ശാസ്ത്രചരിത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തം; പെനിസിലിൻ മനുഷ്യർക്കിടയിലെത്തിയിട്ട് 95 വർഷം


ജോസഫ് ജോൺ

Representative Image | Photo: Canva.com

അലക്‌സാണ്ടർ ഫ്ലെമിങ് 1928 സെപ്റ്റംബർ 28-നാണ് പെനിസിലിൻ കണ്ടെത്തിയത്. ശാസ്ത്രചരിത്രത്തിലെ സുപ്രധാനമായ ഈ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കി. ബാക്ടീരിയകളെ നിയന്ത്രിക്കുന്ന ഈ ആന്റിബയോട്ടിക് മനുഷ്യർക്കിടയിലെത്തിയിട്ട് 95 വർഷമാവുന്നു

ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഏറ്റവും നിർണായക കണ്ടുപിടിത്തമായിരുന്നു പെനിസിലിൻ എന്ന പ്രതിയൗഗികം (ആന്റിബയോട്ടിക്). ഭൂമി എന്ന നമ്മുടെ ഗ്രഹം ബാക്ടീരിയകളുടേതാണ് എന്നുപറയാം. കാരണം എണ്ണത്തിലും തൂക്കത്തിലും സൂക്ഷ്മാണുക്കളായ ബാക്ടീരിയകൾ മനുഷ്യരെക്കാൾ പതിന്മടങ്ങ് കൂടുതലാണ് ഭൂമിയിൽ. ഈ ബാക്ടീരിയകളിൽ കേവലം ഒരുശതമാനംമാത്രമാണ് രോഗമുണ്ടാക്കുന്നത്. പ്ലേഗ്, ക്ഷയം, കോളറ എന്നിങ്ങനെ രോഗങ്ങൾ ഉണ്ടാക്കുകയും മരണകാരണമായിത്തീരുകയും ചെയ്യുന്ന ബാക്ടീരിയകൾ ഏറെയാണ്. എന്നാൽ, പെനിസിലിൻ എന്ന ആന്റിബയോട്ടിക്കിന്റെ കണ്ടെത്തലോടെ ബാക്ടീരിയകളെയും അവയുണ്ടാക്കുന്ന രോഗങ്ങളെയും നിയന്ത്രിക്കാൻ സാധിക്കും എന്ന് മനസ്സിലായി.അലക്സാണ്ടർ ഫ്ലെമിങ് എന്ന ശാസ്ത്രജ്ഞൻ 1928 സെപ്റ്റംബർ 28-നാണ് ആദ്യമായി പെനിസിലിൻ കണ്ടെത്തിയത്. മനുഷ്യന്റെ അതിജീവനത്തിനും നിലനിൽപ്പിനുംപുറമേ പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തുന്നതിനും അതുവഴി കോടിക്കണക്കിന് മനുഷ്യരെ മരണത്തിൽനിന്ന് രക്ഷിക്കുന്നതിനുമെല്ലാം ഈ കണ്ടുപിടിത്തം കാരണമായി.

പെനിസിലിന്റെ വരവ്

1928-ൽ ലണ്ടൻ നഗരത്തിലെ സെയ്ന്റ് മേരീസ് ആശുപത്രിയിൽ ജോലിചെയ്തുകൊണ്ടിരിക്കേ അദ്ദേഹം കുറച്ചുകാലം അവധിയെടുത്തു. ബാക്ടീരിയകളുടെ കോശസ്തരങ്ങളെക്കുറിച്ചായിരുന്നു അക്കാലത്ത് ഫ്ലെമിങ് പഠനങ്ങൾ നടത്തിയത്. അവധിക്കാലം കഴിഞ്ഞ്‌ തിരിച്ചെത്തിയ അദ്ദേഹം തന്റെ പരീക്ഷണശാലയിൽ കണ്ടത് വിസ്മയിപ്പിക്കുന്ന കാര്യമായിരുന്നു.മഞ്ഞനിറത്തിൽ ഒരു പ്രത്യേകതരം പൂപ്പലുകളുള്ള സ്ഥലങ്ങളിൽമാത്രം ബാക്ടീരിയകൾക്ക് വളരാൻ കഴിയുന്നില്ല. എന്നാൽ, പൂപ്പലുകളില്ലാത്ത സ്ഥലത്ത് ധാരാളമായി ബാക്ടീരിയകൾ വളരുകയും ചെയ്യുന്നു. ഇതിൽനിന്ന് അദ്ദേഹം മനസ്സിലാക്കിയത് പൂപ്പലുകൾ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് ബാക്ടീരിയകളുടെ വളർച്ചയെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ്. ഈ വസ്തുവിനെ അദ്ദേഹം വേർതിരിക്കുകയും അതിന്‌ പെനിസിലിൻ എന്ന്‌ പേരുവിളിക്കുകയും ചെയ്തു. വളരെ ചെറിയ അളവിൽമാത്രമായിരുന്നു അദ്ദേഹത്തിന് പെനിസിലിൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്. എങ്കിലും ആദ്യമായി ബാക്ടീരിയകളെ നിയന്ത്രിക്കുന്ന കണ്ടെത്തൽ നടത്തുകയായിരുന്നു അദ്ദേഹം.

വ്യാവസായിക ഉത്പാദനം

1928-ൽ പെനിസിലിൻ കണ്ടെത്തിയെങ്കിലും വ്യാവസായിക ഉത്പാദനം ആരംഭിച്ചത് ഒരുപതിറ്റാണ്ടിനുശേഷമായിരുന്നു. രണ്ടാംലോകയുദ്ധവും ഇംഗ്ലണ്ട്-അമേരിക്ക സഹകരണവും അക്കാലത്തെ പെനിസിലിൻ ഉത്പാദനത്തെ സഹായിച്ച ഘടകങ്ങളായിരുന്നു. ഈ സംരംഭത്തിനുവേണ്ട എല്ലാ സാങ്കേതികപിന്തുണയും നൽകിയിരുന്നത് ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ഹൊവാഡ് ഫ്ലോറെയും ബോറിസ് ചെയിനുമായിരുന്നു. കൂടുതൽ അളവിൽ പെനിസിലിൻ ഉത്പാദിപ്പിക്കുന്നതിനും അത് കലർപ്പില്ലാത്തതായി വേർതിരിക്കുന്നതിനും വേണ്ട ഗവേഷണങ്ങൾ ഇവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തു നടപ്പാക്കി. പിന്നീട് പെനിസിലിൻ ഉത്പാദനരംഗത്തെ ഗവേഷണങ്ങൾ ഓരോ രാജ്യങ്ങളും രഹസ്യമായിപ്പോലും നടത്താൻ തുടങ്ങി. കൂടുതൽ മെച്ചപ്പെട്ട സൂക്ഷ്മാണുക്കളെ കണ്ടെത്തിക്കൊണ്ട് ഉത്പാദനത്തിന്റെ അളവ് പതിന്മടങ്ങ് വർധിപ്പിക്കുന്നതരത്തിലും എത്തിച്ചേർന്നു. ഇത്തരത്തിൽ 1944 ആകുമ്പോഴേക്കും ഓരോ പട്ടാളക്കാരനും ആവശ്യാനുസരണം ലഭ്യമാകുന്നതരത്തിൽ പെനിസിലിൻ ഉത്പാദനം നടത്താൻ പല രാജ്യങ്ങൾക്കും കഴിഞ്ഞു. ഇത്തരത്തിൽ, മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ സംഭാവനകൾ നൽകിയ അലക്സാണ്ടർ ഫ്ലെമിങ്ങിനും ഫ്ലോറെക്കും ബോറിസ് ചെയിനും 1945-ൽ നൊബേൽ സമ്മാനം നൽകി ലോകം ആദരിച്ചു.

