'കേരളത്തിൽ അനാരോഗ്യത്തിന്റെ ബോംബ് പൊട്ടിക്കഴിഞ്ഞു; നല്ല ആരോഗ്യത്തിന് വേണം ശരിയായ അവബോധം'


ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ് ജേതാവായ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ജീമോൻ പന്ന്യമാക്കൽ മാതൃഭൂമി പ്രതിനിധി വിനോയ് മാത്യുവിനോട് കേരളീയരുടെ ഹൃദയാരോഗ്യം നേരിടുന്ന ഭീഷണിയെക്കുറിച്ച് സംസാരിക്കുന്നു.

പ്രതീകാത്മക ചിത്രം

മെഡിസിന്‍ പഠനം മോഹിച്ച് പ്രവേശനപരീക്ഷയെഴുതിയ പന്ന്യമാക്കല്‍ ജീമോന് മാര്‍ക്ക് കുറവായതിനാല്‍ ബി.എസ്സി. നഴ്സിങ്ങിനാണ് അഡ്മിഷന്‍ കിട്ടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബിരുദം പൂര്‍ത്തിയാക്കി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുജനാരോഗ്യത്തില്‍ ബിരുദാനന്തരബിരുദ കോഴ്സിന് ചേര്‍ന്നു. ഒരിക്കല്‍ അവിടെ ക്ലാസെടുക്കാന്‍വന്ന ഡല്‍ഹി എയിംസിലെ അധ്യാപകന്‍ ഡോ. ശ്രീനാഥ് റെഡ്ഢി, ഡേറ്റ വിശകലനം ചെയ്യാനുള്ള ജീമോന്റെ കഴിവില്‍ ആകൃഷ്ടനായി; ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. അത് വഴിത്തിരിവായി. ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ചും സ്ഥിതിവിവരങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിച്ച ജീമോന്‍ യു.കെ.യിലെത്തി, ഗ്ലാസ്ഗോ സര്‍വകലാശാലയില്‍നിന്ന് രണ്ടേമുക്കാല്‍ വര്‍ഷംകൊണ്ട് ഗവേഷണബിരുദം നേടി. പിന്നാലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ആരോഗ്യസാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും.

നിലമ്പൂര്‍ അകമ്പാടം ഇടിവണ്ണ സ്വദേശിയായ ഈ 44-കാരന്‍ ഇന്ന് ലോകം ശ്രദ്ധിക്കുന്ന സാംക്രമികരോഗ വിദഗ്ധനാണ്. രോഗപ്രതിരോധത്തെക്കുറിച്ച് നൂറ്ററുപതോളം പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ ഏഷ്യന്‍ സയന്റിസ്റ്റ് മാഗസിന്‍ ഏഷ്യയിലെ മികച്ച 100 ശാസ്ത്രജ്ഞരില്‍ ഒരാളായി ഡോ. ജീമോന്‍ പന്ന്യമാക്കലിനെ തിരഞ്ഞെടുത്തു; കേരളത്തില്‍നിന്നുള്ള ഒരേയൊരാള്‍.

മികച്ച ശാസ്ത്രജ്ഞനുള്ള ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഡോ. ജീമോന്‍ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസോസിയേറ്റ് പ്രൊഫസറാണ്.

ആരോഗ്യരംഗത്ത് പൊതുവേ കേരളം മുന്നിലാണല്ലോ. ഹൃദയാരോഗ്യത്തില്‍ എങ്ങനെ?

കേരളത്തില്‍ അനാരോഗ്യബോംബ് പൊട്ടിക്കഴിഞ്ഞു. 16 വയസ്സുള്ള പെണ്‍കുട്ടിക്ക് ഹൃദയാഘാതംവരുന്ന നാടായി ഇത്. ഇവിടെ 18 വയസ്സിനുമേലുള്ള 40 ശതമാനംപേര്‍ രക്തസമ്മര്‍ദമോ പ്രമേഹമോ ഉള്ളവരാണ്. ഇത് ഹൃദ്രോഗമായി മാറാന്‍ അധികകാലം വേണ്ട. ഹൃദയാഘാതം വരുമ്പോഴേ അറിയൂ. 2017-'18ലെ കണക്കനുസരിച്ച് മുതിര്‍ന്നവരുടെ ശരാശരി രക്തസമ്മര്‍ദം 132 ആണ്. പാതിപേര്‍ക്കെങ്കിലും അതിലും കൂടുതലാണെന്നല്ലേ അര്‍ഥം. ഇവിടെ കോവിഡുവന്ന് അര ലക്ഷത്തിലേറെപ്പേര്‍ മരിച്ചപ്പോള്‍ വലിയ സംഭവമായി. പക്ഷേ, കേരളത്തില്‍ ഒരു വര്‍ഷ മുണ്ടാകുന്ന പത്തുലക്ഷം മരണത്തില്‍ മൂന്നുലക്ഷവും ഹൃദ്രോഗം കാരണമാണെന്നത് നമ്മളെ നടുക്കുന്നില്ല. മൊത്തം ജനസംഖ്യയെടുത്താല്‍ ലക്ഷംപേരില്‍ അറുനൂറുപേര്‍ ഹൃദയസംബന്ധമായ അസുഖംമൂലം മരിക്കുന്നു. ദേശീയശരാശരി 300 മാത്രമാണ്. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ വികസിതരാജ്യങ്ങളില്‍ 100-120 വര്‍ഷംകൊണ്ടുണ്ടായ അവസ്ഥയാണ് രണ്ടുപതിറ്റാണ്ടുകൊണ്ട് കേരളത്തിലുണ്ടായത്. ഇതിനെ നേരിടാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ ശീലിച്ചിട്ടുമില്ല.

ഇത് തടയാന്‍ കഴിയില്ലേ?

തീര്‍ച്ചയായും. ഫിന്‍ലന്‍ഡിന്റെ അനുഭവം നമ്മളറിയണം. അവിടെ അറുപതുകളില്‍ കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയായിരുന്നു. പശുവളര്‍ത്തലായിരുന്നു പുരുഷന്‍മാരുടെ പ്രധാന തൊഴില്‍. കൊഴുപ്പുള്ള ഭക്ഷണം കൂടുതല്‍. ലക്ഷത്തില്‍ 600-700 പേര്‍ ഹൃദ്രോഗംവന്ന് മരിക്കാന്‍തുടങ്ങി. 40-50 വയസ്സില്‍ വിധവകളാകേണ്ടിവന്നതോടെ സ്ത്രീകള്‍ രംഗത്തിറങ്ങി. സര്‍ക്കാര്‍ നയംമാറ്റാന്‍ നിര്‍ബന്ധിതരായി. കന്നുകാലി ഫാമിനുപകരം പഴത്തോട്ടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചു. ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിച്ചു. 15 വര്‍ഷംകൊണ്ട് രോഗം 82 ശതമാനം നിയന്ത്രിക്കാനായി. ഇന്ന് ലക്ഷത്തില്‍ 90 പേരാണ് അവിടെ ഹൃദ്രോഗത്താല്‍ മരിക്കുന്നത്.

കേരളം എന്തുചെയ്യണം?

അവബോധമാണ് പ്രധാനം. സാംക്രമികരോഗമെന്നാല്‍ കോളറയും ക്ഷയവുമാണെന്ന ധാരണ മാറണം. നിശ്ചിത അനുപാതത്തിനപ്പുറമുണ്ടാകുന്ന ഏതുരോഗവും സാംക്രമികമാണ്. ആരോഗ്യസംരക്ഷണത്തിന് അമ്പതാം വയസ്സില്‍ ഉപ്പിന്റെ ഉപയോഗം കുറച്ചതുകൊണ്ടായില്ല.

