ദുരന്തമുഖത്തും അതിനു ശേഷവും ആളുകള്‍ക്ക് മാനസികാഘാതം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാധാരണയായി ദുരന്തത്തിന് ശേഷം കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്: ഉറക്കമില്ലായ്മ, വിട്ടുമാറാത്ത ദേഷ്യം, തലവേദന, കടുത്ത കുറ്റബോധം, നിരാശ, സംസാരം തീരെ കുറയുക, കരച്ചില്‍, ഭക്ഷണത്തോട് താത്പര്യമില്ലാതാവുക, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുക, അകാരണമായ ഭയം, ആത്മഹത്യാചിന്തകള്‍.

ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യമായ ഇടപെടലോടെ പരിഹരിക്കണം. ദുരന്തമുഖത്ത് സന്നദ്ധസേവനങ്ങള്‍ ചെയ്യുന്നവര്‍ സ്വന്തം മാനസികാരോഗ്യവും ശ്രദ്ധിക്കണം. ഇംഹാന്‍സും കോഴിക്കോട് മെഡിക്കല്‍ കോളേജും ചേര്‍ന്ന് ഹൈല്‍പ് ലൈന്‍ തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 8884426444. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ സേവനം ലഭ്യമാണ്.

പരിഹാര മാര്‍ഗങ്ങള്‍

* നേരിട്ട അനുഭവങ്ങള്‍ മറ്റുള്ളവരോട് തുറന്നു സംസാരിക്കുന്നതിനും പങ്കുവെക്കുന്നതിനും അവസരങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തണം

* നിലവില്‍ മാനോരോഗ ചികിത്സയില്‍ ഉള്ളവര്‍ മരുന്നുകള്‍ മുടങ്ങാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ കഴിയുന്നതും വേഗം വിദഗ്ധരുടെ ഉപദേശം തേടി ചികിത്സ പുനരാരംഭിക്കണം

* മുമ്പ് മാനസിക പ്രശ്‌നങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ ഇടയുണ്ട്. ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്താനും ചികിത്സ പുനരാരംഭിക്കുകയും ചെയ്യാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കണം.

* ശരിയായ ഉറക്കം കിട്ടുന്നെന്ന് ഉറപ്പു വരുത്തണം.

* ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കഴിവതും കൃത്യമായ സമയക്രമം പാലിക്കണം

* കുട്ടികള്‍ ദുരന്തത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണെങ്കില്‍ അവരെ പറയാന്‍ അനുവദിക്കുകയും ക്ഷമാപൂര്‍വം കേള്‍ക്കുകയും വേണം

* ആത്മീയ, സാമൂഹിക കൂട്ടായ്മകളില്‍ പങ്കാളികളാവുക

* പ്രതീക്ഷ കൈവിടാതിരിക്കുക, അതിജീവനം ദുഷ്‌കരമാണെങ്കിലും അസാധ്യമല്ല എന്ന് തിരിച്ചറിയുകയും ഒത്തൊരുമയോടെ പ്രയത്‌നിക്കുകയും ചെയ്യുക.

- കുര്യന്‍ ജോസ്

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഇംഹാന്‍സ്

Content Highlights: depression and mental stroke after flood