റെയില്‍വേ കോച്ചുകളില്‍ ഇനി കൈ തൊടാതെ കൈകഴുകാം. കാലുകൊണ്ട് തുറക്കാവുന്ന ടാപ്പുകള്‍ വരും. കാലുകൊണ്ടുതന്നെ ശൗചാലയത്തിന്റെ വാതില്‍ തുറക്കാനും സംവിധാനമുണ്ടാകും. ഫ്‌ളഷ് ചെയ്യാനും കൈ തൊടേണ്ട, കാല്‍ മതി. കോവിഡ്-19 നമ്മുടെ റെയില്‍വേ കോച്ചുകള്‍ക്ക് പുതുമോടി പകരുകയാണ്. റെയില്‍വേയുടെ കപുര്‍ത്തല കോച്ച് നിര്‍മാണ ഫാക്ടറിയാണ് പുതിയ കോച്ചുകള്‍ രൂപകല്‍പ്പന ചെയ്തത്.

കരസ്പര്‍ശം ഒഴിവാക്കാനും കൈ തൊടേണ്ടിവരുന്ന ഭാഗങ്ങള്‍ പരമാവധി സുരക്ഷിതമാക്കാനുമുള്ള സംവിധാനമാണ് പുതിയ കോച്ചുകളുടെ പ്രധാന പ്രത്യേകത. കമ്പാര്‍ട്ട്‌മെന്റുകളുടെ വാതിലുകള്‍ കൈമുട്ടുകള്‍ ഉപയോഗിച്ച് തുറക്കാവുന്ന തരത്തില്‍ ക്രമീകരിക്കും. കാല്‍ അമര്‍ത്തിയാല്‍ വാഷ് ബേസിനിലെ ടാപ്പ് തുറക്കാനും ഹാന്‍ഡ് വാഷ് ശേഖരിക്കാനും കഴിയും.

ചെമ്പ് പൂശിയ കൈപ്പിടികളാവും ഇനി നിര്‍മിക്കുക. ചെമ്പ് പ്രതലത്തില്‍ വൈറസിന് ആയുസ്സ് കുറവായിരിക്കുമെന്ന നിഗമനത്തിലാണ് ഇങ്ങനെ ചെയ്യന്നത്. വാതില്‍പ്പിടികളിലും കൊളുത്തുകളിലും ചെന്പ് പൂശും. എ.സി. കോച്ചുകളില്‍ പ്ലാസ്മ വായുശുദ്ധീകരണ സംവിധാനം സ്ഥാപിക്കും. എ.സി. ഡക്ട് വാല്‍വുകളിലാണ് ഇത് സ്ഥാപിക്കുന്നത്.

തീവണ്ടിക്കുള്ളില്‍ എപ്പോഴും കൈ തൊടുന്ന ഭാഗങ്ങളിലെല്ലാം ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശും. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് നിഗമനം. സീറ്റ്, ബര്‍ത്ത്, ലഘുഭക്ഷണ ടേബിള്‍, ചില്ലുജനാല, വാതില്‍ എന്നിവിടങ്ങളിലാണ് ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശുന്നത്. 12 മാസം ഇത് ഫലപ്രദമായി നിലനില്‍ക്കുമെന്നാണ് പറയുന്നത്.

Content Highlights: Covid19, Corona Virus outbreak, New Hand washing system in trains Indian Railway, Health