Representative Image
ഓര്‍മ്മകളുടെ തുടക്കത്തിന് രണ്ട് വര്‍ഷത്തിന്റെ പഴക്കമുണ്ടെങ്കിലും ഇന്ന്, ഈ നിമിഷം നടന്നത് പോലുള്ള തെളിച്ചവുമുണ്ട്. 2018 മെയ് മാസത്തിന്റെ അവസാന നാളുകളിലൊന്ന്. വലിയ പ്രത്യേകതകളൊന്നുമില്ലാതെ പതിവ് പോലുള്ള ദിവസങ്ങളിലൊന്ന്. നേരത്തെ പ്ലാന്‍ ചെയ്ത ഒന്ന് രണ്ട് സര്‍ജറിയുണ്ടായിരുന്നു. അത് കൃത്യസമയത്ത് പൂര്‍ത്തിയാക്കി. പിന്നെ ഒ.പി യിലേക്ക്. രാവിലെ മുതല്‍ കാത്ത് നില്‍ക്കുന്നവരുള്‍പ്പെടെയുള്ളതിനാല്‍ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. അവസാനത്തെ രോഗിയേയും പരിശോധിച്ച ശേഷം അല്‍പ്പസമയം വിശ്രമിക്കാന്‍ ആശുപത്രിക്ക് തൊട്ടടുത്ത് തന്നെയുള്ള താമസസ്ഥലത്തേക്ക്. തലേദിവസം രാത്രി അവിചാരിതമായി വന്ന ആക്സിഡന്റ് കേസ് അറ്റന്റ് ചെയ്തതിനാല്‍ നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആലസ്യമുണ്ടായിരുന്നതിനാല്‍ അല്‍പ്പമൊന്ന് മയങ്ങിപ്പോയി. വൈകീട്ട് ഏതാണ്ട് ഏഴ് മണിയായിക്കാണും. ആശുപത്രിയില്‍ നിന്നുള്ള വിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്.
'ആക്സിഡന്റ് കേസുണ്ട്. സീരിയസാണ്, ഡോക്ടര്‍ പെട്ടെന്ന് എത്തിച്ചേരണം'.
ജീവിതത്തിന്റെ ഭാഗമായതാണ് ഈ സന്ദേശം. ഏത് കനത്ത നിദ്രയായിരുന്നാലും, വ്യക്തിപരമായ ഏതെങ്കിലും ആവശ്യങ്ങളിലായാലും ഒരു ന്യൂറോ സര്‍ജന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. പെട്ടെന്ന് തന്നെ എമര്‍ജന്‍സിയിലെത്തി. ചെറുപ്പക്കാരനാണ്. അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കാനില്ല. പെട്ടെന്ന് തന്നെ ഓപ്പറേഷന്‍ തിയ്യറ്റര്‍ സജ്ജീകരിച്ചു. ആ ചെറുപ്പക്കാരനെ തിയ്യറ്ററിലേക്ക് മാറ്റി. അതീവ ഗുരുതരമാണ് അവസ്ഥ. ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞാലും ദൈവത്തിന്റെ കൂടി കരുണ ആവശ്യമായി വരുന്ന സാഹചര്യം. ഏഴ് മണിക്കൂറിന് ശേഷം ഓപ്പറേഷന്‍ തിയ്യറ്ററില്‍ നിന്ന് പുറത്ത് വന്നു.
അടുത്ത ദൗത്യം ബന്ധുക്കളെ അഭിമുഖീകരിക്കലാണ്. അപ്പോഴാണ് ഞാന്‍ ചെറുപ്പക്കാരന്റെ പേര് ശ്രദ്ധിച്ചത്, ദില്‍ഷാന്‍. വരാനിരിക്കുന്ന നാളുകളില്‍ ഈ പേരും ഈ ചെറുപ്പക്കാരനും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനങ്ങളിലൊന്നായി മാറുമെന്ന് അപ്പോഴും ചിന്തിച്ചിരുന്നില്ല. ഒരു നാട് മുഴുവന്‍ പുറത്ത് കാത്തിരിക്കുന്നുണ്ട്. എല്ലാവര്‍ക്കും അത്രയേറെ പ്രിയപ്പെട്ടവനായിരിക്കണം. കൂട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടൊരു സ്ത്രീ. ഉമ്മയാണ്.

' സര്‍ജറി കഴിഞ്ഞു, ഒന്നും പറയാറായിട്ടില്ല. കുറച്ച് ദിവസം ഐ.സി.യുവിലും വെന്റിലേറ്ററിലുമൊക്കെയായി കഴിയേണ്ടി വരും. ചെയ്യാനുള്ളതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥിക്കണം'. അത്രയേ എനിക്ക് പറയാനാകുമായിരുന്നുള്ളൂ. എല്ലാവരും നിശ്ശബ്ദരാണ്. എനിക്കൊന്നും പറയാനുമില്ല. തിരികെ ഓപ്പറേഷന്‍ തിയ്യറ്ററിനകത്തേക്ക് കയറുമ്പോള്‍ ഒരു പിന്‍വിളിയുടെ ശബ്ദം, ഉമ്മയാണ്.
'ഡോക്ടറെ, ഒരു ഡോക്ടറാകാനായിരുന്നു അവന്റെ സ്വപ്നം. നടക്കുമോ സാറേ...?''
മകന്റെ സ്വപ്നം, ഉമ്മയുടെ കണ്ണുനീര്‍, നാട്ടുകാരുടെ ആകാംക്ഷ, ഇതിനെല്ലാമിടയ്ക്ക് എന്റെ നിസ്സഹായത. ഒന്നും പറയാനില്ല ' ഉമ്മാ, പ്രാര്‍ത്ഥിക്കൂ, എനിക്ക് സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. ധൈര്യമായിരിക്കൂ...' ശബ്ദം കുറച്ച് അത്രമാത്രം പറഞ്ഞ ശേഷം പെട്ടെന്ന് തന്നെ ഞാന്‍ ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് തിരികെ കയറി.
ഒരു നിമിഷം പോലും മാറി നില്‍ക്കാത്ത ഐ.സി.യുവിലെ ജീവനക്കാരുടെ നിതാന്ത ജാഗ്രതയോടെയുള്ള പരിചരണത്തിന് കീഴില്‍ ആഴ്ചകളോളം ഓര്‍മ്മകളില്ലാതെ പ്രതികരണങ്ങളില്ലാതെ നിശ്ചലനായിരുന്നു ദില്‍ഷാന്‍. ഞങ്ങളുടെ ആകാംക്ഷകളെ ആശ്വാസത്തിന് വഴിമാറ്റി ഇടയ്ക്ക് ദില്‍ഷാന്‍ കണ്ണ് തുറന്നു. ശരീരത്തിന് തളര്‍ച്ചയുണ്ട്, സംസാരത്തിന് ബുദ്ധിമുട്ടുണ്ട്, പക്ഷേ ഓര്‍മ്മകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടില്ല. ഏറ്റവും വലിയ ഭാഗ്യം അതായിരുന്നു.
' എന്റെ നീറ്റ് പരീക്ഷയുടെ റിസല്‍ട്ട് വന്നോ? മെഡിസിന് അഡ്മിഷന്‍ കിട്ടുമോ?
ദില്‍ഷാന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു. ദില്‍ഷാന്‍ അഡ്മിറ്റായത് മെയ് വസാനമായിരുന്നു. നീറ്റ് റിസല്‍ട്ട് വന്നത് ജൂണ്‍ നാലിന്. നല്ല റാങ്കുണ്ട്. എഞ്ചിനിയറിംഗിനാണ് കിട്ടിയത്. എല്ലാം പറഞ്ഞുകൊടുത്തു. പക്ഷേ അവന് സന്തോഷമായില്ല.
