Representative image
ലോകമിപ്പോള്‍ പുതിയ കൊറോണ വൈറസിന്റെ പിടിയിലാണ്. ജനിതകം കണ്ടെത്തിയെങ്കിലും വൈറസിന്റെ പ്രവര്‍ത്തനരീതി ശരിക്കും മനസ്സിലായിട്ടില്ല. അതു മനസിലാക്കാന്‍ ശാസ്ത്രലോകം കഠിനശ്രമത്തിലാണ്. നമ്മളുടെ പക്കല്‍ വാക്‌സിനോ മരുന്നോ ഇല്ല. ലക്ഷങ്ങളെ ബാധിക്കുന്നു, ദിനംപ്രതി ലോകത്ത് ആയിരങ്ങള്‍ മരിക്കുന്നു. ജനങ്ങളുടെയും ഭരണാധികാരികളുടെയും ഉറക്കംകെടുത്തിക്കൊണ്ട് പടരുകയാണ് 'കോവിഡ്-19' എന്ന ഈ കൊറോണവൈറസ് രോഗം.
പുതിയ ന്യുമോണിയ പകര്‍ച്ചവ്യാധിയുടെ വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ, 'സാര്‍സ്-കോവ്-2' എന്ന പുതിയ കൊറോണവൈറസ് വകഭേദത്തിന്റെ ജനിതകശ്രേണിയും കഴിഞ്ഞ ജനുവരിയില്‍ ചൈന പുറത്തുവിട്ടിരുന്നു. അതുപയോഗിച്ച്, ജര്‍മനിയില്‍ ബര്‍ലിന്‍ ഷര്‍ലറ്റ്-മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ക്രിസ്റ്റിയാന്‍ ഡ്രോസ്റ്റണ്‍ എന്ന കൊറോണ വിദഗ്ധന്‍ കണിശമായ 'ആര്‍.ടി.-പി.സി.ആര്‍.' (real-time PCR) ടെസ്റ്റ് വികസിപ്പിച്ചു. ജനുവരി 13 ന് ലോകാരോഗ്യസംഘടനയ്ക്ക് സൗജന്യമായി ആ ടെസ്റ്റ് അദ്ദേഹം കൈമാറി.

ഇത് മുതല്‍ക്കൂട്ടാക്കിയാണ്, പ്രതിവിധിയില്ലാത്ത വൈറസ്സിനെ തളയ്ക്കാന്‍ 'Trace, Test, Treat' എന്ന മന്ത്രം ലോകാരോഗ്യസംഘന പുറത്തിറിക്കയത്. ഒരാളെ പിന്തുടരാന്‍ സാധാരണ മാര്‍ഗങ്ങളുണ്ട്. പക്ഷേ ടെസ്റ്റും ട്രീറ്റ്‌മെന്റും സങ്കീര്‍ണമായ സംഗതികളാണ്. കോവിഡ്-19 ന്റെ കാര്യത്തില്‍ ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. എന്തൊക്കെയാണ് അവയുടെ ഗുണദോഷങ്ങളെന്നും.
കൊറോണ ടെസ്റ്റുകളെ, അവ എന്തിനെ പരിശോധിക്കുന്നു എന്നകാര്യം മുന്‍നിര്‍ത്തി പൊതുവെ രണ്ടായി തരംതിരിക്കാം. ഒന്ന്, ഡി.എന്‍.എ. ടെസ്റ്റുകള്‍. ന്യൂക്ലിക് ആസിഡുകളെ കണ്ടെത്താനാണിത്. രണ്ട്, ആന്റിബോഡി ടെസ്റ്റ്. പ്രോട്ടീന്‍ കണ്ടെത്താനുള്ളതാണിത്.
ഡി.എന്‍.എ. ടെസ്റ്റുകള്‍
ന്യൂക്ലിക് ആസിഡുകളായ ആര്‍.എന്‍.എ./ഡി.എന്‍.എ. എന്നിവ കണ്ടെത്താനുള്ളതാണ് ഡി.എന്‍.എ. ടെസ്റ്റുകള്‍. ഇവയ്ക്ക് കൃത്യത കൂടും. ചെറിയ അളവിലുള്ള ആര്‍.എന്‍.എ. വേര്‍തിരിച്ച് അതിന്റെ മറുവശത്തുള്ള ഡി.എന്‍.എ. ഭാഗമായത് പരിവര്‍ത്തനം ചെയ്യുന്നു. എന്നിട്ടതിനെ പെരുപ്പിച്ച് (ആംപ്ലിഫൈ ചെയ്ത്) വേണം കണ്ടെത്താന്‍.
'ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റി'ലെ 'പി.സി.ആര്‍.' എന്നത് 'പോളിമേറസ് ചെയിന്‍ റിയാക്ഷന്‍' എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ റിയാക്ഷന്‍ നടത്താന്‍ ഏറ്റവും ലളിതമായ സങ്കേതം ഐസോതെര്‍മല്‍ വിദ്യയാണ്. വെള്ളത്തിന്റെ താപനില 60 നും 65 ഡിഗ്രിക്കും ഇടയില്‍ നിര്‍ത്താനുള്ള പാത്രം, പിന്നെ പി.സി.ആര്‍. റീഏജന്റും, ഇത്രയും മതി.
ആംപ്ലിഫൈ ചെയ്ത ഡി.എന്‍.എയില്‍ പറ്റിപ്പിടിക്കുന്ന വര്‍ണ്ണവസ്തുക്കള്‍ ഡി.എന്‍.എയുടെ അളവ് തിട്ടപ്പെടുത്താന്‍ സഹായിക്കും. ഇതിനു പക്ഷേ, കൃത്യത കുറവാണ്.

'പെല്‍ഷ്യര്‍' (Peltier) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സാധാരണ പി.സി.ആര്‍. മെഷീനുകളില്‍ ഇതിലും ഉയര്‍ന്ന കൃത്യത ലഭിക്കും. ഇതില്‍, നിരന്തരം താപനില 95 ഡിഗ്രി, 72 ഡിഗ്രി, 4 ഡിഗ്രി എന്നിങ്ങനെ ആവര്‍ത്തിച്ച് ഡി.എന്‍.എ. ആംപ്ലിഫൈ ചെയ്യുന്നു അഥവാ പെരുപ്പിക്കുന്നു. ഡി.എന്‍.എയുമായി ഒട്ടിപ്പിടിക്കുന്ന SYBR-ഗ്രീന്‍ രാസവസ്തു അളവ് രേഖപ്പെടുത്തുന്നത് തല്‍സമയം കാണാന്‍ കഴിയും. അതിനാല്‍ ആണിത് 'റിയല്‍ ടൈം പി.സി.ആര്‍. (RT-PCR) എന്ന് വിളിക്കുന്നത്.
ഇതിലും മികച്ച പി.സി.ആര്‍. ഉണ്ട്. അതില്‍ ഒരു സൂക്ഷ്മമാപിനി (probe) കൂടി ഡി.എന്‍.എ. ശ്രേണി പരിശോധിക്കാന്‍ സഹായിക്കും. ഈ 'പ്രോബ്' വില കൂടിയതാണ്. പക്ഷേ, ഫലം കൃത്യമായിരിക്കും. കൊറോണ വൈറസിനെ തിരിച്ചറിയാന്‍ പ്രോബുള്ള പി.സി.ആര്‍. ആദ്യം രൂപപ്പെടുത്തിയത് ഡോ. ഡ്രോസ്റ്റണ്‍ ആയിരുന്നു. ഇതിന് നാലു മുതല്‍ അഞ്ചുവരെ ഡി.എന്‍.എ. തന്മാത്രകള്‍ കൃത്യതയോടെ കണ്ടെത്താന്‍ ശേഷിയുണ്ട്. പ്രോബ് ഇല്ലാത്ത ആര്‍.ടി.-പി.സി.ആറുകള്‍ക്ക് വില കുറവാണ്, പക്ഷേ ഫലത്തിന്റെ കൃത്യത കുറയും.
ഡി.എന്‍.എ. തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു വിദ്യ, ജീന്‍എഡിറ്റിങ് സങ്കേതമായ 'ക്രിസ്‌പെര്‍-കാസ്' (CRISPR-Cas) ആണ്. മുന്‍അറിവുള്ള ഡി.എന്‍.എ. ശ്രേണികളെ കൃത്യമായി തിരഞ്ഞു കണ്ടെത്തി പരിശോധിക്കാന്‍ ഈ വിദ്യയിലെ 'ഗൈഡ് ആര്‍.എന്‍എ.'യ്ക്ക് സാധിക്കും. ഗൈഡ് ആര്‍.എന്‍.എയില്‍ ഒരു കാസ് രാസാഗ്നി (Cas enzyme) ഉണ്ട്. അത് ഡി.എന്‍.എ. ശ്രേണീഭാഗം മുറിക്കും. ഇങ്ങന ഉണ്ടാകുന്ന 'ഒറ്റവരി ഡി.എന്‍.എ.' (ssDNA) യുടെ അളവ് വര്‍ണരാസവസ്തുക്കളാല്‍ രേഖപ്പെടുത്തും. ഈ വിദ്യക്ക് കൃത്യത കൂടും, ചെലവും!