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ 16 ശതമാനം പേര്‍ക്ക് അണ്ഡാശയക്കുഴലില്‍ മുഴയുണ്ടാകുന്നുണ്ട്. അത്തരക്കാരില്‍ 60 ശതമാനം പേര്‍ക്കും പ്രമേഹസാധ്യതയുണ്ട്. ഇവരില്‍നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രോഗസാധ്യത കൂടും. കൗമാരപ്രായത്തിലേ പെണ്‍കുട്ടികള്‍ കായികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഇതുതടയാം.

വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് പഞ്ചായത്തുതോറും പാര്‍ക്കുകള്‍ നിര്‍മിച്ച് സൗകര്യമൊരുക്കണം. ആളുകൂടുന്നിടത്തെല്ലാം രക്തസമ്മര്‍ദം പരിശോധിക്കാന്‍ സൗകര്യമൊരുക്കണം. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ സാധ്യമായ എല്ലാമാര്‍ഗവും സ്വീകരിക്കണം. അമേരിക്കയിലും ബ്രിട്ടനിലും ബാര്‍ബര്‍ ഷോപ്പുകള്‍ ഇതിന് ഉപയോഗപ്പെടുത്തി. മുടിവെട്ടുന്ന വേളയില്‍ ബാര്‍ബര്‍ ആളുകളോട് സംസാരിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതിനുവേണ്ടി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇതേറെ ഫലംചെയ്തു.

ഒരാള്‍ ഒറ്റയ്ക്ക് രോഗസാധ്യത നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് ഒരു കുടുംബം ഒന്നിച്ച് ശ്രമിക്കുന്നതാണ്. ഒരു വീട്ടില്‍ എല്ലാവരും ഒരേ ഭക്ഷണമാണല്ലോ കഴിക്കുക. ഇത്തരം പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഫലം കിട്ടാന്‍ സമയമെടുക്കും.

ഹൃദ്രോഗത്തിന്റെ മറ്റൊരു അറ്റമാണ് വൃക്കരോഗം. അതുതടയാന്‍ നടപടിയെടുക്കേണ്ടതിനുപകരം കൂടുതല്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുറക്കാനാണ് നമ്മള്‍ താത്പര്യപ്പെടുന്നത്. രാഷ്ട്രീയമായി അത് നേട്ടമായിരിക്കാം. പക്ഷേ, ദീര്‍ഘകാലത്തില്‍ വേണ്ടത് പ്രതിരോധമാണ്.

ഇത്തരം ശ്രമങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നില്ലേ?

ഫലപ്രദമാകുന്നില്ല. കേരളത്തില്‍ 16 ശതമാനം പേര്‍ക്കേ സ്വന്തംനിലയ്ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയുന്നുള്ളൂ. കാനഡയില്‍ 85 ശതമാനം പേര്‍ക്ക് കഴിയുന്നുണ്ട്. മനുഷ്യവികസനസൂചികയില്‍ അവരുടെ അടുത്തുനില്‍ക്കുന്ന നമുക്കും ശ്രമിച്ചാല്‍ നടക്കാവുന്നതേയുള്ളൂവെന്ന് ഇത് തെളിയിക്കുന്നു. ഹൃദ്രോഗവും ചികിത്സയും പല കുടുംബങ്ങളെയും സാമ്പത്തികമായി തകര്‍ത്തുകളയുന്നുണ്ടെന്ന് ഓര്‍ക്കണം. ജോലിചെയ്യേണ്ട പ്രായത്തില്‍ വരുന്ന രോഗംകാരണം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ലക്ഷംകോടി ഡോളര്‍ (ഒരു ട്രില്യണ്‍ ഡോളര്‍) വരുമാന നഷ്ടമുണ്ടാകുന്നതായി കണക്കാക്കുന്നു.

Content Highlights: Dr. Jeemon pannyamakkal, heart health, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented