കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡെങ്കിപ്പനി. കൊതുകിന്റെ സാന്നിധ്യം കേരളത്തില്‍ വ്യാപകമാണ്. ഇതിന് വഴിയൊരുക്കുന്ന അന്തരീക്ഷമാണ് നമ്മുടേത്. അതിനാല്‍ തന്നെ ഡെങ്കി പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ വളരെ പെട്ടെന്ന് തന്നെ കേരളത്തില്‍ പടരാറുണ്ട്. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളിലൊന്ന് ഡെങ്കിപ്പനിയാണ്. വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് ധാരാളം വളരുന്നതുമായ പ്രദേശങ്ങളെല്ലാം ഡെങ്കിപ്പനിയുടെ 'ഹോട്ട്സ്പോട്ടു'കളാണ്. ഇത്തരം 'ഹോട്ട്‌സ്‌പോട്ടുകള്‍' കേരളത്തില്‍ എക്കാലവും സുലഭമാണ്. ഈ ഹോട്ട്‌സ്‌പോട്ടുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ മാത്രമേ ഡെങ്കിപ്പനി എന്ന കൊതുകുജന്യ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്ന മഴ വൈകാതെ ശക്തി പ്രാപിക്കും. അതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുണ്ട്. 

ഡെങ്കി വൈറസ് അഞ്ച് തരം

ഡെങ്കി വൈറസ്(DENV) ആണ് ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന രോഗകാരി. ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളുടെ കടിയേല്‍ക്കുമ്പോഴാണ് ഡെങ്കി വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പകല്‍ സമയത്താണ് ഈ കൊതുകുകള്‍ കടിക്കുക. ഡെങ്കി ബാധിച്ച ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും രോഗം ബാധിക്കാം. ഫ്‌ളാവിവിരിഡെ കുടുംബത്തില്‍പ്പെട്ട DENV 1, DENV 2, DENV 3, DENV 4, DENV 5 എന്നിങ്ങനെ അഞ്ച് തരത്തിലുള്ള ഡെങ്കി വൈറസുകളാണുള്ളത്. അഞ്ചാമത്തെ വൈറസിനെ 2013ലാണ് വേര്‍തിരിച്ചെടുത്തത്. ഇത് കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

Aedes Aegypti mosquito
ഈഡിസ് ഈജിപ്തി കൊതുക്

ഇതാണ് രോഗലക്ഷണങ്ങള്‍

രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ രണ്ട് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, കടുത്ത തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള കടുത്ത വേദന, ക്ഷീണം, ഛര്‍ദി, നിര്‍ജ്ജലീകരണം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. 

എങ്ങനെ കണ്ടെത്താം

വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താന്‍ രക്തപരിശോധനയാണ് നടത്തേണ്ടത്. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേയ്‌സ് പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍(RT-PCR), എന്‍സൈം ലിങ്ക്ഡ് ഇമ്മ്യൂണോസോര്‍ബന്റ് അസ്സായ്‌സ്(എലിസ) എന്നീ പരിശോധനകള്‍ വഴി രോഗം നിര്‍ണയിക്കാം. 

ചികിത്സ 

ഡെങ്കിപ്പനിക്ക് ഒറ്റ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയല്ല നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തി അവ കുറയ്ക്കാനുള്ള ചികിത്സയാണ് നല്‍കുന്നത്.

ഡെങ്കിക്ക് അഞ്ച് ഘട്ടങ്ങളാണുള്ളത്. ഇതില്‍ ആദ്യ മൂന്നു ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരില്ല. ഒ.പി. വഴിയുള്ള ചികിത്സ മതിയാകും.  പനി കുറയ്ക്കാനുളള പാരസെറ്റമോള്‍, പേശീവേദന, സന്ധിവേദന എന്നിവ കുറയ്ക്കാനുള്ള മരുന്നുകള്‍ എന്നിവയാണ് നല്‍കുക. നിര്‍ജ്ജലീകരണം അകറ്റാന്‍ ധാരാളം വെള്ളം കുടിക്കണം(നാലു ലിറ്ററോളം). ഒപ്പം നല്ല വിശ്രമവും ആവശ്യമാണ്.  

ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാറുണ്ട്. അതിനാല്‍ ഡെങ്കിപ്പനി ബാധിച്ചയാളുടെ രക്തം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാധാരണമായി 1.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയാണ് പ്ലേറ്റ്‌ലെറ്റുകളാണുണ്ടാവുക. ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയാകുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരും. 

ഡെങ്കി ഹെമറാജിക് ഫീവര്‍

ഗുരുതരമായ അവസ്ഥയാണ് ഡെങ്കി ഹെമറാജിക് ഫീവര്‍. അഞ്ചു ഘട്ടങ്ങളിലുള്ള ഡെങ്കിപ്പനിയുടെ നാലാമത്തെ ഘട്ടമാണ് ഡെങ്കി ഹെമറാജിക് ഫീവര്‍. ആന്തരീക രക്തസ്രാവമാണ് ഇതിന്റെ സങ്കീര്‍ണത. ഈ സമയത്ത് ശരീരത്തില്‍ ചുവന്ന പുള്ളികള്‍ കാണപ്പെടും. ശരീരത്തിലെ രക്തലോമികകളില്‍ നിന്ന് രക്തസ്രാവമുണ്ടാകുന്നതാണ്(Cappillary bleeding) ഇതിന് കാരണം. വായ്ക്കകത്തും ഇതുപോലെ ചുവന്ന പുള്ളികളുണ്ടാകും. മൂത്രം ലാബില്‍ പരിശോധന നടത്തിയാല്‍ അതില്‍ രക്തത്തുള്ളികളും കാണാം. ചുമച്ചു തുപ്പുമ്പോള്‍ രക്തം കാണുകയും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയും ചെയ്യും. 

ഡെങ്കി ഷോക്ക് സിന്‍ഡ്രോം 

ഡെങ്കി ഷോക്ക് സിന്‍ഡ്രോം ആണ് അഞ്ചാമത്തെ ഘട്ടം. ഈ സമയത്തും ആന്തരീക രക്തസ്രാവമുണ്ടാകും. രക്തസമ്മര്‍ദം വളരെയധികം താഴുകയും ചെയ്യും. ഈ സമയത്ത് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് പരിചരണം നല്‍കണം. രക്തസമ്മര്‍ദം സാധാരണ നിലയിലാകാനുള്ള മരുന്നുകള്‍, ഐ.വി. ഫ്‌ളൂയിഡ് എന്നിവ ഈ സമയത്ത് നല്‍കണം. ഡെങ്കി ഹെമറാജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നീ രണ്ടു ഘട്ടങ്ങളിലും മരണസാധ്യത കൂടുതലാണ്. 

garbage

വേണം പ്രതിരോധം 

 • കൊതുകുനശീകരണത്തിലൂടെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം. 
 • മഴക്കാലത്ത് ഡെങ്കിവ്യാപനം കൂടാറുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതാണ് ഇതിന് കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്  കൊതുക് വളരുക. അതിനാല്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. 
 • കൊതുകു മുട്ടയിടാതിരിക്കാന്‍ കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടി സുരക്ഷിതമാക്കണം. 
 • വീടിന്റെ ടെറസിലും സണ്‍ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം. 
 • വെള്ളത്തില്‍ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിനായി മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഒഴിക്കാം. 
 • ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിലേക്ക് നിക്ഷേപിക്കുന്നതും നല്ലതാണ്. ഇവ കൊതുകിനെ ആഹാരമാക്കും.
 • കുന്തിരിക്കം പുകയ്ക്കല്‍, 
 • കൊതുകുവലയും കൊതുകുതിരിയും  ഉപയോഗിക്കല്‍, കൊതുകിനെ അകറ്റാനുള്ള സ്പ്രേ, ക്രീം എന്നിവയുടെ ഉപയോഗം വഴി വീടിനകത്ത് കൊതുകിനെ അകറ്റാം. 
 • വീടിന്റെ ജനലുകളും വാതിലുകളും എയര്‍ഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക. 
 • ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊതുകടിയേല്‍ക്കാന്‍ സഹായിക്കും. 
 • കൊതുക് വളരാന്‍ ഇടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. ഇതിനായി പരിസര ശുചീകരണം ഉറപ്പാക്കണം. 
 • തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫോഗിങ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. 

water

ഡെങ്കിപ്പനി വന്നയാള്‍ക്ക് വീണ്ടും വരുമോ

ഡെങ്കിപ്പനി ഒരിക്കല്‍ വന്നാല്‍ അയാളുടെ ശരീരത്തിന് അതിനെതിരെ പ്രതിരോധ ശേഷിയുണ്ടാകാറില്ല. വീണ്ടും വരാം. കാരണം, ഡെങ്കിപ്പനിക്ക് നാല് തരം വൈറസുകള്‍ ഉണ്ടെന്നതാണ്. ഒന്നാമത്തെ തരം ഡെങ്കി വൈറസ് ബാധിച്ചയാള്‍ക്ക് അടുത്ത തവണ രണ്ടാമത്തെ തരം ഡെങ്കി വൈറസ് മൂലം രോഗമുണ്ടാകാം. ഇത് ആദ്യത്തേതിനേക്കാള്‍ സങ്കീര്‍ണമായ അവസ്ഥയുണ്ടാക്കും. 

ഓരോരുത്തരുടെയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയനുസരിച്ചാണ് അയാള്‍ക്ക് രോഗം വരാനുള്ള സാധ്യത നിര്‍ണയിക്കുന്നത്. നാലാമത്തെ തരം ഡെങ്കി വൈറസ് കേരളത്തില്‍ ഇതുവരെ അങ്ങനെ വ്യാപിച്ചിട്ടില്ല. 

പപ്പായ ഇല കഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടുമോ?

പപ്പായ ഇലകഴിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതിന് ശാസ്ത്രീയ അടിത്തറയില്ല. പഠനങ്ങളില്‍ ഒന്നും തന്നെ ഇതുസംബന്ധിച്ച് തെളിവുകളില്ല. അത്തരം രീതികള്‍ പരീക്ഷിക്കരുത്. 

ഡെങ്കിപ്പനി വന്നാല്‍ ഉടന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണോ?

പ്ലേറ്റ്‌ലെറ്റ് നില വലിയ തോതില്‍ കുറയുന്നില്ല എങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ട കാര്യമില്ല. ഒ.പി. വഴിയുള്ള സപ്പോര്‍ട്ടീവ് ചികിത്സകളും വിശ്രമവും മതിയാകും. നിര്‍ജ്ജലീകരണം വരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് അമ്പതിനായിരത്തില്‍ താഴെയാകുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരും. പ്ലേറ്റ്‌ലെറ്റ് കൗണ്ട് ദിവസവും നിരീക്ഷിക്കണം. 

പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ട ആവശ്യം എപ്പോഴാണ്?

പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കും. അതിനാല്‍, പ്ലേറ്റ്‌ലെറ്റ് വലിയ തോതില്‍ കുറഞ്ഞാല്‍ രക്തം കയറ്റുന്നതു പോലെ പ്ലേറ്റ്‌ലെറ്റ് ശരീരത്തിലേക്ക് കയറ്റേണ്ടി വരും(പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍). 
ഡെങ്കി ലക്ഷണങ്ങളും ഒപ്പം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയാവുകയും ചെയ്യുകയാണെങ്കില്‍ വേഗം തന്നെ പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ടി വരും. ലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പതിനായിരത്തില്‍ താഴെയാണെങ്കിലും പ്ലേറ്റ്‌ലെറ്റ് കയറ്റേണ്ടിവരും. 

വാക്‌സിന്‍ 

ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുളള Dengvaxia എന്ന വാക്‌സിന് 2019 ല്‍ എഫ്.ഡി.എയുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതിന് അനുമതി ലഭിച്ചിട്ടില്ല. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. സൗമ്യ സത്യന്‍ 
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍
മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ

Content Highlights: Dengue fever in Kerala, Dengue Fever causes and treatment, Health