പ്രശസ്തിയുടെ കൊടുമുടിയിലും കായിക താരങ്ങൾക്ക് വിഷാദം; ഇത് എങ്ങനെ പരിഹരിക്കാം?


അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടുന്ന കായികതാരങ്ങൾ കടുത്ത മാനസിക സംഘർഷമാണ് ഓരോ ഘട്ടത്തിലും അനുഭവിക്കുന്നത്

Photo: AFP

കടുത്ത മാനസിക സമ്മർ​ദത്തെത്തുടർന്ന് ടോക്യോ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ഫെെനലിൽ നിന്ന് അമേരിക്കൻ താരം സിമോൺ ബെൽസ് പിൻമാറിയെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മാനസികാരോ​ഗ്യത്തിന് മുൻ​ഗണന നൽകുന്നതിനായി ഇം​ഗ്ലീഷ് ക്രിക്കറ്റ് താരമായ ബെൻസ്റ്റോക്സും കുറച്ചുനാൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ പ്രശസ്തരായ കായിക താരങ്ങൾ എങ്ങനെ മാനസിക സമ്മർദത്തിന് അടിമകളാകുന്നുവെന്നും അത് പരിഹരിക്കാൻ മനശ്ശാസ്ത്രജ്ഞർക്ക് എന്തൊക്കെ ചെയ്യാമെന്നും വിശദീകരിക്കുകയാണ് തിരുവനന്തപുരം ​ഗവ. മെഡിക്കൽ കോളേജിലെ സെെക്യാട്രി വിഭാ​ഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി.നായർ

മേരിക്കയുടെ ജിംനാസ്റ്റിക് താരമായ സിമോൺ ബെൽസ് ടോക്യോ ഒളിമ്പിക്സിൽ ഫെെനലിന് മുൻപായി മാനസിക സമ്മർദം താങ്ങാനാവാതെ മത്സരത്തിൽ നിന്ന് പിൻമാറിയത് ഇപ്പോൾ വലിയ വാർത്തയാണ്. മുൻ ഒളിമ്പിക്സിൽ നാല് സ്വർണമെഡലുകൾ നേടിയ ബെൽസ് നല്ല വിജയസാധ്യതയുണ്ടായിട്ടും മാനസിക സമ്മർദം മൂലം പിൻമാറിയത് ആരാധകരെ ഞെട്ടിച്ചു. ബെൽസിന്റെ അഭാവത്തിൽ അമേരിക്കയെ പിന്തള്ളി റഷ്യ സ്വർണം നേടുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കായിക താരങ്ങളിലെ മാനസിക സമ്മർദത്തെക്കുറിച്ചുള്ള ചർച്ചകൾ വലിയതോതിൽ വാർത്തയായത്.

കായിക താരങ്ങൾക്ക് മാനസിക സമ്മർദം ഉണ്ടാകുമോ? ഇത് ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? മാനസിക സമ്മർദം ഉണ്ടാകാതെ ഇവരെ പരിശീലിപ്പിക്കാൻ മനശ്ശാസ്ത്രജ്ഞർക്ക് സാധിക്കുമോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലഭാ​ഗങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്.

അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടുന്ന കായികതാരങ്ങൾ കടുത്ത മാനസിക സംഘർഷമാണ് ഓരോ ഘട്ടത്തിലും അനുഭവിക്കുന്നത്. പ്രത്യേകിച്ച് ഒരു വലിയ വിഭാ​ഗം ജനതയുടെ പ്രതീക്ഷകളുടെ ഭാരം പേറിയാണ് ഓരോ താരവും ഒളിമ്പിക്സ് വേദിയിലേക്കെത്തുന്നത്.

Simone Biles
സിമോൺ ബെെൽസ്| ഫോട്ടോ: എ.പി.

മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവരിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ടും ഇവരുടെ കഴിവിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും ധാരാളം ആളുകൾ നടത്തുന്ന പ്രതികരണങ്ങൾ ഇന്ന് അവരിലേക്കെത്താൻ സാധ്യതയുണ്ട്. ലോകത്തിന്റെ ഏതുഭാ​ഗത്തിരുന്നും ഒരു മൊബെെൽഫോണിലൂടെ സാമൂഹിക മാധ്യമങ്ങൾ വഴിയും മുഖ്യധാരാ മാധ്യമങ്ങൾ വഴിയും പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഓരോ വ്യക്തിയ്ക്കും സാധിക്കും എന്നത് കായികതാരങ്ങൾക്കും ബാധകമാണ്. എത്രമാത്രം പ്രതീക്ഷയാണ് അവരുടെ മേൽ അവരുടെ രാഷ്ട്രം വെച്ചുപുലർത്തുന്നത് എന്ന് ഓരോ നിമിഷവും അറിയാൻ ഈ മാധ്യമങ്ങളുടെ സ്വാധീനം അവരെ സഹായിക്കുന്നു. ഒരു തരത്തിൽ ഇത് പ്രോത്സാഹനമാണെന്ന് കരുതാമെങ്കിലും മറ്റൊരു വശത്ത് നിന്ന് ചിന്തിക്കുമ്പോൾ ഇത് വളരെ കടുത്ത ഒരു മാനസിക സമ്മർദമാണ് ഇവർക്ക് നൽകുന്നത്.

കായികവേദിയിൽ മനശ്ശാസ്ത്രത്തിന്റെ പ്രയോ​ഗം കാലാകാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. ക്രിക്കറ്റ് പോലെയുള്ള​ ​ഗ്രൂപ്പ് കായിക മത്സരങ്ങളിൽ മാനസിക ആരോ​ഗ്യത്തിന്റെ പ്രയോ​ഗം വളരെ ശക്തമായി കാലങ്ങളായി നടത്തപ്പെട്ടു വരുന്നു. ഓസ്ട്രേലിയൻ ടീമിന്റെയും മറ്റും അം​ഗങ്ങൾ എതിർ ടീമിൽപ്പെട്ട താരങ്ങളെ മാനസികമായി തളർത്താൻ വേണ്ടി ശരീരഭാഷയും സംസാരവും അടക്കമുള്ള ആയുധങ്ങൾ നിരന്തരം ഉപയോ​ഗിച്ചിരുന്നു. 1980 കളിലെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ പേസ് ബോളർമാർ മറുവശത്തുള്ള ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബൗൾ ചെയ്തുകൊണ്ട് അവരെ മാനസികമായി തളർത്താൻ ശ്രമിച്ചിരുന്നതും ക്രിക്കറ്റ് പ്രേമികൾക്ക് വളരെയധികം പരിചയമുള്ളതാണ്. വ്യക്ത​ഗത ഇനങ്ങളിൽ ഈ മാനസിക സംഘർഷം എല്ലാ പരിധികളും ലംഘിച്ചുപോകുന്ന അവസ്ഥയുണ്ട്. ഒരു പക്ഷേ, വിവരസാങ്കേതികവിദ്യയുടെ മുൻപുള്ള കാലത്ത് മാധ്യമങ്ങളിലൂടെ സംഭവിക്കുന്ന കാര്യങ്ങൾ അറിയാൻ കാത്തിരിക്കേണ്ട് ഒരു സാഹചര്യം എല്ലാവർക്കും ഉണ്ടായിരുന്നു. സ്വാഭാവികമായും ആ കാലഘട്ടത്തിലെ കായികതാരങ്ങൾക്ക് അവരുടെ കായിക മേഖല ആസ്വദിക്കാനും അതിൽ പൂർണമായി മനസ്സ് കേന്ദ്രീകരിക്കാനും കൂടുതലായി സാധിച്ചിരുന്നു.

എന്നാൽ ഇന്നത്തെ കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം മൊബെെൽഫോണുകളിലൂടെയും മറ്റും സംഭവിക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ തന്നെ അറിയാൻ സാധിക്കുന്നുണ്ട്. അതിനാൽ തന്നെ അവരുടെ മേഖലയിൽ അവ ആസ്വദിക്കാൻ കായികതാരങ്ങൾക്ക് കഴിയാതെ പോകുന്ന അവസ്ഥയുണ്ടാകുന്നു. ഏത് കായിക രൂപമാണോ അവർ ചെയ്യുന്നത് അത് പൂർണമായും ആസ്വദിച്ചാൽ മാത്രമേ അവർക്ക് അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കൂ. പക്ഷേ പ്രതീക്ഷകളുടെ ഭാരം അവരെ ആ ശ്രദ്ധയിൽ നിന്ന് അകറ്റാൻ ഇടയാക്കുകയും അത് ആസ്വദിക്കാൻ സാധിക്കാത്ത അവസ്ഥയിലാക്കുകയും ചെയ്യും. ഇതുമൂലം കടുത്ത മാനസിക സംഘർഷം ഉണ്ടാകാനും അത് അവരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കാനുമുള്ള സാധ്യത കൂടുതലാണ്.

simone
Photo: AP

ഈ സാഹചര്യത്തിലാണ് സ്പോർട്സ് സെെക്കോളജി അഥവാ കായിക മനശ്ശാസ്ത്ര ശാഖയ്ക്ക് പ്രസക്തിയേറുന്നത്. 1920 കൾ മുതൽ ഈയൊരു മനശ്ശാസ്ത്ര ശാഖ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും 1930 കൾക്ക് ശേഷം പതിറ്റാണ്ടുകളോളം ഇത് നിർജ്ജീവാവസ്ഥയിലായിരുന്നു. തുടർന്ന് 1960 കളുടെ മധ്യത്തിലാണ് കായിക മനശ്ശാസ്ത്രവും അനുബന്ധ വിഷയങ്ങളും കൂടുതൽ ശക്തി പ്രാപിച്ചത്.

കായിക മനശ്ശാസ്ത്രജ്ഞർ പ്രത്യേകമായും ശ്രദ്ധിക്കുന്ന ഏതാനും മേഖലകൾ ഉണ്ട്. കായികതാരങ്ങളുടെ മാനസിക നില മെച്ചപ്പെടുത്താനും അവരുടെ ഏകാ​ഗ്രത വർധിപ്പിക്കാനും അതുവഴി അവരുടെ പ്രകടനം മെച്ചപ്പെടുത്താനും സഹായിക്കുക എന്നതാണ് കായിക മനശ്ശാസ്ത്രജ്ഞരുടെ ചുമതല. പ്രധാനമായും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ ഇതൊക്കെയാണ്.

1) കായികതാരങ്ങളുടെ ശ്രദ്ധയും ഏകാ​ഗ്രതയും മെച്ചപ്പെടുത്തുക

പലപ്പോഴും ഒരു കായിക താരത്തിന് ശ്രദ്ധ പതറിപ്പോകുന്ന പല സാഹചര്യങ്ങളും നേരിടേണ്ടി വരും. ​​ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ കാണികളുടെ ആർപ്പുവിളികൾ അവരുടെ ശ്രദ്ധതിരിക്കാൻ കാരണമായേക്കും. ഒരുപക്ഷേ, സ്വന്തം രാജ്യത്തിലെ ആളുകളുടെ പ്രതീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുന്നത് അവരുടെ മനസ്സിനെ അല്പം വ്യതിചലിപ്പിക്കാൻ സാധ്യതയുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള, ശ്രദ്ധ പതറിപ്പോകാൻ സാധ്യതയുള്ള സാഹചര്യങ്ങളെല്ലാം മാറി പൂർണശ്രദ്ധയോടെ കായികമേഖലയിൽ കേന്ദ്രീകരിക്കാനുള്ള പരിശീലനമാണ് കായികമനശ്ശാസ്ത്രജ്ഞർ കായികതാരങ്ങൾക്ക് നൽകുന്നത്. ദീർഘശ്വസന വ്യായാമങ്ങൾ, മനോനിറവ് പരിശീലനങ്ങൾ പോലെ ശ്രദ്ധ കൂട്ടാനുള്ള തന്ത്രങ്ങൾ, ശാരീരിക ലക്ഷണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് കൃത്യമായി ഏത് സമയത്ത് ഏത് തരത്തിലുള്ള കായികപ്രവർത്തനം നടത്തണം എന്ന തിരിച്ചറിവിലേക്ക് എത്താൻ സഹായിക്കുക തുടങ്ങിയവയൊക്കെ കായിക മനശ്ശാസ്ത്രജ്ഞർക്ക് ശ്രദ്ധ പതിപ്പിക്കാനുള്ള അവസരങ്ങളാണ്.

2) കായിക താരങ്ങൾക്ക് ലക്ഷ്യം നിശ്ചയിക്കാനും ആ ലക്ഷ്യം ദൃശ്യവത്ക്കരിച്ച് തികഞ്ഞ ഏകാ​ഗ്രതയോടെ മുന്നോട്ട് പോകാനും അവരെ പരിശീലിപ്പിക്കുക

വളരെ പ്രതീക്ഷയോടെ പങ്കെടുക്കുന്ന ഏതെങ്കിലുമൊരു കായികമത്സരത്തിൽ, അത് ഒളിമ്പിക്സ് ആകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രധാന മത്സരമാകാം, അതിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും നിരന്തരം ദൃശ്യവത്ക്കരിക്കുക എന്നത് വളരെ സഹായകരമാണ്. മാനസികമായ എല്ലാ തളർച്ചകളും മാറ്റി നിരന്തരം വിജയത്തിന്റെ രം​ഗത്തെയും കഠിനാധ്വാനത്തിന്റെ മുഹൂർത്തങ്ങളെയും ദൃശ്യവത്ക്കരിച്ച് ആ അവസ്ഥയിലേക്കെത്തിച്ചേരാൻ കായികതാരത്തിനെ സഹായിക്കുകയാണ് ഇതുവഴി കായിക മനശ്ശാസ്ത്രജ്ഞർ ചെയ്യുന്നത്.

medalist
Photo: AP

എന്താണോ നിങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുന്നത് അത് മനസ്സിൽ സങ്കൽപിച്ച് ആവർത്തിച്ച് ദൃശ്യവത്ക്കരിച്ച് അതിന്റെ രം​ഗങ്ങൾ വീണ്ടും വീണ്ടും മനസ്സിൽ കണ്ട് അതുമായി ബന്ധപ്പെട്ട വെെകാരിക അവസ്ഥയിലേക്ക് മനസ്സിനെ കൊണ്ടുപോവുകയാണ് ആദ്യം വേണ്ടത്. തുടർന്ന് അതിന് ആവശ്യമായ പരിശീലനങ്ങളിലേക്ക് പൂർണശ്രദ്ധയോടെ കേന്ദ്രീകരിക്കാനും അത് നേടുന്നതു വരെ കഠിനമായി അധ്വാനിക്കാനുമുള്ള ഒരു മനസ്ഥിതിയിലേക്ക് കായികതാരത്തെ എത്തിക്കുന്നു. ഇതുവഴി മത്സരത്തിന്റെ സമയത്ത് അധികം മാനസിക സമ്മർദം ഇല്ലാതെ അനായാസം ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരത്തിൽ പങ്കെടുക്കാനും വിജയിക്കാനും താരങ്ങൾക്ക് സാധിക്കുകയും ചെയ്യും.

3) പ്രചോദനവും സംഘം ചേർന്നുള്ള പ്രവർത്തനങ്ങളും

പലപ്പോഴും ടീം മത്സരങ്ങളിലും മറ്റും പരസ്പരമുള്ള സഹകരണത്തിന് വലിയ പ്രസക്തിയുണ്ട്. അതിന് വേണ്ടി ഉള്ളിൽ നിന്ന് ആന്തരിക പ്രചോദനങ്ങൾ കണ്ടെത്താൻ ബാഹ്യമായ പ്രചോദനങ്ങൾ കണ്ടെത്താനും കായിക താരങ്ങളെ മനശ്ശാസ്ത്രജ്ഞർ പരിശീലിപ്പിക്കും. സമ്മാനം, പേര്, പ്രശസ്തി, അനുബന്ധമായി ലഭിക്കാൻ പോകുന്ന സമ്പത്തുകൾ, വലിയ അം​ഗീകാരങ്ങൾ എന്നിവയൊക്കെ ബാഹ്യ പ്രച്ഛോദനങ്ങളാണെങ്കിൽ ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുമ്പോൾ കിട്ടുന്ന ആത്മനിർവൃതിയായിരിക്കും ഏറ്റവും പ്രധാനപ്പെട്ട ആന്തരിക പ്രചോദനം. ഇവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് അതുവഴി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് മനശ്ശാസ്ത്രജ്ഞർ കായിക താരങ്ങളെ ഉത്തേജിപ്പിക്കുന്നത്. അതോടൊപ്പം ടീം മത്സരങ്ങളിലെല്ലാം പരസ്പര സഹകരണത്തോടെയുള്ള ടീം ബിൽഡിങ്ങിനുമൊക്കെ വലിയ പ്രസക്തിയുണ്ട്. അവനവന്റെ പരിമിതികൾ മനസ്സിലാക്കുന്നതിനൊപ്പം ടീം അം​ഗങ്ങളുടെ പരിമിതകളും മനസ്സിലാക്കി എല്ലാവരുടെയും സ്വഭാവത്തിന്റെ സവിശേഷതകൾ മനസ്സിലാക്കി പരസ്പര പൂരകമായ രീതിയിൽ സഹകരിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു ടീമിനെ വാർത്തെടുക്കുക എന്നതാണ് ഇവിടെ വേണ്ടത്. ഇതിനും നിരന്തരമായ പ്രവർത്തനങ്ങളും പരിശീലനങ്ങളും ആവശ്യമാണ്.

4) കായികതാരങ്ങളുടെ ഉത്കണ്ഠ കുറയ്ക്കുക

പലപ്പോഴും നിരന്തരമായി മത്സരങ്ങളിൽ പങ്കെടുക്കുകയും ദീർഘകാല പരിശീലനം ചെയ്യുകയും ചെയ്യുന്ന കായികതാരങ്ങൾക്ക് ഒരു എരിഞ്ഞടങ്ങൽ (Burn out) എന്ന ഒരു അവസ്ഥയുണ്ടാകാം. ഒരു ഘട്ടം കഴിയുമ്പോൾ, ഇനി മത്സരത്തിൽ പങ്കെടുക്കാൻ വയ്യ, തളർന്നു, ക്ഷീണിച്ചു എന്ന മാനസിക നിലയിലേക്ക് കായിക താരങ്ങൾ എത്താറുണ്ട്. ഒരു പക്ഷേ, വിജയിക്കുമോ പരാജയപ്പെടുമോ മുൻപോട്ടു പോകുമോ എന്ന ആകുലത അവരുടെ മനസ്സിൽ ആശങ്കയുടെ വിത്ത് വിതച്ചേക്കാം. ഇതുമൂലം മത്സരത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞ് മാറാൻ അവർ ശ്രമിച്ചേക്കാം. അവരുടെ ആത്മവിശ്വാസം തകർന്നുപോയേക്കാം. അതോടൊപ്പം തന്നെ മത്സരത്തിൽ പങ്കെടുക്കാൻ വരുന്ന സമയത്ത് അമിത ഉത്കണ്ഠയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ അവർക്ക് ഉണ്ടാകാം.

അമിതമായ നെഞ്ചിടിപ്പ്, കണ്ണിൽ ഇരുട്ട് കയറുക, വയറിൽ എരിച്ചിൽ അനുഭവപ്പെടുക, കെെകാലുകൾ വിറയൽ അനുഭവപ്പെടുക, വിരൽത്തുമ്പുകൾ തണുക്കുക, അമിതമായി വിയർക്കുക എന്നിവ അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇത് എല്ലാം തന്നെ ആ കായിക താരത്തിന്റെ പ്രകടനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിരന്തരമായ പരിശീലനങ്ങൾ വഴി ഉത്കണ്ഠയുടെ തോത് കുറച്ചുകൊണ്ട് വരാൻ മനശ്ശാസ്ത്രജ്ഞർക്ക് സാധിക്കും. റിലാക്സേഷൻ വ്യായാമങ്ങൾ, ദീർഘശ്വാസ പോലുള്ള ശ്വസനരീതികൾ, ധ്യാനരീതികൾ, മനോനിറവ് പരിശീലനങ്ങൾ എന്നിവയൊക്കെ ഇതിന് സഹായിക്കുന്നതാണ്.

നിരന്തരമായ അധ്വാനം വഴി മാനസികമായ തളർച്ച അനുഭവപ്പെടാതിരിക്കാൻ കായികതാരങ്ങൾക്ക് ഇടയ്ക്ക് കൃത്യമായ വിനോദങ്ങളിൽ ഏർപ്പെടാനും അതുവഴി അവരുടെ മാനസികമായ സ്വസ്ഥത വീണ്ടെടുക്കാനും മനശ്ശാസ്ത്രജ്ഞർക്ക് പരിശീലിപ്പിക്കാനാകും

തയ്യാറാക്കിയത്:
അനു സോളമൻ

Content Highlights: Depression in Athletes, causes and treatments, Health, Tokyo 2020, Mental Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented