കാളികാവ് (മലപ്പുറം): 9656040513. ഒന്നരവർഷമായി ഈ ഫോൺനമ്പറിലേക്ക് സഹായംതേടിയുള്ള വിളികൾ തുടരുകയാണ്. ഏറെയും കോവിഡ് രോഗികൾ. വിളിവന്നയിടങ്ങളിലേക്ക് അതേ വേഗത്തിൽത്തന്നെ കാളികാവിലെ കൊട്ടേക്കോടൻ കുട്ടൻ എന്ന പ്രവാസി കുതിച്ചെത്തും. പിന്നെ അവരെ കരുതലോടെ ആശുപത്രിയിലെത്തിക്കും.

കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം കുട്ടൻ ആശുപത്രിയിലെത്തിച്ചത് 900 കോവിഡ് ബാധിതരെ. വാഹനവുമായി താണ്ടിയത് 5320 കിലോമീറ്റർ. മലപ്പുറത്തിന്റെ മലയോരമേഖലയിലൂടെ തടസ്സമില്ലാതെ കുതിക്കുകയാണ് കുട്ടന്റെ സാന്ത്വനവണ്ടി.

മൊയ്തീൻകുട്ടി എന്നാണ് കുട്ടന്റെ യഥാർഥ പേര്. ഗൾഫിലായിരുന്നു. കോവിഡിന് തൊട്ടുമുൻപാണു നാട്ടിലെത്തിയത്. ഇതു നാടിനു ഗുണവുമായി. കോവിഡ് രോഗിയെ ഒന്നുതൊടാൻ കുടുംബാംഗങ്ങൾപോലും പേടിക്കുന്ന കാലത്തു കുട്ടൻ വ്യത്യസ്തനായി. രോഗികളെ ഒരു മടുപ്പും പേടിയും കൂടാതെ ഇരുകരങ്ങളിലും കോരിയെടുത്ത് ആശുപത്രിയിലെത്തിക്കുന്നത് നാട്ടുകാർക്കിപ്പോൾ പതിവുകാഴ്‌ച.

ആശുപത്രിയിൽനിന്നു രോഗികളെ തിരിച്ചു വീട്ടിലുമെത്തിക്കും. മരുന്നിനും ഭക്ഷണത്തിനും പ്രയാസപ്പെടുന്നവർക്ക് അതും എത്തിച്ചുകൊടുക്കും. മലയോരവാസികൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കുട്ടന്റെ സേവനത്തെ ആശ്രയിക്കുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി വിവിധ സംഘടനകൾ ഏർപ്പെടുത്തിയ വാഹനങ്ങൾ കുറച്ചതോടെ തിരക്കു പിന്നെയും കൂടി. മനുഷ്യർക്കു മാത്രമല്ല, തെരുവുനായ്‌ക്കൾക്കും കുട്ടന്റെ കാരുണ്യസ്‌പർശമുണ്ട്. ദിവസം രണ്ടുനേരം 10 നായ്‌ക്കൾക്കു ഭക്ഷണം നൽകും.

രാപകൽ ഭേദമില്ലാതെ തുടരുന്ന സേവനത്തിനു കാളികാവ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പിന്തുണയുണ്ട്. കുട്ടന്റെ കരുതൽകണ്ട പാലിയേറ്റീവുകാർ അവരുടെ ഒരു വാഹനംതന്നെ കുട്ടനു കൈമാറി. ഇന്ധനച്ചെലവ് സുമനസ്സുകളുടെ സഹായത്തോടെ പാലിയേറ്റീവ് തന്നെ വഹിക്കും. സഹായംതേടിയുള്ള വിളിയെത്തിയാൽ ഈ വാഹനവുമായി കുട്ടൻ പാഞ്ഞെത്തുമെന്ന് നാട്ടുകാർക്ക് അത്ര ഉറപ്പാണ്.

Content Highlights: Covid19 Fighter kuttan helps Covid patients, Health, Covid19