കോവിഡ് -19 ഉണ്ടാക്കുന്ന SARS-CoV-2  വൈറസ് ഒരു ശ്വാസകോശ രോഗകാരിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, അണുബാധയുടെ തുടക്കകാലങ്ങളില്‍ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകള്‍ ആവില്ല ഉണ്ടാകുന്നത്. വയറിളക്കം, തികട്ടല്‍, ഛര്‍ദി, വയറുവേദന തുടങ്ങിയവയായിരിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 50 ശതമാനത്തിലും മലത്തില്‍ ഈ വൈറസിനെ കണ്ടെത്തിയതായി ചൈനയില്‍നിന്നും ഇറ്റലിയില്‍നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപ്പോള്‍ ശ്വാസകോശം മാത്രമല്ല ദഹനവ്യവസ്ഥയെയും ഈ വൈറസ് ബാധിക്കുന്നുണ്ട് എന്ന് സാരം.

ഫാറ്റിലിവര്‍ ഉള്‍പ്പെടെ ഇന്ന് കേരളത്തിലെ കരള്‍രോഗികളുടെ എണ്ണം കൂടുന്നുണ്ട്. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍ മാറ്റിവെച്ചവരുമുണ്ട്. നോവല്‍ കൊറോണാ വൈറസ് കരളിനെ ബാധിക്കുമോ എന്ന ഉത്കണ്ഠ ഇവര്‍ക്കുണ്ട്. 

നോവല്‍ കൊറോണ കരളിനെ ബാധിക്കുമോ?

മുന്‍ വര്‍ഷങ്ങളില്‍ രോഗങ്ങള്‍ (SARS, MERS) ഉണ്ടാക്കിയ കൊറോണാ വൈറസുകള്‍ 60 ശതമാനത്തോളം കരളിനെ ബാധിച്ചിരുന്നതായി കാണാം.
ചൈനയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം നോവല്‍ കൊറോണ വൈറസ് കരളിനെ ബാധിച്ചാലും പലപ്പോഴും ഇത് താത്കാലികമാണ്. പ്രത്യേക ചികിത്സയൊന്നും ഇല്ലാതെതന്നെ കരള്‍ സാധാരണനിലയിലേക്ക് മടങ്ങുകയും ചെയ്യും.

53 ശതമാനം വരെ നോവല്‍ കൊറോണ ബാധിച്ച രോഗികള്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ (LFT) വ്യതിയാനങ്ങള്‍ രേഖപ്പെടുത്തി. എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. എന്നീ ഘടകങ്ങളാണ് ഉയര്‍ന്നതായി കണ്ടത്. ഇത് കരള്‍കോശങ്ങളുടെ വീക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ചില തീവ്രതയേറിയ രോഗാവസ്ഥകളില്‍ ജി.ജി.ടിയുടെ (GGT) അളവും ഉയര്‍ന്നിരിക്കുന്നത് കണ്ടു. ഇത് പിത്തനാളിസംബന്ധമായ രോഗത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളില്‍ 62 ശതമാനത്തിന് എല്‍.എഫ്.ടി. വ്യതിയാനങ്ങള്‍ കാണപ്പെട്ടപ്പോള്‍, ഐ.സി.യു. പരിചരണം ആവശ്യമില്ലാത്തവരില്‍ 25 ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. അതായത് തീവ്രത കൂടിയ രോഗമുള്ളവര്‍ക്ക് കരള്‍ വീക്കത്തിന് സാധ്യതയേറെയുണ്ട്. കോണ്‍ടാക്ട് ട്രേസിങ് വഴി വൈറസ് അണുബാധ കണ്ടുപിടിച്ച്, പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത രോഗികള്‍ വൈറസ് പോസിറ്റീവ് ആണെങ്കിലും കരളിനെ ബാധിച്ചതായി കാണുന്നില്ല.

കോവിഡ് രോഗത്തിന്റെ തീവ്രതയാണ് കരളിനെ ബാധിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കുന്നത്. പരിപൂര്‍ണമായി കരള്‍ തകരാറായ കേസുകള്‍ അഥവാ അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ (ALF- Acute Liver Failure) ചൈനയില്‍നിന്നോ മറ്റ് രാജ്യങ്ങളില്‍നിന്നോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോവിഡ് രോഗത്തില്‍ കരള്‍ വീക്കം ഉണ്ടാകുന്നതിന് കാരണങ്ങള്‍ എന്തൊക്കെയാവാം?