ആന്റിബോഡി ടെസ്റ്റുകള്‍
നമ്മളെ ആക്രമിക്കുന്ന വൈറസുകള്‍ ഉള്‍പ്പടെയുള്ള രോഗാണുക്കള്‍ക്കെതിരെ ശ്വേതരക്താണുക്കള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രതിരോധ പ്രോട്ടീനുകളാണ് ആന്റിബോഡി അഥവാ പ്രതിദ്രവ്യം. പ്രതിദ്രവ്യങ്ങളായ പ്രോട്ടീനുകളെയാണ്, ആന്റിബോഡി ടെസ്റ്റുകളില്‍ കണ്ടെത്തുന്നത്. പക്ഷേ, ഡി.എന്‍.എ. ടെസ്റ്റുകളെ അപേക്ഷിച്ച് ഇവയ്ക്ക് കൃത്യത കുറയും.
ഐ.ജി.എം. (IgM), ഐ.ജി.ജി. (IgG) എന്നീ ആന്റിബോഡികളാണ് വൈറസ് ബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. വൈറസ് ബാധയുണ്ടായാല്‍ അഞ്ചു മുതല്‍ പത്തു ദിവസം വരെയുള്ള കാലയളവില്‍, ശരീരത്തില്‍ ചെറിയ അളവില്‍ ഐ.ജി.എം. ആന്റിബോഡിയും, പിന്നീട് ഐ.ജി.ജി.-യും ഉണ്ടാകും. 21 ദിവസമാകുമ്പോള്‍ ഇവയുടെ അളവ് ഏറ്റവും ഉയരും. ഐ.ജി.ജി.-യുടെ അളവ് കൂടുതലാകും. അത് ഒരു മാസത്തിലേറെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍, ഐ.ജി.എം. കണ്ടുപിടിക്കാന്‍ ഒന്നോ രണ്ടോ ആഴ്ചയെടുക്കാം, ഐ.ജി.ജി. കണ്ടുപിടിക്കാന്‍ അതില്‍ കൂടുതലും.

രോഗാണുബാധ മൂലം ശരീരത്തിലുണ്ടാകുന്ന കേടുപാടും മറ്റ് രോഗാവസ്ഥയും മൂലം, മേല്‍സൂചിപ്പിച്ച രണ്ട് ആന്റിബോഡികളും തിരിച്ചറിയുക ദുഷ്‌ക്കരമാകാറുണ്ട്. അതിനാല്‍, ആന്റിബോഡി ടെസ്റ്റുകള്‍ക്ക് ചെലവു കുറവായാലും, കൃത്യത ഉറപ്പുവരുത്തുക ബുദ്ധിമുട്ടാണ്. അതിനാല്‍, ഇവ സാമൂഹിക ജാഗ്രതാ മേല്‍നോട്ടത്തിനാണ് പൊതുവേ ഉപോയോഗിക്കുക.
ഒരു പകര്‍ച്ചവ്യാധിക്കെതിരെ ഒരു സമൂഹത്തിലെ നല്ലൊരു പങ്ക് ആളുകളില്‍ പ്രതിരോധം (സഞ്ചിതപ്രതിരോധം- herd immunity) രൂപപ്പെടുന്നത് ഇത്തരം പരീക്ഷണങ്ങള്‍ വഴി പ്രവചിക്കാനാകും. കോവിഡ്-19 ന്റെ കാര്യത്തില്‍ ഇത്തരം സഞ്ചിതപ്രതിരോധം രൂപപ്പെടുന്നത് പരിശോധിക്കാന്‍ ജര്‍മനി ഇപ്പോളിത് പ്ലാന്‍ ചെയ്യുന്നു.
ശ്രദ്ധിക്കുക, കൃത്യതക്കുറവ് മൂലം കഴിഞ്ഞയാഴ്ച വരെ പുതിയ കൊറോണ വൈറസിനെതിരെ ഒരു ആന്റിബോഡി ടെസ്റ്റും ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ചിട്ടില്ല.
രോഗപ്രതിവിധികള്‍
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ വേണം. വൈറസ്ബാധ തടയാന്‍ വാക്‌സിനാണ് നന്ന്. കോവിഡ്-19 ന്റെ കാര്യത്തില്‍ നിലവില്‍ ഒരു വാക്‌സിനും ലഭ്യമല്ല. കൊറോണവൈറസ് അതിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാണ് നമ്മളെ പിടികൂടുന്നത്. ഇതു തടയാന്‍ സഹായിച്ചേക്കാവുന്ന ഒരു ആര്‍.എന്‍.എ. വാക്‌സിന്‍ (mRNA-1273) അമേരിക്കയില്‍ ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലാണ്.
ഇതുകൂടാതെ, ഒട്ടേറെ 'റീകോംബിനന്റ് ഡി.എന്‍.എ.' (recombinant DNA) വാക്‌സിനുകളും പരീക്ഷണഘട്ടത്തിലാണ്. അതില്‍ ഒരെണ്ണം (INO-4800) അമേരിക്കയിലും, മൂന്നെണ്ണം (Ad5-nCoV, Covid-19/aAPC, LV-SMENP-DC) ചൈനയിലും, മറ്റൊരെണ്ണം (ഇവ AdOx1 nCoV-19) ബ്രിട്ടനിലുമാണ് പരീക്ഷണഘട്ടത്തിലുള്ളത്. റഷ്യയിലും ഇത്തരം ആറു വാക്‌സിനുകളുടെ പരീക്ഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നമുക്ക് കാത്തിരിക്കാം.
അടുത്ത പ്രതിരോധം, ശരീരത്തില്‍ കടന്ന വൈറസിനെ നിര്‍വീര്യമാക്കലാണ്. അതിന് ആന്റിവൈറല്‍ മരുന്നാണ് ആവശ്യം. പുതിയ കൊറോണവൈറസായ 'സാര്‍സ്-കോവ്-2' (SARS-CoV-2) വിനെതിരെ അത്തരം മരുന്ന് ഇതുവരെയില്ല. അതിനാല്‍, ലോകമെങ്ങും രോഗകാരണത്തെയല്ല, രോഗലക്ഷണത്തെയാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്.
ഏറെ കേള്‍ക്കുന്ന ഒരു മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്യുനിന്‍ (HCQ). ഈ മലേറിയ മരുന്ന് വൈറസിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് കൃത്യമായി അറിയില്ല. ഇതുവരെ മനസിലാക്കിയ സംഗതി ഇതാണ്. അലര്‍ജിക്ക് കാരണമായ ചില പദാര്‍ഥങ്ങള്‍ നമ്മുടെ ശരീരത്തിലെത്തിയാല്‍, കോശങ്ങളിലെ ലൈസോസോമില്‍ (lysosome) നിന്ന് ചില രാസവസ്തുക്കള്‍ (Cytokines, Interferons) സ്രവിക്കും. ഇവ ആസ്തമ പോലുള്ള ശ്വാസതടസ്സ ലക്ഷണങ്ങള്‍ സൃഷ്ടിക്കും. ഈ സ്രവപ്രക്രിയ മുടക്കി അലര്‍ജി ലക്ഷണങ്ങളെ പിടിച്ചുകെട്ടാന്‍ ഈ മലേറിയ മരുന്ന് സഹായിക്കും.
അടുത്തയിടെ ഫ്രാന്‍സില്‍ എച്ച്.സി.ക്യു., അസിത്രോമൈസിന്റെ കൂടെ കോവിഡ്-19 രോഗികള്‍ക്ക് നല്‍കി. ശ്വാസതടസ്സമുണ്ടായി രോഗിയുടെ അവസ്ഥ വഷളാകാതിരിക്കാന്‍ അത് സഹായിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന പരീക്ഷണങ്ങള്‍ പക്ഷേ, ഫലം കണ്ടില്ല. മാത്രമല്ല, എച്ച്.സി.ക്യു. കരളിലെ ചില രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കും. അതിനാല്‍, കരള്‍രോഗമുള്ളവര്‍ സൂക്ഷിക്കണം. ഹൃദ്രോഗമുള്ളവരും സൂക്ഷിക്കണം.
ഐ.സി.എം.ആര്‍. (ICMR) തന്നെ, ഇതൊരു മുന്‍കരുതല്‍ മരുന്നായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്കും മാത്രമാണ് ശുപാര്‍ശ ചെയ്യുന്നത്. എച്ച്.സി.ക്യു. ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണ്.
