ലീഗ് ഫുട്ബോളില്‍ ഗോകുലം എഫ് സി യുടെ അവസാന മത്സരം ആവേശത്തോടെ ടി വി യില്‍ കാണുമ്പോള്‍ ഞാനോര്‍ത്തത് അമലിനെ കുറിച്ചായിരുന്നു. ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അപൂര്‍വ്വം ചില വിജയങ്ങളും ഐ ലീഗിനെ ഗോകുലം ഏഫ് സി യുടെ ഉജ്ജ്വല കിരീടനേട്ടവുമെല്ലാം ആവേശത്തോടെ അമലിന് വിവരിച്ച് കൊടുക്കുമ്പോള്‍ അവന്റെ പ്രതികരണം ഒരു ഡോക്ടര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം അത്രകണ്ട് വലുതാണ്.

ഇത്രയും പറഞ്ഞപ്പോഴും ആരാണ് അമല്‍. എന്ന് മാത്രം പറഞ്ഞില്ലല്ലോ! മലപ്പുറത്ത് ജനിച്ച് വളര്‍ന്ന ഏതൊരു ആണ്‍കുട്ടിയേയും പോലെ ഹൃദയത്തില്‍ ഫുട്ബോള്‍ ലഹരിയായി കാത്ത് സൂക്ഷിക്കുന്ന പന്ത്രണ്ട് വയസ്സുകാരനാണ് അമല്‍. ആദ്യമായി അവനെ കാണുന്ന രംഗം ഇപ്പോഴും മനസ്സിലുണ്ട്. പരിക്ക് പറ്റിയ തലച്ചോര്‍, ചതഞ്ഞരഞ്ഞ ആന്തരികാവയവങ്ങള്‍, പൊട്ടിത്തകര്‍ന്ന അസ്ഥികള്‍... എങ്ങിനെ ജീവന്‍ രക്ഷിക്കുമെന്ന് ഏത് വിദഗ്ദ്ധ ഡോക്ടറും ഒരു നിമിഷം ആശങ്കയിലാകുന്ന അവസ്ഥ. റോഡ് ആക്സിഡന്റായിരുന്നു. സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ അമിത വേഗത്തില്‍ വന്ന മറ്റൊരു കാര്‍ വന്നിടിച്ചു. 

എമര്‍ജന്‍സി മെഡിസിനില്‍ ആണ് അമല്‍ ആദ്യമെത്തിയത്. അബോധാവസ്ഥയിലിയാരുന്നു. പലതരത്തിലുള്ള പരിക്കുകള്‍ക്ക് പുറമെ അപസ്മാരവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തലച്ചോറിന് ക്ഷതമേറ്റിറ്റുണ്ട് എന്ന് എമര്‍ജന്‍സി മെഡിസിനിലെ ഡോക്ടര്‍മാര്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിച്ചു. വയറിനും കരളിനും സ്പ്ലീനിനും നെഞ്ചിനും കാര്യമായ പരിക്കേറ്റിറ്റുണ്ട്. കാലിന്റെയും, കൈയുടേയും പെല്‍വിസിന്റെയും എല്ല് പൊട്ടിയിരുന്നു. കൂടാതെ നട്ടെല്ലിനും ക്ഷതമുണ്ടായിരുന്നു. പീഡിയാട്രിക് പോളി ട്രോമ എന്ന വളരെ ഗൗരവതരമായ അവസ്ഥയിലാണെന്ന് ഞങ്ങള്‍ മെഡിക്കല്‍ സംഘം വിലയിരുത്തുകയും പെട്ടെന്ന് തന്നെ ഇന്റ്‌റുബേറ്റ് ചെയ്ത് പീഡിയാട്രിക് ഐ സി യു വിലേക്ക് മാറ്റി. പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു ആദ്യ പരിചരണം. 

പീഡിയാട്രിക് മള്‍ട്ടി ട്രോമ ആയതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം ഡോക്ടറുടെ മാത്രം നേതൃത്വത്തിലുള്ള ചികിത്സ മതിയാകുമായിരുന്നില്ല. പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ സര്‍ജന്മാരും, ഫിസിഷ്യനും, പീഡിയാട്രിഷ്യന്മാരും ഓര്‍ത്തോപീഡിഷ്യന്മാരും, ന്യൂറോസര്‍ജന്മാരുമെല്ലാം അമലിന്റെ ജീവന്‍ രക്ഷിക്കുവാന്‍ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. വിവിധ ഘട്ടങ്ങളിലായി ചികിത്സ പുരോഗമിച്ചു. പിന്നീട് വെന്റിലേറ്ററില്‍ നിന്ന് മാറ്റുവാനും സാധിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഐ സി യു വില്‍ നിന്ന് റൂമിലേക്ക് മാറ്റി. 

രോഗികളുടെ ആത്മവിശ്വാസത്തിനും അവരുടെ ഇച്ഛാശക്തിയും ആരോഗ്യത്തിലേക്കുള്ള തിരിച്ച് വരവ് വേഗത്തിലാക്കാന്‍ സാധിക്കും. സ്വാഭാവികമായും അമലിന്റെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഫുട്ബോളിനോടുള്ള താല്‍പര്യം മനസ്സിലായത്. അവനെ പ്രചോദിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി അതാണെന്ന് തിരിച്ചറിയുകയും ആ വഴിയിലൂടെ പ്രോത്സാഹിപ്പിക്കാനുള്ള പരമാവധി പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു. 

ഫുട്ബോളിനോട് പൊതുവെ താല്‍പര്യമുള്ള വ്യക്തിയാണെങ്കിലും ന്യൂറോ സര്‍ജന്‍ എന്ന നിലയിലുള്ള തിരക്കിനിടയില്‍ ടി വി യിലും മറ്റും മത്സരങ്ങള്‍ അധികം കാണാനൊന്നും സാധിച്ചിരുന്നില്ല. എന്നാല്‍ അമലിന് വേണ്ടി ഞാന്‍ ഓരോ മത്സരങ്ങളുടേയും ക്രമങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവനിഷ്ടപ്പെട്ട ടീമുകളുടെ വിജയകഥകള്‍ പരമാവധി ആവേശം നിറച്ച് അവനുമായി കൈമാറി. അങ്ങിനെയാണ് ഗോകുലം എഫ് സി യുടെ ഫൈനല്‍ മത്സരവും കാണാനിടയായത്. ഇനിയുള്ള ജീവിതത്തില്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയുമോ എന്ന് പോലും സംശയിച്ച അമല്‍ അതിവേഗം ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഫുട്ബോള്‍ കളിക്കാന്‍ വേണ്ടി, ആ ആഗ്രഹം തീവ്രമായി മനസ്സിലേറ്റ് വാങ്ങിക്കൊണ്ട്... 

നാളെകളിലെന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെയോ ഗോകുലം എഫ് സി യുടേയോ ജഴ്സിയണിഞ്ഞ് അവനെ കാണുകയാണെങ്കില്‍, അമലിനെ പോലെ മറ്റൊരാളെ പ്രചോദിപ്പിക്കാന്‍ എനിക്കവന്റെ ജീവിത കഥ പറഞ്ഞ് കൊടുക്കാമല്ലോ.

(ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: doctor share an experience about a boy who survived with his mind power after accident