നാല് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാന്‍ കഴിയുക.
കരള്‍കോശങ്ങളെ വൈറസ് നേരിട്ട് ആക്രമിക്കുന്നതാവാം ഒരു കാരണം. എന്നാല്‍ തീവ്രതയേറിയ രോഗത്തില്‍ വൈറസും ശരീരത്തിന്റെ രോഗപ്രതിരോധശക്തിയും തമ്മിലുള്ള മല്ലയുദ്ധത്തില്‍ കരള്‍ കോശങ്ങള്‍ കുടുങ്ങുന്നത് ആകാനും മതി. മൂന്നാമതായി, പലപല മരുന്നുകള്‍ ആന്റിവൈറല്‍, ആന്റിബയോട്ടിക് മരുന്നുകള്‍ മൂലമുള്ള കരളിന്റെ ക്ഷതവും കണക്കിലെടുക്കേണ്ടതുണ്ട്. ശ്വാസകോശ തകരാറുകള്‍ വന്ന് വെന്റിലേറ്ററില്‍ കിടക്കുന്ന രോഗികളില്‍ വെന്റിലേറ്ററിന്റെ സമ്മര്‍ദം രക്തധമനികള്‍ വഴി ചെറിയതോതില്‍ കരളിലേക്ക് പകരുന്നത് (Liver congestion) കരള്‍ ക്ഷതം ഉണ്ടാക്കാം.

മുന്‍ സൂചിപ്പിച്ചതുപോലെ കരള്‍കോശങ്ങളെ മാത്രമല്ല പിത്തനാളികോശങ്ങളുടെ പ്രവര്‍ത്തനത്തെയും കോവിഡ് രോഗം ബാധിക്കാനിടയുമുണ്ട്.

കരള്‍രോഗം വന്ന് ചികിത്സയിലുള്ളവരെ കോവിഡ് ഏതുവിധത്തിലാണ് ബാധിക്കുന്നത് ?

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് എന്ന ജീവിതശൈലി രോഗമുള്ളവരുടെ എണ്ണം കൂടുകയാണ്. ഫാറ്റിലിവര്‍ രോഗത്തോടൊപ്പം പലപ്പോഴും പ്രമേഹം, അമിത ബി.പി. തുടങ്ങിയവയും കാണാം. മറ്റുരോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് രോഗം പിടിപെട്ടാല്‍ തീവ്രതയേറുന്നു. അതുകൊണ്ടുതന്നെ പ്രമേഹവും അമിത രക്തസമ്മര്‍ദവുമുള്ള ഫാറ്റിലിവര്‍ രോഗികള്‍ക്ക് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത മുന്നില്‍ കാണണം.

ചൈനയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഹെപ്പറ്റൈറ്റിസ്-ബി വൈറസ് സാധാരണമാണെങ്കിലും, ഇത് ഉള്ളവര്‍ക്ക് കോവിഡ് രോഗം പിടിപെടാനുള്ള സാധ്യതയോ, പിടിപെട്ടാല്‍ തീവ്രത കൂടാനുള്ള സാധ്യതയോ കണ്ടെത്തിയിട്ടില്ല.
എന്നാല്‍, കരളിന് സിറോസിസ് രോഗം ഉള്ളവരുടെ സ്ഥിതി ഇതല്ല. സിറോസിസിനെ രോഗപ്രതിരോധശേഷി കുറഞ്ഞ ഒരു അവസ്ഥയായി കണക്കാക്കാം. ചികിത്സയിലുള്ളവരും, കരള്‍ മാറ്റിവയ്ക്കാന്‍ അവയവം കാത്തിരിക്കുന്നവരും അണുബാധ സാധ്യത കൂടുതലാണ് എന്ന് മനസ്സിലാക്കി കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്.

കരള്‍രോഗമുള്ളവര്‍ കൊറോണാ വൈറസ്  കരളില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്തപരിശോധനകള്‍ നടത്തേണ്ടതുണ്ടോ? 

വേണ്ട. കോവിഡ് രോഗബാധ വന്ന് ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളുടെ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റിലുള്ള വ്യതിയാനങ്ങളാണ് നേരത്തെ സൂചിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളില്ലാതെ മഞ്ഞപ്പിത്തമായി മാത്രം കോവിഡ് പുറത്തേക്ക് വരില്ല. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ടെസ്റ്റുകളൊന്നും കരള്‍രോഗമുള്ളവര്‍ ചെയ്തുനോക്കേണ്ട ആവശ്യമില്ല. ആശുപത്രിയില്‍ അഡ്മിറ്റ് ആയ കോവിഡ് രോഗികള്‍ക്ക് ശ്വാസകോശസംബന്ധമായ പ്രശ്‌നത്തോടൊപ്പം കരള്‍ വീക്കവും മഞ്ഞപ്പിത്തവും വന്നേക്കാം. രോഗശമനത്തോടെ കരള്‍വീക്കവും കുറയും.

കരള്‍ മാറ്റിവയ്ക്കല്‍ കഴിഞ്ഞ രോഗികള്‍  എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? 

കരള്‍ മാറ്റിവയ്ക്കലിനുശേഷം രോഗപ്രതിരോധശക്തി കുറയുന്ന മരുന്നുകള്‍ അഥവാ ആന്റിറിജക്ഷന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഈ അണുബാധവരാനുള്ള സാധ്യത കൂടുതലാണ്. അണുബാധ പിടിപെട്ടാല്‍ തീവ്രമായ രോഗം വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. രോഗപ്രതിരോധശക്തി മരുന്നുകള്‍കൊണ്ട് കുറച്ചിരിക്കുന്നത് കാരണം വൈറസിനെ ശരിയായ രീതിയില്‍ ചെറുക്കാന്‍ സാധിച്ചെന്നുവരില്ല.

പക്ഷേ, വിരോധാഭാസമെന്നുപറയട്ടെ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവര്‍ തുടക്കത്തില്‍ കടുത്ത ലക്ഷണങ്ങള്‍ പ്രകടിപ്പിക്കണമെന്നില്ല. പനി ഉണ്ടാകണമെന്നില്ല, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ആരംഭഘട്ടത്തില്‍ കഠിനം ആയിരിക്കില്ല. ഇതുകൂടാതെ വൈറസ് കൂടുതല്‍ നാള്‍ ശരീരത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുമുണ്ട്. 

കരള്‍ മാറ്റിവെച്ചവര്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും സഞ്ചാര നിയന്ത്രണം തുടരുന്നതാണ് ഉചിതം. ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ രോഗിയുടെ കുടുംബത്തിലുള്ള ആളുകളും ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലത്. ലോക്ഡൗണിന് ശേഷവും സാമൂഹിക അകലം പാലിക്കുക,  കൈ നിരന്തരം സോപ്പിട്ട് കഴുകുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയശീലങ്ങളും തുടരണം.

കൊറോണ ചികിത്സയില്‍ പത്തോളം മരുന്നുകള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നതിനുമുന്‍പ് കരള്‍മാറ്റിവയ്ക്കലിനുശേഷം ഉപയോഗിക്കുന്ന ആന്റി റിജക്ഷന്‍ മരുന്നുകളുമായി ഒത്തുപോകുന്നതാണോ എന്ന് വ്യക്തമായി മനസ്സിലാക്കണം.
വാക്സിനുകള്‍ ഉണ്ടാക്കാനുള്ള ശ്രമം ലോകത്തെമ്പാടും നടക്കുന്നുണ്ട്, എന്നാലും കരള്‍ മാറ്റിവെച്ച രോഗികളില്‍ മതിയായ അളവില്‍ ആന്റിബോഡി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രതിരോധമാണ് പ്രധാനം എന്നുതന്നെയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഹരികുമാര്‍ ആര്‍. നായര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ഹെപ്പറ്റോളജിസ്റ്റ്& ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍
ഗ്ലെനെഗല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി, ചെന്നൈ
കിന്‍ഡര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കൊച്ചി

arogyamasika
പുതിയ ലക്കം ആരോഗ്യമാസിക വാങ്ങാം

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Covid19 Corona Virus outbreak and Liver Transplant patients things to remember, Health, Liver Health