കോവിഡും പ്രമേഹവും ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിന് ഭീഷണിയാകുന്നു; വേണം വെര്‍ച്വല്‍ നിരീക്ഷണവും


അനു സോളമന്‍

ടെലിമെഡിസിന്‍ സംവിധാനത്തെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ഫലപ്രദമായി ഉപയോഗിക്കണം

Representative Image| Photo: Gettyimages

ന്ത്യയില്‍ 2.7 മില്ല്യണ്‍ ടി.ബി. കേസുകള്‍ ഉണ്ടെന്നാണ് 2021 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യ ടി.ബി. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രമേഹരോഗമുള്ളവരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്. പഠനങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നത് 20 ശതമാനം ടി.ബി. രോഗികള്‍ക്കും പ്രമേഹം ഉണ്ടെന്നാണ്.

ചില വസ്തുതകള്‍

  • ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ക്ഷയരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണ്.
  • ക്ഷയരോഗമുള്ളവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ്.
  • ക്ഷയരോഗമുള്ളവരില്‍ ഗ്ലൂക്കോസ് ഇന്‍ടോളറന്‍സ് ഉണ്ടാകാന്‍ ഇടയാകുന്നു.
  • ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ മാറ്റിമറിക്കാന്‍ പ്രമേഹം കാരണമാകുന്നുണ്ട്. അതുകൊണ്ട് രോഗനിര്‍ണയം വൈകിയേക്കാം.
  • കഫപരിശോധന പൂര്‍ത്തിയാവുന്നതിന്റെ ദൈര്‍ഘ്യം കൂടാന്‍ പ്രമേഹം കാരണമാകും.
  • പ്രമേഹമുള്ളവരില്‍ ഡ്രഗ് റെസിസ്റ്റന്റ് ടി.ബി. അഥവ എം.ഡി.ആര്‍.ടി.ബി. ഉണ്ടാകാന്‍ രണ്ടിരട്ടി സാധ്യത കൂടുതലാണ്.
  • ചികിത്സ പരാജയം, രോഗം വീണ്ടും ഉണ്ടാവല്‍, മരണം സംഭവിക്കല്‍ തുടങ്ങിയവ പ്രമേഹമുള്ള ക്ഷയരോഗികളില്‍ മറ്റുള്ളവരേക്കാള്‍ യഥാക്രമം 8.99, 1.64,1.88 ഇരട്ടി കൂടുതലാണ്.
  • നേരത്തെ കണ്ടെത്താനാവുന്നില്ല എന്നതിനാല്‍ ക്ഷയവും പ്രമേഹവും മൂലമുള്ള രോഗതീവ്രത ചികിത്സാചെലവ് വര്‍ധിപ്പിക്കും.
2020ല്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലുമായി തിരിച്ചറിഞ്ഞ 82 ശതമാനം ക്ഷയരോഗികളിലും രക്തത്തിലെ പഞ്ചസാരയുടെ തോത് നിര്‍ണയിച്ചിരുന്നു. അതില്‍ എട്ട് ശതമാനം പേരില്‍ പ്രമേഹം കണ്ടെത്തി. ബാക്കി 54 ശതമാനം വരുന്ന മറ്റ് രോഗാവസ്ഥകളുള്ളവരെ (co morbid) എന്‍.സി.ഡി. ക്ലിനിക്കുകളിലേക്കും പ്രമേഹ പ്രതിരോധ ചികിത്സയ്ക്കും റഫര്‍ ചെയ്തു.
എന്‍.സി.ഡി. ക്ലിനിക്കുകളില്‍ പൊതുവെ പരിശോധന നടത്തിയവരില്‍ 15 ശതമാനത്തിന് ക്ഷയരോഗം കണ്ടെത്താനായെന്നും റിപ്പോര്‍ട്ടിലുണ്ട്.

tb
Representative Image| Photo: Gettyimages

ഇന്ത്യയില്‍ പ്രമേഹരോഗത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷയരോഗികളില്‍ 90 ശതമാനം പേര്‍ക്കും പ്രമേഹ മുണ്ട്. പ്രമേഹരോഗികളില്‍ പരിശോധന നടത്തിയപ്പോള്‍ ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തിയത് 31 ശതമാനത്തിനാണെന്നും 2021 ലെ ഇന്ത്യ ടി.ബി. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കോവിഡും പ്രമേഹവും ക്ഷയരോഗത്തിന് വഴിയൊരുക്കുന്നത് എങ്ങനെ?

കോവിഡും പ്രമേഹവും ക്ഷയരോഗത്തിന് വഴിയൊരുക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പ്രതിരോധശേഷിക്കുറവാണെന്ന് കോഴിക്കോട് ടി.ബി. സെന്ററിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. ജയശ്രീ പി.ആര്‍. പറയുന്നു.

Dr. Jayasree P.R.
ഡോ. ജയശ്രീ പി.ആര്‍.

കോവിഡും, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും-പ്രത്യേകിച്ചും സ്റ്റിറോയ്ഡ് മരുന്നുകള്‍- പ്രതിരോധശേഷിയെ വലിയ തോതില്‍ ബാധിക്കുന്നതാണ്. പ്രതിരോധശേഷി കുറയുന്നതോടെ ശരീരത്തില്‍ നിര്‍ജ്ജീവമായി കഴിയുന്ന ക്ഷയരോഗാണുക്കള്‍ സജീവമാകും. ഇത് പെട്ടെന്ന് ക്ഷയരോഗം ബാധിക്കാന്‍ ഇടയാക്കും.ഈ കാരണങ്ങള്‍ കൊണ്ടുതന്നെ കോവിഡ് ബാധിച്ചവര്‍ക്കും ക്ഷയരോഗം വരാനുള്ള സാധ്യത കൂടുതലാണ്.

കോവിഡനന്തര പ്രശ്‌നങ്ങളും ക്ഷയവും

കോവിഡ് മാറി വന്നവരില്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം കാണുന്നുണ്ട്. കോവിഡനന്തര പ്രശ്‌നങ്ങള്‍ (Post covid symptoms) ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എണ്‍പത് ശതമാനത്തിലധികം രോഗികളും വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങളോടു കൂടി കാണുന്നുണ്ട്. കോവിഡ് മാറി രണ്ടു മുതല്‍ എട്ടാഴ്ച വരെയും ലോങ് കോവിഡ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും കഫപരിശോധനകള്‍ നടത്തേണ്ടതുണ്ട്. ക്ഷയരോഗം ഇല്ല എന്ന് ഇതുവഴി ഉറപ്പുവരുത്താം. കോവിഡ് രോഗികളില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും കഫപരിശോധന നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കഫപരിശോധനയ്‌ക്കൊപ്പം ചെസ്റ്റ് എക്‌സ്‌റേ പോലുള്ള പരിശോധനകളും നടത്തേണ്ടതാണ്.

പ്രമേഹം കൂടി ചേരുമ്പോള്‍

കോവിഡ് രോഗികളില്‍ പ്രമേഹത്തിനുള്ള സാധ്യതയും കണ്ടുവരുന്നുണ്ട്. അതായത്, മുന്‍പ് പ്രമേഹം ഇല്ലാത്തവരില്‍ കോവിഡ് ബാധിച്ച ശേഷം പ്രമേഹം റിപ്പോര്‍ട്ട് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് കാരണമായ കൊറോണ വൈറസ് ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന പോലെ തന്നെ പാന്‍ക്രിയാസിനെയും ബാധിക്കുന്നു എന്നതിനാലാണ് പ്രമേഹമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നത്.

ReadMore: ജയിലുകളിലെ ക്ഷയരോഗ നിയന്ത്രണം ഫലപ്രദമാണ്; പക്ഷേ ചില വെല്ലുവിളികളുണ്ട്

ക്ഷയരോഗികളില്‍ വള്‍നറബിള്‍ ഗ്രൂപ്പ് (Vulnerable Group) എന്നൊരു വിഭാഗമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം. അതുപോലെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, പുകവലിക്കാര്‍, മദ്യപാനികള്‍, ഡയാലിസിസിന് വിധേയരാവുന്നവര്‍, സ്റ്റിറോയ്ഡ് പോലുള്ള മരുന്ന് ഉപയോഗിക്കുന്നവര്‍, കാന്‍സറിന് മരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരൊക്കെ ക്ഷയരോഗത്തിന്റെ വള്‍നറബിള്‍ഗ്രൂപ്പില്‍ പെട്ടവരാണ്. ഇങ്ങനെയുള്ളവരില്‍ ടി.ബി. രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഇത്തരം വള്‍നറബിള്‍ ഗ്രൂപ്പില്‍പ്പെട്ടവരെ കണ്ടുപിടിച്ച് അവര്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ ക്ഷയരോഗ സാധ്യത മുന്‍നിര്‍ത്തി കഫപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഇതുവഴി ക്ഷയരോഗമുള്ളവരെ കൃത്യമായി തിരിച്ചറിയാം.

ReadMore: ക്ഷയരോഗികളില്‍ വിഷാദരോഗം; എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

പ്രമേഹ രോഗികളിലെ ക്ഷയരോഗ ലക്ഷണങ്ങള്‍ സാധാരണ ക്ഷയരോഗികളിലെ ലക്ഷണങ്ങള്‍ പോലെ തന്നെയാണ്. രണ്ടാഴ്ച കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, രക്തം കലര്‍ന്ന കഫം, പനി, ശരീരവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിനുള്ള ലക്ഷണങ്ങള്‍.

പ്രമേഹരോഗികളില്‍ ശ്വാസകോശേതര ക്ഷയരോഗവും (Extra Pulmonary TB) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയും ഭാരവും കുറയാനുള്ള ഒരു കാരണം കൂടിയാണ് പ്രമേഹം. എക്‌സ്ട്രാ പള്‍മണറി ടി.ബിയില്‍ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് അതിന് അനുസരിച്ചാണ് ലക്ഷണങ്ങള്‍ കാണുന്നത്.

ശ്വാസകോശ ടി.ബിയാണ് ഏറ്റവും എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നത്. ശ്വാസകോശേതര ടി.ബിയാണെങ്കില്‍ കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുക എന്നതിന് അനുസരിച്ചാണ് ലക്ഷണങ്ങള്‍. ഇതിനൊപ്പം സാധാരണ ക്ഷയരോഗ ലക്ഷണങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ അതിനെല്ലാം അനുസരിച്ചുള്ള പരിശോധനകള്‍ നടത്തി വേണം രോഗം നിര്‍ണ്ണയിക്കാന്‍.

xray
Representative Image| Photo: Gettyimages

രോഗനിര്‍ണയം

കഫപരിശോധനയാണ് പ്രധാനപ്പെട്ട രോഗനിര്‍ണയ മാര്‍ഗം. ഇത് പല തരത്തിലുണ്ട്. കഫം പരിശോധിച്ച് രോഗാണുക്കളെ കണ്ടെത്തുക എന്നതാണ് ഒരു തരം. സി.ബി. നാറ്റ്, ട്രൂനാറ്റ് തുടങ്ങിയ ന്യൂക്ലിക് ആസിഡ് പരിശോധനയാണ് മറ്റ് ചിലത്. ഇതുവഴി ക്ഷയരോഗബാധയുണ്ടോയെന്ന് കൃത്യമായി മനസ്സിലാക്കാനാവും. സി.ബി. നാറ്റ്, ട്രൂനാറ്റ് തുടങ്ങിയ ന്യൂക്ലിക് ആസിഡ് പരിശോധനയാണ് കോവിഡ് രോഗികളില്‍ ക്ഷയരോഗം ഉണ്ടോയെന്ന് അറിയാനായി ചെയ്യുന്നത്. ഈ പരിശോധനയിലൂടെ ക്ഷയരോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം രോഗികള്‍ക്ക് മരുന്നുകളോട് പ്രതിരോധമുണ്ടായി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി.(Drug Resistant TB) ഉണ്ടോയെന്ന് അറിയാനും സാധിക്കും. കോവിഡ് മുക്തരായവരിലും ഈ ടെസ്റ്റാണ് ചെയ്യുന്നത്.

ടി.ബി. മാനേജ്‌മെന്റ്

സാധാരണ ഒരു ക്ഷയരോഗിയെ ചികിത്സിക്കുന്നതു പോലെ തന്നെയാണ് പ്രമേഹമുള്ള ക്ഷയരോഗിയെയും ചികിത്സിക്കുന്നത്. ക്ഷയരോഗ ചികിത്സ അതത് ടി.ബി. സെന്ററുകള്‍ കേന്ദ്രീകരിച്ചും പ്രമേഹനിയന്ത്രണം പ്രമേഹവിദഗ്ധന്റെ മേല്‍നോട്ടത്തിലുമാണ് ചെയ്യുന്നത്. ക്ഷയരോഗ ചികിത്സയ്ക്ക് ആദ്യത്തെ രണ്ട് മാസം ഐ.എന്‍.എച്ച്., റിഫാംപിന്‍(rifampin), പ്യാരസിനാമൈഡ്(pyrazinamide), എഥാംബ്യൂട്ടോള്‍(Ethambutol) എന്നീ മരുന്നുകള്‍ അടങ്ങുന്ന ചികിത്സയാണ് ആദ്യം നല്‍കുന്നത്. പിന്നീട് നാലുമാസം ഐ.എന്‍.എച്ച്, റിഫാംപിന്‍, എഥാംബ്യൂട്ടോള്‍ എന്നീ മരുന്നുകള്‍ നല്‍കും.

സാധാരണയായി ചികിത്സ തുടങ്ങി 56 ദിവസം കഴിഞ്ഞാല്‍ കഫ പരിശോധന നടത്തും. സാധാരണഗതിയില്‍ കൃത്യമായി ചികിത്സ തേടുന്നവരില്‍ ഈ രണ്ടുമാസത്തിനുള്ളില്‍ കഫ പരിശോധനാ ഫലം നെഗറ്റീവായി കാണാറുണ്ട്. എന്നാല്‍ പ്രമേഹമുള്ളവരില്‍ ഈ സമയത്തിനുള്ള കഫപരിശോധനയില്‍ നെഗറ്റീവ് ആവാനുള്ള സാധ്യത വളരെ കുറവാണ്. പ്രത്യേകിച്ചും പ്രമേഹം നിയന്ത്രണവിധേയമായിട്ടില്ലെങ്കില്‍. പ്രമേഹം കൃത്യമായി നിയന്ത്രിക്കാത്തത്, കൃത്യമായി മരുന്ന് കഴിക്കാത്തത് എന്നിവയാണ് ഇതിന് കാരണം. ഇത്തരത്തില്‍ വീണ്ടും പോസിറ്റീവായി കാണുകയാണെങ്കില്‍ കഫം കള്‍ച്ചര്‍ ചെയ്യും. രോഗിക്ക് ഇപ്പോള്‍ നല്‍കുന്ന മരുന്നുകള്‍ ഗുണം ചെയ്യുന്നുണ്ടോ എന്നും അതില്‍ ഏതെങ്കിലും മരുന്നിന് റെസിസ്റ്റന്‍സ് ഉണ്ടോ എന്നും ഇതുവഴി അറിയാനാകും. റെസിസ്റ്റന്‍സ് ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള മരുന്നുകള്‍ മാറ്റി നല്‍കിക്കൊണ്ട് ചികിത്സകള്‍ തുടരും. അങ്ങനെ ആറുമാസത്തിന് ശേഷമുള്ള പരിശോധനയില്‍ നെഗറ്റീവായി ക്ഷയരോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തരാകാറുണ്ട്. കൃത്യമായ പ്രമേഹ നിയന്ത്രണമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ക്ഷയരോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തി നേടാനാകൂ. പ്രമേഹമുള്ള ക്ഷയരോഗികളില്‍ പ്രമേഹനിയന്ത്രണത്തിന് ഗുളികകളെ അപേക്ഷിച്ച് ഇന്‍സുലിനാണ് കൂടുതല്‍ ഫലം ചെയ്യുക- ഡോ. ജയശ്രീ കൂട്ടിച്ചേര്‍ത്തു.

ക്ഷയരോഗികളിലെ പ്രമേഹ നിയന്ത്രണത്തിന് വേണം വെര്‍ച്വല്‍ ഐ.പി.

ടെലിമെഡിസിന്‍ വ്യാപകമായ കോവിഡ് കാലത്ത് പ്രമേഹ ചികിത്സ വെര്‍ച്വല്‍ ഐ.പിയിലൂടെ വിജയകരമാക്കിയ മാതൃകയാണ് പ്രമുഖ പ്രമേഹ ചികിത്സകനും തിരുവനന്തപുരം ജ്യോതിദേവ്സ് ഡയബറ്റെസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിന് പറയാനുള്ളത്.

കേരളത്തില്‍ വീടുകളില്‍ തന്നെ കോവിഡ് ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ജ്യോതിദേവ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍ നടത്തിയ ഗവേഷണത്തില്‍ നൂറുശതമാനം രോഗികളിലും മരണം തടയാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗവേഷണഫലങ്ങള്‍ എ.ടി.ടി.ഡി.(Advanced Technologies & Treatments for Diabetes) ആഗോള സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇത് ഇന്‍ഡക്സ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. വെര്‍ച്വല്‍ കോവിഡ് ഐ.പി. എന്ന ഈ പ്രോജക്ട് കോവിഡ് രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന പോലെ വീട്ടില്‍ അഡ്മിറ്റ് ചെയ്യുകയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഡയറ്റീഷ്യന്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന ചികിത്സാസംഘം നിരീക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതാണ്.

telemedicine
Representative Image| Photo: Gettyimages

ടെലിമെഡിസിനിലൂടെ രോഗികള്‍ അവരുടെ പള്‍സ് റേറ്റ്, ബ്ലഡ് ഓക്സിജന്‍, റെസ്പിറേറ്ററി റേറ്റ്, ഗ്ലൂക്കോസ്, താപനില, രക്തസമ്മര്‍ദം എന്നീ ആറ് വൈറ്റല്‍ പാരാമീറ്ററുകള്‍ നാലുമണിക്കൂറുകള്‍ക്കൊരിക്കല്‍ സ്വയം നിരീക്ഷിച്ച് ചികിത്സാ സംഘവുമായി പങ്കുവെക്കുന്നു. ചികിത്സാസംഘം 24 മണിക്കൂറും ആശുപത്രിയിലെന്ന പോലെ ഡ്യൂട്ടിയിലായിരിക്കും.

Dr. Jyothidev
ഡോ. ജ്യോതിദേവ് കേശവദേവ്

കോവിഡ് രോഗികളില്‍ പ്രമേഹമില്ലാത്തവരിലും രക്തത്തിലെ ഷുഗര്‍ നില കൂടാന്‍ സാധ്യതയുണ്ട്. പ്രമേഹമുള്ളവരില്‍ കോവിഡ് ഗുരുതരമാവാതിരിക്കാന്‍ പ്രമേഹചികിത്സ കര്‍ശനമാക്കണം. സ്റ്റിറോയ്ഡ് ഉപയോഗിച്ചുള്ള ചികിത്സയാണെന്നതിനാല്‍ പഞ്ചസാര നില 180mg/dL ല്‍ കൂടാതെയും 70mg/dL ല്‍ കുറയാതെയും നിലനിര്‍ത്തണം. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണിത്. വെര്‍ച്വല്‍ കോവിഡ് ഐ.പി. വഴി ഇത് സാധിക്കാനായി. പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഇന്‍സുലിന്‍ ചെറിയ ഡോസില്‍ നാലുമുതല്‍ പത്തിലേറെ പ്രാവശ്യം നല്‍കിയിട്ടാണ് ഇത് സാധിച്ചത്. സ്റ്റിറോയ്ഡ് ഉപയോഗിക്കേണ്ടിവന്ന 80 ശതമാനം രോഗികളിലും നിരന്തര ഗ്ലൂക്കോസ് നിരീക്ഷണവും(continuous glucose monitoring) നടത്തി. സാങ്കേതികവിദ്യയും രോഗികളുടെ പങ്കാളിത്തവും ഒന്നിച്ചുകൊണ്ടാണ് ഇത് സാധിച്ചത്.

ഇതേ രീതി ക്ഷയരോഗികളിലെ പ്രമേഹനിയന്ത്രണത്തിനും സ്വീകരിക്കാവുന്നതാണെന്ന് ഡോ. ജ്യോതിദേവ് പറയുന്നു. നിലവില്‍ ക്ഷയരോഗത്തിനുള്ള ചികിത്സ ടി.ബി. സെന്ററുകള്‍ വഴിയും പ്രമേഹ നിയന്ത്രണത്തിനുള്ള ചികിത്സ പ്രമേഹചികിത്സകന്റെ മേല്‍നോട്ടത്തിലും ഒന്നിച്ച് വളരെ കൃത്യമായി നടക്കുന്നുണ്ട്. രണ്ടും ഒരേ രീതിയില്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോയാലേ ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാവൂ. ക്ഷയരോഗികളില്‍ പ്രമേഹനിയന്ത്രണം കൃത്യമായി നടക്കുന്നത് ക്ഷയരോഗ ചികിത്സകര്‍ക്കും ആശ്വാസകരമാണ്. അതിനാല്‍ തന്നെ രണ്ട് വ്യത്യസ്ത ചികിത്സകളും ഒരേ താളത്തില്‍ കൊണ്ടുപോകാന്‍ രോഗികളും ആത്മാര്‍ഥമായി ശ്രമിക്കണമെന്നും ഡോ. ജ്യോതിദേവ് കൂട്ടിച്ചേര്‍ത്തു.

പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളെല്ലാം ക്ഷയരോഗത്തിനും മറ്റ് രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ്. അതിനാല്‍ ജീവിതശൈലി രോഗങ്ങളെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്. ക്ഷയരോഗികള്‍ മാത്രമല്ല എല്ലാവരും പ്രമേഹത്തെ കര്‍ശനമായി നിയന്ത്രണത്തിലാക്കണം. പ്രമേഹവിദഗ്ധന്‍ നിര്‍ദേശിക്കുന്ന ചികിത്സയും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കണം. കൃത്യമായ വ്യായാമം, കൃത്യമായ അളവിലുള്ള പോഷകാഹാരം, കൃത്യമായ ചികിത്സ-ഇക്കാര്യത്തില്‍ അലംഭാവം ഉണ്ടാവരുത്. പ്രമേഹനിയന്ത്രണം പരാജയപ്പെട്ടാല്‍ അത് ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനും തടസ്സമുണ്ടാക്കുമെന്ന് ഓര്‍ക്കണം.

Content Highlights: Covid-diabetes increases the risk of tuberculosis-TB treatment needs virtual telemedicine support


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented