ണുപ്പുകാലം എത്തുന്നതോടെ പല രോഗങ്ങളും പിന്നാലെ എത്തിത്തുടങ്ങും. പ്രത്യേകിച്ച് ചെവി, മൂക്ക്, തൊണ്ട എന്നിവ സംബന്ധമായ രോഗങ്ങൾ.

ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പമേറുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നത്.

ഈ തണുപ്പുകാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കോവിഡ് 19 മഹാമാരി ലോകത്തെ കീഴടക്കുമ്പോൾ. ശൈത്യകാലത്ത് കോവിഡ് 19 വ്യാപനം എങ്ങനെയാകുമെന്ന് ശാസ്ത്ര ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ഈ സമയത്ത്, ജീവിത ശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാം.

അലർജി, ജലദോഷം, സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ് (otitis media), തൊണ്ടയിലെ അണുബാധ (tonsillitis, pharyngitis), ചുണ്ടുപൊട്ടൽ, മൂക്കിൽ നിന്നും രക്തസ്രാവം തുടങ്ങിയവയാണ് പ്രധാനമായി ഈ സമയത്ത് കാണുന്ന ഇ.എൻ.ടി. രോഗങ്ങൾ.

അലർജിക് റൈനൈറ്റിസ്

തണുപ്പ് കാലത്ത് അലർജി രോഗങ്ങൾ സാധാരണയായി മൂർച്ഛിക്കുന്നു. തുടർച്ചയായുള്ള തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണും തൊണ്ടയും ചൊറിച്ചിൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അലർജി തുടർച്ചയായി നിൽക്കുകയാണെങ്കിൽ അത് ക്രമേണ മൂക്കിൽ ദശവളർച്ച ഉണ്ടാകാൻ കാരണമാകും. അതിനാൽ തന്നെ ഈ രോഗത്തിന് കൃത്യമായ ചികിത്സ തേടണം.

ജലദോഷം

തണുപ്പുകാലത്ത് ജലദോഷം വരുന്നത് സാധാരണമാണ്. ഇത് ഒരു വൈറൽ രോഗമാണ്. ഇതോടൊപ്പം പനി, കുറുങ്ങൽ, ശ്വാസംമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്.

സൈനസൈറ്റിസ്

ജലദോഷം വഷളാകുമ്പോൾ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളിൽ (sinus cavtiy) അണുബാധ പടരുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. തലവേദന, മൂക്കിൽ നിന്നുള്ള പഴുപ്പ്, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ. വൈകാതെ ചികിത്സ തേടണം.

ചെവിയിലെ പഴുപ്പ്

കർണ്ണപടത്തിന്റെ പുറകിൽ മധ്യകർണത്തിൽ അണുബാധ വരുകയും പഴുപ്പുകെട്ടുകയും ചെയ്യുന്നത് മഞ്ഞുകാലത്ത് കൂടുതലാണ്. പഴുപ്പിനൊപ്പം ചെവിവേദന, കേൾവിക്കുറവ്, പനി എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ.

മുൻകരുതലുകളെടുക്കാം

സമീകൃതാഹാരം കഴിക്കാം: രോഗപ്രതിരോധശേഷി കൂട്ടാൻ പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആവശ്യത്തിന് വെള്ളം കുടിക്കാം: ശരീരത്തിന് ആയാസരഹിതമായി ജോലി ചെയ്യാനും നിർജ്ജലീകരണം തടയാനും ദിവസവും ഒന്നര ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.

വ്യായാമം പരിശീലിക്കാം: ഒരു ദിവസം ശരാശരി 3060 മിനിറ്റ് വരെ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കാം. അതോടൊപ്പം യോഗ, മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും പരിശീലിക്കാം.

  • വ്യക്തിശുചിത്വം പാലിക്കണം
  • പരിസര ശുചിത്വം പാലിക്കണം.
  • പ്രതിരോധ കുത്തിവയ്പ്പുകൾ യഥാസമയം എടുക്കാം
  • സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണം.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം

.ഒഴിവാക്കുക

  • പൊടി, തണുപ്പ്
  • തണുത്ത ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്
  • മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങൾ
  • ചന്ദനത്തിരി, കൊതുകുതിരി മുതലായവ

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അനു തമ്പി
കൺസൾട്ടന്റ് ഇ.എൻ.ടി. സർജൻ
എസ്.യു.ടി. ഹോസ്പിറ്റൽ, പട്ടം

Content Highlights:Disease during cold season you needs to know, ENT Diseases, Health