ഡോക്ടറും രോ​ഗിയും തമ്മിലുള്ള സംഭാഷണങ്ങൾ ചികിത്സയിൽ വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടറുടെ നിർദേശങ്ങൾ രോ​ഗി കൃത്യമായി പാലിക്കുന്നുണ്ടോ എന്നും ചികിത്സാപുരോ​ഗതി എങ്ങനെയുണ്ടെന്നുമെല്ലാം ഇതുവഴി വിലയിരുത്താം. 

ഡോക്ടർ: ഷുഗർ ടെസ്റ്റ് ചെയ്തോ ?
രോഗി: ചെയ്തു
ഡോക്ടർ: എത്രയുണ്ട് ?
രോഗി: കുറവാ ഡോക്ടറേ. 300  ഉള്ളൂ.
ഡോക്ടർ: ഇത് കൂടുതലല്ലേ ?
രോഗി: സാധാരണ 400 ഒക്കെയാണ്. ഇതു കുറവാണ്
ഡോക്ടർ: മരുന്ന് ശരിക്കും കഴിക്കുന്നുണ്ടോ ??
രോഗി: ഡോക്ടർ പറഞ്ഞത് രാവിലെയും രാത്രിയും ഓരോന്ന് കഴിക്കാനാണ്. ഞാൻ രാവിലെ മാത്രമേ കഴിക്കുള്ളൂ. രണ്ടുനേരം കഴിച്ചാൽ ഭയങ്കര ക്ഷീണമാണ്.
ഡോക്ടർ: ഇൻസുലിൻ എടുക്കുന്നുണ്ടോ ?
രോഗി: ഉണ്ട്. 20-x-10 ആണ്. ഞാൻ രാവിലെ 15 എടുക്കും. രാത്രി എടുത്താൽ ക്ഷീണമാണ്. അപ്പൊ നിർത്തി അത്.

സ്ഥിരമായി കൺസൾട്ടേഷൻ റൂമിൽ സംഭവിക്കുന്ന ഒരു സംഭാഷണമാണിത്.

'ക്ഷീണം' ഒട്ടുമിക്ക പ്രമേഹ രോഗികളും അനുഭവിക്കുന്ന ഒരു ലക്ഷണമാണ്. എന്നാൽ പലരും തെറ്റിദ്ധരിക്കുന്ന ഒരു ലക്ഷണം കൂടിയാണ്. ശരീരത്തിന്റെ ഷുഗർ നില കുറഞ്ഞാൽ അനുഭവപ്പെടുന്ന ലക്ഷണമാണ് ക്ഷീണം എന്നാണ് എല്ലാരും കരുതുന്നത് . എന്നാൽ ക്ഷീണം ഷുഗർ കൂടിയാലും കുറഞ്ഞാലും അനുഭവപ്പെടും. ഒരു രോഗിക്ക് പ്രമേഹം എന്ന അസുഖം ഉണ്ടാവുന്നതിനും സ്ഥിരീകരിക്കപ്പെടുന്നതിനും മുൻപ് മുതൽ അനുഭവപ്പെടുന്ന ഒരു ലക്ഷണമാണ് അമിതമായ ക്ഷീണം. പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളിൽ ഒന്ന്. അമിതമായ വിശപ്പ്, ദാഹം, ചെറിയ ജോലികൾ ചെയ്താൽ പോലും ഉണ്ടാകുന്ന അമിതമായ ക്ഷീണം ഒക്കെ ലക്ഷണങ്ങളാണ്. ക്ഷീണം എന്നത് ഷുഗർ കുറഞ്ഞാലും ഉണ്ടാവുന്ന ലക്ഷണമാണ്. എന്നാൽ ഷുഗർ മരുന്ന് കഴിക്കാതെ ഇരിക്കാനുള്ള കാരണം അല്ല. അതിനാൽ ക്ഷീണം ഉണ്ടായാൽ ചെയ്യേണ്ടത് ഇതാണ്.

(1) ഗ്ലൂക്കോമീറ്റർ വീട്ടിൽ ഉള്ളവരാണെങ്കിൽ ഷുഗർ ടെസ്റ്റ് ചെയ്തു നോക്കുക.
(2) മറ്റ് അസുഖങ്ങൾ ഉള്ള സമയമല്ല എന്ന് ഉറപ്പു വരുത്തുക.
(3) ശരീരത്തിൽ പഴുപ്പുള്ള മുറിവുകൾ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക.
(4) ഡോക്ടർ നിർദേശിച്ച പ്രകാരമാണോ മരുന്ന് കഴിച്ചത് എന്ന് ഉറപ്പു വരുത്തുക.
(5) സാധാരണ ഉള്ളതിലും അധികം ക്ഷീണം ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക.
ഇത്രയും ചെയ്യേണ്ടതിന്റെ കാരണം ഇതാണ്. 
(1)കരൾരോഗം, വൃക്ക സംബന്ധമായ അസുഖം എന്നിവ ഉള്ളവർക്ക് ഷുഗർ കുറയാനുള്ള സാധ്യത ഉണ്ട്.
(2) ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉള്ളവരിൽ ഷുഗർ കുറയാനും കൂടാനും സാധ്യതയുണ്ട്
(3) ചില അസുഖത്തിനുള്ള മരുന്നുകൾ ഷുഗറിന്റെ അളവിൽ വ്യത്യാസം വരുത്തിയേക്കാം. ഉദാഹരണത്തിന് സ്റ്റിറോയിഡ് മരുന്നുകൾ ഷുഗറിന്റെ അളവ് കൂട്ടുന്നു.

ഇത്രയേ ഉള്ളൂ. " ക്ഷീണം" മരുന്നു നിർത്താനോ ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കാതിരിക്കാനോ ഉള്ള ഒരു കാരണമല്ല.

(പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ആണ് ലേഖിക)

Content Highlights: Diabetes and Fatigue everything you need to know, Health, Diabetes