-
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒട്ടേറെ തിരിച്ചറിവുകള്‍ കേരളസമൂഹം നേടി. വ്യക്തിപരമായി എന്റെ കാഴ്ചപ്പാടിലും മാറ്റമുണ്ടായി. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാകേണ്ട കാര്യമില്ല. ആരാധനാലയങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ തുറക്കാന്‍ തീരുമാനിച്ചത്. മാളുകളും തൊഴിലിടങ്ങളും ചന്തകളുമൊക്കെ തുറന്നു. ആരാധനാലയങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവ പാലിക്കപ്പെടണം. കൊറോണ പ്രതിരോധത്തില്‍ നല്ല ഉത്തരവാദിത്വത്തോടെ പ്രതികരിച്ച കേരളീയ സമൂഹത്തില്‍ വെറുതേ ഒരു വിവാദമുണ്ടാക്കരുത്.
കോവിഡ് പ്രതിരോധ വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ. ബി. ഇക്ബാലുമായി മാതൃഭൂമി പ്രതിനിധി അനിഷ് ജേക്കബ് നടത്തിയ സംഭാഷണത്തില്‍നിന്ന്
സമൂഹവ്യാപനത്തിന്റെ വക്കിലാണ് നാം എന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹവ്യാപനത്തെ ഭയത്തോടെ കാണേണ്ട സമയമായോ?
സമൂഹവ്യാപനം സംഭവിച്ചിട്ടില്ല. എന്നാല്‍, അതിനുള്ള സാധ്യതയുണ്ട്. അതിനായാണ് ആന്റിബോഡി പരിശോധന തുടങ്ങിയത്. ഐ.സി.എം.ആര്‍. തന്നെ മൂന്ന് ജില്ലയില്‍ എലീസ ടെസ്റ്റ് അടക്കം നടത്തി. ഇത്തരം പരിശോധനകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലേ സമൂഹവ്യാപനം നടന്നോയെന്ന് പറയാനാകൂ. രോഗവ്യാപനസാധ്യത ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. ഭയത്തോടെ നില്‍ക്കുകയല്ല, ബ്രേക്ക് ദി ചെയ്ന്‍ കൂടുതല്‍ ശക്തമാക്കുകയാണു വേണ്ടത്. അത് ശീലമാകണം.
ഈ ഘട്ടത്തില്‍ കൂടുതല്‍ ഇളവുകളിലേക്കാണ് കേരളം പോയത്. അത് ശരിയായ ദിശയിലുള്ള സഞ്ചാരമാണോ? പ്രത്യേകിച്ചും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ത്തി ഹോം ക്വാറന്റീനിലേക്ക് പോയത് ദോഷകരമാകില്ലേ?
ഹോം ക്വാറന്റീന്‍ കേരളം വിജയിപ്പിച്ച മാതൃകയാണ്. നാം വിജയിപ്പിച്ച ഒരു മാതൃകയില്‍ അവിശ്വാസം തോന്നേണ്ട കാര്യമില്ല. ഒരു സമയം രണ്ടുലക്ഷം പേര്‍ വരെയാണ് ഹോം ക്വാറന്റീനില്‍ നിന്നത്. അത് നാം തിരിച്ചറിയാത്തതാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വളരെ കുറച്ചുകാലത്തേക്ക്, കുറച്ചുപേര്‍ക്ക് മാത്രം നല്‍കാവുന്ന സംവിധാനമാണ്. അത് അത്യാവശ്യമുള്ളവര്‍ക്ക് ഇപ്പോഴും നല്‍കുന്നുണ്ട്.
പ്രവാസികളെ മടക്കിക്കൊണ്ടുവരുകതന്നെ വേണം. എന്നാല്‍, അവരുടെ വരവ് സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ തോത് കൂട്ടിയെന്നതും സത്യം. ഈ രണ്ടു വൈരുധ്യങ്ങളെ എങ്ങനെ യോജിപ്പിക്കും?
ആദ്യഘട്ടത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നായാലും മറ്റു സംസ്ഥാനങ്ങളില്‍നിന്നായാലും ആളുകള്‍ മടങ്ങിവരുമ്പോള്‍ അവിടങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവിടെയും രോഗവ്യാപനം കൂടി. സ്വാഭാവികമായും അവിടെനിന്ന് വരുന്നവരില്‍ ആനുപാതികമായതോതില്‍ രോഗികളുണ്ടാകും. പ്രശ്‌നം അവിടെയല്ല. അവരില്‍നിന്ന് സമ്പര്‍ക്കമുണ്ടാകരുത്. ഒന്നാം ഘട്ടത്തില്‍ കേരളത്തില്‍ എത്തിയ പ്രവാസികളില്‍നിന്ന് സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ രോഗം വ്യാപിച്ചത് 33 ശതമാനം പേര്‍ക്കായിരുന്നു (ആളുകള്‍ കുറവായിരുന്നുവെന്നത് മറക്കുന്നില്ല). എന്നാല്‍, ഇപ്പോള്‍ 11 ശതമാനം പേര്‍ക്കേ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നുള്ളൂ. ഇത് 33 ശതമാനം വരെയായാല്‍പോലും നമുക്ക് നിയന്ത്രിച്ചുനിര്‍ത്താനാകും.
ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിരുദ്ധാഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഈ ഘട്ടത്തില്‍ അതിലേക്ക് കടക്കണമായിരുന്നോ?
ആരാധനാലയങ്ങളെ പ്രത്യേകമായി കാണേണ്ടതില്ല. ആളുകള്‍ കൂടുന്ന ഏതു സ്ഥലം തുറക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ മാനദണ്ഡമുണ്ടാക്കിയിട്ടുണ്ട്. അത് പാലിക്കണം. പ്രായാധിക്യത്തിലുള്ളവരും മറ്റ് രോഗമുള്ളവരും ആരാധനാലയങ്ങളില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം. എത്രപേര്‍ക്ക് എത്താമെന്നതിനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഞാനൊരു വിശ്വാസിയല്ല. എന്നാല്‍, മതസംഘടനകളുടെ തലപ്പത്തുള്ളവരോട് വലിയ ബഹുമാനം തോന്നി. എല്ലാ മതവിഭാഗങ്ങുടെയും നേതാക്കന്മാര്‍ സര്‍ക്കാര്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. ആരാധനാലയങ്ങളുടെ കാര്യം മാത്രമെടുത്ത് അതില്‍ രാഷ്ട്രീയം കലര്‍ത്തരുത്, അത് വിവാദമാക്കരുത്. ഏത് പൊതുസ്ഥാപനത്തെയുംപോലെ മാത്രം ഇക്കാര്യത്തില്‍ ആരാധനാലയത്തെ കണ്ടാല്‍ മതിയാകും.
കോവിഡ് എത്രകാലം നീണ്ടുനില്‍ക്കും? മോചനം എത്ര അകലെയാണ്?
അതിജീവിക്കാന്‍ കഴിയും. താമസിയാതെ വാക്സിന്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ ഏതാനും മാസമെടുത്തേക്കാം. ഈ വൈറസിന് മനുഷ്യനെ കൊല്ലണമെന്ന ചിന്തയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വിഭജിച്ച് പെരുകുകയാണ് അതിന്റെ രീതി. പകര്‍ന്നുവരുന്ന കാലത്താണ് ഇതിന് തീവ്രത കൂടുതല്‍. തീവ്രത കൂടുന്നത് വൈറസിനും പ്രശ്‌നമാണ്. അതിനെ വഹിക്കുന്ന ജീവി ചാകുന്നത് അതിന്റെ നിലനില്‍പ്പിനെയും ബാധിക്കും. അതുകൊണ്ടുതന്നെ വൈറസില്‍ വ്യതിയാനംവന്ന് തീവ്രത കുറയും. മറ്റ് രോഗമുള്ളവരും പ്രായമായവരുമാണ് കൂടുതല്‍ മരിക്കുന്നത് എന്നതും ഈ രോഗത്തിന്റെ പ്രത്യേകതയാണ്.
ഈ രോഗവ്യാപനം എന്ത് പാഠങ്ങളാണ് പകര്‍ന്നുനല്‍കിയത്?
ഞാനൊരു ദൈവവിശ്വാസിയല്ല. ഞാന്‍ അകലം പാലിക്കുകയും പോരാട്ടം നടത്തുകയും ചെയ്തവരോട് എനിക്കുള്ള അഭിപ്രായം ഇതോടെ മാറിയെന്നു പറയാം. ആരാധനാലയങ്ങള്‍ ആദ്യം അടച്ചിടാനും പിന്നീട് തുറക്കാന്‍ അവസരം കിട്ടിയപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണം പാലിച്ച് തുറക്കാനും മതസംഘടനകള്‍ കാണിച്ച ഉത്തരവാദിത്വം വളരെ വലുതാണ്. ചില ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുന്നില്ലെന്നും തീരുമാനിച്ചു.
ആരോഗ്യസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന നിലയില്‍ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മേഖലയോട് എനിക്ക് മറ്റൊരു നിലപാടായിരുന്നു. ഇന്നിപ്പോള്‍ പല സ്വാശ്രയ മെഡിക്കല്‍ കോളേജുകളും ചികിത്സയ്ക്കായി സര്‍ക്കാരിന് വിട്ടുതന്നു. ഈ രണ്ടു കൂട്ടരെയും കേരളത്തിന്റെ സാമൂഹിക മൂലധനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇരുമേഖലകളെയും സാമൂഹിക മൂലധനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന തിരിച്ചറിവ് എനിക്കുണ്ടായി. അത് എന്റെ കാഴ്ചപ്പാടിനെ മാറ്റിയെന്ന് പറയാന്‍ മടിയില്ല.
Content Highlights: CoronaVirus Community spread not happened now but there is a chance for it Dr B Ekbal speaks, Covid19, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..