പ്രിൽ 16-ന് രാത്രിമുതലാണ് കൊറോണ വൈറസ് എന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ശരീരമാസകലം വേദനയും വിറയലും. തലവേദനകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല. കൈയിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ ഞാനും വീണു.

വേവലാതിയുടെ ദിനങ്ങൾ

ചില്ലറക്കാരനായിരുന്നില്ല എന്റെ ഉള്ളിൽ കയറിയ വൈറസ് എന്ന് പതിയെ മനസ്സിലായി. 17-ന് ഒരുദിവസം കൊണ്ടുതന്നെ എന്റെ ശരീരം ആകെ തളർന്നു. ഭക്ഷണം കഴിക്കാനോ നേരാംവണ്ണം കിടന്നുറങ്ങാനോ പോലും പറ്റുന്നില്ല. എല്ലാവരും വിളിച്ചു ധൈര്യം തരുന്നുണ്ടെങ്കിലും ശരീരം തളരുന്നത് എന്നെ പേടിപ്പിച്ചിരുന്നു. 18-ന് കോവിഡ് ടെസ്റ്റ് ചെയ്തു. വീട്ടിൽ വന്ന് സാംപിൾ എടുത്ത ലാബുകാരൻ റിസൾട്ട് വരാൻ രണ്ടുദിവസം എടുക്കുമെന്ന് അറിയിച്ചു. അത്ര കൂടുതലാണ് ഇപ്പോൾ അവർക്ക് ചെയ്യേണ്ടിവരുന്ന ടെസ്റ്റുകളുടെ എണ്ണം. ഇവരുടെ ലാബിൽമാത്രം ദിവസേന അമ്പതിനായിരത്തോളം സാംപിളാണ് വരുന്നത്. അതിൽ മഹാഭൂരിപക്ഷവും പോസിറ്റീവും.

18-ന് രാത്രി കാര്യങ്ങൾ ആകെ മാറി. രാത്രി പെട്ടെന്ന് ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥ വന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പൂർണമായി ശ്വാസമെടുക്കാൻ പറ്റുന്നില്ല. വിജുവേട്ടൻ (വിജു കൃഷ്ണൻ) പോയി ഒരു പോർട്ടബിൾ ഓക്സിജൻ സിലിൻഡർ വാങ്ങിക്കൊണ്ടുവന്നു. അത് ഉപയോഗിച്ചപ്പോൾ ചെറിയ ആശ്വാസം വന്നു. സഹോദരനും ഡോക്ടറുമായ ഗോകുലിനെ വിളിച്ചപ്പോൾ നെബുലൈസേഷൻ ചെയ്യാൻ പറഞ്ഞു. നെബുലൈസറും വാങ്ങി ഉപയോഗിച്ചു. വീണ്ടും കുറച്ച് ആശ്വാസം കിട്ടി. പിറ്റേ ദിവസം സ്കാനിങ്‌, എക്സ് റേ, ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്തു. സ്കാനിങ്ങിൽ ന്യൂമോണിയയുടെ ചെറിയ തുടക്കം കണ്ടെത്തി. എങ്കിലും പേടിക്കേണ്ട അവസ്ഥയിൽ എത്തിയിട്ടില്ല. മരുന്ന് കഴിച്ച്‌ വീട്ടിൽത്തന്നെ വിശ്രമിച്ചാൽ ശരിയാകാവുന്ന​തേയുള്ളൂ എന്നുതോന്നി. അങ്ങനെ ഒന്നുരണ്ട് ദിവസംകൂടി തള്ളിനീക്കി. 20-ന് കോവിഡ് റിസൾട്ട് വന്നു. പോസിറ്റീവ് തന്നെ. സി.ടി. വാല്യൂ 17 (വെരി ഹൈ വൈറൽ ലോഡ്). പനിയിൽനിന്നും തലവേദനയിൽനിന്നും ചെറിയ ആശ്വാസം വന്നപ്പോൾ ഇനി പേടിക്കാനില്ലെന്നോർത്ത് കിടന്നു. പക്ഷേ, കാര്യങ്ങൾ വീണ്ടും മോശമാകാൻ തുടങ്ങി.