' എനിക്ക് മെഡിസിന്‍ തന്നെ വേണം ഡോക്ടറെ, പക്ഷേ വയ്യാത്ത ഈ ശരീരം കൊണ്ട് ഇനിയത് സാധ്യമാകുമോ?'
സ്വപ്നത്തോടുള്ള അടങ്ങാത്ത അവന്റെ അഭിവാജ്ഞ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. ജീവിതത്തോടും ലക്ഷ്യത്തോടുമുള്ള ആവേശം കനല്‍ത്തരിയായി ഉള്ളില്‍ ഊതിജ്വലിപ്പിക്കുക എന്നതാണ് ദില്‍ഷാനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഏറ്റവും വലിയ മരുന്നെന്ന് തിരിച്ചറിഞ്ഞു. അവന്റെ രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.
പിന്നീടുള്ള നാളുകള്‍ മരുന്നിനൊപ്പം ഫിസിയോതെറാപ്പിയുമായി പുരോഗമിച്ചു. ഡോക്ടറാവുക എന്ന ലക്ഷ്യം കീഴടക്കണമെങ്കില്‍ ആദ്യം ആരോഗ്യം തിരിച്ച് പിടിക്കണമെന്ന് അവനറിയാമായിരുന്നു. ആ അവസ്ഥയിലുള്ള മറ്റേതൊരാളും തിരിച്ച് വരുന്നതിനേക്കാള്‍ വേഗത്തില്‍ ദില്‍ഷാന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. ചികിത്സയോടൊപ്പം പഠനവും ആരംഭിച്ചു.
ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമോ എന്ന് സംശയിച്ചവരെ അതിശയിപ്പിച്ചുകൊണ്ട് പിറ്റേ വര്‍ഷത്തെ എന്‍ട്രന്‍സ് എക്സാം ദില്‍ഷാന്‍ എഴുതി. റിസല്‍ട്ട് വന്നപ്പോള്‍ അതിനേക്കാള്‍ വലിയ അതിശയം അവന്‍ ബാക്കിവെച്ചു. മികച്ച റാങ്കോടെ മെഡിസിന് തന്നെ അഡ്മിഷന്‍ ലഭിച്ചു. അതും തൊട്ടടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. ശാരീരികമായ അവശതകള്‍ പൂര്‍ണ്ണമായും വിട്ട് മാറിയിട്ടില്ലെങ്കിലും ദില്‍ഷാന്‍ മെഡിസിന്‍ പഠനം ആരംഭിച്ചു. നടക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിന്റെ വിറയലുമൊന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല. എങ്കിലും വരാനിരിക്കുന്ന നാളുകളില്‍ ശാരീരികമായ ഈ പരിമിതികളെയെല്ലാം കീഴടക്കാന്‍ ദില്‍ഷാന് സാധിക്കുമെന്നെനിക്കുറപ്പുണ്ട്.
ജീവിതത്തോട് ഇത്രയേറെ ആത്മവിശ്വാസത്തോടെ പടപൊരുതി വിജയിച്ച് കയറിയവര്‍ വളരെ ചുരുക്കമായിരിക്കും. ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ഓരോ രോഗി എത്തുമ്പോഴും അവരിലൊക്കെ ഒരു ദില്‍ഷാനെ ഞാന്‍ കാണാറുണ്ട്. ഏത് സങ്കീര്‍ണ്ണാവസ്ഥകളെയും അതിജീവിച്ച് വിജയകരമായ ജീവിതത്തിലേക്ക് ചുവട് വെക്കുന്ന മറ്റൊരു ദില്‍ഷാനെ...
(കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ന്യൂറോസര്‍ജറി വിഭാഗം തലവനാണ് ലേഖകന്‍)
Content Highlights: Doctor remember about a accident victim and his success story in life, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..