പ്രതീകാത്മകചിത്രം | Photo: Getty Images
സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഡാൻസ് റീലുകൾ കാണുമ്പോൾ അതുപോലെ മതിമറന്ന് നൃത്തമാടാൻ നമ്മളോരോരുത്തരും കൊതിക്കാറുണ്ട്. ട്രെൻഡിങ് പാട്ടുകളുടെ മ്യൂസിക് കേൾക്കുമ്പോഴേ പരിസരം മറന്ന് അറിയാതെ സ്റ്റെപ്പിട്ടുപോവും. അത്രയ്ക്ക് ഊർജ്ജമാണവയ്ക്ക്.
ഡാൻസിന്റെ ഈ പ്രലോഭനങ്ങളിൽ ഇനി കണ്ണുമടച്ച് വീണോളൂ.. ജീവിതസമ്മർദ്ദമേറുന്ന ഇക്കാലത്ത് മനസ്സിനും ശരീരത്തിനും അൽപം സുഖം നൽകാൻ ഡാൻസ് നിങ്ങളെ തീർച്ചയായും സഹായിക്കും. മനസ്സിനെയും ശരീരത്തെയും ഒന്നിച്ച് സുഖപ്പെടുത്തുന്ന ഒരു ഒറ്റമൂലിയാണത്.
ഏതു പ്രായക്കാരാണെങ്കിലും ശരി, നൃത്തം പഠിക്കാനും അത് ജീവിതത്തിന്റെ ഭാഗമാക്കാനും ഇനി വൈകണ്ട. പലതരത്തിലുള്ള ഡാൻസുകൾ പഠിപ്പിച്ചുതരാൻ ഇന്ന് ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനായും അവസരങ്ങളുണ്ട്. ഡാൻസ് ചെയ്യുന്നതിന്റെ ചില ഗുണങ്ങളാണ് താഴെ..
1. ഹൃദയാരോഗ്യം
നൃത്തം ശീലമാക്കിയവർക്ക് ഹൃദയത്തെ മികച്ച രീതിയിൽ സംരക്ഷിക്കനാവുമെന്നാണ് പല തരത്തിലുള്ള പഠനങ്ങൾ കാണിക്കുന്നത്. ഇത്തരക്കാർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കുറവായിരിക്കും.
2. സമ്മർദ്ദം കുറയ്ക്കാം
മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് നൃത്തം. സമ്മർദ്ദവും ഉത്കണ്ഠയും വിഷാദരോഗവുമെല്ലാം നിങ്ങളെ അലട്ടുന്നുവെങ്കിൽ അൽപം നൃത്തംചെയ്തുനോക്കൂ.. വളരെവേഗത്തിൽ നിങ്ങളുടെ വിഷാദചിന്തകൾ മാറുന്നതുകാണാം. ഇനിയിപ്പോൾ നൃത്തംചെയ്യാൻ അറിയില്ലെങ്കിൽ പോലും പാട്ടുവെച്ച് ചുമ്മാ ഒന്ന് ശരീരം ഇളക്കിനോക്കൂ.. സമ്മർദ്ദം കാറ്റിൽ പറക്കുന്നതുകാണാം.
3. ശരീരഭാരം കുറയ്ക്കാം
ഭാരം നിയന്ത്രിച്ചുനിർത്താനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് നൃത്തം. ഒരുമണിക്കൂർ നൃത്തംചെയ്താൽ ശരാശരി 300 മുതൽ 800 വരെ കലോറി ശരീരത്തിൽ നിന്ന് കത്തിച്ചുകളയാം. ചെയ്യുന്ന നൃത്തത്തിന്റെ രീതിയനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.
4. ശരീരം ഫ്ലെക്സിബിളാക്കാം
തുടർച്ചയായി നൃത്തംചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ പതുക്കെ കൂടുതൽ ഫ്ലെക്സിബിളാക്കും. ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന പലകാര്യങ്ങളും കൂടുതൽ എളുപ്പത്തിൽ ചെയ്യാനും ശരീരം ഏതു രീതിയിലും വളയ്ക്കാനും തിരിക്കാനും ഇത് നിങ്ങളെ സഹായിക്കും. ശരീരം ഫ്ലെക്സിബിളായിരുന്നാൽ എല്ലുകൾക്കും പേശികൾക്കും പെട്ടെന്ന് പരിക്കേൽക്കാതെ സംരക്ഷിക്കാനാവും.
5. തലച്ചോറിനും വ്യായാമം
ഏറ്റവും മികച്ചൊരു മാനസികവ്യായാമമാണ് നൃത്തം. പാട്ടിന്റെ താളത്തിനൊത്ത് ശരീരം ചലിക്കുമ്പോൾ ബുദ്ധിമുട്ടിക്കുന്ന ചിന്തകളെ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിൽ നിന്നകറ്റാം. പ്രായംകൂടുമ്പോഴുണ്ടാകുന്ന ഓർമക്കുറവും ഡിമെൻഷ്യയുമടക്കമുള്ള കാര്യങ്ങൾ ഒരുപരിധിവരെ പിടിച്ചുനിർത്താൻ നൃത്തം സഹായിക്കും.
6. കൊളസ്ട്രോൾ കുറയ്ക്കാം
ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ നൃത്തം സഹായിക്കും.
Content Highlights: dance promotes, health, stress relief
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..