രണ്ടുദിവസത്തിനുള്ളിൽ ശ്വാസതടസ്സം കൂടിവന്നു. പോർട്ടബിൾ ഓക്സിജൻകൊണ്ട് കാര്യമുണ്ടായില്ല. അവസ്ഥ മോശമാണ് എന്നറിഞ്ഞപ്പോൾ ഗോകുൽ ഡൽഹിയിലേക്ക് വന്നു. വന്നപാടേ ഒന്നുരണ്ട് ഇഞ്ചക്‌ഷൻ തന്നു. തലവേദനയും പ്രശ്നങ്ങളും താത്‌കാലികമായി മാറി. പക്ഷേ, ഇഞ്ചക്‌ഷൻ ഫലം കഴിഞ്ഞപ്പോൾ എല്ലാം പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. ഓക്സിജൻ സാച്ചുറേഷൻ വല്ലാതെ കുറഞ്ഞുവന്നു. ഇനി വീട്ടിൽ കിടത്തുന്നത് അപകടമാണെന്നും എത്രയും പെട്ടെന്ന് ഐ.സി.യു.വിലേക്കു മാറ്റണമെന്നും ഡോക്ടറനിയൻ വിധിയെഴുതി. പിന്നെ അതിനുവേണ്ടി മറ്റുള്ളവരുടെ ഭഗീരഥപ്രയത്നം. അപ്പോഴേക്കും ഞാൻ ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയിലേക്കെത്തിയിരുന്നു.

അനിശ്ചിതത്വത്തിന്റെ ഡൽഹി

ഡൽഹിയിലെ കോവിഡ് വ്യാപനത്തിന്റെ ഭീകരാവസ്ഥ ശരിക്കും മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. എത്ര വലിയ ഇടപെടൽ നടത്തിയിട്ടും ഒരു ഓക്സിജൻ ബെഡ് പോലും കിട്ടാത്ത സാഹചര്യം. മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എം.പി.മാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസിൽനിന്നു നിരന്തരം ശ്രമിച്ചിട്ടും ഒരു ആശുപത്രിയിലും ബെഡ് ഇല്ല എന്ന മറുപടിമാത്രം. ഓക്സിജൻ സപ്പോർട്ട്‌ ഇല്ലാതെ ഒരുനിമിഷംപോലും ജീവൻ നിലനിർത്താൻ പറ്റില്ല എന്ന സാഹചര്യം വന്നു. ആശുപത്രിയിൽ ബെഡ് കിട്ടാനും അത്യാവശ്യമായ റെംഡിസിവർ മരുന്ന് ഏർപ്പാടാക്കാനും എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നു. അന്ന് രാത്രിയാണ് ശിവദാസേട്ടൻ (ഡോ. ശിവദാസൻ എം.പി.) വിളിച്ച്‌ നാട്ടിലേക്ക് വരാൻ പറയുന്നത്. എയർആംബുലൻസ് നോക്കാമെന്നും ഡൽഹിയിൽ നിൽക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എയർ ആംബുലൻസിന് ഏകദേശം 27 ലക്ഷം രൂപയാകും. അത്രയും പൈസ മുടക്കി നാട്ടിലേക്ക് ഓടണോ എന്ന കൺഫ്യൂഷൻ എനിക്കും. ഏതായാലും ഒന്നുരണ്ടുദിവസം നോക്കിയിട്ടു തീരുമാനിക്കാം എന്നുവെച്ചു. പിറ്റേദിവസം ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ കോവിഡ് വാർഡിൽ ഒരു ബെഡ് റെഡിയായി. അവിടത്തെ ചികിത്സയുടെ മഹത്ത്വത്തെപ്പറ്റി അറിയുന്നതുകൊണ്ടുതന്നെ എനിക്ക് വലിയ താത്‌പര്യം ഉണ്ടായില്ല. പക്ഷേ, മുന്നിൽ വേറെ വഴികളുമില്ല. ഓക്സിജൻ സഹായമില്ലാതെ ഒരു മിനിറ്റുപോലും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിയിരുന്നു. അങ്ങനെ 24-ന് ആർ.എം.എൽ. ആശുപത്രിയിലെ കോവിഡ് വാർഡിൽ അഡ്മിറ്റ് ആയി.

‘യെ മെരാ കാം നഹി’

ഒന്നാം ദിവസംതന്നെ ഇവിടെ കിടന്നാൽ അധികനാൾ ആയുസ്സുണ്ടാകില്ല എന്ന് ഉറപ്പായി. ഒരു വലിയ ഹാളിൽ നൂറുകണക്കിന് രോഗികൾ. തീരെ ആവതില്ലാത്തവർമുതൽ ചെറിയ ശ്വാസതടസ്സവും പ്രശ്നങ്ങളുംമാത്രം ഉള്ളവർവരെ അതിലുണ്ട്. പുറത്തുനിന്ന്‌ ആർക്കും പ്രവേശനമില്ല. ഡോക്ടർ, നഴ്‌സ്, അറ്റൻഡർ അങ്ങനെ ആരും സ്ഥിരമായി അതിനകത്തില്ലതാനും. രാവിലെയും ഉച്ചയ്ക്കും രാത്രിയിലും വന്ന് ഇഞ്ചക്‌ഷനും മരുന്നുകളും തന്ന് അവർ പോകും. അതിനിടയിൽ ആർക്ക് എന്തുപറ്റിയാലും ആരും അറിയില്ല. നടക്കാൻ ആവതുള്ളവർ പുറത്തു വാതിലിനടുത്തു പോയി കാര്യം പറഞ്ഞാൽ അരമണിക്കൂർ കഴിയുമ്പോൾ ആരെങ്കിലും വന്നു നോക്കും. ഒന്നിനും പറ്റാത്ത ഒരാളാണെങ്കിൽ അവിടെ കിടന്നു ചക്രശ്വാസം വലിക്കും. ഇതാണ് അവസ്ഥ. ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിന്റെ മുകളിൽ സമയമാകുമ്പോൾ കൊണ്ടുവെക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അവർക്ക് പ്രശ്നമല്ല. അവർ തങ്ങളെ ഏൽപ്പിച്ച ജോലിചെയ്യുന്നു, അത്രമാത്രം. എന്റെ കട്ടിലിന്റെ തൊട്ട് മുകളിലാണ് എ.സി. വെന്റ്. നല്ല തണുപ്പോടെ അതിൽ നിന്നും ശക്തിയായി കാറ്റ് വരുന്നു. രോഗികൾക്ക്‌ പുതയ്ക്കാൻ പുതപ്പ് ഇല്ല. തണുത്തുവിറയ്ക്കാൻ തുടങ്ങി. കട്ടിൽ അവിടെനിന്ന് നീക്കാൻ ആരെങ്കിലും വരുന്നതും നോക്കി നിന്നു. ആരും വന്നില്ല. തീരെ അവശനായിരുന്നെങ്കിലും ആദ്യ ദിവസംതന്നെ തണുത്തു മരവിച്ചു ജീവൻ വിടാതിരിക്കാൻ കട്ടിലിൽ നിന്ന് ഇറങ്ങി അത് തള്ളിനീക്കാൻ ഞാൻതന്നെ ശ്രമം നടത്തി. ശരീരം തളർന്നു തലകറങ്ങി കട്ടിലിലേക്കുതന്നെ വീണു. ആ ശ്രമം വിഫലമായി. ഗോകുലിനു മെസ്സേജ് അയച്ചു. എത്രയും വേഗം ഒരു പുതപ്പ് എത്തിക്കണം. അവനും വിജുവേട്ടനും വീട്ടിൽനിന്നു പുതപ്പുമായി വന്ന് അത് താഴെ ഏൽപ്പിച്ചു. അത് നാലാം നിലയിൽ ഞാൻ കിടക്കുന്ന വാർഡിൽ എത്തിയപ്പോഴേക്കും തണുത്തു മരവിച്ചു ബോധം മായുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞാൻ. പുതപ്പുമായി വന്ന അറ്റൻഡറോട് എ.സി. ഓഫ് ചെയ്യാൻ കരഞ്ഞുപറഞ്ഞു. ഒപ്പം എന്റെ കട്ടിൽ കുറച്ചു നീക്കാനും. അതിനു അയാൾ പറഞ്ഞ മറുപടി, ‘യെ സബ് മേരാ കാം നഹി ഹേ’ (ഇതൊന്നും എന്റെ ജോലിയല്ല) എന്നാണ്. ഈ മറുപടി ആദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ആർ.എം.എല്ലിൽ കിടന്ന ഒരാഴ്ചയിൽ എല്ലാ ദിവസവും കേട്ടുകേട്ട് അതിന് പുതുമ നഷ്ടപ്പെടുകയും പിന്നീടങ്ങോട്ട് ഈ വാചകം കേൾക്കുമ്പോൾ ഒരു നിർവികാരത മാത്രം അനുഭവപ്പെടുകയും ചെയ്തു.