ആന്റിബയോട്ടിക്കുകളുടെ യുഗം

പെനിസിലിന്റെ കണ്ടെത്തൽ മരുന്നുകളെക്കുറിച്ചുള്ള പഠനമേഖലയ്ക്ക് പുതിയൊരു വാതിലാണ് തുറന്നുകൊടുത്തത്. ആന്റിബയോട്ടിക്കുകളുടെ യുഗം അവിടെ ആരംഭിക്കുകയായിരുന്നു. പെനിസിലിൻ ഒരു മാന്ത്രിക ഔഷധം എന്നനിലയിൽ പരിഗണിക്കപ്പെടുകയും ബാക്ടീരിയകൾകൊണ്ടുള്ള ഒട്ടേറെ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പെനിസിലിൻ മനുഷ്യശരീരത്തിൽ കുറഞ്ഞസമയംമാത്രം സജീവാവസ്ഥയിൽ നിലനിൽക്കുന്ന ഒന്നായതിനാൽ അതുവരെ നിലനിന്നിരുന്ന ഔഷധങ്ങളെ അപേക്ഷിച്ച് ഏറെ ഗുണമുള്ളതായിരുന്നു. സമാനമായ പ്രതിയൗഗികങ്ങൾ കണ്ടെത്താനായി ഒട്ടേറെ പൂപ്പലുകളെയും മറ്റ് ബാക്ടീരിയകളെയും പഠനവിധേയമാക്കുന്നതിലേക്കാണ് ഗവേഷകരെ കൊണ്ടെത്തിച്ചത്. അവയിൽനിന്നെല്ലാം ഏറെ പ്രതിയൗഗികങ്ങൾ കണ്ടെത്താനും അതിലൂടെ ബാക്ടീരിയകളെ എളുപ്പത്തിൽ നിയന്ത്രിക്കാനും സാധിച്ചു. വൻകോമൈസിൻ, എറിത്രോമൈസിൻ, സെഫലോസ്പോറിൻ എന്നിവ ഈ രീതിയിൽ കണ്ടെത്തിയ ആന്റിബയോട്ടിക്കുകൾക്ക്‌ ഉദാഹരണങ്ങളാണ്. രണ്ടാംലോകയുദ്ധത്തിന്റെ അവസാനകാലത്ത് കൂടിയ അളവിൽ പെനിസിലിൻ ഉത്പാദിപ്പിക്കാൻ സാധിച്ചതിനാൽ ലക്ഷക്കണക്കിന് പട്ടാളക്കാരെ മരണത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചു.

പ്രതിരോധശേഷി ആർജിക്കൽ

ആന്റിബയോട്ടിക്കുകളോട് സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നു എന്നതാണ് നമ്മുടെ കാലഘട്ടം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. മനുഷ്യർ ഉത്തരവാദിത്വമില്ലാതെ പ്രതിയൗഗികങ്ങൾ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാനകാരണം. വേണ്ട അളവിലും നിർദിഷ്ടസമയത്തും അല്ലാതെ ഉപയോഗിക്കുന്നത് സൂക്ഷ്മാണുക്കളിൽ പ്രതിരോധശേഷി ഉണ്ടായിവരാനും കൂടുതൽ രോഗകാരികൾ ഉണ്ടായിവരാനും കാരണമാകും. വരുംകാലത്ത് ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ ഉണ്ടായേക്കാമെന്ന് അലക്സാണ്ടർ ഫ്ലെമിങ് 1930-കളിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് കണ്ടെത്തിയിട്ടുള്ള പ്രതിരോധശേഷി ആർജിച്ചിട്ടുള്ള പ്രധാന സൂക്ഷ്മാണുക്കളാണ് MRSA, VRE, MDRTB എന്നിവ. ഇത്തരം സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുക എന്നത് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. മാത്രമല്ല, നിലവിലെ ലോകസാഹചര്യത്തിൽ പുതിയ പ്രതിയൗഗികങ്ങളെ കണ്ടെത്താനുള്ള ഗവേഷണങ്ങൾ പല രാജ്യങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. കാരണം അവ ലാഭകരമായി ഉത്പാദിപ്പിക്കാനുള്ള മാർഗങ്ങൾ കുറവാണ്.

(കല്പറ്റ എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയത്തിൽ ശാസ്ത്രജ്ഞനാണ്‌ ലേഖകൻ)

Content Highlights: discovery of penicillin by alexander fleming


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented