പ്രമേഹ പരിശോധന ഇനി 25 വയസ്സുമുതല്‍ ആരംഭിക്കണം; ഇതാണ് കാരണം


ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ വ്യാപ്തി രണ്ടിരട്ടി കൂടുതലാണ്

Representative Image| Photo: GettyImages

പ്രമേഹം കണ്ടെത്തുന്നതിന് 25 വയസ്സുമുതല്‍ തന്നെ സ്‌ക്രീനിങ് പരിശോധനകള്‍ ആരംഭിക്കണമെന്ന് ഗവേഷകര്‍. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. നിലവില്‍ 30 വയസ്സാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം.

രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം 'ഡയബെറ്റിക് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം-ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് റിവ്യൂസ്' എന്ന മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡയബറ്റെസ് കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ചെറുപ്പക്കാരില്‍ പ്രമേഹം കണ്ടെത്തുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്നാണ്. അതിനാല്‍ നേരത്തെ സ്‌ക്രീനിങ് നടത്തേണ്ട അവസ്ഥയുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ സര്‍ക്കാരിന്റെയും ഐ.സി.എം.ആറിന്റെയും നിര്‍ദേശങ്ങളില്‍ പറയുന്നത് 30 വയസ്സ് മുതല്‍ പ്രമേഹ പരിശോധനകള്‍ നടത്തണമെന്നാണ്. ഡയബറ്റിക് കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നും ഗവേഷകര്‍ക്ക് മനസ്സിലാക്കാനായത് 30 വയസ്സിന് താഴെയുള്ള 77.6 ശതമാനം പേരും അമിതവണ്ണവും ഭാരവും ഉള്ളവരാണെന്നാണ്.

ഇന്ത്യയില്‍ 77 മില്ല്യണ്‍ പ്രമേഹരോഗികളുണ്ട്. കഴിഞ്ഞ 8-10 വര്‍ഷങ്ങളായി അനിയന്ത്രിതമായ പ്രമേഹം മൂലം സങ്കീര്‍ണതകള്‍ വര്‍ധിച്ചുവരുകയാണ്. രാജ്യത്തെ 50-90 ശതമാനം രോഗികളിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പ്രമേഹ ചികിത്സയ്ക്കും വൃക്കസ്തംഭനം, നാഡീവ്യവസ്ഥയിലെ തകരാറുകള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ചികിത്സിക്കാനുമായി ലക്ഷക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. മാത്രവുമല്ല, പ്രൊഡക്ടീവാകേണ്ട കൂടുതല്‍ ചെറുപ്പക്കാരാണ് പ്രമേഹം മൂലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. അങ്ങനെ ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പ്രമേഹം മൂലം ഉണ്ടാകുന്നുവെന്നും പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം ചെറുപ്പം മുതല്‍ തന്നെ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. 25 വയസ്സുള്ള ഒരാള്‍ക്ക് കുടവയര്‍, അമിതവണ്ണം, അമിതഭാരം, കുടുംബത്തില്‍ പ്രമേഹ പാരമ്പര്യം എന്നിവയുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹ പരിശോധന നടത്തണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഡോ. അനൂപ് മിശ്ര, മലയാളി പ്രമേഹ രോഗവിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവര്‍ പഠന സംഘത്തിലുണ്ട്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ വ്യാപ്തി രണ്ടിരട്ടി കൂടുതലാണ്. കേരളത്തിലെ ചെറുപ്പക്കാരിലും ഇതേ ട്രെന്‍ഡ് തന്നെയാണ് കാണാനുള്ളത്. അതിനാല്‍ തന്നെ പ്രമേഹം നേരത്തെ കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

Content Highlights: Diabetes testing should start at 25 years- study, Diabetes in younger age group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented