ലോകം കഴിഞ്ഞ ഒരു വർഷക്കാലമായി  കോവിഡിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെതിരെ പ്രതിരോധം തീർക്കാൻ വാക്സിനുകൾ സ്വീകരിക്കുകയാണ് ലോകം. ഈ സമയത്ത് ലോകത്തിന് ആരോ​ഗ്യ ഭീഷണിയുമായി എത്തുകയാണ് ഡിഫ്ത്തീരിയ. 

ഡിഫ്ത്തീരിയയെ പ്രതിരോധിക്കാൻ മരുന്നിനും വാക്സിനും കഴിയാത്ത ആന്റി മെെക്രോബിയൽ റെസിസ്റ്റൻസ് എന്ന അവസ്ഥ വെെകാതെ ലോകത്തിന് ഭീഷണിയുയർത്തും എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. 

അടുത്തിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരത്തിൽ ഡിഫ്ത്തീരിയ വരുന്നു എന്നാണ്. ഇതുമൂലം സംഭവിക്കുന്നത് നിലവിൽ ഡിഫ്ത്തീരിയയെ പ്രതിരോധിക്കുന്ന വാക്സിനുകൾ നിഷ്ക്രിയമാവും എന്നതാണ്. കൊറോണ വെെറസ് ബാധയെത്തുടർന്ന് ഡിഫ്ത്തീരിയ വാക്സിൻ ഷെഡ്യൂൾ തകിടംമറിഞ്ഞ അവസ്ഥയിലാണ്. ഇതിനാൽ തന്നെ രോ​ഗികളുടെ എണ്ണം കൂടുന്നത് ആ​ഗോള പ്രശ്നമാകാൻ ഇടയാക്കുന്നു. 

എന്താണ് ഡിഫ്ത്തീരിയ

വലിയതോതിൽ പടർന്നുപിടിക്കുന്ന ഒരു രോ​ഗമാണ് ഡിഫ്ത്തീരിയ. മൂക്ക്, തൊണ്ട എന്നിവയെയാണ് രോ​ഗം പ്രധാനമായും ബാധിക്കുക. 

ശ്വാസതടസ്സം, ഹൃദയപരാജയം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. ചികിത്സിക്കാതെ വിട്ടാൽ ജീവനു തന്നെ ഭീഷണിയായേക്കും. കോറിനെബാക്ടീരിയം ഡിഫ്ത്തീരിയെ ബാക്ടീരിയം ആണ് പ്രധാന രോ​ഗകാരണം. ചുമ, മൂക്കൊലിപ്പ്, രോ​ഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകൽ എന്നിവയൊക്കെയാണ് രോ​ഗംവ്യാപിക്കാൻ കാരണമാകുന്നത്. 

യു.കെ. ഉൾപ്പടെ ലോകത്തിന്റെ പല ഭാ​ഗങ്ങളിലും കുട്ടികൾക്ക് ഡിഫ്ത്തീരിയയ്ക്കെതിരെ വാക്സിൻ നൽകാറുണ്ട്. എങ്കിലും വാക്സിനേഷൻ സ്വീകരിക്കാത്തതും ഭാ​ഗികമായി വാക്സിനേഷൻ നൽകുന്നതുമായ പല രാജ്യങ്ങളിലും ഡിഫ്ത്തീരിയ ബാധ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1996-2017 കാലഘട്ടത്തെ അപേക്ഷിച്ച് 2018 ൽ ലോകവ്യാപകമായി രോ​ഗബാധയുള്ളവരുടെ എണ്ണം സാധാരണയുള്ളതിനേക്കാൾ ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

രോ​ഗബാധ തിരിച്ചറിയാൻ ജീനോമിക്സ് മാപ് ആണ് യു.കെയിലെയും ഇന്ത്യയിലേയും ​ഗവേഷകർ ഉപയോ​ഗിച്ചത്. ഈ പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ബാക്ടീരിയകൾ കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലുമായി നമുക്കിടയിലുണ്ടെന്നാണ്. 

രോ​ഗത്തിന്റെ പ്രധാന കാരണമായ ഡിഫ്ത്തീരിയ ടോക്സിന്റെ 18 വകഭേ​ദങ്ങൾ ഈ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയെയാണ് വാക്സിൻ ലക്ഷ്യം വയ്ക്കുന്നത്. ഇത്രയും വകഭേദങ്ങൾ ഉണ്ടാവുന്നത് ടോക്സിന്റെ ഘടനയ്ക്ക് വ്യത്യാസം വരുത്താനും അതുവഴി വാക്സിനുകളുടെ പ്രഹരശേഷി കുറയ്ക്കാനും ഇടയാക്കും. 

ഡിഫ്ത്തീരിയ വാക്സിൻ തയ്യാറാക്കിയിരിക്കുന്നത് ടോക്സിനെ നിർജ്ജീവമാക്കാൻ സഹായിക്കുന്ന തരത്തിലാണ്. അതിനാൽ തന്നെ ടോക്സിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്ന ജനിതക വകഭേദങ്ങൾ വാക്സിനുകൾക്ക് മേൽ ഫലപ്രദമായ ആഘാതം ഉണ്ടാക്കിയേക്കാമെന്നും കേംബ്രിഡ്ജ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഒാഫ് തെറാപ്യൂട്ടിക് ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് പ്രൊഫസർ ​ഗോർഡൻ ഡൗ​ഗൻ പറയുന്നു. 

നിലവിൽ ഉപയോ​ഗിക്കുന്ന ഏതെങ്കിലും ഒരു വാക്സിൻ ഫലപ്രദമായിട്ടില്ല എന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഡാറ്റയിൽ പറയുന്നില്ല. എന്നാൽ ടോക്സിന്റെ ജനിതകവ്യതിയാനത്തിലെ വകഭേ​ദങ്ങളുടെ എണ്ണം വർധിക്കുന്നത് ഒരു മുന്നറിയിപ്പാണ്. ടോക്സിനുകളെ ലക്ഷ്യമിടുന്ന വാക്സിനുകൾ, ചികിത്സ എന്നിവ കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണത്. 

ഡിഫ്ത്തീരിയ ചികിത്സയിലെ വളരെ അപൂർവമായ പ്രധാനപ്പെട്ട പ്രശ്നമായാണ് ആന്റിമെെക്രോബിയൽ റെസിസ്റ്റൻസിനെ കണക്കാക്കുന്നത്. എന്നാൽ ലോകത്തിന്റെ ചില ഭാ​ഗങ്ങളിൽ വിവിധ ക്ലാസുകളിൽപ്പെട്ട ആന്റിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയൽ ജീനോമുകൾ പ്രതിരോധം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ലോകാരോ​ഗ്യ സംഘടന ഒാഫീസിൽ നിന്നുള്ള ഡോ. പങ്കജ് ഭാട്ന​ഗർ പറഞ്ഞു. 

ഇത്തരം കാര്യങ്ങളെ നിരീക്ഷിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാനും ജീനോം കീക്വൻസിങ്  ഉപയോ​ഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് കേംബ്രിഡ്ജ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഒാഫ് തെറാപ്യൂട്ടിക് ഇമ്മ്യൂണോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിലെ ഡോ. അങ്കുർ മുത്റെജ് പറഞ്ഞു. അതിനാൽ തന്നെ എപ്പോഴും ഡിഫ്ത്തീരിയയെ നാം വളരെ കർശനമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ വെെകാതെ അത് വീണ്ടും വലിയൊരു ആ​ഗോള ആരോ​ഗ്യപ്രശ്നമായിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

Content highlights: Diphtheria the newest emerging global medical threat that evolves antimicrobial resistance, Health