കോവിഡ് തോല്‍ക്കും , ഈ നന്മയ്ക്കു മുന്നില്‍. മഹാമാരിയുടെ കാലം സേവനത്തിനുള്ള അവസരമാക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവര്‍ എം. മധുനന്‍. കോവിഡ് പോസിറ്റീവ് ആയവര്‍, ടെസ്റ്റിന് പോകുന്നവര്‍ , രോഗം മാറിയവര്‍ തുടങ്ങിയവരൊക്കെ മധുനനെ വിളിക്കും. പി.പി.ഇ. കിറ്റണിഞ്ഞ് തന്റെ മുച്ചക്ര വാഹനവുമായി മിനിറ്റുകള്‍ക്കകം മധുനനെത്തും.
 
തീരെ പാവപ്പെട്ടവരോടും വയോധികരോടും പണം വാങ്ങാറേയില്ല. മറ്റുള്ളവരോടും 'എണ്ണക്കാശേ' വാങ്ങൂ. 8-10 രോഗികളെയെങ്കിലും ഒരു ദിവസം ആശുപത്രിയിലെത്തിക്കും.
 
കോവിഡിന്റെ രണ്ടാംതരംഗം ഉണ്ടായതു മുതല്‍ ആശുപത്രി ഓട്ടങ്ങള്‍ മാത്രം. കഴിഞ്ഞവര്‍ഷത്തെ ലോക് ഡൗണ്‍ കാലത്താണ് തുടക്കം. പലപ്പോഴും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാറില്ല. അപ്പോള്‍ പി.പി.ഇ. കിറ്റ് ധരിച്ച് മധുനന്‍ രക്ഷയ്‌ക്കെത്തും. തിരഞ്ഞെടുപ്പ് കാലത്ത് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പോകാനായി രാഷ്ട്രീയക്കാര്‍ വാങ്ങിയതില്‍ ബാക്കിവന്ന കിറ്റുകള്‍ മധുനന്‍ ഇതിനായി ശേഖരിച്ചുവെച്ചിട്ടുണ്ട്. കുടുംബത്തിന്റെ കട്ട സപ്പോര്‍ട്ടുണ്ട് മധുനന്റെ സേവനത്തിന്. രോഗിയെയും കൊണ്ട് മധുനന്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഭാര്യ സീനയും മക്കളായ മാനവും മാളവികയും വീട്ടില്‍ പ്രാര്‍ഥനയിലായിരിക്കും.
 
ജീവിതക്ലേശങ്ങള്‍ ഏറെ സഹിച്ചാണ് നടക്കാവ് ചെറൂട്ടുവയല്‍ മാണിക്കോത്ത് മധുനന്‍ ഇവിടെവരെയെത്തിയത്. നേരത്തേ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു. 2007- മുതല്‍ ഓട്ടോ ഡ്രൈവര്‍. കോവിഡ് ഓട്ടമില്ലാത്ത ദിവസം വണ്ടികഴുകി അണുവിമുക്തമാക്കി സമൂഹ അടുക്കളയ്ക്ക് വേണ്ടി ഓടും. പ്രദേശത്തെ ആര്‍.ആര്‍.ടി. അംഗവുമാണ് ഏതു നല്ല കാര്യത്തിലും മുന്നണിപ്പോരാളിയായ മധുനന്‍.
 
കോവിഡിനെ തെല്ലും ഭയമില്ല ഈ നാല്പത്തഞ്ചുകാരന്. രോഗികളെ കൈപിടിച്ച് വണ്ടിയില്‍ കയറ്റാനും ആശുപത്രിയിലെത്തിയാല്‍ വീല്‍ച്ചെയറിലോ സ്ട്രെച്ചറിലോ കൊണ്ടുപോകാനുമോ ഒക്കെ സഹായിക്കും .
 
ഓട്ടോയില്‍ പോവുമ്പോള്‍ ചെറിയൊരു കൗണ്‍സലിങ് ഒക്കെ നല്‍കി രോഗിയെ ധൈര്യപ്പെടുത്തും. തികഞ്ഞ ജാഗ്രത പാലിക്കുന്നതിനാല്‍ മധുനന് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല.
 
Content Highlights: Covid19, Kozhikode Auto driver helping Covid19 patients, Health