qqwതിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍. ഡോ.സി.ഒ.കരുണാകരന്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചു. പലരുടേയും വേഷം ഷര്‍ട്ടും, മുണ്ടും, വള്ളിച്ചെരിപ്പുമാണ്. ''എല്ലാവരും  ഷര്‍ട്ടും, പാന്റ്‌സും, ഷൂസും ധരിക്കണം. ഷര്‍ട്ട് ടക് ഇന്‍ചെയ്യണം. അതിനുവേണ്ടി രണ്ടാഴ്ചത്തെ സമയം തരാം.''ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന, ഇന്നത്തെ പ്രശസ്ത ഭിഷഗ്വരന്‍ കെ.വി.കൃഷ്ണദാസി?െന്റയുള്ളില്‍ 66 വര്‍ഷം മുമ്പുള്ള മെഡിക്കല്‍ കോളേജിെന്റ ദൃശ്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു. കുമാരപുരം പൊതുജനം ലെയ്‌നിലെ 15ാം നമ്പര്‍ വീട്ടിലെ ഒരു ഡെസ്‌കിന് മുകളിലിരുന്ന്, മതിലില്‍ ചാരി ഉത്സാഹത്തോടെ സംസാരിക്കുന്നു.

85 വയസ്സ് കഴിഞ്ഞ ഒരാള്‍ ഇങ്ങനെ ഇരിക്കുന്നത് ബുദ്ധിമുട്ടാവില്ലേയെന്ന സംശയമേ വേണ്ട''ഇതാണ് എനിക്ക് സൗകര്യം''കുട്ടനാട്ടിലെ മങ്കൊമ്പില്‍ സ്വാമിമാരുടെ കുടുംബം. നെല്ല്, തെങ്ങ്, കാപ്പി എന്നിങ്ങനെ പലതരം കൃഷി. എങ്കിലും മുത്തച്ഛന് മക്കള്‍ പഠിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു. കൃഷ്ണദാസിന്റെ അച്ഛന്‍ എം.കെ.വെങ്കിടാചലശര്‍മ്മ മദ്രാസ് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠനം തുടങ്ങിയപ്പോഴാണ് മുത്തച്ഛന്റെ മരണം. കൃഷി നോക്കിനടത്താന്‍ മങ്കൊമ്പില്‍ നില്‍ക്കേണ്ട അവസ്ഥ. അദ്ദേഹം പഠനം മതിയാക്കി  തിരിച്ചുവന്നു.അച്ഛന്റെ മൂത്തസഹോദരന്‍ എം.കെ. നീലകണ്ഠയ്യര്‍ തിരുവിതാംകൂറില്‍ ചീഫ് സെക്രട്ടറിയായിരുന്നു. മറ്റൊരു സഹോദരന്‍ എം.കെ.അനന്തശിവ അയ്യര്‍ ലെജിസ്‌ലേറ്റിവ് കൗണ്‍സില്‍ അംഗവും. ഇളയസഹോദരന്‍ എം.കെ.സാംബശിവന്‍ ഡോക്ടറായി. 

സാംബശിവന്റെ മകനാണ് പ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍. അച്ഛന്റെ മറ്റൊരനിയന്‍ എം.കെ. നാരായണസ്വാമി ബിസിനസ് രംഗത്തായിരുന്നു.ഇളയച്ഛന്‍ സാംബശിവന്‍ ഡോക്ടറായി കുംഭകോണത്ത് പ്രാക്ടീസാരംഭിച്ചെങ്കിലും അദ്ദേഹത്തിന് പൊതുപ്രവര്‍ത്തനത്തോടായിരുന്നു കമ്പം. ജവഹര്‍ലാല്‍ നെഹ്‌റു, ഗോപാലകൃഷ്ണ ഗോഖലെ, രാജഗോപാലാചാരി എന്നിവരൊക്കെയായി നിരന്തരബന്ധമായിരുന്നു. അവരുടെ പ്രവര്‍ത്തനത്തിനാവശ്യമായ നിധിസമാഹരണത്തിലെല്ലാം ഇളയച്ഛന്‍  സജീവമായിരുന്നു.  ചികിത്സയെക്കാള്‍ താത്പര്യം സാമൂഹ്യപ്രശ്‌നങ്ങളോടായി. ഒടുവില്‍ മുത്തച്ഛനും, ബന്ധുക്കളും ഇടപെട്ട് സാംബശിവനെ 'നാടുകടത്തി'. വിയന്നയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തി കുംഭകോണത്ത് മിടുക്കനായ ഡോക്ടറെന്ന പേരെടുത്ത് വരുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മരണം.

അച്ഛന്റെ മെഡിക്കല്‍ പഠനം പാതിവഴിയില്‍ നിന്നു. ഇളയച്ഛന്‍ ഡോക്ടറായെങ്കിലും പെട്ടെന്ന് അന്തരിച്ചു. അതിനാലായിരിക്കാം  എന്നെ മെഡിക്കല്‍ വിദ്യാര്‍ഥിയാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചത്. കൊച്ചിയില്‍ ഇ.എസ്.എസ്.എല്‍.സി.ക്ക് പഠിക്കുമ്പോള്‍ അച്ഛനും, സി.ഒ.കരുണാകരനും സഹപാഠികളായിരുന്നു.''എല്ലാവരെയും സഹായിക്കണമെങ്കില്‍ നീ ഡോക്ടറാകണം. ധനവും, ഭൂമിയുമൊക്കെയുണ്ടെങ്കിലും നാളെ ഈ സാമൂഹികവ്യവസ്ഥിതികളൊക്കെ മാറും. അതുകൊണ്ട് നീ നന്നായി പഠിക്കണം''. അച്ഛന്റെ വാക്കുകള്‍ കൃഷ്ണദാസ് ഇന്നും മറന്നിട്ടില്ല.1956ല്‍ പഠനം പൂര്‍ത്തിയാക്കിയത് മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റ്് എന്ന ബഹുമതിയുമായിട്ടാണ്. എം.എസ്.വല്യത്താന്‍, സരസ്വതിഅമ്മ, ബലരാമന്‍നായര്‍, പി.പി.ജോസഫ് തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. 195860ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി.

വിദേശത്ത് പഠിക്കാന്‍ പോയാലും നാട്ടില്‍വന്ന് ജോലിചെയ്യണമെന്ന വികാരം ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിക്കും അന്നുണ്ടായിരുന്നു.ഗാന്ധിജി, ആചാര്യ കൃപലാനി, രാജഗോപാലാചാരി തുടങ്ങിയവരുടെയൊക്കെ പ്രസംഗങ്ങള്‍ കുട്ടിക്കാലത്ത് ഉള്ളില്‍ ദേശീയവികാരമുണര്‍ത്തിയിരുന്നു. സ്വന്തം നാട് മറ്റെന്തിനെക്കാളും വലുതാണെന്ന തോന്നലുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമതാണ്. 1970ല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറായി. അന്ന് ഡോ.മാത്യുറോയി ഒപ്പമുണ്ടായിരുന്നു. 1974 മുതല്‍ 1987വരെ മെഡിസിന്‍ വിഭാഗം ഡയറക്ടറും, പ്രൊഫസറുമായി പ്രവര്‍ത്തിച്ചു.രക്തസംബന്ധമായ രോഗനിര്‍ണയത്തിലായിരുന്നു ഗവേഷണം.

ഇതിനുള്ള പരിശീലനം സ്‌കോട്‌ലന്‍ഡില്‍ നിന്നു നേടിയിരുന്നു.കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ അംഗീകാരം കിട്ടി. ഈ വിഷയത്തില്‍ 300ലേറെ പ്രബന്ധങ്ങള്‍ എഴുതി. മെഡിസിനുമായി ബന്ധപ്പെട്ട പാഠപുസ്തകത്തിെന്റ അനവധി പതിപ്പുകളായി.

രോഗനിര്‍ണയം ഇപ്പോള്‍ കൂടുതല്‍ ലളിതമായി. കുറച്ചുകൂടി സൂക്ഷ്മത കൈവന്നു. നല്‍കുന്ന ചികിത്സ ശരിയാണോയെന്ന് ഇപ്പോള്‍ അറിയാന്‍ കഴിയുന്നു. അതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയേറി. ആധുനിക വൈദ്യശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ അവയവമാറ്റങ്ങള്‍ വരെ സാദ്ധ്യമായിരിക്കുകയല്ലേ. ദക്ഷയാഗത്തില്‍ ദക്ഷന്റെ തലയ്ക്ക് പകരം ആടിന്റെ തലവച്ചതൊക്ക പുരാണങ്ങള്‍ വായിച്ച് ഭാവനയില്‍ കണ്ടതല്ലേ കൃഷ്ണദാസ് സൗമ്യമായി ചിരിക്കുന്നു.

