കോവിഡ് വന്നുപോകട്ടെ എന്നുകരുതി നില്‍ക്കുന്നവരാണോ നിങ്ങള്‍? കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിട്ടാല്‍ അപകടകരമായ സാഹചര്യത്തിലേക്കെത്തിപ്പെടാം. ചിലര്‍ കോവിഡിനെതിരേയുള്ള ജാഗ്രത കൈവിടുന്നെന്ന ആശങ്കയുണ്ട്. ആര്‍ക്കോവേണ്ടി മുഖാവരണം ധരിക്കുന്ന സമീപനമാണ് പലര്‍ക്കും. മുഖത്തുനിന്ന് മുഖാവരണം താഴ്ത്തിവയ്ക്കുന്നവര്‍ ഇപ്പോഴും ഏറെയാണെന്നും കോവിഡ് നിസ്സാരനല്ലെന്നും പറയുകയാണ് ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ടി.കെ. സുമ.

കോവിഡ് 19 നിസ്സാരക്കാരനല്ല:

കോവിഡ് 19 മൂലം തീവ്രമായ അസുഖം ബാധിച്ചവരും മരണം സംഭവിച്ചവരും ധാരാളമുണ്ട്. ഈ ഘട്ടത്തിലെ കോവിഡ് അതിതീവ്രതയുള്ളതാണ്. വൈറസ് വളരെവേഗം ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരും. രോഗംബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജാഗ്രതയും കരുതലും കൈവിടരുത്.

കോവിഡ് വ്യാപന തീവ്രത

നിലവില്‍ മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന അവസ്ഥയിലാണീ വൈറസ്. പടര്‍ന്നുകഴിഞ്ഞാല്‍ അതിതീവ്രമായി ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവുതാഴുക, ന്യുമോണിയ ബാധിക്കുക തുടങ്ങി മരണംവരെ സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

രോഗബാധയേല്‍ക്കാന്‍ പ്രായം ഒരു ഘടകമല്ല

എല്ലാവരുടെയും ധാരണയാണ് ചെറുപ്പക്കാരെ അസുഖം ബാധിക്കില്ലെന്നത്. പ്രായമായവര്‍ക്കും മറ്റ് അസുഖമുള്ളവര്‍ക്കും മാത്രമേ കോവിഡ് 19 പിടിപെടൂ എന്ന ധാരണ തെറ്റാണ്. പ്രായഭേദമില്ലാതെ എല്ലാവരെയും വൈറസ് ബാധിക്കും. 30 വയസ്സില്‍ താഴെയുള്ള ഒരുപാടുപേര്‍ക്ക് ഇതിനോടകം ഗുരുതരമായ അസുഖം പിടിപെട്ടിട്ടുണ്ട്. മരണം സംഭവിക്കുന്നവരിലും ചെറുപ്പക്കാരുടെ എണ്ണം വളരെ വലുതാണ്.

മരണനിരക്ക് ഉയര്‍ന്നുതന്നെ

ജനിതകമാറ്റംവന്ന വൈറസ് തീവ്രമായ രോഗാവസ്ഥയാണ് പടര്‍ത്തുന്നത്. ഗുരുതരമായ ശ്വാസകോശരോഗം, ന്യുമോണിയ തുടങ്ങി മരുന്നുകള്‍പോലും ഫലപ്രദമാകാതെ മരണത്തിലേക്കെത്തുന്ന അവസ്ഥയിലേക്കാണിപ്പോള്‍ പോകുന്നത്. പൂര്‍ണ ആരോഗ്യമുള്ളവരെപ്പോലും കോവിഡ് 19 ഗുരുതരാവസ്ഥയിലേക്കാണെത്തിക്കുന്നത്.

രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു

വൈറസിന്റെ പകര്‍ച്ച വളരെ വേഗത്തിലാണ്. പുറത്തേക്കുപോയ ആളില്‍നിന്ന് കുടുംബത്തിലേക്കും അവിടെനിന്ന് പലരിലേക്കും അതിവേഗമാണ് വൈറസ് പടരുന്നത്. ഒരുവര്‍ഷത്തിലേറെയായി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമില്ലാതെ ഈ വൈറസിനുപിന്നാലെയാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടും കണ്‍മുന്നില്‍ ആളുകള്‍ മരിക്കുന്ന അവസ്ഥകണ്ട് മാനസികമായും ശാരീരികമായും തളരുന്ന അവസ്ഥയിലാണ് ഓരോ ആരോഗ്യപ്രവര്‍ത്തകനും. ആളുകള്‍ സുരക്ഷാമാര്‍ഗങ്ങള്‍ കൃത്യമായി സ്വീകരിച്ചിരുന്നെങ്കില്‍ രോഗികളുടെ എണ്ണത്തില്‍ ഇത്ര വര്‍ധന ഉണ്ടാകില്ലായിരുന്നു.

Content Highlights: Covid19 Corona Virus should not be taken lightly, Health, Covid19, Corona Virus