Representative Image | Photo: Gettyimages.in
നിരയൊത്തതും ഭംഗിയുള്ളതുമായ പല്ലുകള്‍ ഒരാള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ആരോഗ്യരംഗം വളര്ന്നതിനാനുപാധികമായി ദന്തചികിത്സാരംഗവും നൂതനമായ ചികിത്സാരീതികള്‍ കൊണ്ട് വളര്‍ന്നിരിക്കുന്നു. നിങ്ങളുടെ പല്ലുകളെ സംരക്ഷിക്കുവാനും പ്രകൃതിദത്തമായ ഭംഗി നിലനിര്‍ത്തുവാനും വീട്ടില്‍ നിന്നുതന്നെ ശീലമാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
- രാവിലെയും രാത്രിയും ബ്രഷിംഗ് ശീലമാക്കുക.
- ദിവസത്തില്‍ ഒരുവട്ടം ഫ്ളോസിങ്ങ് (Dental Flossing) ശീലമാക്കുക. ഇത് നിങ്ങളുടെ പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു.
- ചായ, കാപ്പി, റെഡ്വൈന് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. നിങ്ങളുടെ പല്ലുകളില്‍ കറ (Stains) വരുവാന്‍ ഇവ കാരണമാകുന്നു.
- ആല്‍ക്കഹോള്‍, സിഗരറ്റ്, പാന്‍പരാഗ് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
- മൂന്ന് മാസത്തിലൊരിക്കല്‍ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റി പുതിയതാക്കുക.
- പ്രമേഹം, രക്തസമ്മര്‍ദ്ധം തുടങ്ങിയ ജീവിതതൈശലി രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുക.
- ധാരാളം വെള്ളം കുടിക്കുക..
വെനീറുകള്‍ (Veneers)
പല്ലുകളുടെ മുന്‍വശം മാത്രം കവര്‍ ചെയ്ത് ഭംഗി കൂട്ടുന്ന ചികിത്സാരീതിയാണ് വെനീറുകള്‍. നിറം മങ്ങിയതും നിരതെറ്റിയതുമായ പല്ലുകളെ കൂടുതല്‍ ഭംഗിയുള്ളവയാക്കാനും സംരക്ഷിക്കുവാനും വെനീറുകള്‍ സഹായിക്കുന്നു. പോര്‍സ്ലൈന്‍ വെനീറുകള്‍ 10-15 വര്‍ഷം വരെ നിലനില്ക്കാം.
ദന്തക്രമീകരണ ചികിത്സ (Orthodontic Treatment)
പൊങ്ങിയ പല്ലുകള്‍, നിരതെറ്റിയ പല്ലുകള്‍ എന്നിവയും എല്ലിനുള്ളില്‍ കുടുങ്ങി കിടക്കുന്ന പല്ലുകളെയും ശരിയായ സ്ഥാനത്ത് കൊണ്ടുവരുന്ന ചികിത്സാ രീതിയാണ് ഇത്. പല്ലുകളില്‍ മുത്തുവെച്ച് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വയര്‍ കമ്പികള്‍ പിടിപ്പിച്ചാണ്് ചികിത്സ ചെയ്യുന്നത്. പ്രശ്നങ്ങളുടെ സങ്കീര്‍ണതയനുസരിച്ച് 1.5 തൊട്ട് 4 വര്‍ഷം വരെ ചികിത്സ നീണ്ടേക്കാം. നിശ്ചിത കാലയളവ് മുന്‍കൂര്‍ പ്രവചിക്കാവുന്നതല്ല.
ബ്ലീച്ചിംഗ് (Bleaching)
പല്ലുകളുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് ബ്ലീച്ചിംഗ്. ദന്തഡോക്ടറുടെ മേല്‍നോട്ടത്തില്‍ വീട്ടില്‍ വെച്ചും ക്ലിനിക്കില്‍ വെച്ചും ചികിത്സ നടത്താം.
ലേസര്‍ ചികിത്സ (Laser Dentistry)
ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് പല്ലുകളുടെ നിറം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്നു. അതുപോലെ ചിലര്‍ക്ക് മെലാനിന്റെ അളവധികമാവുന്നത് കൊണ്ട് സംഭവിക്കുന്ന മോണയുടെ കറുപ്പുനിറം ലേസര്‍ ചികിത്സ (Gum Depigmentation) ഉപയോഗിച്ച് ഒരുപരിധിവരെ മാറ്റുവാനും സാധിക്കുന്നു.
ഓര്ത്തോഗ്നാത്തിക്ക് ശസ്ത്രക്രിയ (Orthognathic Surgery)
പല്ലുകളുടെ വളര്‍ച്ചാവ്യതിയാനം മൂലമുള്ള മുഖത്തെ പ്രശ്നങ്ങളെ ശസ്ത്രക്രിയയിലൂടെ കൂടുതല്‍ പ്രവര്‍ത്തനക്ഷമവും ആകര്‍ഷകവുമാക്കുന്ന ചികിത്സാ രീതിയെ ഓര്ത്തോഗ്നാത്തിക്ക് ശസ്ത്രക്രിയ എന്ന് പറയുന്നു. മേല്താടിയിലും കീഴ്ത്താടിയിലും ഉണ്ടാവുന്ന വളര്‍ച്ചയുടെ ക്രമമില്ലായ്മ മുഖത്തുണ്ടാക്കുന്ന അഭംഗി ഈ സര്‍ജറിയിലൂടെ പൂര്‍ണ്ണമായും നേരെയാക്കാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..