പക്ഷേ കൃഷ്ണദാസിനെ ആകുലപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഭൗതികമായ പുരോഗതിയുണ്ടായപ്പോള്‍ സമര്‍പ്പണമനോഭാവത്തില്‍ വന്ന കുറവാണത്. അതിന് കാരണം മൂല്യങ്ങളില്‍ വന്ന ഇടിവാണ്. 

ഒരു ഡോക്ടര്‍ ഒരിക്കലും ധാര്‍മികമൂല്യങ്ങളില്‍ സന്ധി ചെയ്യരുത്. എന്റെ വിദ്യാര്‍ഥികളോട് ഞാനിക്കാര്യം പറയാറുണ്ട്. വിദ്യാര്‍ഥികളില്‍ മോശം വിദ്യാര്‍ഥികളെന്ന ഒരു വിഭാഗമില്ല. ഞാന്‍ അവരിലെ നന്മ കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്.ആറു പതിറ്റാണ്ടിലേറെയായി രോഗികളുടെ ആശ്വാസത്തിനുവേണ്ടി ജീവിക്കുന്ന കൃഷ്ണദാസിന് ചികിത്സ വിട്ടൊഴിഞ്ഞ നേരമില്ലായെന്ന പരിഭവമൊന്നും ആരോടും പറയാറില്ല. കാരണം ടൈം മാനേജ്‌മെന്റാണ് ബുദ്ധിയുള്ളവന്റെ ലക്ഷണം. ഇക്കാര്യത്തില്‍ അച്ചടക്കമുണ്ടെങ്കിലേ ജീവിതത്തില്‍ വിജയിക്കാനാവുകയുള്ളു.

സമയം കിട്ടുമ്പോള്‍ മങ്കൊമ്പിലേക്കൊരു യാത്രയുണ്ട്. അവിടെ ശ്രീമൂലമംഗലം കായലില്‍ 17 ഏക്കര്‍ നെല്‍കൃഷിയുണ്ട്. വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും കൃഷ്ണദാസ് അവിടെ ഉണ്ടാകും. മങ്കൊമ്പ് ക്ഷേത്രത്തിലെ ആറാട്ടിനും നവരാത്രിക്കും യാത്രയ്ക്ക് മുടക്കം വരുത്താറില്ല.അല്ലെങ്കിലും കൃഷ്ണദാസ് ഡോക്ടര്‍ ചിട്ടതെറ്റിച്ചൊന്നും ചെയ്യാറില്ല. പുലര്‍ച്ചെ മൂന്നുമണിക്ക് എണീക്കും. ആറ്് മണിവരെ എഴുത്തും വായനയും. പിന്നീട് മെഡിക്കല്‍കോളേജ് വളപ്പില്‍ 45മിനിറ്റ് നടത്തം. ജപവും അപ്പോഴാണ്. 12 മണിക്ക് ഊണ്. ഒരു ചെറിയ മയക്കം. 

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കോട്ടയ്ക്കകത്തെ ക്‌ളിനിക്കില്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറുവരെയാണ് രോഗികളെ കാണുന്ന സമയം. ഓരോ രോഗിയുടേയും ഉള്ളറിഞ്ഞുള്ള പരിശോധനയാണ്.  അവസാനത്തെ രോഗിയേയും നോക്കിയിട്ടേ മടങ്ങാറുള്ളു.വിശദമായ പരിശോധനയാണ് വേണ്ടതെങ്കില്‍ അവരെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞുവിടും. ഇവിടത്തെ മിക്ക ഡോക്ടര്‍മാരും ഐന്റ ശിഷ്യരാണ്. രാത്രി വീട്ടിലെത്തിയാല്‍ പുരാണപാരായണം മുടക്കാറില്ല.....ഭാഗവതം, ദേവീഭാഗവതം, ശിവപുരാണം.....സ്വാതിതിരുനാളിന്റെ കൃതികളും വായിക്കാറുണ്ട്. ചിലപ്പോള്‍ ദൃശ്യവേദിയില്‍ പോകും. 'മങ്കൊമ്പിലല്യോ ജനിച്ചത്, കഥകളി കാണാതിരിക്കുന്നതെങ്ങനാ'?