-
''സി.ക്യു., സി.ക്യു., സി.ക്യു. ഓണ്‍ ഫോര്‍ട്ടി മീറ്റര്‍... ദിസ് ഈസ് വിക്ടര്‍ യൂണിഫോം ടൂ ഓസ്കാര്‍ ജൂലിയന്‍'', ഷാക്കിലിരുന്ന് ഡോ. അബ്രഹാം ഫ്രീക്വന്‍സി തിരയുകയാണ്. ''എനിബഡി ഓണ്‍ ഫ്രീക്വന്‍സി''... റിസീവറില്‍ മറുപടിവന്നു, കോഴിക്കോട് മാവൂരില്‍നിന്ന് രഞ്ജു. ചെറിയൊരു കുശലാന്വേഷണം, കുറച്ചുകഴിഞ്ഞ് സാറ്റലൈറ്റ് ഓണാക്കിയപ്പോള്‍ ബള്‍ഗേറിയയില്‍ നിന്നാരോ വന്നു, വയനാട്ടിലെ വിശേഷങ്ങള്‍ പറഞ്ഞു, അവിടുത്തെ വിശേഷങ്ങള്‍ കേട്ടു. കല്പറ്റ എ.കെ.ജി. ഭവനുസമീപത്തെ ചെത്തിപ്പുഴവീട്ടിലെ ചെറിയ മുറിയിലിരുന്ന് ഡോ. അബ്രഹാം ലോകവുമായി സംസാരിക്കുകയാണ്, ഹാം റേഡിയോയിലൂടെ.
വയനാട് മെഡിക്കല്‍ കോളേജില്‍ ടി.ബി. വിഭാഗത്തില്‍ പള്‍മനറി വിദഗ്ധനായ ഡോ. അബ്രഹാം ഹാം റേഡിയോ എന്ന രാജകീയ വിനോദത്തിലേര്പ്പെട്ടിട്ട് 32 വര്‍ഷമായി. ഇതിനിടെ ലോകത്തെല്ലാ കോണിലും സുഹൃത്തുക്കളായി. ഇടയ്ക്ക് ഇറ്റാലിയന്‍ സ്റ്റേഷനില്‍നിന്ന് ഡി.എല്‍. എയ്ട്ട് ഗാപ് എന്ന പീറ്റര്‍ വിളിച്ചു. കഴിഞ്ഞദിവസത്തെ കാറ്റില്‍ ആന്റിന വീണതുകൊണ്ട് കേള്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. മഴ മാറിയാല്‍ ഡോക്ടര്‍തന്നെ ആന്റിന ശരിയാക്കും.
മെഡിക്കല്‍ കോളേജിലെ ഇലക്ട്രോണിക്സ്സ്നേഹികള്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഹാം റേഡിയോയെപ്പറ്റി അറിയുന്നത്. ഇലക്ട്രോണിക്സിനോട് താത്പര്യമുണ്ടായിരുന്ന അബ്രഹാം ഡോക്ടര്‍ അങ്ങനെയാണ് കാലിക്കറ്റ് മെഡിക്കല്‍ കോളേജ് അമെച്വര്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് ക്ലബ്ബിലെത്തിപ്പെടുന്നത്.
ഡോ. ശ്രീജയന്‍, ഡോ. ജോണ്സണ് ഫ്രാന്‍സിസ് എന്നിവരെപോലെയുള്ള മുതിര്‍ന്ന ഡോക്ടര്‍മാരും മറ്റും ചേര്‍ന്നുണ്ടാക്കിയതാണ് ക്ലബ്ബ്. ക്ലബ്ബംഗങ്ങള്‍ ഹാം റേഡിയോ ഉപയോഗിക്കുന്നത് കണ്ട് താത്പര്യമായി, സാങ്കേതികവശം പഠിച്ചു, ലൈസന്‍സിന് അപേക്ഷിച്ചു. ആ കാലത്ത് ലൈസന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ഹാം റേഡിയോ വഴിയുള്ള ആശയവിനിമയം, റേഡിയോ ഘടിപ്പിക്കുന്ന രീതി, നിയമവശങ്ങള്‍, എല്ലാം അറിഞ്ഞിരിക്കണം. പരീക്ഷയ്ക്ക് ശേഷം പോലീസ് പരിശോധയുമുണ്ടാകും. 1988-ല്‍ ആദ്യ അവസരത്തില്‍തന്നെ ലൈസന്‍സ് കിട്ടി. പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 1998-ലാണ് യാസ്യു കമ്പനിയുടെ പഴയ വാല്‍വ് ഉപകരണം അബ്രഹാമിന്റെ കൈയിലെത്തിയത്. അതുവരെ ഓപ്പറേറ്റ് ചെയ്തിരുന്നത് സ്വന്തമായി ഘടിപ്പിച്ച ഹാം റേഡിയോയായിരുന്നു.
പതിയെ ഉപകരണങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതും ഹരമായി. കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യമായി വാങ്ങിയ വാക്കിടോക്കി ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 30 വര്‍ഷം പഴക്കമുള്ള ഹീത്ത് കിറ്റാണ് ഡോക്ടറിന്റെ ശേഖരത്തിലുള്ള ഏറ്റവും പഴയ ഉപകരണം. ഇടിമിന്നലില്‍ മുഴുവനായി നശിച്ചുപോയ ഹീത്ത് കിറ്റിനെ സുഹൃത്തിന്റെ സഹായത്തോടെയാണ് നന്നാക്കിയെടുത്തത്. ഇതിനുള്ള വാല്‍വ് റഷ്യയില്‍നിന്ന് വരുത്തിക്കുകയായിരുന്നു. ആംബ്ലിഫയര്‍, റെസിസ്റ്റര്‍ പോലുള്ള ഏത് ഉപകരണവും ഹാം സുഹൃദ്വലയത്തില് ചോദിച്ചാല്‍ മതി. സാങ്കേതിക സഹായവും ഹാമുമാര് വഴി തന്നെ.
കപ്പലുകള്‍ പൊളിക്കുമ്പോള്‍ ഹാമുമാര് അവയില്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങുകയാണ് പതിവ്. ഗുജറാത്തിലെ കപ്പല്‍ പൊളിശാലയില്നിന്നു വാങ്ങുന്ന ഇത്തരം ഉപകരണങ്ങള്‍ രൂപമാറ്റം വരുത്തി ഹാം റേഡിയോയ്ക്ക് ഉപയോഗിക്കാം.
വയനാട്ടില്‍ മുപ്പതോളം ഹാമുമാരാണുള്ളത്. ഇവരെല്ലാം ആശയവിനിമയം നടത്തുന്നത് അമ്പലവയലിലെ ഹാം റേഡിയോ റിപ്പീറ്റര്‍ വഴിയാണ്. കഴിഞ്ഞതവണ ഇടിമിന്നലില്‍ ഇത് തകര്‍ന്നപ്പോള്‍ നന്നാക്കിയത് ഹാമുമാര് തന്നെയാണ്.
കുടുംബത്തിലെ ഹാമുമാര്
ഹാം റേഡിയോയോടുള്ള അച്ഛന്റെ ഇഷ്ടം മക്കളും ഏറ്റുപിടിച്ചു. മക്കളായ എലീഷയും ആന്മേരിയയും ജേക്കബും ഫ്രാന്‍സിസും ഹാമര്മാരാണ്. 2012-ല്‍ ജേക്കബ് ലൈസന്സെടുക്കുമ്പോള് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഹാം ജേക്കബായിരുന്നു. ഡോക്ടറുടെ ഭാര്യ നിഷ ലൈസന്‍സെടുക്കാന്‍ കുറച്ചു വൈകി. മൂന്നു വര്ഷംമുന്പാണ് ലിഷയ്ക്ക് ലൈസന്സെടുക്കാനായത്. ബെനഡിക്ടും ആന്റണിയുമാണ് ഇനി ലൈസന്സെടുക്കാനുള്ളവര്.
Content Highlights: Doctor Abraham and ham radio
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..