സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന മാസ്ക് തന്നെ വില്ലനായാലോ... വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണം കൂടുകയാണ്. രോഗ വ്യാപനം കുറയ്ക്കാനുള്ള വസ്തു രോഗ കാരണമായി മാറുന്ന അവസ്ഥ. വഴിയോരങ്ങളിലും ജലാശയങ്ങളിലും ബസുകളിലും തീവണ്ടികളിലുമൊക്കെ ആളുകൾ മാസ്ക് ഉപേക്ഷിക്കുന്നു.

ഏതുതരം മാസ്കും ബയോ മെഡിക്കൽ മാലിന്യമാണ്. ഇവ വെറുതെ വലിച്ചെറിയുന്നത് നമുക്കുതന്നെ അപകടമാണ്. മാസ്കിന്റെ പുറംപാളിയിലെ രോഗാണുക്കൾ നശിക്കാതെ കിടക്കും. ഇത് രോഗ വ്യാപനത്തിനിടയാക്കും.

വഴിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പക്ഷേ, കൊച്ചി കോർപ്പറേഷനു പോലും ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനമില്ല. ബയോ മെഡിക്കൽ മാലിന്യം ബ്രഹ്മപുരത്ത് ചാക്കിലാക്കി പ്രത്യേകം സൂക്ഷിക്കുകയാണിപ്പോൾ.

മാസ്ക് എങ്ങനെ ഉപേക്ഷിക്കാം
ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൗഡർ കലക്കി അതിന്റെ തെളിവെള്ളത്തിൽ 20 മിനിറ്റ് മുക്കിവെച്ചാൽ പൂർണമായി രോഗാണുമുക്തമാകും. ഉപയോഗിച്ച ഡിസ്പോസിബിൾ മാസ്ക് ഇങ്ങനെ ചെയ്തശേഷം കുഴിച്ചുമൂടണം. പുനരുപയോഗിക്കുന്ന തുണികൊണ്ടുള്ള മാസ്കിനും ഇത് അവലംബിക്കാം. ഇല്ലെങ്കിൽ സോപ്പുലായനിയിൽ 20 മിനിറ്റ് പ്രത്യേകമായി മുക്കിവെച്ച ശേഷം വെയിലത്തിട്ട് ഉണക്കണം. ബ്ലീച്ചിങ് പൗഡർ ലായനിയാണ് കൂടുതൽ ഫലപ്രദം.

മുറിച്ചുകളയണം
മാസ്കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം പല കഷണങ്ങളായി മുറിച്ച് 72 മണിക്കൂർ കടലാസിൽ പൊതിഞ്ഞുവെക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗനിർദേശം. ഡിസ്പോസിബിൾ മാസ്കുകൾ ശേഖരിച്ച് വീണ്ടും വിപണിയിൽ എത്തിക്കാതിരിക്കാനാണിത്.

ദുരിതം ശുചീകരണ തൊഴിലാളികൾക്ക്
മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട മാസ്കുകളുടെ ദുരിതമനുഭവിക്കുന്നത്. മറ്റു മാലിന്യങ്ങൾക്കൊപ്പം ഡിസ്പോസിബിൾ മാസ്കുകളും പൊതിഞ്ഞ് മാലിന്യം ശേഖരിക്കാനെത്തുന്നവർക്ക് നൽകുന്നു. തുണികൊണ്ടുള്ള മാസ്കുകളും ഈ രീതിയിൽ ഉപേക്ഷിക്കുന്നുണ്ട്. അവർ ഇതറിയാതെ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുന്നു.

മാസ്ക് സംസ്കരിക്കേണ്ടത് വ്യക്തികൾ
മാസ്ക് സംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനാ അംഗങ്ങളോട് മാസ്കും ഗ്ലൗസുകളും എടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
-സുജിത് കരുണൻ
ജില്ല കോഓർഡിനേറ്റർ,
ഹരിതകേരളം മിഷൻ

ബോധവത്‌കരണത്തിന് ഊന്നൽ നൽകും
രോഗമില്ലാത്തവർ തുണി മാസ്കുകൾ മാത്രം ഉപയോഗിച്ചാൽ മതി.മാസ്കുകൾ വലിച്ചെറിയരുതെന്ന സന്ദേശവുമായി ബോധവത്‌കരണം നടത്താനാണ് തീരുമാനം.
-ഡോ. എൻ.കെ. കുട്ടപ്പൻ
ജില്ല മെഡിക്കൽ ഓഫീസർ,
എറണാകുളം

Content Highlights: