കാഴ്ചയില്ലാത്ത ജീവിതത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. കാഴ്ച തകറാറുകളുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾ  എത്രത്തോളമെന്ന് നമുക്ക് അറിയാം.  ഇങ്ങനെയൊക്കെയാണെങ്കിലും നാം പലപ്പോഴും ശ്രദ്ധിക്കാത്ത കാര്യമാണ് നമ്മുടെ കണ്ണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കാഴ്ച തകറാറുകൾ ഉണ്ടോ എന്നത്.  രോഗി അറിയാതെ  കണ്ണിൻ്റെ കാഴ്ചശക്തി നശിപ്പിക്കുന്ന രോഗമാണ് ഗ്ലോക്കോമ. നിശബ്ദ കൊലയാളി എന്നാണ് ഈ രോഗത്തെ വിശേഷിപ്പിക്കാറുള്ളത്. 

കാഴ്ച തകരാറുകൾ ഉണ്ട് എന്ന് രോഗി മനസിലാക്കുമ്പോഴേക്കും 80 ശതമാനത്തോളം കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നതാണ് ഈ രോഗത്തെകുറിച്ചുള്ള പേടിപ്പെടുത്തുന്ന വസ്തുത. തിരിച്ചറിഞ്ഞാൽ തന്നെ നഷ്ടപ്പെട്ട കാഴ്ച ശക്തി വീണ്ടെടുക്കാൻ സാധിക്കുകയുമില്ല. ശേഷിക്കുന്ന കാഴ്ചയെ പിടിച്ചു നിര്‍ത്തുക എന്നതാണ് ചികത്സയിലൂടെ സാധിക്കുന്നത്. 

കാരണം അറിയാം

കണ്ണിൻ്റെ ഇൻട്രാ ഒാക്കുലര്‍ പ്രഷറിലുണ്ടാകുന്ന(IOP) വ്യത്യാസങ്ങളാണ് ഗ്ലോക്കോമക്ക് കാരണം.  10mm/Hg - 20mm/Hgയാണ് കണ്ണിലെ ശരാശരി ഇൻട്രാ ഒാക്കുലര്‍ പ്രഷര്‍. ഇത് കൂടിവരുമ്പോൾ കണ്ണിനെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ഒപ്ടിക് നേര്‍വിനെ ബാധിക്കുന്നു. കണ്ണിന്റെ പല ഭാഗത്തുനിന്നുമുള്ള നാഡീനാരുകള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഒപ്ടിക് നേര്‍വ് എന്ന നാഡി. നേത്രാന്തര ഭാഗത്തെ സമ്മര്‍ദം ഈ നാഡീനാരുകള്‍ക്ക് താങ്ങാനാവാതെ വരുമ്പോള്‍ അവ പതുക്കെ ക്ഷയിക്കുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ. ഇത് കാഴ്ചയുടെ വിസ്തൃതിയെയാണ് ആദ്യം ബാധിക്കുന്നത്.

 നാഡീനാരുകള്‍ ഓരോന്നായി നശിക്കുമ്പോഴും തുടക്കത്തില്‍ രോഗിയുടെ കാഴ്ചയ്ക്ക് പ്രശ്‌നമോ,  ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ  അനുഭവപ്പെടില്ല. ചില രോഗികൾക്ക് കണ്ണുകൾക്ക് വേദന, തലവേദന എന്നിവയുണ്ടായേക്കാം.  

ഗ്ലോക്കോമ ലക്ഷണങ്ങള്‍ വളരെ വൈകിമാത്രമാണ് പ്രകടമാവുന്നത്  അതിനാൽ  രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും രോഗിയുടെ കണ്ണിലെ നാഡീനാരുകള്‍ മിക്കവാറും നശിച്ചിട്ടുണ്ടാകും. 

ഗ്ലോക്കോമ എങ്ങനെ തിരിച്ചറിയാം

വര്‍ഷത്തിലൊരുക്കലെങ്കിലും നേത്ര പരിശോധനകൾ നടത്തി ഗ്ലോക്കോമയുണ്ടോയെന്ന് തിരിച്ചറിയാം. കണ്ണുകളിലെ ഇൻട്രാ ഒാക്കുലര്‍ പ്രഷറിൽ വ്യതയാസമുണ്ടോയെന്നാണ് പരിശോധനകളിലൂടെ ഉറപ്പാക്കേണ്ടത്. 

രോഗം വരാൻ സാധ്യതയുള്ളവര്‍

കുടുംബത്തില്‍ ഗ്ലോക്കോമ രോഗികള്‍ ഉണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ വളരെ നേരത്തേ തന്നെ പരിശോധന നടത്തിയിരിക്കണം. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഈ രോഗമുണ്ടെങ്കില്‍ രണ്ട് ഇരട്ടിയും സഹോദരങ്ങള്‍ക്കുണ്ടെങ്കില്‍ നാലിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ ഹ്രസ്വകാഴ്ച, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥിയുടെ കുഴപ്പം എന്നിവയുള്ളവര്‍ക്കും ഗ്ലോക്കോമയുടെ സാധ്യത സാധാരണയിലും കൂടുതലാണ്. 

കണ്ണില്‍ മുറിവും മറ്റു പരിക്കുകളും സംഭവിച്ചവര്‍ക്കും സ്ഥിരമായി അലര്‍ജി, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് സ്റ്റിറോയിഡ് ചികിത്സ എടുക്കുന്നവര്‍ക്കും ഗ്ലോക്കോമ സാധ്യത കൂടുതലാണ്.  കണ്ണിനുള്ളിൽ   ശസ്ത്രക്രിയകൾ ചെയ്തവര്‍ രോഗം വരാമുള്ള സാധ്യത കൂടുതലാണ്.   

 പരിഹാരം

പലതരം തുള്ളിമരുന്നുകള്‍ വഴി കണ്ണിലെ അമിതമര്‍ദം ഫലപ്രദമായി കുറച്ച് ഈ നാഡീനാരുകളുടെ നാശം കുറക്കാൻ  സാധിക്കും. തുള്ളിമരുന്നുകള്‍ കൊണ്ട് മര്‍ദം കുറഞ്ഞില്ലെങ്കില്‍   ഗ്ലോക്കോമ ശസ്ത്രക്രിയയാണ് മറ്റൊരു മാര്‍ഗം.  

കടപ്പാട്: ഡോ. സുജിത്ത് നയനാർ
(ക്യാറ്ററാക്റ്റ് ആൻ്റ് റിഫ്റാക്ടീവ് സർജൻ)