തിരുവനന്തപുരം മുടവന്‍മുഗളിലുള്ള 'കാര്‍ത്തിക'യിലെത്തുമ്പോള്‍ രാവിലെ പത്തുമണികഴിഞ്ഞിരുന്നു. ഇവിടെയാണ് ശ്യാമള ദേവിയുടെ വീട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫെയര്‍കോപ്പി സൂപ്രണ്ട് ആയി വിരമിച്ചയാളാണ് ശ്യാമളാ ദേവി. ഇവര്‍ക്കെന്താണ് പ്രത്യേകത എന്ന് വായനക്കാര്‍ സംശയിച്ചേക്കാം. തീര്‍ച്ചയായും പ്രത്യേകതയുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായി പ്രമേഹത്തെ പ്രതിരോധിച്ചുനിര്‍ത്തിയിരിക്കുകയാണ് ശ്യാമള ദേവി. ചികിത്സ മുടക്കാതെ, മരുന്നുകള്‍ മുടക്കാതെ, ഭക്ഷണനിയന്ത്രണം പാലിച്ചുള്ള ഇരുപതു വര്‍ഷങ്ങള്‍. ഈ രോഗത്തെ മനസ്സിലാക്കിയവര്‍ക്ക് അറിയാം ഇതൊരു ചെറിയ കാര്യമല്ലെന്ന്. ജീവിതശീലങ്ങളിലും ഭക്ഷണകാര്യങ്ങളിലുമുള്ള ശ്രദ്ധയാണ് രോഗത്തോട് പൊരുതാന്‍ അവരെ സഹായിച്ചത്. ഒപ്പം വീട്ടുകാരുടെ പിന്തുണയും. വീടിന് മുന്നില്‍ ശ്യാമളദേവിയുടെ ഭര്‍ത്താവ് കേശവന്‍കുട്ടി നായര്‍ കാത്തുനിന്നിരുന്നു. വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടിയോ എന്ന് ചോദിച്ച് അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. അകത്തുനിന്ന് കൊച്ചുമകന്‍ വൈഷ്ണവിന്റെ കൈപിടിച്ച് ശ്യാമളദേവി ഇറങ്ങിവന്നു. അറുപത്തിമൂന്ന് വയസ്സ് പ്രായം. ചിരിക്കുന്ന മുഖം, മുടിയിഴകളില്‍ നര വീണുതുടങ്ങിയിരിക്കുന്നു. ചായ കുടിക്കാന്‍ ക്ഷണിച്ച് അവര്‍ നല്ലൊരു ആതിഥേയയായി. ശ്യാമളദേവിയുടെ അമ്മ ദേവകിയമ്മയും ഇളയമകന്‍ രാംകുമാറും മൂത്തമകന്‍ ശ്യാംകുമാറിന്റെ പത്‌നി ഗീതുവും വീട്ടിലുണ്ട്. വെളിച്ചം പോകുന്നതിന് മുന്‍പ് ഫോട്ടോയെടുത്താലോ എന്ന ഫോട്ടോഗ്രാഫറുടെ ചോദ്യം കേട്ട് അവര്‍ ഒ.കെ.പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവര്‍ അല്പം ക്ഷീണിച്ചോ എന്ന് സംശയിച്ചു. കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ചിരിച്ചുകൊണ്ടുള്ള മറുപടി. ഇപ്പോള്‍ വരാം എന്നുപറഞ്ഞ് അവര്‍ അകത്തേക്ക് പോയി. രാവിലെ കണ്ട അതേ ഉന്‍മേഷത്തോടെ തിരിച്ചുവന്ന് പ്രമേഹത്തെ നേരിട്ട കഥപറഞ്ഞു. 

