പ്രമേഹനിയന്ത്രണത്തിൽ പാളിച്ച സംഭവിക്കരുതേ, കാഴ്ചക്കുറവു മുതൽ അന്ധത വരെ ഉണ്ടായേക്കാം


Representative Image | Photo: AFP

പ്രമേഹം മൂലം കണ്ണിലെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും ക്ഷതങ്ങളെയുമാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയാണ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഡയബറ്റോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റായ ഡോ. എസ്.കെ സുരേഷ് കുമാർ.

ചോദ്യം

എനിക്ക് 45 വയസ്സുണ്ട്. 14 വർഷമായി പ്രമേഹബാധിതനാണ്. അടുത്തിടെ ഇടതുകണ്ണിന്റെ കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടു. ഡയബറ്റിക് റെറ്റിനോപ്പതിയെത്തുടർന്നുള്ള സങ്കീർണതകൾ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പരിശോധനകളിൽ നിന്ന് മനസ്സിലായത്. അത് പരിഹരിക്കാൻ ഒരു ശസ്ത്രക്രിയ ഇപ്പോൾ നടത്തിയിട്ടുണ്ട്. പതുക്കെ എഴുപതുശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടുമെന്നാണ് ഡോക്ടറുടെ അഭിപ്രായം. പ്രമേഹനിയന്ത്രണത്തിൽ വന്ന പാളിച്ചയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഡോക്ടർ പറഞ്ഞു. അടുത്ത കണ്ണിന്റെ കാര്യത്തിൽ കരുതൽ വേണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഇപ്പോൾ ബി.പി കൂടിയതായി കണ്ടെത്തി. അതും കാഴ്ചയെ ബാധിക്കുമോ? പ്രമേഹം നിയന്ത്രിച്ച് കാഴ്ച നിലനിർത്താൻ ഈ ഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത്?

ഉത്തരം

പ്രമേഹം മൂലം കണ്ണിലെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും ക്ഷതങ്ങളെയുമാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്. കാഴ്ചക്കുറവു മുതൽ അന്ധത വരെയുണ്ടാകാൻ ഇടയാക്കുന്നതാണ് ഈ രോ​ഗം. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ അത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. ഇത് രക്തക്കുഴലുകളിൽ തടസ്സങ്ങളും വീക്കങ്ങളും ഉണ്ടാകാനിടയാക്കും. കണ്ണിലെ ഈ നേരിയ രക്തക്കുഴലുകൾ ചിലപ്പോൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. റെറ്റിനയിലെ രക്തക്കുഴലുകളിൽ തടസ്സം വരുമ്പോൾ പുതിയ രക്തക്കുഴലുകൾ ഉണ്ടായിവരും. അതുകാരണം കാഴ്ചാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയേറുന്നു. ഡയബറ്റിസ് റെറ്റിനോപ്പതി അപൂർവരോ​ഗമല്ല. പത്തുവർഷത്തിലേറെ പ്രമേഹമുള്ള 80 ശതമാനം രോ​ഗികളിലും ഏതെങ്കിലും ഘട്ടങ്ങളിലുള്ള റെറ്റിനോപ്പതി കാണപ്പെടുന്നുണ്ട്.

ലക്ഷണങ്ങളും രോ​ഗനിർണയവും

തുടക്കത്തിൽ ചിലപ്പോൾ രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയുണ്ടാവില്ല. ചില ലക്ഷണങ്ങൾ പലപ്പോഴും നാം അവ​ഗണിക്കാം . കാഴ്ച മങ്ങൽ, കണ്ണിനുമുമ്പിൽ കറുത്ത പൊട്ടുകൾ ഒഴുകിപ്പോകുന്നതു പോലെ തോന്നുക, രാത്രി കാഴ്ച കുറയുക, വെളിച്ചത്തിനു ചുറ്റും വൃത്തങ്ങൾ കാണുക, ചിലപ്പോൾ പെട്ടെന്ന് കാഴ്ച പൂർണമായും നഷ്ടപ്പെടുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ. പ്രമേഹരോ​ഗികൾ വർഷാവർഷം ഒരു നേത്രരോ​ഗവിദ​ഗ്ധനെ കൊണ്ട് കണ്ണ് പരിശോധിപ്പിക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ രോ​ഗം ആരംഭദിശയിൽ തന്നെ കണ്ടെത്താനും സങ്കീർണതകളെ പ്രതിരോധിക്കാനും സാധിക്കും.

ഒഫ്താൽമോസ്കോപ്പി പരിശോധനയിലൂടെ റെറ്റിനയുടെ സ്ഥിതി നേരിട്ട് നിരീക്ഷിക്കാനാകും. ഫണ്ട്സ് ഫ്ലൂറസൈൻ ആൻജിയോ​ഗ്രഫി വഴി രക്തക്കുഴലുകളിലെ തടസ്സങ്ങളും ചോർച്ചയും കണ്ടെത്താനാകും. ഒപ്റ്റിക്കൽ കൊഹെറൻസ് ടോമോ​ഗ്രഫി വഴി റെറ്റിനയുടെ കനം അളക്കാനും അതിന്റെ പ്രധാന പാളികൾ നിരീക്ഷിക്കാനും വീക്കങ്ങൾ കണ്ടെത്താനും കഴിയും. ഇത്തരം ആധുനിക രോ​ഗനിർണയ മാർ​ഗങ്ങളിലൂടെ രോ​ഗനിർണയം കൃത്യമായി ചെയ്യാനുള്ള സൗകര്യങ്ങൾ മിക്ക കണ്ണാശുപത്രികളിലും ലഭ്യമാണ്.

ചികിത്സ

കാലതാമസമില്ലാതെ രോ​ഗം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പരമപ്രധാനം. അങ്ങനെയെങ്കിൽ ഉള്ള കാഴ്ച നിലനിർത്താനും സങ്കീർണതകൾ തടയാനും കഴിയും. ലേസർ സർജറി, കോർട്ടിക്കോ സ്റ്റിറോയ്ഡുകൾ, ആന്റി വി.ഇ.ജി.എഫ്( Anti- vascular endothelial growth factor) ഏജന്റുകൾ കുത്തിവെപ്പായി നൽകുക, വിട്രെക്ടമി സർജറി മുതലായവയാണ് പ്രധാന ചികിത്സാരീതികൾ.

രോ​ഗപ്രതിരോധം

മറ്റ് പല രോ​ഗങ്ങളെയും പോലെ രോ​ഗം പ്രതിരോധിക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല ചികിത്സാരീതി. തുടക്കത്തിൽ നാം കാണിക്കുന്ന അശ്രദ്ധ പിന്നീട് വലിയ വിപത്തായി ഭവിക്കാം. മുതിർന്നവരിൽ അന്ധതയുടെ പ്രധാനകാരണം ഡയബറ്റിക് റെറ്റിനോപ്പതി തന്നെയാണ്.

പ്രമേഹം തുടക്കംമുതലേ കൃത്യമായി ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കുക, ചിട്ടയായ വ്യായാമം, ഭക്ഷണനിയന്ത്രണം, മരുന്നുകൾ എന്നിവയിലൂടെ ഇത് സാധ്യമാണ്. വെറും വയറ്റിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് കണ്ണുകളിലെയും വൃക്കകളിലെയും രക്തക്കുഴലുകളെ ബാധിക്കുന്നതിന് കാരണമാകും. മൂന്നുമാസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി കണക്കാക്കുന്ന എച്ച്.ബി.എ.1.സി ഏഴ് ശതമാനത്തിന് താഴെ നിർത്തുക എന്നതാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്.

പ്രേമേഹം പോലെ തന്നെ റെറ്റിനയെ തകരാറിലാക്കുന്ന മറ്റൊന്നാണ് രക്താതിമർദം. പ്രമേഹരോ​ഗികളിൽ രക്തസമ്മർദം 120/80 എന്ന നിലയിൽ നിലനിർത്തേണ്ടതുണ്ട്. ആഹാരത്തിൽ‌ ഉപ്പ് കുറയ്ക്കുക, പുകവലി ഒഴിക്കുക. ഒപ്പം മരുന്നുകൾ ഉപയോ​ഗിച്ചും ഇത് സാധ്യമാക്കണം.

രക്തത്തിൽ കൊഴുപ്പുകളുടെ ആധിക്യമുണ്ടെങ്കിൽ സ്റ്റാറ്റിൻ മരുന്നുകളുപയോ​ഗിച്ച് അത് നിയന്ത്രണവിധേയമാക്കണം.

ഡയബറ്റിസ് റെറ്റിനോപ്പതി ഇല്ലാത്തവർ വർഷത്തിൽ ഒരിക്കലും, രോ​ഗം കണ്ടെത്തിയവർ ആറുമാസത്തിൽ ഒരിക്കലോ അതിസധികമോ തവണയും നേത്രചികിത്സകനെ കാണേണ്ടത് അത്യാവശ്യമാണ്.

Content Highlights: diabetic retinopathy symptoms causes and treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented