വര്‍ഷത്തെ പദ്മ പുരസ്‌ക്കാരം നേടിയവരില്‍ 82 കാരനായ  ഒരു  പ്ലാസ്റ്റിക് സര്‍ജനുണ്ട്. ഡോ. യോഗി അരോണ്‍. പൊള്ളലേറ്റ് അംഗഭംഗം സംഭവിക്കുന്ന അഞ്ഞൂറിലധികം രോഗികളെയാണ് ഒരു രൂപ പോലും ഫീസ് വാങ്ങാതെ ഓരോ വര്‍ഷവും ഡോ. യോഗി അരോണ്‍ സൗജന്യമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് സുഖപ്പെടുത്തുന്നത്. 25 വര്‍ഷത്തിലേറെയായി അദ്ദേഹം ഇവിടെ സേവനം തുടരുന്നു. 

പ്രസിദ്ധമായ മുസ്സോറി ഹില്‍സ്റ്റേഷനിലേക്കുള്ള വഴിയില്‍ മാല്‍സിയോട് ചേര്‍ന്നാണ് നാലേക്കര്‍ സ്ഥലത്താണ് ഡോ. യോഗിയുടെ ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ മലനിരകളിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മലനിരകളില്‍ വന്യമൃഗങ്ങളോടും പ്രകൃതിയോടും പോരാടി ജീവിക്കുന്ന പാവപ്പെട്ടവരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. 

മരം കൊണ്ടുള്ള ചെറിയ വീടുകളില്‍ താമസിക്കുന്ന ഇവരില്‍ പൊള്ളലേറ്റുള്ള അപകടങ്ങള്‍ പതിവാണ്. ഇതില്‍ ചെറിയ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെയുണ്ട്. പൊള്ളിയടര്‍ന്ന മുഖവും പൊള്ളലില്‍ നഷ്ടപ്പെട്ട കൈകാലുകളും വിരലുകളുമൊക്കെയായാണ് അവരെ അടിയന്തര ചികിത്സയ്ക്കായും പ്ലാസ്റ്റിക് സര്‍ജറിക്കായും ഡോ. യോഗിയുടെ അടുത്തെത്തിക്കുന്നത്. മറ്റൊരു അപകടം വന്യമൃഗങ്ങളില്‍ നിന്നേല്‍ക്കുന്ന ഗുരുതരമായ പരിക്കുകളാണ്. കരടിയുടെയും മറ്റും അടിയേറ്റ് കണ്ണും മൂക്കും ചുണ്ടുകളും ചെവികളുമൊക്കെ നഷ്ടപ്പെടുന്നവരാണ് ഇവിടെ പ്ലാസ്റ്റിക് സര്‍ജറിക്കെത്തുന്നത്. ഈ പാവപ്പെട്ടവരില്‍ നിന്ന് ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് ഡോ. യോഗി ചികിത്സ നല്‍കുന്നത്. 

രോഗികളില്‍ കൂടുതലും പാവപ്പെട്ടവരായ സ്ത്രീകളാണ്. ഈ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പോലും സങ്കീര്‍ണമായ കേസുകള്‍ ഡോ. യോഗിയുടെ അടുത്തേക്കാണ് അയക്കുന്നത്. 

സാധാരണ ദിവസങ്ങളിലെ ചികിത്സ കൂടാതെ വര്‍ഷത്തിലൊരിക്കല്‍ രണ്ടാഴ്ച നീളുന്ന ഒരു മെഡിക്കല്‍ ക്യാംപും ഡോ. യോഗി നടത്തുന്നുണ്ട്. ഈ സമയത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാംപിലെത്തും. ഈ കാലയളവില്‍ ഡോ. യോഗിയുടെ നേതൃത്വത്തില്‍ 15-16 ഡോക്ടര്‍മാര്‍ ദിവസവും പന്ത്രണ്ടോളം ശസ്ത്രക്രിയകള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളിലായി അയ്യായിരത്തോളം ശസ്ത്രക്രിയകളാണ് ഈ സംഘം വിജയകരമായി പൂര്‍ത്തിയാക്കിയത്. 
 
തൊഴില്‍രഹിതനായ പ്ലാസ്റ്റിക് സര്‍ജനായി തുടക്കം

1937 ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഡോ. യോഗിയുടെ ജനനം. ലക്‌നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തുടര്‍ന്ന് സ്വന്തം ഗ്രാമത്തില്‍ സേവനം ആരംഭിക്കുകയായിരുന്നു. പിന്നീട് 1971 ല്‍ പട്‌നയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 
അക്കാലത്ത് ആളുകള്‍ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അജ്ഞരായിരുന്നതിനാല്‍ കരിയറിന്റെ തുടക്ക കാലത്ത് പ്ലാസ്റ്റിക് സര്‍ജനായി ജോലി കിട്ടാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് പ്ലാസ്റ്റിക് സര്‍ജറി ഇന്ത്യയില്‍ വലിയ തോതില്‍ പ്രചാരം നേടിയിരുന്നില്ല.