തണുത്തു വിറച്ചു ബോധം പോകുന്നതിനുമുൻപ് എന്തോ ഭാഗ്യത്തിന് ഒരു മാലാഖയെപ്പോലെ നഴ്‌സ് വന്നു. അവരോട് കാര്യം പറഞ്ഞു. പെട്ടെന്നുതന്നെ പനിക്കുള്ള ഒരു ഇഞ്ചക്‌ഷൻ തന്നു. അവർതന്നെ ഓടിപ്പോയി എ.സി. ഓഫ് ചെയ്യിച്ചു. ഞാൻ തളർന്നുറങ്ങിപ്പോയി. രാത്രി ഏറെ വൈകി എഴുന്നേറ്റ് സ്വയം തന്നെ കട്ടിൽ നീക്കിവെച്ചു. വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. പറ്റിയില്ല. ആ ആശുപത്രിയിൽ കിടന്ന ഏഴുദിവസവും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. കണ്ണുതുറന്നു ചുറ്റും നോക്കി കിടക്കും. തിരിയാനോ മറിയാനോ പറ്റുന്നില്ല. അത്ര ഭീകരമാണ് ശ്വാസതടസ്സം. ഓക്സിജൻ മാസ്ക് മുഴുവൻസമയവും മുഖത്തുണ്ട്. അതുകൊണ്ടുമാത്രം ശരീരത്തിൽ ജീവനും.

യാഥാർഥ്യത്തിന്റെ നേർക്കാഴ്ചകൾ

ഞാൻ ആ കോവിഡ് വാർഡിലേക്ക് കയറിയപ്പോൾ എതിർവശത്തെ കട്ടിലുകളിലുള്ള രണ്ടുപേരെ ശ്രദ്ധിച്ചിരുന്നു. ഒരാൾക്ക് 45 വയസ്സുവരും. മറ്റെയാൾ കുറച്ച് കൂടുതൽ പ്രായമുള്ള ആളാണ്. രണ്ടുപേരും കാഴ്ചയിൽ അത്ര വലിയ പ്രശ്നങ്ങൾ ഉള്ളവരല്ല. എന്നെക്കാൾ നന്നായി സംസാരിക്കാനൊക്കെ പറ്റുന്നുണ്ട്. ഒരാൾ സ്വയം നടന്ന് ബാത്ത്റൂമിലേക്കെല്ലാം പോകുന്നുണ്ട്. പ്രായമുള്ളയാൾക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഡയപ്പർ കെട്ടിക്കൊടുത്തിട്ടുണ്ട്. ഈ രണ്ടുപേരുടെയും പിന്നെ എന്റെ ഇടതുവശത്തു കിടന്നിരുന്ന ആളുടെയും മരണം നേരിൽ കാണേണ്ടിവന്നതാണ് ഇപ്പോഴും മനസ്സിനെ ഉലയ്ക്കുന്ന സംഭവം.

കാര്യമായ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ആ യുവാവിന് ഒരു ദിവസം ചെറിയ തളർച്ചപോലെ കാണപ്പെട്ടു. ഡോക്ടർ വന്നപ്പോൾ ആയാൾ തന്റെ ബുദ്ധിമുട്ടുകൾ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ, ജോലിതീർക്കാൻ മാത്രമായി രോഗികളെ സന്ദർശിക്കുന്ന അവിടെയുള്ള ആരോഗ്യപ്രവർത്തർക്ക് അതൊന്നും വലിയ കാര്യമായി തോന്നിയിട്ടുണ്ടാകില്ല. രണ്ടുദിവസത്തിനുള്ളിൽ ആ മനുഷ്യൻ അന്ത്യശ്വാസം വലിച്ചു. എന്റെ കണ്മുന്നിൽ. ശ്വാസംകിട്ടാതെ പിടഞ്ഞ് ഒരു മനുഷ്യജീവൻ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കി ഞാൻ കട്ടിലിൽ കിടന്നു.

അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അയാൾ മരിച്ചിരുന്നു. അഞ്ചുമണിക്കു ശേഷമേ വാർഡിലേക്ക് ആരെങ്കിലും വരൂ. അഞ്ചുമണിക്ക് വന്ന നഴ്‌സ് ഇഞ്ചക്‌ഷൻ നൽകാൻ ഒരുങ്ങുമ്പോഴാണ് ഇയാൾ മരിച്ചതായി കാണുന്നത്. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അയാളുടെ ഓക്സിജൻ മാസ്‌കും കൈയിലെ കാനുലയും മാറ്റി ബാക്കി രോഗികൾക്ക് ഇൻജക്‌ഷനും നൽകി തന്റെ പണിതീർത്ത്‌ അവർ പോയി. വൈകുന്നേരം ഏകദേശം ഏഴുമണിവരെ ആ മൃതദേഹം അവിടെ അതുപോലെ കിടന്നു. ഏഴുമണിക്ക് ശേഷമാണ് ചിലർ വന്ന് അത് പൊതിഞ്ഞുകെട്ടുന്നത്. പൊതിഞ്ഞുകെട്ടുന്ന പണിയുള്ളവർ അത് തീർത്തുപോയി. പിന്നെ മൃതദേഹം കൊണ്ടുപോകാൻ ചുമതലപ്പെട്ടവർ വന്ന് അത് അവിടന്ന് മാറ്റിയപ്പോൾ രാത്രി എട്ടുമണി. അഞ്ചു മണിക്കൂറിൽ കൂടുതലാണ് ഒരു മനുഷ്യശരീരം അവിടെ കിടന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ ഷോക്ക്.

വിലയില്ലാത്ത ജീവനുകൾ

രണ്ടാമത് മരിച്ചത് എന്റെ ഇടതുവശം കിടന്നയാളാണ്. അയാളുടെ ദേഹമാസകലം പൊള്ളി ബാൻഡേജ് ഇട്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം കോവിഡ് കൂടി ഉള്ളതുകൊണ്ട് അയാൾ കൂടുതൽ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചു. ഇടയ്ക്ക് ഉച്ചത്തിൽ കരയും. ആ കരച്ചിൽ ആരും കേൾക്കില്ല. ‘ജോലിസമയം’ ആകുമ്പോൾ വരുന്നവരോട് അയാൾ ബുദ്ധിമുട്ടുകൾ പറയും. ചിലർ അതു കേൾക്കും. ചിലർ കേട്ട് തഴമ്പിച്ച മറുപടി പറയും: ‘‘യെ മേരാ കാം നഹി ഹേ’’. അയാളുടെ വേദനയ്ക്കോ ദുരിതത്തിനോ ഒരു പരിഹാരവും ആരും കണ്ടെത്തിയില്ല. ഒരുദിവസം രാത്രി ഏറെ വൈകി, ഞാൻ പതിവുപോലെ ഉറക്കമില്ലാതെ മുകളിലോട്ട് നോക്കി കിടക്കുന്നു. ഇടതുവശത്തുനിന്ന് ഒരു ശബ്ദംകേട്ട് നോക്കിയപ്പോൾ ആ മനുഷ്യൻ ഉരുണ്ട് താഴെ വീണിരിക്കുന്നു. എന്നിട്ട് ഉറക്കെ കരയുകയാണ്. ആരു കേൾക്കാൻ? കുറച്ചുകഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു. അങ്ങനെ അതും കഴിഞ്ഞു. രാവിലെ ‘ജോലി’തീർക്കാൻ വന്നവർ അത് കണ്ടു. മരണം ഉറപ്പിച്ചു. കട്ടിലിൽ എടുത്തുകിടത്തി. ഇപ്രാവശ്യം ആരെങ്കിലും കണ്ടുകഴിഞ്ഞു രണ്ടുമണിക്കൂർ നേരമേ ആ മൃതദേഹത്തിന് അനാഥമായി കട്ടിലിൽ കിടക്കേണ്ടിവന്നുള്ളൂ. രണ്ടുമണിക്കൂർകൊണ്ട് അവർ ബോഡി മാറ്റി.

ഏറ്റവും ഭീകര അനുഭവം മൂന്നാമത്തെ മരണമാണ്. എന്റെ എതിർവശത്തു കിടന്നിരുന്ന കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. തുടക്കംതൊട്ടേ അദ്ദേഹം അവശനായിരുന്നു എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരുദിവസം രാത്രി ഉറക്കത്തിനിടയിൽ അദ്ദേഹത്തിന്റെ ഓക്സിജൻ മാസ്ക് മുഖത്തുനിന്നു മാറി. ഒരു രാത്രിമുഴുവൻ ഓക്സിജൻ ഇല്ലാതെ കിടന്നതുകൊണ്ടാവണം പിറ്റേ ദിവസംമുതൽ അദ്ദേഹം അബോധാവസ്ഥയിലായി. അപ്പോഴും പതിവുപോലെ മൂന്നുനേരം ഭക്ഷണം കൊടുക്കുന്ന ജോലിയുള്ളവർ ഭക്ഷണവും (കട്ടിലിനു മുകളിൽ) കൊണ്ടുവെച്ച് പോകും. കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്ളീനിങ്ങിന് വരുന്നവർ അവരുടെ സമയം ആവുമ്പോൾ കൃത്യമായി അത് അവിടന്ന് മാറ്റും) ഇഞ്ചക്‌ഷൻ കൊടുക്കുന്ന ജോലിയുള്ളവർ അതു നൽകിക്കൊണ്ടിരുന്നു. ഒരുദിവസം രണ്ടു ഡോക്ടർമാർ വന്ന് അദ്ദേഹത്തെ പരിശോധിച്ചു. എന്തൊക്കെയോ ചെയ്തു. ബോധം വന്നില്ല. കുറേകഴിഞ്ഞ് അവർ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഓക്സിജൻ മാസ്ക് ശരിയായി വെച്ചുകൊടുക്കാൻപോലും ആരും മനസ്സുകാണിച്ചില്ല. അങ്ങനെ മൂന്നുദിവസത്തോളം അബോധാവസ്ഥയിൽ കിടന്ന് ആയുസ്സിനുവേണ്ടി പോരാടിയ ആ മനുഷ്യനെയും ഒരു ദിവസം വൈകുന്നേരം അവർ പൊതിഞ്ഞുകെട്ടി. ശവങ്ങൾ മാറ്റി അരമണിക്കൂറിനുള്ളിൽത്തന്നെ പുതിയ രോഗികൾ ഓരോ കട്ടിലിലും ഇടംപിടിക്കുന്നുണ്ട്. പുതിയ രോഗികൾ വരുന്നതിനു മുമ്പ്‌ ആ കട്ടിലുകൾ ഒന്ന് വൃത്തിയാക്കുകപോലും ചെയ്യുന്നില്ല.

നിസ്സഹായതയുടെ നിമിഷങ്ങൾ

ഓക്സിജൻ സഹായമില്ലാതെ ഒരു നിമിഷംപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. സംസാരിക്കാനോ ഒച്ചയെടുത്ത് ആരെയെങ്കിലും സഹായത്തിനു വിളിക്കാനോ കട്ടിലിൽനിന്ന് അനങ്ങാനോ പറ്റാത്ത അവസ്ഥ. മൂത്രമൊഴിക്കാൻ യൂറിൻ ഫ്ളാസ്‌ക് ഉണ്ട്. രാവിലെ മൂത്രമൊഴിച്ചാൽ വൈകുന്നേരംവരെ അത് ആ ഫ്ളാസ്‌കിൽ കിടക്കും. ആരും എടുത്തുകളയില്ല. ഇടയിൽ വരുന്ന ആരോടെങ്കിലും കളയാൻ പറഞ്ഞാൽ ഇത് തന്റെ പണിയല്ല എന്നും അതിനുള്ള ആളു വരുമ്പോൾ പറയാനും പറയും. രാവിലെ മൂത്രമൊഴിച്ചു ഫ്ലാസ്‌ക് നിറഞ്ഞാൽ വൈകുന്നേരം അത് കളയുന്നതുവരെ മൂത്രമൊഴിക്കാൻ നിർവാഹമില്ല. സ്വയം എഴുന്നേറ്റ് ബാത്ത്റൂമിൽ പോകാൻ പറ്റാത്തതുകൊണ്ടും ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ പോകുന്നത് അപകടമായതുകൊണ്ടും എനിക്ക് അഡൾട്ട് ഡയപ്പർ കെട്ടിത്തരാൻ ഡോക്ടർമാർ ആദ്യ ദിവസംതന്നെ ആ ‘ജോലി’ ഉള്ളവർക്ക് നിർദേശം കൊടുത്തിരുന്നു. ആദ്യദിവസം രാവിലെ അവർ കെട്ടിത്തന്നു. രാത്രി അത് അഴിച്ച് പുതിയത് കെട്ടിത്തരാം എന്നു പറഞ്ഞെങ്കിലും രാത്രി ആരും വന്നില്ല. പിറ്റേദിവസം രാവിലെ വന്ന അറ്റൻഡർമാരോടും നഴ്‌സുമാരോടും കാര്യം പറഞ്ഞെങ്കിലും അവർ ഇത് തങ്ങളുടെ പണിയല്ല എന്നുപറഞ്ഞു കൈമലർത്തി. അടുത്ത ദിവസം രാവിലെയാണ് അതിന്റെ ജോലിക്കാർ വന്ന്‌ എന്റെ ഡയപ്പർ മാറ്റുന്നത്. രണ്ടുദിവസം സ്വന്തം വിസർജ്യത്തിനുമേൽ കിടക്കേണ്ടിവന്ന ആ അവസ്ഥ ഈ നിമിഷവും മനസ്സിനെ അലട്ടുന്നുണ്ട്.

ജീവനുവേണ്ടി കേരളത്തിലേക്ക്‌

എയർ ആംബുലൻസിനുവേണ്ടി ഞാൻ ആശുപത്രിയിൽ എത്തിയ ദിവസംമുതൽതന്നെ എല്ലാവരും ശ്രമം നടത്തുന്നുണ്ടായിരുന്നു. പക്ഷേ, പല പ്രശ്നങ്ങൾകൊണ്ട് നടന്നില്ല. നാലഞ്ചുദിവസത്തെ ശ്രമത്തിനുശേഷം ഒരു എയർ ആംബുലൻസ് റെഡിയായി. അങ്ങനെ മേയ് ഒന്നിന് കാലത്ത് ഞാൻ ആർ.എം.എൽ. ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്. കോഴിക്കോട് എയർപോർട്ടിൽ ലാൻഡ് ചെയ്തതുമുതൽ കേരളത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവർത്തകരുടെ അനുകമ്പയും സ്നേഹവും മനസ്സിന് വല്ലാത്ത ബലം നൽകി. എന്തു പറഞ്ഞാലും ‘യെ മേരാ കാം നഹീ ഹേ’ എന്നുപറഞ്ഞു കൈ മലർത്തുന്ന, ഒരു ജോലിതീർക്കാൻ മാത്രമായി രോഗികളുടെ അടുത്തേക്ക് വരുന്ന ഒരുപറ്റം ആൾക്കാരുടെ ഇടയിൽനിന്നു വന്ന എനിക്ക് ഇവിടം സ്വർഗമായിരുന്നു. എയർ ആംബുലൻസിൽനിന്ന് എടുത്ത് മെഡിക്കൽ കോളേജിന്റെ ആംബുലൻസിലേക്ക് മാറ്റുന്ന സമയംമുതൽ ‘എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം കേട്ടോ’ എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്തിരുന്ന നഴ്‌സുമാരും മറ്റുള്ളവരും. ഒരാഴ്ചത്തെ ദുരിതപർവത്തിനുശേഷം കൈവന്ന ഏറ്റവും സന്തോഷംതന്ന അനുഭവം. അഞ്ചുദിവസം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ കിടന്ന് നല്ലപരിചരണം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു.

കേരളവും ഡൽഹിയും ആരോഗ്യ പരിപാലനത്തിൽ രണ്ടു ധ്രുവങ്ങളിലാണ്. മനുഷ്യജീവനുകൾക്ക് ഒരു വിലയും കല്പിക്കാത്ത ആരോഗ്യസംവിധാനവും ആരോഗ്യ പ്രവർത്തകരുമാണ് ഡൽഹിയുടെ ശാപം. ഇതാകട്ടെ സർക്കാർ ആരോഗ്യമേഖലയിൽ ഇടപെടുന്നതിന്റെയും ഒരു നല്ല ആരോഗ്യസംസ്കാരം രൂപപ്പെടുത്തുന്നതിന്റെയും കുറവുകാരണം മാത്രം ഉണ്ടാകുന്നതും. എന്നെ രക്ഷിച്ചത് കേരളമാണ്. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലെ പരിചരണമാണ്. ഇവിടെ സ്വകാര്യ ആശുപത്രിയിൽപ്പോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ഈ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവിസ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്ര.

(എളമരം കരീം എം.പി.യുടെ പേഴ്‌സണൽ സെക്രട്ടറിയാണ്‌ ലേഖകൻ)

Content Highlights: Covid19 Corona Virus survived Malayalee writes about pathetic Covid treatment experience in Delhi, Health