വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിലും അകപ്പെട്ടു പോയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇവരില്‍ നിരവധി ഗര്‍ഭിണികളുണ്ട്. കോവിഡ് ബാധിതരും അല്ലാത്തവരും ഇവര്‍ക്കിടയിലുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ഹോം ക്വാറന്റീനില്‍(വീട്ടില്‍ തന്നെ സമ്പര്‍ക്കവിലക്കില്‍ താമസിക്കല്‍) കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
- വിദേശത്തു നിന്നും വരുന്ന ഗര്‍ഭിണികള്‍ ഗര്‍ഭകാലം 36 ആഴ്ച പിന്നിട്ടിട്ടുണ്ടെങ്കില്‍ യാത്ര ഒഴിവാക്കണം. ഗര്‍ഭകാലം 32-36 ആഴ്ചയില്‍ ഉള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ യാത്ര അനുവദിക്കൂ. ഗര്‍ഭകാലം 32 ആഴ്ച വരെയുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതില്‍ പ്രശ്‌നങ്ങളില്ല.
- വിമാനയാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്‍പ് മെഡിക്കല്‍ പരിശോധനകള്‍ നടത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം.
- യാത്രാവേളയില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക.
- യാത്രാവേളയില്‍ കാല്‍പാദങ്ങള്‍ ഇടയ്ക്ക് മുകളിലേക്കും താഴേക്കും ചലിപ്പിക്കണം. അല്ലെങ്കില്‍ കാലുകളില്‍ രക്തക്കട്ട അടിഞ്ഞ് ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന അവസ്ഥയുണ്ടാകാനിടയുണ്ട്.
- യാത്രയ്ക്കിടെ ശ്വാസം അകത്തേക്ക് വലിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന ബ്രീത്തിങ് എക്‌സര്‍സൈസ് ചെയ്യണം.
- ടേക്ക്ഓഫ്, ലാന്‍ഡിങ് വേളയില്‍ ചെവി അടയാതിരിക്കാന്‍ ഇടയ്ക്കിടെ ഉമിനീര്‍ ഇറക്കണം. എന്തെങ്കിലും അസ്വസ്ഥതയോ മറ്റോ തോന്നുകയാണെങ്കില്‍ എയര്‍ലൈന്‍ സ്റ്റാഫുകളുടെ സഹായം തേടണം.
- വിമാനമിറങ്ങിയാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ സ്വന്തം വീട്ടില്‍ പോയി ഹോം ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനകള്‍ നടത്തും.
- വിമാനമിറങ്ങി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഒരാള്‍ മാത്രം മതിയാകും. ആ വ്യക്തിയും ഗര്‍ഭിണിയും മാസ്‌കും കയ്യുറകളും ധരിക്കണം.
- 60 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ ഉള്ള വീട്ടിലേക്കാണ് പോകുന്നതെങ്കില്‍ അവരെ അവിടെ നിന്നും മാറ്റി താമസിപ്പിക്കണം.
- 14 ദിവസമാണ് ഹോം ക്വാറന്റൈന്‍. ഈ സമയത്ത് വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഒരു മുറിക്കുള്ളില്‍ തന്നെ കഴിയുക. അറ്റാച്ചഡ് ബാത്ത്‌റൂം ഉണ്ടാകണം. ആ ബാത്ത്‌റൂം മറ്റുള്ളവര്‍ ഉപയോഗിക്കരുത്.
- ക്വാറന്റീനില്‍ കഴിയാന്‍ ധാരാളം കാറ്റും വെളിച്ചവും കയറുന്ന മുറി തിരഞ്ഞെടുക്കണം.
- ഹോം ക്വാറന്റീന്‍ ആരംഭിക്കുമ്പോള്‍ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുക. അവരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക.
- ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ ഗര്‍ഭിണിക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ സഹായത്തിന് ഒരാള്‍ മാത്രം ഒപ്പം നില്‍ക്കുക.
- ഗര്‍ഭിണിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ പ്രത്യേകം പ്ലേറ്റുകളും ഗ്ലാസുകളും നല്‍കുക. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഇവ ഗര്‍ഭിണി തന്നെ കഴുകി വെക്കണം.
- ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും സ്വയം അലക്കണം.
- ഹോം ക്വാറന്റീനില്‍ കഴിയുമ്പോള്‍ ആദ്യ 14 ദിവസം ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. അടിയന്തിര ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ പോയാല്‍ മതി.
- അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടറുടെയും ഫോണ്‍ നമ്പറുകള്‍ കരുതുക.
- ഗര്‍ഭിണിക്ക് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും വന്നാല്‍ വീട്ടിലുള്ള മറ്റുള്ളവരെ വിളിക്കാന്‍ ഒരു അലാം ബെല്‍ മുറിയില്‍ സ്ഥാപിക്കാം.
- ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാം. ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്തുക. നിര്‍ദേശിക്കുന്ന മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ലഭിക്കും.
- ഗര്‍ഭകാല പരിശോധനയ്ക്കും പരിചരണത്തിനും മാത്രം ആശുപത്രി സന്ദര്‍ശിക്കുക. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രം ആശുപത്രിയില്‍ പോയാല്‍ മതി.
- സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കുക.
- വീടിനു പുറത്ത് പോയി വരുന്ന കുടുംബാംഗങ്ങളുമായി അകലം പാലിക്കുക.
- ബി.പി. സ്വയം പരിശോധിക്കാം. വീട്ടില്‍ വാങ്ങി ഉപയോഗിക്കാവുന്ന ഓട്ടോമാറ്റിക് ബി.പി. അപ്പാരറ്റസ് ഇതിന് ഉപയോഗിക്കാം. ബി.പി. 140/90 ന് മുകളില്‍ ആണെങ്കില്‍ മാത്രം ഡോക്ടറെ വിളിച്ച് ഉപദേശം തേടുക. ആശുപത്രിയില്‍ പോകേണ്ടതില്ല. ഷുഗര്‍ പരിശോധന, സ്‌കാനിങ് എന്നിവ ആവശ്യമാണെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കും. അതിന് അനുസരിച്ച് ചെയ്താല്‍ മതി.
- തലവേദന, തലകറക്കം, കണ്ണില്‍ ഇരുട്ടുകയറല്‍, നെഞ്ചെരിച്ചില്‍, വെള്ളംപൊട്ടി പോകല്‍, രക്തസ്രാവം, വിട്ടുവിട്ടുള്ളതും കൂടിവരുന്നതുമായ വയറുവേദന എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ പോകണം.
- ഗര്‍ഭകാലം 28 ആഴ്ച പിന്നിട്ടവര്‍ കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം. അനക്കക്കുറവുണ്ടെന്ന് തോന്നിയാല്‍ ഒരു മണിക്കൂര്‍ ചെരിഞ്ഞ് കിടന്ന് അനക്കം എണ്ണണം. അനക്കം നാലെണ്ണമുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല.
- 14 ദിവസത്തിന് ശേഷം ആശുപത്രിയില്‍ പോകാം. പോകുമ്പോള്‍ മാസ്‌ക് ധരിക്കണം.
- ആശുപത്രിയില്‍ പോകുമ്പോള്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്.
- യാത്രയ്ക്കിടെ ഹാന്‍ഡ് റെയ്ല്‍, ഡോര്‍ നോബ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക.
- കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും അല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- ആശുപത്രിയില്‍ എത്തിയാല്‍ കോവിഡ് പരിശോധന നടത്തിയ ശേഷമേ ഗര്‍ഭിണിയെ പരിശോധിക്കൂ.
- കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ഡോക്ടറും മറ്റ് ജീവനക്കാരും പി.പി.ഇ. കിറ്റ് ധരിച്ച ശേഷമേ ഗര്‍ഭിണിയെ പരിശോധിക്കൂ.
- കോവിഡ് ബാധിച്ച ഗര്‍ഭിണിയുടെ പ്രസവം എടുക്കുമ്പോഴും ഇത്തരത്തില്‍ അതീവ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണം.
- നവജാത ശിശുവിന് അമ്മയില്‍ നിന്ന് രോഗം ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
- മുലയൂട്ടുമ്പോള്‍ അമ്മ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- ഇടയ്ക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ.
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ ഹോസ്പിറ്റല്‍, കൊല്ലം
ontent Highlights: Covid19 Corona Virus outbreak Pregnant women needs to know Guidelines for home Quarantine, Health