1973 ല്‍ ഡെറാഡൂണിലെ ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനായി ജോലിയില്‍ പ്രവേശിച്ചെങ്കിലും കാര്യമായ കേസുകളൊന്നും അവിടെ ലഭിച്ചില്ല. പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചുമൊക്കെ രോഗികളോട് നേരിട്ട് സംസാരിച്ച് അവരെ ശസ്ത്രക്രിയക്ക് പ്രേരിപ്പിക്കേണ്ട അവസ്ഥയായിരുന്നു അദ്ദഹേത്തിന് ഉണ്ടായത്. ആ മേഖലയില്‍ വേറെ പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ഡെറാഡൂണില്‍ തന്നെ 25 ല്‍ കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജന്‍മാരുണ്ടെന്ന് അദ്ദേഹം പറയുന്നു. 

1982 കാലഘട്ടത്തില്‍ യു.എസ്. സന്ദര്‍ശനത്തിന് പോയ ഡോ. യോഗി കൂടുതല്‍ ലക്ഷ്യങ്ങളുമായാണ് തിരിച്ചെത്തിയത്. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്ന ഒരു കേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അച്ഛന്റെ കൈയില്‍ നിന്നും കടംവാങ്ങിയ പണവുമായിട്ടാണ് അദ്ദേഹം ഇപ്പോഴത്തെ ക്ലിനിക്ക് നില്‍ക്കുന്ന സ്ഥലം വാങ്ങിയത്. ഭാര്യയ്ക്കും നാലു മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ജീവിതം. വേറെ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീടിന്റെ പ്രധാന ഹാളിന്റെ ഒരു ഭാഗം തന്നെ അദ്ദേഹം ശസ്ത്രക്രിയാ മുറിയാക്കി മാറ്റി. സര്‍ജറി ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന ജോലി അദ്ദേഹത്തിന്റെ ഭാര്യയും ഏറ്റെടുത്തു. വീട്ടിലുണ്ടായിരുന്ന ടോയ്‌ലറ്റ് തന്നെയാണ് രോഗികളുടെ ഉപയോഗത്തിനായും വിട്ടുകൊടുത്തത്.

ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ ചിലര്‍ പണം തരും. ചിലര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാകില്ല. അദ്ദേഹം എല്ലാവരെയും ഒരുപോലെ തന്നെ പരിഗണിച്ചു. ഏതാണ്ട് 40 വയസ്സുവരെയും അച്ഛന്‍ നല്‍കുന്ന പണം ഉപയോഗിച്ച് കുടുംബം പോറ്റേണ്ട അവസ്ഥയായിരുന്നു ഡോ. യോഗിക്കുണ്ടായിരുന്നത്. 

ഒരിക്കല്‍ കൈവിരലുകളെല്ലാം പൊള്ളലില്‍ നഷ്ടപ്പെട്ട ഒരു എട്ടുവയസ്സുകാരന്‍ ചികിത്സയ്‌ക്കെത്തി. രോഗികളുടെ പുനരധിവാസം എന്ന ആശയം അപ്പോഴാണ് അദ്ദേഹം ചിന്തിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിയുടെ കൂറേക്കൂടി മികച്ച സാധ്യതകള്‍ അദ്ദേഹം തേടാന്‍ തീരുമാനിച്ചു. ഒപ്പം, ആരുമില്ലാത്ത രോഗികള്‍ക്ക് അദ്ദേഹം ക്ലിനിക്കില്‍ തന്നെ അഭയമൊരുക്കി. അവരുടെ ചികിത്സയും തുടര്‍പരിചരണങ്ങളും അദ്ദേഹം തന്നെ ഏറ്റെടുത്തു. അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന ചികിത്സാകേന്ദ്രം പിറവിയെടുത്തത്. 

ഇപ്പോഴും പൊള്ളലേറ്റ് പ്ലാസ്റ്റിക് സര്‍ജറിക്ക് വരുന്നവരില്‍ നിന്ന് അദ്ദേഹം ഫീസ് വാങ്ങുന്നില്ല. മറ്റ് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വരുന്നവരില്‍ നിന്ന് വാങ്ങുന്ന ഫീസാണ് അദ്ദേഹത്തിന്റെ വരുമാനം. പണമുള്ളവര്‍ക്ക് പൊതുവേ പൊള്ളലേല്‍ക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്.

Content Highlights: dehradun doctor padma shri treating poor people for free