കോവിഡ് രണ്ടാംതരംഗം; ഇനിയെന്ത് ചെയ്യണം?


ഡോ. ബി. ഇക്ബാൽ

കോവിഡ് മഹാമാരിക്കാലം ഒരു പഠനകാലംകൂടിയായി കണക്കിലെടുത്ത് പുതിയ അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ രോഗനിയന്ത്രണത്തിനുള്ള മൂർത്തമായ കർമപരിപാടികൾ ആവിഷ്‌കരിക്കുകയാണു വേണ്ടത്

Representative Image| Photo: GettyImages

ന്ത്യയിൽ രോഗവ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്നരാജ്യങ്ങൾപോലും രണ്ടാംതരംഗത്തിലൂടെ കടന്നുപോയതിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പുത്സവങ്ങൾ

തിരഞ്ഞെടുപ്പ് കമ്മിഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാർച്ച് 27-നാരംഭിച്ച തിരഞ്ഞെടുപ്പ് ഒരുമാസത്തോളം നീണ്ടുനിൽക്കുന്നതും 824 മണ്ഡലങ്ങളിലായി ലക്ഷക്കണക്കിനുപേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമബംഗാളിന്റെ കാര്യത്തിൽ ഇപ്പോഴും അവസാനിക്കാത്ത എട്ട് ഘട്ടങ്ങളിലായാണ് പോളിങ് നടന്നുവരുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള അതി വാശിയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ, ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നൽകി. മാസ്കുപോലും ധരിക്കാതെ 2,70,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കൂട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ പരാജയം

വാക്സിനേഷൻ ആരംഭിച്ചെങ്കിലും സാമൂഹികപ്രതിരോധ ശേഷി (ഹേർഡ് ഇമ്യൂണിറ്റി) വളർത്തിയെടുക്കാൻ ആവശ്യമായ വാക്സിൻ ഡോസിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം കാട്ടിയെന്ന് കരുതേണ്ടിയിരിക്കുന്നു. 2020-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 138 കോടിയാണ്. 18 വയസ്സിനുതാഴെയുള്ള 30 ശതമാനം പേരെ ഒഴിവാക്കിയാൽ 96.6 കോടി പേർക്കും അതിൽത്തന്നെ 60 ശതമാനത്തിനാണെങ്കിൽ 58 കോടി പേർക്കെങ്കിലുമോ വാക്സിൻ നൽകേണ്ടതുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും ഭാരത് ബയോടെക്കിനെയും മാത്രം ആശ്രയിച്ച് ഇത്രത്തോളം പേർക്ക് വാക്സിൻ നൽകാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. വിദേശകമ്പനികളുടെ വാക്സിൻ ഇറക്കുമതിചെയ്യുകയോ അവ നാട്ടിൽ ഉത്‌പാദിപ്പിക്കാൻ തയ്യാറുള്ളവരെ അതിനനുവദിക്കുകയോ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ആരോഗ്യവകുപ്പ് മടിച്ചുനിന്നു. വിദേശ വാക്സിനുകൾ ഇന്ത്യയിൽ പരിമിതമായെങ്കിലും പരീക്ഷിച്ചതിനുശേഷം മാത്രമേ ഉത്‌പാദിപ്പിച്ച് വിതരണംചെയ്യാൻ അനുവദിക്കാനാവൂ എന്ന നിയമവും വിദേശവാക്സിനുകൾ ലഭ്യമാക്കുന്നതിൽ തടസ്സംനിന്നു. വികസിതരാജ്യങ്ങൾ 2021 ആദ്യമാസങ്ങളിൽ വാക്സിൻ കമ്പനികൾ ഉത്‌പാദിപ്പിച്ച വാക്സിൻ ഡോസുകളിൽ 50 ശതമാനവും വാങ്ങി സ്റ്റോക്കുചെയ്തതുമൂലം പല വിദേശകമ്പനികളും ഇന്ത്യയിൽ വാക്സിൻ മാർക്കറ്റ് ചെയ്യാൻ താത്‌പര്യം കാട്ടിയതുമില്ല.

രക്ഷപ്പെടാനുള്ള മാർഗമെന്ത്

മഹാമാരി നിലനിൽക്കുന്ന സമയത്ത് വാക്സിനേഷൻ നടത്തുമ്പോൾ കുറച്ചുപേർ മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ്, വാക്സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽനിന്ന്‌ രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (Escape Mutants/Variants) വിധേയമായി എസ്‌കേപ് മ്യൂട്ടൻസായി മാറി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കുകയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽപ്പോലും രോഗത്തിന് കാരണമാവുകയും ചെയ്യും. രോഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കാമെന്ന് മാത്രം. മാത്രമല്ല, വീണ്ടും രോഗതരംഗം സമൂഹത്തിലുണ്ടാവുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യപ്രവർത്തകർ ആദ്യംതന്നെ വാക്സിൻ സ്വീകരിക്കുന്നതുകൊണ്ടും അവർ കോവിഡ് രോഗികളുമായി ഇടപെടേണ്ടി വരുന്നതുകൊണ്ടും എസ്‌കേപ് മ്യൂട്ടൻസ് അവരിൽ ആദ്യമുണ്ടാവാനുമിടയുണ്ട്. ഇത് കോവിഡ് പരിപാലനത്തെ പ്രതികൂലമായി ബാധിക്കും. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിട്ടുള്ള ഇ484ക്യു (E484Q), എൽ452ആർ (L452R) എന്നീ ജനിതകമാറ്റത്തിലൂടെ ബി.1.617 എന്ന ഇരട്ട മ്യൂട്ടന്റ് (Doble Mutant) ആവിർഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനത്തിന് ആൾക്കൂട്ട സന്ദർഭങ്ങളോടൊപ്പം എസ്‌കേപ് മ്യൂട്ടന്റെ സാന്നിധ്യവും കാരണമാണെന്ന് കരുതേണ്ടിയിരിക്കുന്നു. വാക്സിനേഷൻ ത്വരഗതിയിലാക്കി ഹേർഡ് ഇമ്യൂണിറ്റി കഴിവതും വേഗം കൈവരിക്കുക മാത്രമാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള പ്രധാനമാർഗം.

റഷ്യയുടെ സ്പുട്നിക് വാക്സിൻ ഇന്ത്യൻ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയിൽ ടെസ്റ്റു ചെയ്ത് മാർക്കറ്റിങ്ങിന്‌ തയ്യാറാവുകയും ആരോഗ്യവകുപ്പ് അതിനനുമതി നൽകയും ചെയ്തിട്ടുള്ളത് വാക്സിൻ ആവശ്യം ഒരുപരിധിവരെ പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കൻ കമ്പനികളായ മഡോണ, ഫൈസർ, ജോൺസൺ ആൻഡ്‌ ജോൺസൺ എന്നീ കമ്പനികളുടെ വാക്സിൻ ഇന്ത്യൻപരീക്ഷണം ഒഴിവാക്കി ഇന്ത്യയിൽ മാർക്കറ്റ് ചെയ്യുന്നതിനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്‌. കാലതാമസംകൂടാതെ ഇതെല്ലാം സാക്ഷാത്കരിച്ചാൽ വാക്സിൻ ക്ഷാമം പരിഹരിക്കാൻ കഴിയും. എന്നാൽ, അതിനും 34 മാസ കാലതാമസം ഉണ്ടാവും. അതുവരെ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ ഭരണസംവിധാനങ്ങളും പൊതുസമൂഹവും തയ്യാറാവേണ്ടതാണ്.

വേണ്ടത് പരസ്പര സഹകരണം

കേന്ദ്ര ആരോഗ്യവകുപ്പ് രാജ്യംനേരിടുന്ന ഗുരുതരമായ പ്രതിസന്ധി കണക്കിലെടുത്ത് പൊതുജനാരോഗ്യ വിദഗ്ധർ മുന്നോട്ടുവെച്ചിട്ടുള്ള പരിഹാരനിർദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ ഏതാനും ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ടുവെച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയപ്പാർട്ടിനേതാക്കളുമായി കോവിഡ് നിയന്ത്രണനടപടികൾ ചർച്ചചെയ്യുന്നതും ഉചിതമായിരിക്കും. അന്യോന്യം കുറ്റപ്പെടുത്തലിന്റെയും വിരൽചൂണ്ടലിന്റെയും മനോഭാവം മാറ്റി പരസ്പരസഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം രാജ്യത്ത് വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

(ആസൂത്രണ കമ്മിഷൻ അംഗവും പൊതുജനാരോഗ്യ വിദഗ്ധനുമാണ്‌ ലേഖകൻ)

Content Highlights: Covid19 second wave; What to do next, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented