മുതിർന്നവരെപ്പോലെത്തന്നെ കുട്ടികൾക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയതലത്തിൽ ഒടുവിൽ നടത്തിയ സീറോ സർവേ അനുസരിച്ച്, സർവേയിൽ ഉൾപ്പെട്ട കുട്ടികളിൽ 25 ശതമാനവും കോവിഡ് ബാധിതരാണ്. പത്തുവയസ്സിൽത്തായുള്ള കുട്ടികളിൽപ്പോലും മറ്റുപ്രായത്തിലുള്ളവരെപ്പോലെത്തന്നെ രോഗബാധ കാണുന്നു.

ദേശീയതലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാംതരംഗത്തിൽ മൂന്നുമുതൽ നാലുശതമാനംവരെയുള്ള കുട്ടികൾക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനംതന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാൽ, ഇത്തവണ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.

കുട്ടികളിൽ രോഗം തീവ്രമാകുമോ?

ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ഗുരുതരമല്ലാത്തവിധം അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികംപേർ കോവിഡ് ബാധിതരാണെങ്കിൽ കുട്ടികൾക്കും രോഗംവരാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാൽ, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളിൽ, പ്രത്യേകിച്ച് പത്തുവയസ്സിൽ താഴെയുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.

Dr. Narendra Kumar Arora
ഡോ. നരേന്ദ്രകുമാർ അറോറ

എന്നാൽ, ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ, പ്രമേഹം, ആസ്ത്മ, കാൻസർ, ഏതെങ്കിലുംതരത്തിൽ രോഗപ്രതിരോധശേഷികുറഞ്ഞ കുട്ടികൾ തുടങ്ങിയവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് ബാധിച്ച കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ തികഞ്ഞ ശ്രദ്ധ പുലർത്തണം. രോഗബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനുശേഷമോ ആണ് കുട്ടികളിൽ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

രണ്ടാംതരംഗത്തിൽ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതിനാൽ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളൂ.

കുട്ടികളുടെ ചികിത്സ

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കുട്ടികൾക്ക് ഞങ്ങൾ ഒരു മരുന്നും പറയുന്നില്ല. ഗുരുതരമല്ലാത്ത രോഗബാധയുള്ളവർക്ക് പനിയും അനുബന്ധലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോൾ നൽകുന്നു. വയറിളക്കമുണ്ടെങ്കിൽ നിർജലീകരണം തടയുന്നതിനായി ഒ.ആർ.എസും ധാരാളമായി മറ്റുപാനീയങ്ങളും കുടിക്കാൻ നിർദേശിക്കുന്നു. ഇതിനെക്കാൾ തീവ്രവും ഗുരുതരവുമായ അവസ്ഥകളിൽ ചികിത്സ മുതിർന്നവരുടേതുപോലെത്തന്നെയായിരിക്കും

കുട്ടികളിൽ ശ്വാസതടസ്സം, വർധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതുപ്പോലും തടസ്സപ്പെടുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്സിജന്റെ അളവ് കുറയൽ, നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം/ഉറക്കംതൂങ്ങൽ എന്നിവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

കോവിഡനന്തര ബുദ്ധിമുട്ടുകൾ

കോവിഡ് നീണ്ടുനിൽക്കുന്ന അവസ്ഥ ചില കുട്ടികളിൽ കണ്ടിട്ടുണ്ട്. കോവിഡനന്തര ബുദ്ധിമുട്ടുകളും കുട്ടികൾക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്ത പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നുമുതൽ ആറുമാസത്തിനുശേഷംപോലും പിടിപെടാം. ഗുരുതരമായ കൊറോണയിൽനിന്ന് മുക്തരായ കുട്ടികളുടെ രക്ഷിതാക്കൾ തുടർച്ചയായി ഡോക്ടറുമായി ബന്ധംപുലർത്തി കുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണം.

കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം?

മുതിർന്ന കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി കോവിഡിനനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയർ) പാലിക്കാം. രണ്ടുവയസ്സിൽത്താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കണമെന്ന്‌ പറയില്ല. രണ്ടുമുതൽ അഞ്ചുവരെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട്, അവർ വീടിനകത്തുതന്നെയായിരിക്കുന്നതാണ് ഉചിതം. അതേസമയം, കായികമായി മുഴുകുന്ന കളികളിൽ അവർ ഏർപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയിൽ ആദ്യഅഞ്ചുവർഷം നിർണായകമാണ്.

Content Highlights: Covid19 and Kids Health, Corona Virus, Covid Vaccine