തീയതിയും സമയവും പറഞ്ഞ് കൊടുത്തശേഷമാണ് മടക്കി അയച്ചത്.

അടുത്ത തവണ ഒ.പിയിൽ വന്നപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. ആകെ ദുഖിതയാണ്. എങ്കിലും നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. എന്നെ കേൾവിക്കാരനായിരുത്തി അവൾ ഒരുപാട് സംസാരിച്ചു. കൗതുകത്തോടെ ഞാൻ കേട്ടിരിക്കുകയും ചെയ്തു. ഇതിനിടയിലാണ് അവൾ ഒരു കാര്യം കൂടി പറഞ്ഞത്.

' എന്റെ വിവാഹ ഉറപ്പിച്ചതായിരുന്നു ഡോക്ടറെ, പയ്യൻ ഗൾഫിലാണ്. അസുഖ വിവരം അവന്റെ മാതാപിതാക്കളോട് പറഞ്ഞു. അവർ വിവാഹത്തിൽ നിന്ന് പിന്മാറുകയാണ് എന്നാണ് പറഞ്ഞത്'. ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളൊന്നുമില്ല. നിശ്ശബ്ദം കേട്ടിരുന്നു. 'അസുഖമൊക്കെ പൂർണ്ണമായും മാറും. അതുകഴിഞ്ഞാൽ മോൾക്ക് അതിനേക്കാൽ നല്ല ചെക്കനെ കിട്ടും'. അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പെട്ടെന്ന് തന്നെ വിഷയം മാറ്റി. വേറെ എന്തോ കാര്യം പറഞ്ഞു. വീണ്ടും കുറച്ചധികനേരം സംസാരിച്ച ശേഷം അടുത്ത തവണ കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി. അവൾ പോയിക്കഴിഞ്ഞപ്പോഴും മനസ്സിലൊരു വിങ്ങൽ ബാക്കിയുണ്ടായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞ് ഒ.പിയിലെത്തുമ്പോൾ അവൾ പുറത്ത് കാത്തിരിപ്പുണ്ട്. ഒന്ന് രണ്ട് പേരെ പരിശോധിച്ചതിന് ശേഷമാണ് അവൾ അകത്തേക്ക് വന്നത്. കൂടെ അമ്മയില്ല മറ്റൊരു ചെറുപ്പക്കാരനാണുള്ളത്. ജ്യേഷ്ഠ സഹോദരനായിരിക്കുമെന്നാണ് കരുതിയത്. എന്തെങ്കിലും ചോദിക്കും മുൻപ് തന്നെ അവൾ പറഞ്ഞ് തുടങ്ങി.

'ഡോക്ടറെ, ഇതാണ് ഞാൻ അന്ന് പറഞ്ഞ ആൾ, വിവാഹം വേണ്ടെന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഗൾഫിലെ ഉള്ള ജോലിയും രാജിവെച്ച് പറന്ന് വന്നതാണ്, ഡോക്ടറൊന്ന് പറഞ്ഞ് മനസ്സിലാക്കണം'. ഞാൻ അവരോട് കുറച്ച് നേരം സംസാരിച്ചു. ഞങ്ങൾ രണ്ടുപേരുടേയും സംസാരം അവൻ സശ്രദ്ധം കേട്ടിരുന്നു. ഇടയ്ക്ക് കയറി ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ സംസാരമെല്ലാം അവസാനിച്ച ശേഷം അവൻ സംസാരിച്ച് തുടങ്ങി.

'ഡോക്ടറെ, കഴിഞ്ഞ തവണ ലീവിന് വന്ന് തിരിച്ച് പോകുന്നതിന്റെ ഒരാഴ്ച മുൻപാണ് ഇവളെ കണ്ടതും വിവാഹം ഉറപ്പിച്ചതും. പോകുന്നതിന് മുൻപ് ഒരു തവണയേ കണ്ടിട്ടുള്ളൂ. ഒരു മാസത്തിനടുത്ത് ഫോണിലുള്ള സംസാരം മാത്രമേ ഞങ്ങൾ തമ്മിലുള്ളൂ. അസുഖം മനുഷ്യന്റെ തെറ്റല്ലല്ലോ. വിധിയായിരിക്കാം. ആ വിധിയെ മാറ്റിത്തരാൻ ഡോക്ടർക്ക് സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാനിനി തിരികെ ഗൾഫിലേക്ക് പോകുന്നില്ല. അധ്വാനിക്കാനുള്ള ആരോഗ്യമുണ്ട്. എന്തായാലും ഞാൻ വിവാഹത്തിൽ നിന്ന് പിന്മാറില്ല. വീട്ടുകാരെ ഞാൻ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താം.

സത്യത്തിൽ ഞാൻ അമ്പരന്ന് പോയി. ഏതാണ്ട് മുപ്പത് വയസ്സ് മാത്രമായിരിക്കും ആ ചെറുപ്പക്കാരന്റെ പ്രായം. പക്ഷെ അവന്റെ പക്വത എന്നെ അത്ഭുതപ്പെടുത്തി. തുടർന്ന് ഓരോ തവണ ചെക്കപ്പിനും ചികിത്സയ്ക്കുമായി വരുമ്പോഴും അവളോടൊപ്പം അവനുമുണ്ടായിരുന്നു. കീമോതെറാപ്പിയുടെ ക്ഷീണം അവളുടെ മുഖത്ത് പടരുമ്പോഴും ആശ്വാസത്തോടെ ഒപ്പമിരിക്കാനുള്ളത് അവൻ തന്നെ. അപ്പോഴും അവരുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഏതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ശേഷം ആ പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ വർഷം അവരുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ഒരു പെൺകുഞ്ഞിന്റെ അമ്മയുമായി.

രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ ഇരുവരും ചെക്കപ്പിന് വരും. എന്റെ നിർദ്ദേശങ്ങളെല്ലാം കൃത്യമായി ഫോളോ ചെയ്യുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഗൾഫിൽ നിന്ന് തിരികെ ചെല്ലുമോ എന്ന് ചോദിച്ച് വിളി വന്നിരുന്നത്രേ, പക്ഷെ അവൻ പോയില്ല. അവൾക്കും ആ കുഞ്ഞിനും താങ്ങായി ഇപ്പോഴും നാട്ടിൽ തന്നെ നിൽക്കുന്നു. അർബുദരോഗം ഒരു ശാപമല്ല, അതൊരു രോഗം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് രോഗിയോടൊപ്പം ചേർന്ന് നിൽക്കുന്ന ഇത്തരം പങ്കാളികളുണ്ടെങ്കിൽ തന്നെ അസുഖം പകുതി മാറും.

കോഴിക്കോട് ആസ്റ്റർ മിംസ് ഓങ്കോളജി വിഭാഗം തലവനാണ് ലേഖകൻ

Content Highlights:Doctor share an experience about a women, who affected cancer and her supporting husband

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented