Representative Image | Photo: Gettyimages.in
ഭക്ഷണം ചവച്ചരയ്ച്ചു കഴിക്കുന്നതിനും ശരിയായ ഉച്ചാരണത്തിനും വ്യക്തിയുടെ സൗന്ദര്യത്തിനും ആത്മവിശ്വാസത്തിനും പല്ലുകൾ അത്യാവശ്യമാണ്. പല്ലുകൾ നഷ്ടപ്പെടുന്നത് ദഹനപ്രക്രിയയേയും വ്യക്തിയുടെ ആത്മാഭിമാനത്തേയും സാരമായി ബാധിക്കുന്നു. പല്ലുകൾ ചുണ്ടുകളുമായും നാവുമായും സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പല വാക്കുകളും ശബ്ദങ്ങളും ഉച്ചരിക്കുവാൻ സാധിക്കുന്നത് ആയതിനാൽ നഷ്ട്ടപ്പെട്ട പല്ലുകൾ പുന:സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ് പല്ലുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഭാഗികമായതോ പൂർണ്ണമായതോ ആയി തരംതിരിക്കാം.
പല്ലുകൾ നഷ്ടപ്പെടാൻ പല കാരണങ്ങളുണ്ട്. ജന്മനാ ഉള്ള വൈകല്യങ്ങൾ പല്ലിന്റെ കേട്, മോണരോഗങ്ങൾ, ഏതെങ്കിലും വിധത്തിലുള്ള അണുബാധ എന്നിവ ഇവയിൽ ചിലതാണ്
നഷ്ടപ്പെട്ട പല്ലുകൾ പുന:സ്ഥാപിക്കുന്നതിന് വിവിധതരം ചികിത്സകൾ ലഭ്യമാണ്
1. നീക്കം ചെയ്യാവുന്ന ഭാഗികമായ കൃത്രിമ പല്ലുകൾ
2. സ്ഥിരമായ കൃത്രിമ പല്ലുകൾ
3. ഡെന്റൽ ഇംപ്ലാന്റുകൾ
നീക്കം ചെയ്യാവുന്ന ഭാഗികദന്തങ്ങൾ
ലോഹ അക്രിലിക്ക് ഭാഗങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത് . പേര് സൂചിപ്പിക്കുന്നതു പോലെ ഇത്തരത്തിലുള്ള പല്ലുകൾ നീക്കം ചെയ്യാവുന്നതാണ്. പല്ലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലോഹ കൊളുത്തുകൾ ഉപയോഗിച്ചാണ് ഇത്തരം ഭാഗിക പല്ലുകൾ വായിൽ നിലനിർത്തുന്നത്. ഇത്തരം പല്ലുസെറ്റുകൾ പകൽ സമയത്ത് ഒന്നിലധികം തവണ നീക്കം ചെയ്ത് വൃത്തിയാക്കുകയും രാത്രിയിൽ പൂർണ്ണമായും അഴിച്ചു മാറ്റേണ്ടതുമാണ്. പല്ലുകളുടേയും താടിയെല്ലുകളുടേയും വളർച്ചയും വികാസവും പൂർത്തിയാകാത്ത അവസ്ഥയിലും ഒരേസമയം കുറേയേറെ പല്ലുകൾ പുന:സ്ഥാപിക്കുന്ന അവസ്ഥയിലും സാധാരണയായി ഇത്തരം ചികിത്സകൾ ശുപാർശ ചെയ്യപ്പെടുന്നു.
സ്ഥിരമായ കൃത്രിമ പല്ലുകൾ - ഫിക്സ്ഡ് ഭാഗികദന്ത/ബ്രിഡ്ജ്
കുറച്ചു പല്ലുകൾ മാത്രം പുന:സ്ഥാപിക്കേണ്ട അവസ്ഥകളിൽ ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ്. നഷ്ടപ്പെട്ട പല്ലുകൾക്കടുത്തുള്ള പല്ലുകളുടെ വലിപ്പം കുറയ്ക്കുകയും നഷ്ടപ്പെട്ട പല്ലുകൾ അടങ്ങുന്ന സ്ഥിര ദന്തങ്ങൾ ഇത്തരം പല്ലുകളിലേക്ക് ഉറപ്പിക്കുകയും ചെയ്യുന്നു. രോഗികളുടെ സൗന്ദര്യാത്മക ആവശ്യങ്ങൾ, ചികിത്സാചിലവ് എന്നിവയ്ക്ക് അനുസൃതമായി പോളിമർ, ലോഹം, മെറ്റൽ സെറാമിക്ക്, ആൾ സെറാമിക്ക് എന്നിവ ഉപയോഗിച്ച് ഫിക്സഡ് കൃത്രിമ ദന്തങ്ങൾ നിർമ്മിക്കാവുന്നതാണ്.
ഡെന്റൽ ഇംപ്ലാന്റുകൾ
നിലവിൽ ലഭ്യമായ ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് ഡെന്റൽ ഇംപ്ലാന്റുകൾ. പല്ലിന്റെ വേരിന്റെ ആകൃതിയിലുള്ള, ശരീരത്തിന് അനുയോജ്യമായ വസ്തുക്കളാൽ നിമ്മിതമായ ദന്തൽ ഇംപ്ലാന്റുകൾ നഷ്ട്ടപ്പെട്ട പല്ലിന്റെ ഭാഗത്തുള്ള അസ്ഥിയിൽ സാപിക്കുന്നു. ടൈറ്റാനിയവും അതിന്റെ ലോഹ കൂട്ടുകളുമാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഇംപ്ലാന്റ് മെറ്റിരിയൽ. ഇങ്ങനെ അസ്ഥിയിലേക്ക് ഒരു ചെറിയ ശസ്ത്രക്രിയ വഴി സ്ഥാപിക്കുന്ന ഇംപ്ലാന്റുകൾ അസ്ഥിയിൽ ദൃഢമായി ഉറച്ച ശേഷം, അതിന്റെ മുകളിൽ കൃത്രിമ ദന്തം (ക്രൗൺ) സ്ഥാപിക്കുന്നു. ഈ ക്രൗൺ സ്ക്രൂ അല്ലെങ്കിൽ ഉറപ്പിക്കുന്ന സിമന്റ് ഉപയോഗിച്ചാണ് ഇംപ്ലാന്റിനോട് ബന്ധിപ്പിക്കുന്നത്.
മറ്റു പല്ലുകൾ ചെറുതാക്കാതെ തന്നെ കൃത്രിമദന്തങ്ങൾ ഉറപ്പിച്ചു വെയ്ക്കാൻ സാധിക്കുമെന്നതിനാൽ ഇംപ്ലാന്റ് ഉപയോഗിക്കുന്ന ചികിത്സാരീതി രോഗികൾക്ക് അതീവ സംതൃപ്തി നൽകുന്നതും ഏറ്റവുമധികം ജനപ്രീതി നേടിയിട്ടുള്ളതുമാണ് .
പല്ലുകൾ പൂണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിൽ താഴെ പറയുന്ന ചികിത്സാ രീതികൾ അവലംബിക്കുന്നു.
1. ഊരി മാറ്റാവുന്ന മഴുവൻ പല്ലുസെറ്റ്
2. ഇംപ്ലാന്റ് പിന്തുണയോട് കൂടിയ ഊരി മാറ്റുന്ന കൃത്രിമ ദന്തങ്ങൾ
3. ഇംപ്ലാന്റ് പിന്തുണയോട് കൂടിയ ഉറപ്പിച്ചു വെയ്ക്കുന്ന കൃത്രിമ ദന്തങ്ങൾ
പരമ്പരാഗതമായി ചെയ്തു വരുന്ന പൂർണ്ണപല്ലുസെറ്റുകൾ അക്രിലിക്ക് റെസിൻ മെറ്റീരിയലാൽ നിർമ്മിക്കപെടുന്നതും രോഗിക്ക് തന്നെ എടുത്തുമാറ്റാൻ സാധിക്കുന്നതുമാണ് അവ ദിവസത്തിൽ ഒന്നിലധികം തവണ ഊരിമാറ്റുകയും വൃത്തിയാക്കുകയും രാത്രിയിൽ ഊരി വെക്കുകയും ചെയ്യേണ്ടതാണ്. ഇതാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ചികിത്സാരീതി.
അസ്ഥിയിൽ ഉറപ്പിച്ച ഇംപ്ലാൻ്റിന്റെ സഹായത്തോടെ വയ്ക്കുന്ന മുഴുവൻ പല്ല് സെറ്റിന് കൂടുതൽ പിടുത്തവും തന്മൂലം രോഗിക്ക് കൂടുതൽ സംതൃപ്തിയും ലഭിക്കുന്നു.
ഈ ചികിത്സാ രീതിയിൽ മുഴുവൻ പല്ലുസെറ്റ് താടിയെല്ലുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒന്നിലധികം ഇംപ്ലാൻ്റുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും രോഗിക്ക് തന്നെ വായിൽ വെക്കുവാനും നീക്കം ചെയ്യുവാനും സാധിക്കുന്നതാണ്
4- 8 ഇംപ്ലാൻ്റുകൾ ഒരു താടിയിൽ സ്ഥാപിച്ച് പല്ലുകൾ ഉറപ്പിച്ചു വെയ്ക്കുന്ന ചികിത്സാരീതിയിൽ ഇംപ്ലാന്റുകൾ പാലത്തിന്റെ തൂണുകൾ പോലെ പ്രവർത്തിക്കുന്നു. രോഗിക്ക് സ്വയം ഊരി മാറ്റാൻ സാധിക്കാത്ത ഈ ചികിത്സാ രീതി ഉപയോഗിച്ച്, മുഴുവൻ പല്ലുകളുടേയും പുനരധിവാസം സാധ്യമാണ്.
നഷ്ടപ്പെട്ട പല്ലുകൾ പുന:സ്ഥാപിക്കുന്നത് ഒരാളുടെ മുഖത്തിന്റെ രൂപവും ശരീരത്തിന്റെ പ്രവർത്തനങ്ങളും പൂർവസ്ഥിയിലാക്കുന്നതിന് അത്യാവശ്യമാണ്. വായയുടെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തിലേക്ക് നയിക്കുന്നു. നഷ്ടപ്പെട്ട പല്ലുകൾ, സൗന്ദര്യാത്മകമായും, പ്രവർത്തനമികവോടേയും പുന:സ്ഥാപിക്കുന്ന ദന്തചികിത്സാ ശാഖയാണ് പ്രോസ്തോഡോൻ്റിക്സ്' എന്ന് അറിയപ്പെടുന്നത്
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, മലബാർ ബ്രാഞ്ചിന്റെ മുൻ പ്രസിഡന്റും ഗവണ്മെന്റ് ഡെന്റൽ കോളേജ് കോഴിക്കോട്, പ്രോസ്തോഡോന്റിക്സ് വിഭാഗം അഡിഷണൽ പ്രൊഫസറും ആണ് ലേഖകൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..