മഴക്കാലമാണ്. ഈ സമയത്ത് വരാനിടയുള്ള ചര്‍മ രോഗങ്ങളെ കുറിച്ചും അവയെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫോളികുലൈറ്റിസ്
ഹെയര്‍ഫോളിക്കുകളെ ബാധിക്കുന്ന ഫംഗസ്, ബാക്ടീരിയല്‍ അണുബാധയാണിത്. ഇതൊഴിവാക്കാന്‍ ആന്റിബാക്ടീരിയല്‍ സോപ്പുകളുപയോഗിക്കാം. ഈ സമയത്ത് ഷേവിങ് പോലെ രോമം നീക്കം ചെയ്യുന്ന രീതികള്‍ ഒഴിവാക്കാം. ശരീരഭാഗങ്ങളില്‍ അമിതമായ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് തടയാം. ഇതിന് അലോവെര അടങ്ങിയ ജെല്ലുകളും ലോഷനുകളും ഫലം ചെയ്യും. കുളിക്കുന്ന വെള്ളത്തില്‍ ആന്റീസെപ്റ്റിക് ദ്രാവകങ്ങള്‍ ചേര്‍ക്കാം.
വളം കടി
കാല്‍പാദങ്ങളിലെ ചര്‍മത്തിലാണ് ഈ അണുബാധ കൂടുതലായി ഉണ്ടാവുന്നത്. കാലുകള്‍ വൃത്തിയായും ഈര്‍പ്പ രഹിതമായും വയ്ക്കുകയാണ് ഒരു മാര്‍ഗം. ചൊറിച്ചിലുകളും അസ്വസ്ഥതകളും കുറക്കാന്‍ ആപ്പിള്‍ സിഡര്‍ വിനഗറും ആന്റിസെപ്റ്റിക് ക്രീമുകളും ഉപയോഗിക്കാം
സ്‌കേബീസ്
സൂഷ്മാണുക്കള്‍ വഴിയുണ്ടാകുന്ന അണുബാധയാണ്. ചൊറിച്ചിലും അസ്വസ്ഥതയുമുള്ള ഭാഗം ചുവക്കും. ഒരു പകര്‍ച്ചാ രോഗമാണ് ഇത്. അതുകൊണ്ട് തന്നെ വീട്ടിലുള്ളവര്‍ക്കും ഒരുമിച്ച് താമസിക്കുന്നവര്‍ക്കും പകരാം. വ്യക്തിശുചിത്വമാണ് പ്രധാനം. വീട്ടില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ എല്ലാവരുടെയും തുണികളും മറ്റും കഴുകി വൃത്തിയാക്കാം. തോര്‍ത്ത് പോലുള്ളവ പരസ്പരം ഉപയോഗിക്കുന്നത് ഒഴിവാക്കാം. സ്‌കേബീസ് ബാധിതനായ വ്യക്തിയുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
നഖത്തിലെ അണുബാധയും അത്‌ലെറ്റ്‌സ് ഫൂട്ടും
നിറവ്യത്യാസം വരികയും പെട്ടെന്ന് ഒടിയുകയും ചെയ്യുന്ന നഖം, നഖത്തിന് ചുറ്റും നീര് തുടങ്ങിയവയ്‌ക്കെല്ലാം കാരണം നഖത്തിലെ അണുബാധയാണ്. അത്‌ലറ്റ്ഫൂട്ടാണെങ്കില്‍ പാദചര്‍മം വിണ്ടുകീറി ചുവന്ന നിറത്തിലാകുകയും ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യും.
ഇത് ഒഴിവാക്കാന്‍ മുഴുവന്‍ മൂടുന്ന ഷൂസുകള്‍ ഒഴിവാക്കാം. ഡസ്റ്റ് പൗഡറുകള്‍ഉപയോഗിക്കാം. മാത്രമല്ല കാലുകള്‍ വൃത്തിയായി സൂക്ഷിക്കാനും നഖങ്ങള്‍ വൃത്തിയായി മുറിച്ച് ക്ലീന്‍ ചെയ്യാനും മറക്കേണ്ട.
നഖങ്ങളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് ധാരാളം ശുദ്ധജലം കുടിക്കാം. പഴങ്ങള്‍, പച്ചക്കറി, യോഗര്‍ട്ട്, തവിടുള്ള അരി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
Content Highlights: disease and skin conditions in rainy season