പ്രമേഹം തിരിച്ചറിഞ്ഞപ്പോള്‍

'20 വര്‍ഷം മുന്‍പാണ് പ്രമേഹം വന്നത്. എനിക്ക് 38 വയസ്സായിക്കാണും. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ടൈപ്പിസ്റ്റായി ജോലിചെയ്യുകയായിരുന്നു. തിരക്കുപിടിച്ച സമയമായിരുന്നു അത്. കുട്ടികള്‍ വളരെ ചെറുപ്പമായിരുന്നു. അവരുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കണം. ഭക്ഷണമുണ്ടാക്കണം. വീട്ടുജോലി തീര്‍ത്തിട്ടുവേണം ഓഫീസിലെത്താന്‍. ആയിടയ്ക്കാണ് ചില ശാരീരികഅസ്വസ്ഥതകള്‍ തുടങ്ങിയത്. മുറ്റമടിക്കുമ്പോഴുള്ള കടുത്ത വേദന, അമിതമായ ദാഹം, കൈകളില്‍ നീര് എന്നിവയായിരുന്നു തുടക്കം. തുടര്‍ന്ന് പൂജപ്പുരയിലെ ആശുപത്രിയില്‍ പോയി പരിശോധിച്ചു. അപ്പോഴാണ് പ്രമേഹം തിരിച്ചറിഞ്ഞത്. 200 mg/dl ന് മുകളിലുണ്ടായിരുന്നു. രോഗത്തിന്റെ സ്വാഭാവത്തെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. മാത്രമല്ല അതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. എങ്കിലും മരുന്നുകഴിച്ചുതുടങ്ങി. ഇന്‍സുലിനൊന്നും ആ സമയത്ത് ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. ഒരുവര്‍ഷം അങ്ങനെ പോയി. മരുന്ന് തുടര്‍ന്നിട്ടും ഷുഗര്‍ നിലയില്‍ വലിയ കുറവുണ്ടായില്ല. അപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ.ജോതിദേവ് കേശവദേവിനെ കാണുന്നത്. 

രോഗനിയന്ത്രണത്തിന്റെ  വഴികള്‍

തുടക്കം മുതല്‍ എനിക്ക് തൈറോയ്ഡ് പ്രശ്‌നമുണ്ടായിരുന്നു. അതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പ്രമേഹം കണ്ടെത്തുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഓരോ മാസവും ലാബില്‍ പോയി രക്തപരിശോധന നടത്തി. തുടക്കത്തില്‍ ഗ്ലൂക്കോമീറ്ററൊന്നും ഇല്ലായിരുന്നു. എല്ലാത്തിനും ലാബില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ഓരോ മാസവും ഡോക്ടറെ കണ്ട് വിലയിരുത്തലുകള്‍ നടത്തി. പതുക്കെ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കാന്‍ പഠിച്ചു. രാവിലെ രണ്ടുതവണ, ഉച്ചയ്ക്ക് ഭക്ഷണശേഷം, രാത്രി എന്നിങ്ങനെ നാലുതവണ റീഡിങ് എഴുതിവെച്ച് ഡോക്ടറെ വിളിച്ചുപറയും. ഇടയ്ക്ക് ഷുഗര്‍നില കൂടിയാല്‍ ഡോക്ടര്‍ മരുന്നിന്റെ അളവ് മാറ്റും. ആദ്യകാലത്ത് ഗുളികകള്‍ മാത്രമായിരുന്നു. പിന്നീട് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഇന്‍സുലിന്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇന്‍സുലിന്‍ എങ്ങനെയാണ് കുത്തിവെയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ഡോക്ടര്‍ പറഞ്ഞുതന്നു. തുടക്കംമുതല്‍ ഞാനാണ് കുത്തിവെയ്ക്കുന്നത്. മരുന്നിനൊപ്പം ജീവിതശീലങ്ങളും മാറ്റിത്തുടങ്ങി. ചോറിന്റെ അളവുകുറച്ചു. അരിയാഹാരം ഒരുനേരം മാത്രമാക്കി. മധുരമിടാത്ത ചായ ശീലമാക്കി. പച്ചക്കറിയുടെ അളവ്് കൂട്ടി. പഴങ്ങള്‍ കഴിക്കുന്നത് കുറച്ചു. വീട്ടുജോലികള്‍ ചെയ്യുന്നതുകൊണ്ടുതന്നെ പ്രത്യേകിച്ച് വ്യായാമമൊന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ ഇരുപതുവര്‍ഷമായി ഈ ശീലം തെറ്റാതെ തുടരുന്നു. 

മുടങ്ങാതെ പരിശോധനകള്‍ 

മരുന്നിനൊപ്പം ഇന്‍സുലിന്‍ പേനയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഹ്യൂമന്‍ മിക്സ്റ്റാര്‍ഡ് ഇന്‍സുലിന്‍ 10 iu/ml ആണ് അളവ്. രാവിലെയും രാത്രിയും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഇന്‍സുലിനെടുക്കും. മൂന്നുമാസത്തിലൊരിക്കല്‍ എച്ച്.ബി. എ.1.സി പരിശോധന നടത്തും. ഗ്ലൂക്കോമീറ്ററുപയോഗിച്ച് ഷുഗര്‍ നിലയും അളക്കും. മൂന്നുമാസം കൂടുമ്പോള്‍ കൊളസ്‌ട്രോള്‍, ബി.പി., കരള്‍, വൃക്ക പരിശോധനകള്‍ നടത്തും. ആറുമാസം കൂടുമ്പോള്‍ കാലിലെ നാഡികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. വര്‍ഷത്തിലൊരിക്കല്‍ കണ്ണ്, പല്ല്് എന്നിവപരിശോധിക്കും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വേറൊരുഗുണംകൂടിയുണ്ട്. മറ്റെന്തെങ്കിലും അസുഖം വന്നാല്‍ ഏത് മരുന്ന് കഴിക്കണമെന്ന് പറഞ്ഞുതരാന്‍ ഡോക്ടര്‍ക്ക് കഴിയും. ആഹാരത്തിന് മുന്‍പ് 120 mg/dl, ആഹാരത്തിന് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 140 mg/dl  എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഷുഗര്‍ നില. പരിശോധനകള്‍ കൃത്യമായ ഇടവേളകളില്‍ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയതാണ്. പക്ഷേ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല'.

വീട്ടില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം

രോഗിമാത്രം മനസ്സുവെച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയില്ല. അതിന് വീട്ടുകാരും കൂടി സഹായിക്കണം. അക്കാര്യത്തില്‍ താന്‍ ഭാഗ്യവതിയാണെന്ന് ശ്യാമളദേവി പറയുന്നു. പ്രമേഹം തിരിച്ചറിഞ്ഞതോടെ ആഹാരരീതിയിലാണ് ആദ്യമാറ്റം വരുത്തിയത്. ചോറ് കഴിക്കുന്നതിന്റെ അളവ് കുറച്ചു. കപ്പയും മീനും കഴിക്കുന്ന ദിവസം ചോറുകഴിക്കില്ല. ഇടയ്ക്ക് മധുരം കഴിക്കാന്‍ തോന്നും. അപ്പോള്‍ അല്പം പായസം കഴിക്കും. ആ ദിവസങ്ങളില്‍ വേറെ അരിയാഹാരങ്ങളൊന്നും കഴിക്കാറില്ല. പച്ചക്കറിയും തൈരും ആഹാരത്തിന്റെ ഭാഗമാണ്. അച്ചാര്‍ തീരെ കഴിക്കില്ല. ഇറച്ചി വല്ലപ്പോഴും. വൈകീട്ട് ഒരുഗ്ലാസ് ചായയോ ബിസ്‌ക്കറ്റോ. രാത്രി എട്ടുമണി ആകുമ്പോഴേക്കും ഒന്നോ രണ്ടോ ഗോതമ്പുദോശ കഴിക്കും. ഇതാണ് വര്‍ഷങ്ങളായുള്ള ഭക്ഷണരീതി''. വീട്ടില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് ശ്യാമള ദേവിയുടെ ഭര്‍ത്താവ് കേശവന്‍ കുട്ടിനായര്‍ പറയുന്നു. '86 വയസ്സുള്ള ഭാര്യയുടെ അമ്മ മുതല്‍ അഞ്ചുവയസ്സുള്ള ചെറുമകന്‍ വരെ ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. പ്രമേഹം ഒരു രോഗമായി തോന്നാതിരിക്കാന്‍ അതുവഴി കഴിയുന്നുണ്ട്. മാത്രമല്ല വീട്ടുകാരെല്ലാം കൂടെയുണ്ടെന്ന വിശ്വാസം ഉണ്ടാവുകയും ചെയ്യും. പ്രമേഹനിയന്ത്രണവും പ്രതിരോധവും ഒരേസമയം നടക്കുന്നു. അമ്മയ്ക്ക് മധുരം വലിയ ഇഷ്ടമാണ്. പുറത്തുപോകുമ്പോഴെല്ലാം ഭക്ഷണകാര്യങ്ങളെക്കുറിച്ച് കൃത്യമായി അമ്മയെ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മൂത്തമകന്‍ ശ്യാംകുമാറിന്റെ ഭാര്യ ഗീതു പറഞ്ഞു. ''അച്ഛമ്മയ്ക്ക് ഇന്‍സുലിന്‍ എടുത്തുകൊടുക്കുന്നത് ഞാനാണല്ലോ''-സംസാരത്തിനിടയില്‍ കൊച്ചുമകന്‍ വൈഷ്ണവിന്റെ ഇടപെടല്‍. അതുശരിയാണെന്ന് ശ്യാമളദേവി ചിരിച്ചുകൊണ്ടുസമ്മതിച്ചു. ''വലിയ കുസൃതിയാണ് ഇവന്‍. എന്റെ കാര്യത്തില്‍ ശ്രദ്ധയാണ്. മരുന്നു കഴിച്ചോ, ഇന്‍സുലിനെടുത്തോ എന്നെല്ലാം ചോദിച്ച് എപ്പോഴും കൂടെതന്നെ കാണും. മക്കളായ ശ്യാംകുമാറും രാംകുമാറും ദൃശ്യമാധ്യമരംഗത്ത് ജോലിചെയ്യുന്നവരാണ്. വീട്ടില്‍ വല്ലപ്പോഴുമേ കാണു. എങ്കിലും 
കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്'-ശ്യാമളദേവി വ്യക്തമാക്കുന്നു. 

രോഗം ഭാരമാകരുത്

പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തണമെങ്കില്‍ മാനസികമായി നല്ല കരുത്തുവേണമെന്നാണ് സ്വന്തം അനുഭവം ശ്യാമളദേവിയെ പഠിപ്പിച്ചത്. ' രോഗം തിരിച്ചറിഞ്ഞപ്പോള്‍ ചെറിയ സങ്കടം തോന്നിയിരുന്നു. എന്റെ കുടുംബത്തിലാര്‍ക്കും അസുഖമില്ല. പിന്നീട് പതിയെ പൊരുത്തപ്പെട്ടു. അസുഖം പൂര്‍ണമായി മാറുന്നതല്ലെന്നും മരുന്നും ജീവിതശൈലി മാറ്റങ്ങളും വഴി നിയന്ത്രിച്ചുനിര്‍ത്താനേ കഴിയൂ എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെതന്നെയാവട്ടെ എന്ന് ഞാനും കരുതി. രോഗം ഭാരമായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും പിന്തുണ അതിന് ഏറെ സഹായിച്ചിട്ടുണ്ട്.''

ഡോക്ടര്‍ കൂടെയുണ്ട്

ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പ്രമേഹനിയന്ത്രണത്തില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് ശ്യാമളദേവി വിശ്വസിക്കുന്നു. 'എന്നെ സംബന്ധിച്ച് ഡോക്ടര്‍ ഒരു സുഹൃത്തിനെപ്പോലെയാണ്.ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്‌നങ്ങള്‍ ഇക്കാലയളവില്‍ പലപ്പോഴായി നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഷുഗര്‍ കൂടും. കൗണ്‍സലിങ് ഉള്‍പ്പടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കൂടെനില്‍ക്കുന്നത് ഡോക്ടറാണ്'.

പാതിയില്‍ നിര്‍ത്തല്ലേ

പ്രമേഹചികിത്സ ഗൗരവമായി കാണണമെന്നാണ് ശ്യാമളദേവിക്ക് നല്‍കാനുള്ള ഉപദേശം. 'എനിക്കറിയാവുന്ന ഒരുപാട് പ്രമേഹരോഗികളുണ്ട്. ചിലര്‍ക്കെല്ലാം സ്വന്തം അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായി. ചികിത്സ പാതിവഴിയില്‍ നിര്‍ത്തിയതായിരുന്നു കാരണം. പരിശോധനയും മരുന്നും ചികിത്സയുമെല്ലാം വലിയ ഭാരമാണെന്നാണ് പലരും പറയുന്നത്. ചിലര്‍ ചികിത്സ ഇടയ്ക്കുവെച്ച് നിര്‍ത്തും. മറ്റുചിലര്‍ ചികിത്സിക്കുന്നവരെ ഒഴിവാക്കി വേറെ ഡോക്ടര്‍മാരെ പോയികാണും.  എന്നാല്‍ ഇതെല്ലാം ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കില്ല. ചികിത്സയുമായി ബന്ധപ്പെട്ട് പലരും എന്നോട് ഉപദേശം തേടാറുണ്ട്. ചികിത്സിക്കുന്ന ഡോക്ടറെ വിശ്വസിക്കുക, മരുന്നുകള്‍ മുടക്കാതിരിക്കുക, ചിട്ടയായ ജീവിതശൈലി പിന്തുടരുക. ഇതാണ് അവരോട് എനിക്ക് പറയാനുള്ളത്''. 

രോഗത്തെ കുറ്റംപറഞ്ഞ് ചടഞ്ഞുകൂടിയിരിക്കാനുള്ളതല്ല ജീവിതസായന്തനം എന്ന് എന്ന് തെളിയിക്കുകയാണ് ശ്യാമളാദേവി. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന ജനനി ആര്‍ട്‌സ് ക്ലബ്ബ് ആന്റ് ലൈബ്രറിയുടെ വൈസ് പ്രസിഡന്റാണ് അവര്‍. ബാലവേദിയുമായി ബന്ധപ്പെട്ട് കുട്ടികളോടൊപ്പവും പ്രവര്‍ത്തിക്കുന്നു, ആസ്വാദനക്കുറിപ്പുകള്‍ എഴുതുന്നു, വീട്ടുകാര്യങ്ങള്‍ നോക്കുന്നു, മക്കളുടെയും കൊച്ചുമകന്റെയും കാര്യങ്ങള്‍ നോക്കി ഓരോ ദിവസവും അവര്‍ ഊര്‍ജസ്വലമാക്കിത്തീര്‍ക്കുന്നു. പ്രമേഹ നിയന്ത്രണവും പ്രതിരോധവും ഒരേസമയം നടക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ശ്യാമളാദേവിയുടെ കുടുംബം.

"അമ്മയ്ക്ക് പ്രമേഹമായതുകൊണ്ടുതന്നെ ബേക്കറിസാധനങ്ങള്‍ കിട്ടില്ലെന്നതായിരുന്നു ചെറുപ്പകാലത്തെ പ്രധാന പ്രശ്‌നം. മുതിര്‍ന്നതോടെ രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലായി. മരുന്നുകളെക്കുറിച്ചും ചികിത്സ തുടരേണ്ടതിനെക്കുറിച്ചുമെല്ലാം അമ്മയോട് പറയാറുണ്ട്. പ്രമേഹത്തിന്റെ പാരമ്പര്യസ്വഭാവം അറിയുന്നതുകൊണ്ടുതന്നെ ഭക്ഷണത്തിലും ജീവിതശൈലിയിലും ഞാന്‍ മാറ്റംവരുത്താന്‍ തുടങ്ങിയിട്ടുണ്ട്." -  രാംകുമാര്‍ (മകന്‍)

"പ്രമേഹവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് വലിയ ചെലവുണ്ട്. എങ്കിലും ഇതുവരെ മുടക്കിയിട്ടില്ല. ഇന്‍സുലിന്‍ എടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാറുണ്ട്. എപ്പോഴും ആക്ടീവായിരിക്കാനാണ് പറയാറുള്ളത്. രോഗത്തെക്കുറിച്ചോര്‍ത്ത് ടെന്‍ഷനടിക്കാന്‍ അവസരം നല്‍കിയിട്ടില്ല''- കേശവന്‍കുട്ടി നായര്‍(ഭര്‍ത്താവ്)

തയ്യാറാക്കിയത്
പി.വി. സുരാജ്

arogyam

 

    പുതിയലക്കം ആരോഗ്യമാസിക ഓണ്‍ലൈനില്‍ വാങ്ങിക്കാം

 

     ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

content highlights: diabetes survivor