മരുന്നില്ലാത്ത സാംക്രമികരോഗങ്ങള്‍ക്ക് ഒരു അവസാന മാര്‍ഗമെന്ന നിലയ്ക്കാണ് കോണ്‍വാലെസെന്റ് പ്ലാസ്മ തെറാപ്പി നടത്താറ്. രോഗം ഭേദപ്പെട്ടവരുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചു രോഗികളില്‍ കുത്തിവെയ്ക്കുകയാണ് ചെയ്യുക. രോഗം ഭേദപ്പെട്ടവരുടെ പ്ലാസ്മയില്‍ വൈറസിനെതിരെ ശരീരപ്രതിരോധം രൂപപ്പെടുത്തിയ ഐ.ജി.എം., ഐ.ജി.ജി. ആന്റിബോഡികളുണ്ടാകും. ഇവ വൈറസിനെതിരെ പ്രവര്‍ത്തിച്ച് തീവ്രമായ ശ്വാസതടസ്സ ലക്ഷണങ്ങള്‍ കുറയ്ക്കും.
ഒരു മഹാമാരി പിടിമുറുക്കുമ്പോള്‍, വെന്റിലേറ്ററുകള്‍ പോലുള്ളവയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍ അഭികാമ്യമാണ്. ഈയടുത്ത് ചൈന ഇത് നടപ്പാക്കി വിജയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് ആശുപത്രി ഇപ്പോളിത് ചെയ്തുകൊണ്ടിരിക്കുന്നു. ആശുപത്രി കേന്ദ്രീകരിച്ചുള്ള ക്ലിനിക്കല്‍ ട്രയലിന് തല്‍പ്പര്യമുള്ളവരെ ഐ.സി.എം.ആര്‍. ക്ഷണിച്ചിട്ടുണ്ട്.
കോവിഡ്-19 മഹാമാരിക്കെതിരെ ഇപ്പോള്‍ ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ ഇവയാണ്-എയ്ഡ്‌സ് ചികിത്സയ്ക്കുള്ള ലോപിനാവിര്‍, റിറ്റൊനാവിര്‍, പിന്നെ എബോളയ്ക്ക് എതിരെയുള്ള റേംഡിസ്വിര്‍. വൈറസ് പെരുകുന്നത് തടയാന്‍ ഇവ സഹായിച്ചേക്കാം.
കോവിഡിനെതിരെ പ്രത്യാശയ്ക്ക് വകയുള്ള ചില പ്രത്യേക മരുന്നുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജര്‍മനിയില്‍ ഡോ. ഡ്രോസ്റ്റന്റെ ലാബില്‍ വികസിപ്പിച്ച '13ബി' (13b) എന്ന മരുന്നാണ് ഒരെണ്ണം. ചൈനയില്‍ 'എന്‍3' (N3) എന്നു പേരുള്ള ഒരു മരുന്ന് കണ്ടെത്തിയിട്ടുണ്ട്. 1960 മുതല്‍ ഉപയോഗത്തിലുള്ള സിനന്‍സെറിന്‍ എന്ന മരുന്നും കോവിഡിനെതിരെ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ചൈനയിലെ ഗവേഷകര്‍ കണ്ടെത്തി. യു.എസില്‍ ഫുഡ് ആന്റ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (FDA) ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ച ഇബസെലെന്‍ എന്ന മരുന്നും പ്രതീക്ഷ നല്‍കുന്നു.
മനുഷ്യകോശങ്ങളില്‍ കൊറോണ വൈറസിനെ പെരുകാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ (protease) നിര്‍വീര്യമാക്കാനാണ് ഈ മരുന്നുകള്‍ സഹായിക്കുക. ഇവ പരീക്ഷണഘട്ടത്തിലാണ്. മനുഷ്യരില്‍ സുരക്ഷിതത്ത്വം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ അനുമതി ലഭിക്കൂ. ആ ശുഭവാര്‍ത്തയ്ക്കായി നമുക്ക് കാക്കാം!
(ഹൈദരാബാദില്‍ ICMR-NIN ഡെപ്യൂട്ടി ഡയറക്ടറാണ് ജനിതകശാസ്ത്രജ്ഞനായ ലേഖകന്‍.
Email: shobiv@gmail.com)
Content Highlights: Covid19 Vaccines and Medicines we need to know, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..